ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട്


 ഒക്ടോബർ 30 വരെ   ശേഖരിച്ചത് 80 ടൺ ഇ-മാലിന്യം.

23 ഗ്രാമപഞ്ചായത്തുകളും 3 നഗരസഭകളും പദ്ധതിയുടെ ഭാഗമായി

യജ്ഞത്തിന്റെ ഭാഗമാവാൻ വിട്ടുപോയവർക്ക് നവംബർ 10 വരെ അവസരം

മണ്ണിനെയും കൃഷിയെയും സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് കൃഷിമന്ത്രി ടി.സിദ്ദീഖ്

വയനാട്: പരിസ്ഥിതി സംരക്ഷണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകാപരമായ നേട്ടവുമായി വയനാട്. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട് മാറി. കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന 'ഭൂമി' പദ്ധതിയുടെ ഭാഗമായി ജില്ലയിലുടനീളം നടപ്പാക്കിയ പ്രത്യേക ഇ-മാലിന്യ ശേഖരണ യജ്ഞത്തിലൂടെ ഒക്ടോബർ 30 വരെ  ആകെ 80 ടൺ ഇലക്ട്രോണിക് മാലിന്യമാണ് ശേഖരിച്ചത്. 23 ഗ്രാമപഞ്ചായത്തുകളെയും 3 നഗരസഭകളെയും ഉൾപ്പെടുത്തി സർക്കാർ സ്ഥാപനങ്ങൾ, വീടുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ചത്. അപകടകരമായ രാസ മലിനീകരണത്തിൽ നിന്നും നമ്മുടെ കൃഷിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് മനസ്സിലാക്കിയാണ് ഇ-മാലിന്യ മുക്ത പദ്ധതി നടപ്പിലാക്കിയതെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. ഇ-മാലിന്യങ്ങൾ അശാസ്ത്രീയമായി ഉപേക്ഷിക്കുകയോ സംസ്കരിക്കുകയും ചെയ്യുന്നതിലൂടെ അവയിലെ അപകടകരമായ ഘടകങ്ങൾ മണ്ണിലേക്കും ജലസ്രോതസ്സുകളിലേക്കും എത്തുന്നതും അതുവഴി കൃഷിയും പ്രകൃതിയും നശിക്കുന്നതും തടയാനുള്ള പോരാട്ടം കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026 സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 31 വരെ നീണ്ടുനിന്ന ക്യാമ്പയിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളിൽനിന്ന് മാത്രം 31 ടണ്ണിലധികം ഇ-മാലിന്യം ശേഖരിച്ചു. ജില്ലയിലുടനീളമുള്ള 184 സർക്കാർ സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാഗമായി. ഗാന്ധിജയന്തി ദിനത്തിൽ വയനാട്ടിലെ മുഴുവൻ സർക്കാർ ഓഫീസുകളെയും സമ്പൂർണ്ണ ഇ-മാലിന്യമുക്ത ഓഫീസുകളായി പ്രഖ്യാപിച്ചു. ഇ-മാലിന്യ ശേഖരണത്തിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ  നിന്ന് മാത്രം 5,423 കിലോഗ്രാം ഇ-മാലിന്യമാണ് ശേഖരിച്ചത്. ഇതിലൂടെ 2026 ഒക്ടോബർ 27-ന് ഇന്ത്യയിലെ ആദ്യ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി നൂൽപ്പുഴ പ്രഖ്യാപിക്കപ്പെട്ടു. ഈ യഞ്ജത്തിലൂടെ ഇലക്ട്രോണിക് മാലിന്യങ്ങളുടെ അശാസ്ത്രീയമായ നിക്ഷേപം തടയുന്നതിനും പരിസ്ഥിതി മലിനീകരണ സാധ്യതകൾ കുറയ്ക്കുന്നതിനും വയനാടിന് സാധിച്ചു. ശേഖരിച്ച ഇ-മാലിന്യങ്ങൾ തുടർസംസ്കരണത്തിനായി ക്രമീകരിച്ച സംവിധാനങ്ങളിലൂടെ കൈമാറും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, സർക്കാർ വകുപ്പുകൾ, ഹരിതകർമസേന, ശേഖരണ പങ്കാളികൾ, പൊതുജനങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിൽ. ഇ  ക്ലീൻ കേരള കമ്പനി, ഇ.വൈ.ജി.ഡി.എസ്,  വിശ്വശാന്തി ഫൗണ്ടേഷൻ ഗ്രീൻവേംസ്, കോനാരിസ്, റോയൽ എം.ആർ.സി. തുടങ്ങിയ പങ്കാളികളെയും ശേഖരണ-തുടർസംസ്കരണ സംവിധാനത്തിൽ ഉൾപ്പെടുത്തി.

