പുലിക്കളിക്കിടെ പൂസായി, വണ്ടി നിർത്തിയിട്ട സ്ഥലം മറന്നു; രണ്ട് നാൾ നഗരം അരിച്ചുപെറുക്കിയ ഡ്രൈവർക്ക് തുണയായി പൊലീസ്.


തൃശൂർ: കേട്ടാൽ സിനിമയിലെ തമാശക്കഥയെന്ന് തോന്നുമെങ്കിലും സാംസ്കാരിക നഗരിയിൽ കഴിഞ്ഞദിവസം അരങ്ങേറിയത് യഥാർത്ഥ സംഭവം. മൂക്കറ്റം മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർ ഒടുവിൽ സ്വന്തം വാഹനം എവിടെയാണ് പാർക്ക് ചെയ്തതെന്ന കാര്യം മറന്നുപോയി. ഒടുവിൽ കാണാതായ മിനി ലോറിക്കായി രണ്ട് ദിവസം നഗരമാകെ അലഞ്ഞുതിരിഞ്ഞ് പരിഭ്രാന്തനായ ഡ്രൈവർക്ക് മൂന്നാം നാൾ വാഹനം വീണ്ടെടുത്തു നൽകിയത് പൊലീസാണ്.നാലോണ നാളിലെ പ്രസിദ്ധമായ തൃശൂർ പുലിക്കളി ആഘോഷം നഗരത്തെ ഇളക്കിമറിച്ച ആഗസ്റ്റ് 29-നാണ് സംഭവങ്ങളുടെ തുടക്കം.

ഒരു സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ സാമഗ്രികളുമായി മിനി ലോറിയിലാണ് ഡ്രൈവർ അന്ന് വൈകിട്ടോടെ നഗരത്തിലെത്തിയത്. പുലിക്കളിയുടെ ആരവങ്ങൾക്കിടയിൽ വാഹനം എവിടെയോ ഒതുക്കി നിർത്തിയ ശേഷം ഇയാൾ കുറുപ്പം റോഡിലുള്ള ഒരു ബാറിൽ കയറി സാമാന്യത്തിലധികം മദ്യപിച്ചു. എന്നാൽ, ആഘോഷവും കുടിയും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് താൻ ലോറി എവിടെയാണ് നിർത്തിയിട്ടതെന്ന് ഓർമ്മയില്ലെന്ന തിരിച്ചറിവുണ്ടാകുന്നത്.

തുടർന്ന് അന്ന് രാത്രി ഏറെ വൈകിയും കുറുപ്പം റോഡിലും ബാറിന് സമീപമുള്ള ഇടവഴികളിലുമെല്ലാം ഡ്രൈവർ അരിച്ചുപെറുക്കിയെങ്കിലും വാഹനം കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെ തന്റെ സുഹൃത്തുക്കളെക്കൂടി വിളിച്ചുകൂട്ടി നഗരത്തിന്റെ മുക്കിലും മൂലയിലും വീണ്ടും പരിശോധന നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല.

ഒടുവിൽ മൂന്നാം നാൾ ഉച്ചയോടെയാണ് കാണാതായ വാഹനം കണ്ടെത്തുന്നത്. സെന്റ് തോമസ് കോളേജ് റോഡിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയുടെ ഓഫീസിന് മുൻപിലായിരുന്നു മിനി ലോറി ആരും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്നത്. തുടർച്ചയായി രണ്ട് ദിവസമായി അജ്ഞാത വാഹനം ഓഫീസിന് മുന്നിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്ഥാപനത്തിന്റെ മാനേജർ സംശയം തോന്നി ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും മറ്റ് രേഖകളും പരിശോധിച്ച് യഥാർത്ഥ ഉടമയെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്നാണ് വാഹനം നഷ്ടപ്പെട്ടുവെന്ന് കരുതി നെട്ടോട്ടമോടിയ ഡ്രൈവറുടെ ലഹരി മറവി കഥ പുറത്തുവരുന്നത്. നഗരവാസികൾക്ക് ചിരിക്കാൻ വക നൽകിയെങ്കിലും, മദ്യപിച്ച് ലഹരി തലയ്ക്കുപിടിച്ചാൽ സ്വന്തം ജീവനോപാധി വരെ മറന്നുപോകുമെന്ന വലിയൊരു ജാഗ്രതാ സന്ദേശം കൂടിയാണ് ഈ സംഭവം നൽകുന്നത്.