പാരീസ്: ഫ്രാന്‍സില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ റഫ്രിജറേറ്ററുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായ സംഭവത്തിന് പിന്നില്‍ ഇറാനെന്ന ആരോപണവുമായി ഫ്രഞ്ച് അധികൃതര്‍ രംഗത്ത്. കഴിഞ്ഞ മാസം നടന്ന ആക്രമണത്തില്‍ ഇറാന് വലിയ വില നല്‍കേണ്ടി വരുമെന്നും ഫ്രാന്‍സ് വ്യക്തമാക്കി. ഒക്ടോബര്‍ തുടക്കത്തില്‍ നൂറുകണക്കിന് ഫ്രഞ്ച് സൂപ്പര്‍മാര്‍ക്കറ്റുകളെയാണ് സൈബര്‍ ആക്രമണങ്ങള്‍ ബാധിച്ചത്. ഫെബ്രുവരിയില്‍ ആരംഭിച്ച ഇറാന് യുദ്ധത്തിലെ ഏറ്റവും വിനാശകരമായ സൈബര്‍ ആക്രമണങ്ങളില്‍ ഒന്നാണ് ഇതെന്നാണ് ഫ്രാന്‍സ് ആരോപിക്കുന്നത്. ഡിജിറ്റല്‍ സംവിധാനങ്ങളെ തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പല സംഭവങ്ങളും ഈ സംഘര്‍ഷത്തിന്റെ ഭാഗമായി നടന്നിട്ടുണ്ട്. മാര്‍ച്ചില്‍ ലോസ് ഏഞ്ചല്‍സ് ഗതാഗത സംവിധാനത്തിന് നേരെയും, ജൂലൈയില്‍ യുഎസിലെ ജലശുദ്ധീകരണ പ്ലാന്റുകള്‍ക്ക് നേരെയും, ഓഗസ്റ്റില്‍ അമേരിക്കയിലേക്ക് തിരിച്ച കപ്പലുകള്‍ക്ക് നേരെയും നടന്ന ഹാക്കിംഗ് ആക്രമണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നെന്നാണ് വിലയിരുത്തല്‍.
സംഭവത്തില്‍ ഐക്യരാഷ്ട്രസഭയിലെ ഇറാനിയന്‍ പ്രതിനിധി സംഘത്തോട് പ്രതികരണം ആരാഞ്ഞെങ്കിലും അവര്‍ മറുപടി നല്‍കിയില്ല. ദോഷകരമായ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഇറാന് പതിവായി നിഷേധിക്കാറുണ്ടെന്നാണ് ആരോപണം. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത് മിനിറ്റുകള്‍ക്കുള്ളിലാണ് ഫ്രാന്‍സിന്റെ പ്രഖ്യാപനം വന്നത്. ഇറാനിയന്‍ അംബാസഡറെ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോട്ട് അറിയിച്ചു. ഇറാനെതിരെ യൂറോപ്യന്‍ യൂണിയന് വഴി കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഒക്ടോബര്‍ 1-ന് നടന്ന ഹാക്കിംഗ് സംഭവങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. ചില റഫ്രിജറേറ്ററുകളിലെ താപനില അമിതമായി വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് അവയ്ക്ക് തീപിടിച്ചു. സംഭവത്തിന് ശേഷമുള്ള മണിക്കൂറുകളില്‍, സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ കേടായ മാംസവും ഉരുകിയ ഐസ്ക്രീമും നിറച്ച പെട്ടികള്‍ വലിയ മാലിന്യക്കൂമ്പാരങ്ങളിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാജ്യത്തുടനീളമുണ്ടായ ഈ ആക്രമണം മൂലം കോടിക്കണക്കിന് യൂറോയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായി എന്നാണ് കണക്ക്. ഫ്രാന്‍സിലുണ്ടായ ഹാക്കിംഗ് ആക്രമണങ്ങള്‍ക്ക് പിന്നാലെ, ഈ മാസം യൂറോപ്പിലുടനീളമുള്ള നൂറിലധികം സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് രണ്ടാമതൊരു ഹാക്കിംഗ് ആക്രമണം കൂടി നടന്നിരുന്നു. ഫ്രഞ്ച് ബ്ലഡ് ബാങ്കുകളില്‍ ഉപയോഗിക്കുന്ന റഫ്രിജറേറ്ററുകളെയും ഇത് ബാധിച്ചു. ഇതുമൂലം അവിടെയുണ്ടായിരുന്ന രക്തശേഖരത്തില്‍ ഒരു ഭാഗം മറ്റ് ശീതീകരണ സംവിധാനങ്ങളിലേക്ക് മാറ്റേണ്ടതായി വന്നിരുന്നു.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