2026 നവംബര്‍ 7 | ശനി
1202 തുലാം 21 | ചിത്തിര
1448 ജ : അവ്വൽ 26
◾ ജുവനൈല്‍ ആക്ടിന്റെ മറവില്‍ കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 18 വയസ് തികയാത്തവര്‍ക്ക് ആരെ വേണമെങ്കിലും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുന്നുണ്ടെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ജുവനൈല്‍ കുറ്റകൃത്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ജുവനൈല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും മദ്യപിച്ച് വാഹനമോടിക്കുന്ന പ്രവണതയ്ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ കേരളത്തിന്റെ ഊര്‍ജ പ്രതിസന്ധിയില്‍ ഇടപെട്ട് പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. കേന്ദ്ര ഊര്‍ജ സെക്രട്ടറിയും സംസ്ഥാന ഊര്‍ജ സെക്രട്ടറിയും NTPC ചെയര്‍മാനും ചേര്‍ന്ന് ചര്‍ച്ച നടത്തണമെന്നും കേരളത്തിലെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ പദ്ധതി തയാറാക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങളും കമ്മിറ്റി മുന്നോട്ടുവച്ചതായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ കെ. സി. വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തിലറിയിച്ചു.
◾ വൈദ്യുതി കരാറുമായും സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സരള്‍ നിയമവുമായും ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ജി എന്‍ എ വഴി കരാര്‍ ഉണ്ടാക്കിയാല്‍ വൈദ്യുതി ബോര്‍ഡിന് വലിയ അധിക ബാധ്യത ഉണ്ടാകുമെന്നതിനാലാണ് ബോര്‍ഡ് അത് വേണ്ടെന്ന് വെച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ കര്‍ശന നിലപാടെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
◾ സ്വകാര്യ പ്ലാറ്റ്ഫോമില്‍ നിന്ന് വൈദ്യുതി വാങ്ങാനുളള തീരുമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വി ഡി സതീശന്റെ നീക്കങ്ങള്‍ ദുരൂഹമെന്നും വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചാണ് ജിഎന്‍എ ഇടപാടെന്നും പിണറായി വിജയന്‍ ആരോപിച്ചു. അഴിമതിക്ക് വഴങ്ങാത്തതുകൊണ്ടാണ് രാജമാണിക്യത്തെ മാറ്റിയതെന്നും കുറ്റപ്പെടുത്തി.
◾ വൈദ്യുതി കരാറില്‍ മുഖ്യമന്ത്രിയുടെ ഇടപെടലില്‍ ദുരൂഹതയുണ്ടെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഫയലുകളില്‍ ഒരു പരിശോധനയും നടത്താതെ ഒപ്പിടാനല്ല ജനങ്ങള്‍ ഈ സര്‍ക്കാരിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ കൊണ്ടു വരുന്ന ഏത് പേപ്പറിന് താഴെയും കണ്ണടച്ച് ഒപ്പിടുന്നത് ഞങ്ങളുടെ ശൈലിയല്ലെന്നും അങ്ങ് എടുത്തതു പോലെ ജനദ്രോഹപരമായ ഒരു നടപടിയും ഈ സര്‍ക്കാര്‍ കൈക്കൊള്ളില്ലെന്നും ജനങ്ങള്‍ക്കു മേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന ഒരു തീരുമാനവും ഈ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു.
◾ കൊച്ചിയിലെ സ്വകാര്യബസുകളുടെ മരണപ്പാച്ചിലില്‍ പൊലീസിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി. കാക്കനാട് അപകടത്തില്‍ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരി മരിച്ചത് സിസ്റ്റത്തിന്റെ പരാജയമാണെന്ന് കോടതി വിമര്‍ശിച്ചു. ഡ്രൈവര്‍മാര്‍ റോഡിലെ ഉടയോന്മാര്‍ അല്ലെന്നും കാലന്മാരാണെന്നും കുറ്റപ്പെടുത്തിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ക്രിമിനലുകളെ ജീവനക്കാരാകുന്ന ബസ് ഉടമകള്‍ക്കെതിരെ നടപടി വേണമെന്നും നിര്‍ദേശിച്ചു. സ്വകാര്യബസ് ഇടിച്ച് മരിച്ച അക്ഷരയുടെ കുടുംബത്തോട് മാപ്പ് പറയുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു. .