പദ്ധതിയുടെ ഭാഗമായി 70-ലധികം ബോധവൽക്കരണ പോസ്റ്ററുകളും 12-ലധികം വീഡിയോകളും തയ്യാറാക്കി പ്രചരിപ്പിച്ചു. കൂടാതെ കൃഷിമന്ത്രി ടി.സിദ്ദിഖ് മുൻകൈയെടുത്ത് നടത്തിയ 30-ലധികം ഔദ്യോഗിക യോഗങ്ങളിലൂടെ വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം-12 ൽ മുന്നോട്ടുവെക്കുന്ന ഉത്തരവാദിത്തപരമായ ഉപഭോഗവും ഉൽപ്പാദനവും എന്ന ആശയത്തിന് കരുത്തേകിക്കൊണ്ട് ഇ-മാലിന്യമുക്ത പ്രവർത്തനങ്ങളിൽ മാതൃകയാകുകയാണ് വയനാട്. ഇലക്ട്രോണിക് മാലിന്യങ്ങളിൽ അടങ്ങിയിരിക്കുന്ന ലെഡ്, കാഡ്മിയം തുടങ്ങിയ അപകടകരമായ ഘടകങ്ങൾ അശാസ്ത്രീയമായി ഉപേക്ഷിക്കുമ്പോൾ മണ്ണിലേക്കും ജലസ്രോതസ്സുകളിലേക്കും കലരാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വയനാടിന്റെ കാർഷിക മേഖല, വനസമ്പത്ത്, നദികൾ, തോടുകൾ, തണ്ണീർത്തടങ്ങൾ, ജൈവവൈവിധ്യം എന്നിവ സംരക്ഷിക്കുന്നതിൽ ഇ-മാലിന്യങ്ങളുടെ ശാസ്ത്രീയമായ ശേഖരണത്തിനും സംസ്കരണത്തിനും വലിയ പ്രാധാന്യമുണ്ട്. ഉപയോഗശൂന്യമായ മൊബൈൽ ഫോണുകൾ, ചാർജറുകൾ, ബാറ്ററികൾ, കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ സാധാരണ മാലിന്യങ്ങളോടൊപ്പം ഉപേക്ഷിക്കാതെ ഹരിതകർമസേന മുഖേനയും നിശ്ചിത ശേഖരണ കേന്ദ്രങ്ങൾ വഴിയും കൈമാറാൻ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. വീടുകളിലും സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും കുമിഞ്ഞുകൂടുന്ന un ഇ-മാലിന്യങ്ങൾ ഉത്തരവാദിത്തപൂർണമായി കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യവും  ഇതിലൂടെ ജനങ്ങളിലെത്തിച്ചു. ശേഖരിച്ച ഇ-മാലിന്യങ്ങളിൽനിന്ന് പുനരുപയോഗിക്കാവുന്ന വസ്തുക്കൾ വീണ്ടെടുക്കുന്നതിനും അംഗീകൃത സംവിധാനങ്ങളിലൂടെ സുരക്ഷിതമായ തുടർസംസ്കരണം ഉറപ്പാക്കുന്നതിനും പ്രാധാന്യം നൽകും. ശേഖരണം മുതൽ അന്തിമ സംസ്കരണം വരെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും ഉത്തരവാദിത്തപൂർണവുമാക്കുകയാണ് ലക്ഷ്യം.

ഇ-മാലിന്യമുക്ത ജില്ല എന്ന നേട്ടത്തിനപ്പുറം കാലാവസ്ഥാ അതിജീവനശേഷിയുള്ള വികസന മാതൃക സൃഷ്ടിക്കാനുള്ള വിശാലമായ കാഴ്ചപ്പാടോടെയാണ് വയനാട് മുന്നോട്ടുപോകുന്നത്. കേരളത്തിലെ ഏക ആസ്പിരേഷണൽ ജില്ലയായ വയനാടിനെ പരിസ്ഥിതി സംരക്ഷണം, ശാസ്ത്രീയമായ ദുരന്ത മുന്നൊരുക്കം, കാലാവസ്ഥാ അതിജീവനശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിര കാർഷിക വികസനം, ഉത്തരവാദിത്തപൂർണമായ വിനോദസഞ്ചാരം, ജനപങ്കാളിത്തം എന്നിവയിൽ രാജ്യത്തിന് മാതൃകയാക്കുകയാണ് ലക്ഷ്യം. ദുരന്തങ്ങളുടെയും പാരിസ്ഥിതിക വെല്ലുവിളികളുടെയും പേരിൽ ദേശീയ ശ്രദ്ധയിൽ ഇടംപിടിച്ച വയനാട്, പരിസ്ഥിതി സംരക്ഷണത്തിലൂടെയും ജനകീയ പങ്കാളിത്തത്തിലൂടെയും വികസനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാനുള്ള യാത്രയിലാണ്. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട് കൈവരിച്ച നേട്ടം കേവലം ഒരു മാലിന്യ ശേഖരണ പ്രവർത്തനത്തിന്റെ വിജയമല്ല. ഉത്തരവാദിത്തപൂർണമായ മാലിന്യപരിപാലനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ജനപങ്കാളിത്തത്തിനും രാജ്യത്തിന് മുന്നിൽ വയനാട് അവതരിപ്പിക്കുന്ന മാതൃക കൂടിയാണ്.

*യജ്ഞത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക്  നവംബർ 10 വരെ അവസരം*

കൽപ്പറ്റ: ഹരിത കർമ്മ സേനാംഗങ്ങളും ശുചീകരണ തൊഴിലാളികളും വീടുകളിൽ എത്തിയപ്പോൾ ഇല്ലാതിരുന്നതിന്റെ പേരിലും അല്ലാതെയുമായി 'സമ്പൂർണ്ണ ഇ-മാലിന്യമുക്ത വയനാട് ജില്ല' പദ്ധതിയുടെ ഭാഗമാകാൻ കഴിയാതെ പോയവർക്കായി നവംബർ 10 വരെ അവസരം ഒരുക്കിയതായി കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ് അറിയിച്ചു. വിട്ടുപോയ വീടുകൾക്കും സ്ഥാപനങ്ങൾക്കും സേവനം ഉറപ്പുവരുത്തുന്നതിനായി വയനാട് കളക്ടറേറ്റിൽ കോൾ സെൻ്റർ ഈ ദിവസങ്ങളിൽ പ്രവർത്തിക്കും. പരാതി പരിഹാര നമ്പറിൽ വിളിച്ച് ബന്ധപ്പെട്ടാൽ ആ വിവരം ഉടൻതന്നെ അതാത് തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറി ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ : 8078409770