മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റ ഉത്തരവിന് സ്റ്റേ: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി.



മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശിവി കൃഷ്ണനെ സ്ഥലം മാറ്റിയ സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. വടുവഞ്ചാൽ സ്കൂളിലേക്കായിരുന്നു പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയിരുന്നത്. തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനെ തിരികെ നൽകണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ പഠിപ്പുമുടക്കി ശക്തമായ പ്രതിഷേധത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർഥികൾക്കും അധ്യാപകനും ഏറെ ആശ്വാസകരമായ വിധി എത്തിയിരിക്കുന്നത്.

പഠനയാത്രയുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ മദ്യപിച്ചു എന്ന ആരോപണത്തെ തുടർന്നായിരുന്നു സർക്കാരിന്റെ സ്ഥലംമാറ്റ നടപടി. എന്നാൽ തുടർന്ന് നടത്തിയ രക്തപരിശോധനയുടെ ലാബ് റിസൾട്ട് നെഗറ്റീവ് ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ രക്തത്തിൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്. പഠനയാത്രയ്ക്കിടെ പിടിഎ പ്രസിഡന്റിനെതിരെ മാത്രമാണ് ആരോപണം ഉയർന്നതെന്നും അധ്യാപകനെ തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നും വിദ്യാർഥികൾ തന്നെ മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയിരുന്നു.

സർക്കാരിന്റേത് തികച്ചും രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് ആരോപിച്ചാണ് കുട്ടികൾ സമരം തുടർന്നത്. തെറ്റായ വാർത്തകളുടെയും ആരോപണങ്ങളുടെയും പേരിൽ വ്യക്തിഹത്യ നേരിടേണ്ടി വന്ന അധ്യാപകന് ട്രിബ്യൂണലിന്റെ സ്റ്റേ ഉത്തരവ് വലിയ സമാധാനം നൽകുന്ന ഒന്നാണ്.