ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെ കണ്ടില്ല; ചേര്‍ത്തലയിൽ നവജാത ശിശുവിനെ മറ്റൊരാൾക്ക് കൈമാറി, പൊലീസ് അന്വേഷണം ആരംഭിച്ചു


ആലപ്പുഴ: ചേര്‍ത്തലയില്‍ നവജാത ശിശുവിനെ മറ്റൊരാള്‍ക്ക് കൈമാറിയതായി വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പള്ളിപ്പുറം സ്വദേശിനിയായ യുവതി കഴിഞ്ഞയാഴ്ചയാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പ്രസവിച്ചത്.

ഇതിനുശേഷം കഴിഞ്ഞ ദിവസമാണ് ഇവര്‍ വീട്ടിലെത്തിയത്. ഇതിനുശേഷം പ്രദേശത്തെ ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ ഇവര്‍ കുഞ്ഞിനെ കാണിക്കാൻ തയ്യാറായില്ല.ഇതോടെയാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് ഇവര്‍ കൈമാറിയ വിവരം അറിയുന്നത്. തുടര്‍ന്ന് ജനപ്രതിനിധിയെ ആശാവര്‍ക്കര്‍ വിവരം അറിയിച്ചു.

ജനപ്രതിനിധി അറിയിച്ചതനുസരിച്ച് പൊലീസും അന്വേഷണം ആരംഭിച്ചു. നിലവില്‍ യുവതിയുടെ വീട്ടിലെത്തിയ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ്.കുഞ്ഞിനെ നിയമപരമായാണോ കൈമാറിയതെന്നും അതല്ല മറ്റെതെങ്കിലും രീതിയിലുള്ള  കൈമാറ്റമാണോ നടന്നതെന്ന കാര്യം ഉള്‍പ്പെടെയാണ് പൊലീസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.