◾ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെയും സംഘത്തെയും കേരളത്തിലെത്തിക്കാമെന്ന പേരില്‍ നടത്തിയ തട്ടിപ്പില്‍ അന്വേഷണം വീണ്ടും തുടങ്ങി. ജി.എസ്.ടി കൊല്ലം ഇന്റലിജന്‍സ് യൂണിറ്റാണ് നികുതി വെട്ടിപ്പില്‍ അന്വേഷണം വീണ്ടും തുടങ്ങിയിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് ജി.എസ്.ടി വകുപ്പ് സമന്‍സ് അയച്ചു.
◾ മീനങ്ങാടി സ്‌കൂളിലെ വിനോദ യാത്ര വിവാദത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിന് പോക്സോ കേസ് എടുത്ത് സൈബര്‍ പൊലീസ്. മീനങ്ങാടി യുഡിഎഫ് നേതൃത്വം നല്‍കിയ പരാതിയിലാണ് നടപടി. ഐടി ആക്ടും പോക്സോ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തത്.
◾ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രവര്‍ത്തന മണ്ഡലം തലസ്ഥാനത്ത് നിന്നും കോഴിക്കോട്ടേക്ക് മാറ്റുന്നു. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ആര്യ രാജേന്ദ്രന്‍ പാര്‍ട്ടിയുടെ അനുമതി തേടി. അപേക്ഷയില്‍ സംസ്ഥാന സമിതി തുടര്‍ തീരുമാനം എടുക്കും. പാര്‍ട്ടി അനുമതി നല്‍കിയാല്‍ ആര്യയുടെ ഭാവി രാഷ്ട്രീയ പ്രവര്‍ത്തന കേന്ദ്രം കോഴിക്കോട് ജില്ലയിലായിരിക്കും.
◾ 2026-2027 അധ്യയന വര്‍ഷത്തെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 16-നാണ് ഇരുവിഭാഗങ്ങളിലെയും പരീക്ഷകള്‍ ആരംഭിക്കുക. എല്ലാ പരീക്ഷകളും രാവിലെ 10.30-ന് തുടങ്ങും.
◾ സംസ്ഥാനത്തെ വീടുകള്‍ക്ക് ഇനിമുതല്‍ സ്ഥിരമായ നമ്പറുകള്‍ നല്‍കുന്ന ഡിജി ഡോര്‍ പദ്ധതി നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജി. വാര്‍ഡ് വിഭജന സമയത്ത് വീട്ടുനമ്പറുകള്‍ മാറുന്നതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും പുതിയ സംവിധാനം സഹായിക്കും.
◾ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് പമ്പയിലെത്താന്‍ സൗകര്യമൊരുങ്ങുന്നു. 2026-27 മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീര്‍ത്ഥാടകരുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി എസി ബസ് സര്‍വീസുകള്‍ ആരംഭിക്കും.
◾ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഇന്നലെ വൈകീട്ട് 4:50-ഓടെ ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി പതിവുപോലെ ഭക്തരെ തടയാന്‍ അനുവദിക്കാതെ അവര്‍ക്കിടയിലൂടെ നടന്നാണ് ദര്‍ശനം നടത്തിയത്. വൈകീട്ട് ആറുമണിയോടെയാണ് മുഖ്യമന്ത്രി മടങ്ങിയത്.
◾ എറണാകുളം പെരുമ്പാവൂരിലെ മൂന്ന് വയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടിയുടെ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക വിവരത്തില്‍ വ്യക്തമായിരുന്നു. കുട്ടിയുടെ തല ശക്തമായി ഇടിപ്പിച്ചുണ്ടായ മുറിവാണെന്നും കെട്ടിടത്തില്‍ നിന്ന് വീണുണ്ടായ മുറിവല്ലെന്നുമാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക വിവരം.
