നിസാർ വയനാട് ദുബായിൽ വെച്ച് മരണപ്പെട്ടു.

 


ദുബൈ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും പിന്നണി ഗായകനുമായ നിസാർ വയനാട് (44) അന്തരിച്ചു. വിവിധ സംഗീത പരിപാടികൾക്കായി ദുബൈയിൽ എത്തിയ അദ്ദേഹം, പനിയെ തുടർന്ന് ചികിത്സയിലായിരിക്കെ ദുബൈ മൻഖൂൽ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്.  

​വയനാട് കമ്പളക്കാട് സ്വദേശിയായ നിസാർ ഇറോത്ത് വീട്ടിൽ ഇബ്രായിയുടെയും സൈനബയുടേയും മകനാണ്. പ്രശസ്ത ബോളിവുഡ് ഗായകൻ ഉദിത് നാരായണന്റെ ശബ്ദത്തോടുള്ള സാദൃശ്യം കൊണ്ട് ഗാനമേള വേദികളിൽ 'ജൂനിയർ ഉദിത് നാരായണൻ' എന്ന പേരിൽ അദ്ദേഹം ഏറെ പ്രശസ്തനായിരുന്നു. ബഹ്റൈനിൽ വെച്ച് ഉദിത് നാരായണനൊപ്പം വേദി പങ്കിടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.  

​നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള നിസാർ, 'പ്രഫസർ ഡിങ്കൻ' എന്ന മലയാള ചിത്രത്തിലും കന്നഡ സിനിമകളിലും പിന്നണി ഗായകനായിട്ടുണ്ട്. വരും ദിവസങ്ങളിൽ യു.എ.ഇയിലും സൗദി അറേബ്യയിലും നടക്കാനിരുന്ന വിവിധ സംഗീത പരിപാടികളിൽ പങ്കെടുക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.  

​ഭാര്യ: ഷഹന നിസാർ  

​മക്കൾ: സിംബ്രീന, അംബ്രീന  

​സഹോദരങ്ങൾ: ബുഷറ, നസീറ, അൻസാർ.