തിരുപ്പതി ലഡ്ഡുവിൽ നെയ്യ്ക്ക് പകരം കെമിക്കൽ ചേർത്ത പാം പാം ഓയിൽ; സുകൃതി ഫുഡ്‌സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ ഇഡി അറസ്റ്റ് ചെയ്തു.

വിശാഖപട്ടണം: തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ തിരുമല തിരുപ്പതി ദേവസ്വത്തിന് വിതരണം ചെയ്ത‌ നെയ്യിൽ മായം ചേർത്തുവെന്ന കേസിൽ സുകൃതി ഫുഡ്‌സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‌തു. പശുവിൻ നെയ്യെന്ന പേരിൽ വിതരണം ചെയ്ത ഉൽപ്പന്നത്തിൽ പാം ഓയിൽ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ ചേർത്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കി.

സെപ്റ്റംബർ 17ന് കസ്റ്റഡിയിലെടുത്ത മംഗ്ലയെ വിശാഖപട്ടണത്തെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഇഡി അറിയിച്ചു.

പാം ഓയിലും രാസവസ്‌തുക്കളും ഉപയോഗിച്ചു. അഗ്മാർക്ക് സ്പെഷൽ ഗ്രേഡ് പശുവിൻ നെയ്യ് എന്ന നിലയിലാണ് സുകൃതി ഫുഡ്‌സ് തിരുമല ദേവസ്വത്തിന് ഉൽപ്പന്നം കൈമാറിയിരുന്നത്. എന്നാൽ യഥാർഥത്തിൽ പാം ഓയിൽ, പാം കേർണൽ ഓയിൽ എന്നിവയ്ക്കൊപ്പം വിവിധ രാസവസ്തുക്കളും ചേർത്താണ് നെയ്യ് തയ്യാറാക്കിയിരുന്നതെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

MG 90, മോണോഗ്ലിസറൈഡ്, മൈവാസറ്റ് സോഫ്റ്റ് 400, അസറ്റിക് ആസിഡ് തുടങ്ങിയ വസ്തുക്കളും കൃത്രിമ നെയ്യ് നിർമിക്കാൻ ഉപയോഗിച്ചിരുന്നതായി ഇഡി പറയുന്നു.