◾ ജമ്മുകശ്മീരിലെ കാര്‍ഗിലില്‍ സൈനീക വാഹനാപകടത്തില്‍ വീരമൃത്യു വരിച്ച കോഴിക്കോട് ചേളന്നൂര്‍ സ്വദേശി എസ്.ആര്‍ അരുണ്‍ രാജിന്റെ ഭൗതിക ശരീരം ഇന്ന് പുലര്‍ച്ചയോടെ നാട്ടിലെത്തിക്കും. ചേളന്നൂര്‍ പെരുംപൊയിലിലെ കാര്‍ത്തിക വീട്ടില്‍ ഇന്ന് രാവിലെ എട്ടുമണിവരെ പൊതുദര്‍ശനം ഉണ്ടാകും. എട്ട് മണിയോടെ വീട്ടുവളപ്പിലാണ് പൂര്‍ണ്ണ സൈനീക ബഹുമതികളോടെ സംസ്‌കാരം.
◾ മണ്ണ് മാഫിയ ഗുണ്ടാ ബന്ധത്തില്‍ നാല് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം. ഡിവൈഎസ്പി നന്ദകുമാര്‍ ഉള്‍പ്പെട്ട സംഘത്തിനെതിരെയാണ് അന്വേഷണം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഡിജിപി ശുപാര്‍ശ ചെയ്തിരുന്നു.
◾ കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനെ സംസ്ഥാനത്തെ രണ്ടാമത്തെ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. സര്‍വകലാശാലയില്‍ വിവിധ കാലങ്ങളില്‍ സേവനമനുഷ്ഠിച്ച അധ്യാപകരുടെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായാണ് ഈ അംഗീകാരം.
◾ എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് കേസില്‍ സംസ്ഥാന സര്‍ക്കാരിനും പിന്നാക്ക ക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വിജിലന്‍സിന്റെ ചുമതലയുള്ള പിന്നാക്ക ക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി 'രാജാവിനേക്കാള്‍ വലിയ രാജഭക്തി' കാണിച്ചുവെന്നും ഒരു പൊതുസേവകന്റെ നിര്‍വചനം പോലും അറിയാതെയാണ് പ്രവര്‍ത്തിച്ചതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെട്ട ഈ കേസില്‍ സര്‍ക്കാര്‍ സ്ഥിരതയില്ലാത്ത നിലപാടാണ് സ്വീകരിച്ചതെന്നും 2016-ല്‍ ആരംഭിച്ച കേസില്‍ 10 വര്‍ഷമായിട്ടും കുറ്റപത്രം നല്‍കാന്‍ നടപടിയുണ്ടായില്ലെന്നും കോടതി വിമര്‍ശിച്ചു.
◾ കൊച്ചിയില്‍ യുവനടിയും സംഘവും ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ അറസ്റ്റിന് പിന്നാലെ ഡോക്ടര്‍ക്കെതിരെ ബലാത്സംഗ പരാതിയില്‍ കേസെടുത്തു. നടിയുടെ അടുത്ത ബന്ധുവിന്റെ പരാതിയിലാണ് കേസ്. ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി എത്തിയത്. 41കാരനായ ഡോക്ടര്‍ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
◾ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് എതിരായ എക്സ് പോസ്റ്റില്‍ കെപിസിസി പ്രസിഡന്റിനും, ഭാരവാഹികള്‍ക്കും സുപ്രീം കോടതി നോട്ടീസ്. സിവിലായും, ക്രിമിനലായും കോടതിയലക്ഷ്യ നടപടി എടുക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധ്യപെടുത്താന്‍ കെപിസിസി ഭാരവാഹികളോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
◾ വര്‍ക്കലയിലേയും പരിസരപ്രദേശങ്ങളിലേയും സ്പാകളില്‍ പോലീസ് നടത്തിയ വ്യാപക പരിശോധനയില്‍ അഞ്ച് സ്പാകള്‍ പൂട്ടിച്ചു. വര്‍ക്കല, അയിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലെ 12 സ്പാകളിലാണ് ഒരേസമയം മിന്നല്‍ പരിശോധന നടത്തിയത്.
◾ എംഡിഎംഎ കേസില്‍ മലപ്പുറം സ്വദേശിയായ ഡോക്ടര്‍ പിടിയിലായി. ലക്കിടിയില്‍ രണ്ട് തമിഴ്നാട് സ്വദേശികളില്‍നിന്ന് എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിലാണ് അറസ്റ്റ്. കോഴിക്കോട്ടെസ്വകാര്യ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ എമര്‍ജന്‍സി ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയായ ഡോ.കെ.എന്‍.മുഹമ്മദ് ഫാബിന്‍ (41) ആണ് പിടിയിലായത്.
◾ കായംകുളം താപനിലയത്തില്‍ അഞ്ചരവര്‍ഷത്തിനുശേഷം വൈദ്യുതി ഉത്പാദിപ്പിച്ചു. മെഥനോള്‍ ഇന്ധനമാക്കിയുള്ള പരീക്ഷണ ഉത്പാദനം ഇന്നലെ വൈകീട്ട് 4.40-നു തുടങ്ങി രാത്രി 10 വരെ തുടര്‍ന്നു. 100 മെഗാവാട്ടോളം വൈദ്യുതിയാണ് ഇതിലൂടെ സൗജന്യമായി സംസ്ഥാനത്തിനു നല്‍കിയത്.
◾ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയേയും ഭാര്യയുടെ ആറ് ബന്ധുക്കളേയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ടാക്സിഡ്രൈവര്‍ ഇന്ദു ശേഖര്‍ (45) പിടിയില്‍. ബെംഗളൂരുവിലാണ് സംഭവം. ഭാര്യയേയും ഭാര്യയുടെ മാതാവിനേയും പുറമെ രണ്ട് ഭാര്യാ സഹോദരന്മാരേയും ഇവരുടെ ഭാര്യമാരേയും ഭാര്യാ സഹോദരന്റെ ഏഴ് വയസ്സുള്ള മകനേയുമാണ് ഇന്ദുശേഖര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. അരക്കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നത്. കൊല്ലപ്പെട്ട ഏഴു വയസ്സുകാരന്‍ പുനീതിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു. ബാക്കിയുള്ള മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള തിരച്ചില്‍പുരോഗമിക്കുകയാണ്.
◾ രാജ്യത്ത് വില്‍ക്കുന്ന പെട്രോളില്‍ ആശങ്കയായി എഥനോള്‍ സാന്നിധ്യം. കര്‍ണാടകത്തില്‍ വില്‍ക്കുന്ന പെട്രോളില്‍ എഥനോള്‍ അളവ് കൂടുതലെന്ന് കണ്ടെത്തല്‍. ബെംഗളൂരു ഉള്‍പ്പെടെ 7 നഗരങ്ങളില്‍ പരിശോധന നടത്തി കര്‍ണാടക സര്‍ക്കാര്‍. 31.2 ശതമാനമാണ് ഇന്ത്യന്‍ ഓയില്‍ പെട്രോളില്‍ എഥനോളിന്റെ സാന്നിധ്യം. എച്ച്പിസിഎല്ലില്‍ 30.5 ശതമാനവും ബിപിസിഎല്ലില്‍ 26.5 ശതമാനവും നയാരയില്‍ 26.1 ശതമാനവും ഷെല്ലില്‍ 25.5 ശതമാനവും എഥനോള്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
◾ ഡല്‍ഹിയില്‍ വായുമലിനീകരണം തുടര്‍ച്ചയായ ആറാംദിവസവും 'വളരെ മോശം'വിഭാഗത്തില്‍ തുടരുന്നു. അതേസമയം ദീപാവലി ആഘോഷങ്ങള്‍ക്കൊപ്പം മലിനീകരണത്തെക്കുറിച്ചും ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകണമെന്ന് സുപ്രീംകോടതി.
◾ ആറ് സംസ്ഥാനങ്ങളില്‍ എസ്ഐആര്‍ നടപടികളുടെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി നല്‍കാന്‍ നിര്‍ദേശിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒഴിവാക്കിയ വോട്ടര്‍മാര്‍ക്ക് എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാന്‍ ഒരവസരം കൂടി നല്‍കാനാണ് നിര്‍ദേശം.
◾ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാറിന് പകരം വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്യപ്പെട്ടാല്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങളും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
◾ പഞ്ചാബില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം . അമൃത്സറില്‍ നിന്നും പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ന്യൂ ജല്‍പായ്ഗുരി ജംഗ്ഷനിലേക്ക് പോവുകയായിരുന്ന കര്‍മ ഭൂമി എക്സ്പ്രെസ്സിന്റെ നാല് ബോഗികളാണ് കത്തി നശിച്ചത്. അപകടത്തില്‍ ആളപായമില്ല, സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് റയില്‍വേ ഉത്തരവിട്ടു.
◾ സര്‍ക്കാര്‍ജീവനക്കാര്‍ പ്രവിലേജ്ഡ് വിഭാഗമാണെന്നും കരാറടിസ്ഥാനത്തില്‍ നിയമിച്ചാലേ അവര്‍ക്ക് ഉത്തരവാദിത്വം ഉണ്ടാകൂവെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.ബി.നാഗരത്ന. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കാത്തതുമായി ബന്ധപ്പെട്ട് പഞ്ചാബ് ചീഫ് സെക്രട്ടറിക്കെതിരെ നല്‍കിയ കേസിന്റെ വാദത്തിനിടയിലായിരുന്നു ജസ്റ്റിസ് ബി.വി.നാഗരത്നയുടെ പരാമര്‍ശം.
◾ പാക് അധീന കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പാക് സുരക്ഷാസേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടുവെന്നും. 23 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍. പാക് അധീന കാശ്മീര്‍ ഗാസയെ പോലെയാണെന്നും സുരക്ഷാസേന ഇസ്രയേല്‍ പ്രതിരോധസേനയെ (ഐഡിഎഫ്) പോലെയാണെന്നുമാണ് ആക്രമണത്തിനു പിന്നാലെ പാക് സാമൂഹികമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം.
◾ ഇസ്രയേലും പശ്ചിമേഷ്യയും ഇന്നും നിലനില്‍ക്കുന്നത് തന്റെ ഇടപെടല്‍ മൂലമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആണവായുധം നിര്‍മിക്കുന്നതില്‍നിന്ന് താന്‍ ഇറാനെ തടഞ്ഞിരുന്നില്ലെങ്കില്‍ ഇസ്രയേലും പശ്ചിമേഷ്യന്‍ രാജ്യങ്ങളും ഇന്നുണ്ടാവില്ലായിരുന്നു എന്നും ട്രംപ് പറഞ്ഞു.
◾ സൂപ്പര്‍താരം ജൂഡ് ബെല്ലിംഗ്ഹാമിന്റെ സഹോദരന്‍ ജോബ് ബെല്ലിംഗ്ഹാം ഇംഗ്ലണ്ട് ദേശീയ ടീമില്‍. യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യ, സ്‌പെയിന്‍ ടീമുകളെ നേരിടുന്ന ഇംഗ്ലണ്ട് ടീമിലേക്കാണ് ജോബ് ബെല്ലിംഗ്ഹാമിന് അവസരം ലഭിച്ചത്.
◾ ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പിന്റെ ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ കേരളത്തിന് തോല്‍വി. വിദര്‍ഭ ഒന്‍പത് വിക്കറ്റിനാണ് കേരളത്തെ തോല്‍പ്പിച്ചത്. തോല്‍വിയോടെ കേരളം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.
◾ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനാകാന്‍ ഇല്ലെന്ന് ദിദിയര്‍ ദെഷാംസ്. ഫ്രാന്‍സ് ദേശീയ ടീമിന്റെ മുന്‍ പരിശീലകനായ ദിദിയര്‍ ദെഷാംസുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാനേജ്‌മെന്റ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.
◾ ഉത്സവകാലത്ത് മികച്ച വില്‍പ്പന നേട്ടവുമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്.എം.എസ്.ഐ). 2026 ഒക്ടോബറില്‍ ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടെ 7,34,566 ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 6,50,596 യൂണിറ്റുകളെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
◾ ഇന്ത്യയിലെ കായികപ്രേമികള്‍ക്കും റണ്ണേഴ്‌സിനും വേണ്ടി പ്രമുഖ ആഗോള ബ്രാന്‍ഡായ നൈകി തങ്ങളുടെ ആദ്യ റണ്ണിംഗ് ഷൂ പുറത്തിറക്കി. 'വേഗം റണ്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ഷൂ, മികച്ച കുഷ്യനിംഗും വായുസഞ്ചാരവും ഈടും ഉറപ്പുനല്‍കുന്നു. ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ട് നൈക്കി വികസിപ്പിച്ച ആദ്യ റണ്ണിങ് ഷൂവാണ് ഇത്. ദൈനംദിന ഉപയോഗത്തിനും ഓട്ടത്തിനുമടക്കം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം. 3,795 രൂപയാണ് ഇതിന്റെ വില.
◾ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ആമസോണിന്റെ ദീപാവലി വില്‍പ്പനയില്‍ ഐഫോണ്‍ 16, സാംസങ് ഗാലക്‌സി എസ്25 അള്‍ട്ര, ഫോള്‍ഡബിള്‍ ഫോണുകള്‍ തുടങ്ങി നിരവധി മോഡലുകള്‍ക്ക് വന്‍ വിലക്കുറവ്. ബാങ്ക് ഓഫറുകള്‍ കൂടി പ്രയോജനപ്പെടുത്തിയാല്‍ ഐഫോണ്‍ 16ന്റെ വില 70,000 രൂപയില്‍ താഴെയെത്തും. ഗാലക്‌സി എസ്25 അള്‍ട്ര 87,000 രൂപയില്‍ താഴെയും സ്വന്തമാക്കാം. വണ്‍പ്ലസ്, ഓപ്പോ, ഐക്യൂഒഒ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഫോണുകള്‍ക്കും പ്രത്യേക ഓഫറുകളുണ്ട്.
◾ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പുതിയ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി അമേരിക്കന്‍ തപാല്‍ വകുപ്പ്. ഇന്ത്യന്‍ കലാകാരി ഒരുക്കിയ വര്‍ണാഭമായ രംഗോലി ചിത്രമാണ് സ്റ്റാമ്പിന്റെ പ്രധാന ആകര്‍ഷണം. ദീപാവലിയെ ആദരിച്ച് അമേരിക്കന്‍ തപാല്‍ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കുന്നത് ഇത് രണ്ടാം തവണയാണ്. 2016 -ലായിരുന്നു ആദ്യ സ്റ്റാമ്പ് പുറത്തിറക്കിയത്. അമേരിക്കയിലെ ഇന്ത്യന്‍ എംബസി ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പുതിയ സ്റ്റാമ്പിന്റെ ചിത്രം പങ്കുവെച്ചത്. 'പ്രകാശത്തിന്റെ ഉത്സവം ആഘോഷിക്കാം. ദീപാവലി ആഘോഷിക്കുന്നതിനായി യുഎസ് തപാല്‍ വകുപ്പ് പുതിയ ഫോറെവര്‍ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നു' എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.
◾ യു.എസ്. ഓഹരി വിപണിയായ വാള്‍സ്ട്രീറ്റില്‍നിന്ന് ഒറ്റദിവസം കൊണ്ട് 2.5 ലക്ഷം കോടി ഡോളര്‍ അപ്രത്യക്ഷമായി. വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ ഏഷ്യന്‍ വിപണികളിലേക്കും ഭീതി വ്യാപിച്ചു. ടെക്നോളജി ഓഹരികള്‍ക്ക് മുന്‍തൂക്കമുള്ള നാസ്ദാക്ക് സൂചിക 5.5 ശതമാനമാണ് തകര്‍ന്നത്. 18 മാസത്തിനിടയിലെ ഏറ്റവും വലിയ പതനമാണിത്. ഡൗ ജോണ്‍സാകട്ടെ 3.4 ശതമാനം താഴ്ന്നു. എസ് ആന്ഡ് പി 4.4 ശതമാനം ഇടിവ് നേരിട്ടു.
◾ ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെയും വ്യത്യസ്തമായ പ്രമേയങ്ങളില്‍ എത്തിയ സിനിമകളിലൂടേയും ശ്രദ്ധേയരായ അവാര്‍ഡ് ജേതാക്കളായ സാങ്കേതിക വിദഗ്ധര്‍ ഒന്നിക്കുന്ന പുതിയ മലയാള ചിത്രം 'ഭൗമ' റിലീസിന്. പ്രേക്ഷക ശ്രദ്ധ നേടിയ 'പെന്‍ഡുലം' എന്ന ചിത്രത്തിന് ശേഷം റെജിന്‍ എസ്. ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയരായ സാങ്കേതിക പ്രവര്‍ത്തകരാണ് ഒന്നിക്കുന്നത്.
◾ ജോജു ജോര്‍ജ് രചനയും സംവിധാനവും നിര്‍വഹിച്ച് കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പരിപാടി'യിലെ നൂറോളം കഥാപാത്രങ്ങളെയും ഓരോന്നായി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. അജയന്‍ അടാട്ട് അവതരിപ്പിക്കുന്ന സുകു എന്ന കഥാപാത്രത്തെയാണ് ആദ്യമായി പരിചയപ്പെടുത്തിയിരിക്കുന്നത്. ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നൂറോളം പുതുമുഖങ്ങള്‍ ക്യാരക്ടര്‍ റോളുകളില്‍ അഭിനയിക്കുന്നു എന്നത് വലിയ പ്രത്യേകതയാണ്. ഡിസംബറില്‍ ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും.
◾ ഭക്ഷണത്തിലൂടെയോ സൂര്യപ്രകാശത്തിലൂടെയോ ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കാത്ത അവസ്ഥ, ചില ആരോഗ്യസ്ഥിതികള്‍, ചര്‍മ്മത്തിലെ മെലാനിന്റെ (വര്‍ണ്ണവസ്തു) അളവ് എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ വിറ്റാമിന്‍ ഡി കുറവുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചേക്കാം.വിട്ടുമാറാത്ത ക്ഷീണവും തളര്‍ച്ചയും, വിഷാദരോ?ഗം വരിക, അസ്ഥികളുടെ സാന്ദ്രത കുറയുക, മുടി കൊഴിച്ചില്‍ അനുഭവപ്പെടുക, ഇടയ്ക്കിടെ രോഗബാധയുണ്ടാവുക, മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക, ഐ.ബി.എസ് (IBS) പോലുള്ള ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വരിക, സന്ധിവേദനയും നടുവേദനയും അനുഭവപ്പെടുക, ശരീരഭാരം കൂടുക എന്നിവയെല്ലാം വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണങ്ങളാണ്.വിറ്റാമിന്‍ ഡി കുറവ് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം, ഭക്ഷണത്തിലൂടെയോ സൂര്യപ്രകാശമേല്‍ക്കുന്നതിലൂടെയോ ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. എന്നാല്‍, സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാതെ ദീര്‍ഘനേരം വെയിലത്ത് നില്‍ക്കുമ്പോള്‍ ശ്രദ്ധിക്കണം. അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നത് ത്വക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
◾ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയും കായിക ഇനങ്ങളില്‍ ഏര്‍പ്പെടുന്നതിനിടെയുമൊക്കെ കുഴഞ്ഞുവീണു മരിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ധാരാളം പുറത്തുവരാറുണ്ട്. പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോഗങ്ങളാണ് അവയ്ക്കു കാരണമാകാറുള്ളത്. നേരിട്ടല്ല ഹൃദയാഘാതത്തിനു കാരണമാകുന്നത്. മറിച്ച് ഹൃദ്രോഗങ്ങള്‍ തിരിച്ചറിയപ്പെടാതെപോവുകയും ചികിത്സിക്കാതിരിക്കുകയും ചെയ്യുകയും കഠിനമായ വ്യായാമം അപകടസാധ്യത കൂട്ടുകയുമാണ് ചെയ്യുന്നത്. ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, പ്രമേഹം, അകാലമരണം തുടങ്ങിയവ പ്രതിരോധിക്കുന്നതില്‍ വ്യായാമത്തിനു വലിയ പങ്കുണ്ട്. പക്ഷേ വ്യായാമം ചെയ്യുന്നരീതിയിലാണ് ശ്രദ്ധിക്കേണ്ടത്.
