ബെംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സിങ് ബിരുദധാരി കൊല്ലപ്പെട്ടു; ആൺസുഹൃത്ത് അറസ്റ്റിൽ.


ബെംഗളൂരു: ബെംഗളൂരുവിലെ ലോഡ്ജിൽ മലയാളി നഴ്സിങ് ബിരുദധാരി കൊല്ലപ്പെട്ട സംഭവത്തിൽ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ സ്വദേശിനി ഗംഗ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണ (23)യെ പോലീസ് കസ്റ്റഡിയിലെടുത്തു. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപത്തെ ലോഡ്ജിലാണ് സംഭവം നടന്നത്.

നഴ്സിങ് പഠനം പൂർത്തിയാക്കിയ ശേഷം ജോലി തേടി വ്യാഴാഴ്ച (നവംബർ 26) രാവിലെയാണ് ഗംഗ ബെംഗളൂരുവിൽ എത്തിയത്. ഗോകുൽ കൃഷ്ണയും ഒപ്പമുണ്ടായിരുന്നു. ഇരുവരും ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച (നവംബർ 27) രാവിലെ ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ ഗോകുൽ കൃഷ്ണ ഗംഗയെ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. വയറിനേറ്റ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗംഗ മരിച്ചു.