ഇനി സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് വിളിച്ചാലും ആളെ അറിയാം; രാജ്യത്ത് ഇന്ന് മുതല്‍ പുതിയ കോളര്‍ ഐഡി സംവിധാനം.


മൊബൈല്‍ ഫോണില്‍ സേവ് ചെയ്യാത്ത നമ്പറുകളില്‍ നിന്ന് കോള്‍ വന്നാലും വിളിക്കുന്നയാളുടെ പേര് അറിയാം.

രാജ്യവ്യാപകമായി കോളിങ് നെയിം പ്രസന്റേഷന്‍ സംവിധാനം ഇന്ന് മുതല്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയിലെ പേരായിരിക്കും കോള്‍ വരുമ്പോള്‍ ഫോണിന്റെ സ്‌ക്രീനില്‍ തെളിയുക. ആദ്യഘട്ടത്തില്‍ 4ജി, 5ജി നെറ്റ്വര്‍ക്കുകളിലാണ് പുതിയ സംവിധാനം ലഭ്യമാകുക. ഇതിനായി മൊബൈല്‍ ഉപയോക്താക്കള്‍ പ്രത്യേകമായി ക്രമീകരണങ്ങളൊന്നും നടത്തേണ്ടതില്ല.

സേവനദാതാക്കള്‍ വഴി സംവിധാനം സ്വമേധയാ ലഭ്യമാകും. രാജ്യത്തെ പല ടെലികോം കമ്പനികളും ഇതിനകം തന്നെ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. നിലവില്‍ ഫോണില്‍ സേവ് ചെയ്തിട്ടുള്ള നമ്പറുകളില്‍ നിന്ന് വിളിയെത്തിയാല്‍ നേരത്തെ നല്‍കിയ പേരുതന്നെയാകും സ്‌ക്രീനില്‍ കാണിക്കുക. എന്നാല്‍ പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് കോള്‍ വരുമ്പോള്‍ സിം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പേരായിരിക്കും ദൃശ്യമാകുക. ബിസിനസ് കണക്ഷനുകള്‍ക്കും പുതിയ സംവിധാനത്തില്‍ പ്രത്യേക സൗകര്യമുണ്ട്. നിലവിലെ രജിസ്റ്റര്‍ ചെയ്ത പേരിന് പകരം സ്ഥാപനങ്ങള്‍ക്ക് സ്വന്തം ട്രേഡ്മാര്‍ക്ക് പേരോ ഇഷ്ടപ്പെട്ട പേരോ പ്രദര്‍ശിപ്പിക്കാം.

ഇതിനായി പുതിയ ബിസിനസ് കണക്ഷനുകള്‍ എടുക്കുന്ന സമയത്തുതന്നെ പേര് നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.