*ശുഭദിനം*
*കവിത കണ്ണന്‍*
തന്റെ ദാരിദ്ര്യം മാറ്റണമെന്ന ആവശ്യവുമായാണ് അയാള്‍ ഗുരുവിന്റെ അടുത്തെത്തിയത്. ഗുരു അയാള്‍ക്കൊരു കല്ല് നല്‍കി. ഈ കല്ല് ഉപയോഗിച്ച് ഇരുമ്പെല്ലാം സ്വര്‍ണ്ണമാക്കി മാറ്റാം ഗുരു പറഞ്ഞു. അയാള്‍ വളരെ പെട്ടെന്ന് തന്നെ പണക്കാരനായി മാറി. പക്ഷേ, അയാളുടെ മനസമാധാനം നഷ്ടപ്പെട്ടു. തന്റെ ധനമെല്ലാം നഷ്ടപ്പെടുമോ? കളളന്മാര്‍ അപഹരിക്കുമോ? അയാളുടെ ഉറക്കം നഷ്ടപ്പെട്ടു. അയാള്‍ വീണ്ടും ഗുരുവിനെ കാണാന്‍ എത്തി. ഗുരു തന്റെ കല്ല് തിരിച്ചുചോദിച്ചുവെങ്കിലും അയാള്‍ അത് കൊടുക്കാന്‍ തയ്യാറായില്ല. അയാള്‍ പറഞ്ഞു: തനിക്ക് ഈ കല്ലും വേണം, സമാധാനവും വേണം. ഗുരു പറഞ്ഞു: അതിനുളള ഏകമാര്‍ഗ്ഗം തന്റെ സ്വാര്‍ത്ഥത ഉപേക്ഷിക്കുക എന്നതാണ്. അയാള്‍ കുറച്ച് നേരം ആലോചിച്ചുനിന്നു. പിന്നെ കല്ല് ഗുരുവിന് തിരിച്ചുനല്‍കി. സംതൃപ്തി ഒരു മനോഭാവമാണ്. സ്വയം രൂപപ്പെടുത്തുന്ന അളവുകോലാണ് ഓരോരുത്തരുടേയും സംതൃപ്തി നിശ്ചയിക്കുന്നത്. മണിമാളികയില്‍ താമസിച്ചിട്ടും സംതൃപ്തിയില്ലാത്തവുരും തെരുവില്‍ സംതൃപ്തമായി ജീവിക്കുന്നവരും ഉണ്ട്. ഇല്ലാത്തതെന്തെങ്കിലും നേടിയാല്‍ തൃപ്തനാകും എന്നത് ഒരു തെറ്റിദ്ധാരണയാണ്. പുതുതായി നേടിയതിനോടുളള അഭിനിവേശം നഷ്ടപ്പെടുമ്പോള്‍ വീണ്ടും മനസ്സില്‍ അതൃപ്തി നിറയും. എല്ലാമുളളപ്പോഴും ഒന്നുമില്ലാത്തപ്പോഴും ഒരേ മാനസിക നില പുലര്‍ത്താനാകുക എന്നതാണ് സംതൃപ്തിയുടെ അളവുകോല്‍ - ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