ദുബായിലെ എയർ ടാക്സി കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായി; സർവീസ് ഉടൻ ആരംഭിക്കും.

 



ദുബായിലെ എയർ ടാക്സി സർവീസിനുള്ള ഒരുക്കങ്ങൾ മുന്നോട്ട്. ദുബായ് മറീനയിലെ എയർ ടാക്സി കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായി. വാണിജ്യ സർവീസിനുള്ള വെർട്ടിപോർട്ടിന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അംഗീകാരവും ലഭിച്ചു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും സ്കൈപോർട്സ് ഇൻഫ്രാസ്ട്രക്ചറും ചേർന്നാണ് കേന്ദ്രം ഒരുക്കിയത്. അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ദുബായിക്ക് സമീപമാണ് ഇത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള വെർട്ടിപോർട്ടിൽനിന്ന് മറീനയിലേക്കായിരിക്കും ആദ്യ എയർ ടാക്സി സർവീസ്. ജോബി ഏവിയേഷനാണ് സർവീസ് നടത്തുക.

വിമാനത്താവളത്തിൽനിന്ന് മറീനയിലെത്താൻ റോഡ് മാർഗം 35 മിനിറ്റ് വേണ്ടിവരുമ്പോൾ എയർ ടാക്സിയിൽ പത്ത് മിനിറ്റിൽ താഴെ മതിയാകുമെന്നാണ് പ്രതീക്ഷ. വർഷത്തിൽ 21,000 വിമാനങ്ങളുടെ ലാൻഡിങ്ങിനും 84,000 യാത്രക്കാരെ കൈകാര്യം ചെയ്യാനും മറീനയിലെ കേന്ദ്രത്തിന് ശേഷിയുണ്ട്.

ഡൗൺടൗൺ ദുബായിലും പാം ജുമൈറയിലും രണ്ട് എയർ ടാക്സി കേന്ദ്രങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇവ കൂടി പൂർത്തിയാകുന്നതോടെ ദുബായിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള എയർ ടാക്സി ശൃംഖല സജ്ജമാകും. കുറഞ്ഞ ശബ്ദത്തിലും പ്രവർത്തന മലിനീകരണമില്ലാതെയും സഞ്ചരിക്കുന്ന ഇലക്ട്രിക് വിമാനങ്ങൾ ദുബായിലെ ഗതാഗതരംഗത്ത് പുതിയ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ.