കുതിച്ചുയര്‍ന്ന് ചെറുനാരങ്ങ വില


               


    


അടുക്കളകളിലും കൂള്‍ബാറുകളിലും ഒരുപോലെ പ്രിയങ്കരനായ ചെറുനാരങ്ങയിപ്പോള്‍ പൊള്ളുന്ന വില കാരണം തൊടാന്‍ വയ്യാത്ത അവസ്ഥയിലാണ്. കിലോയ്ക്ക് 25-ഉം 30-ഉം രൂപ ഉണ്ടായിരുന്ന സ്ഥാനത്താണ് ഒറ്റയടിക്ക് വില 250 വരെ എത്തിയത്. നേരത്തെ കച്ചവടത്തിനായി അഞ്ചും പത്തും കിലോ വാങ്ങിയിരുന്ന വ്യാപാരികള്‍ ആളുകള്‍ വാങ്ങാന്‍ മടിക്കുന്നതും കേടായിപ്പോകുമെന്ന ഭയവും കാരണം ഇപ്പോള്‍ രണ്ടോ മൂന്നോ കിലോ മാത്രമാണ് കടകളില്‍ എത്തിക്കുന്നത്. 

കാലാവസ്ഥാ വ്യതിയാനം കാരണം ആന്ധ്രയിലും തമിഴ്നാട്ടിലും ഉല്‍പ്പാദനം കുറഞ്ഞതാണ് ലഭ്യതക്കുറവിന് കാരണമായത്. മുന്‍പ് ആന്ധ്രയില്‍ നിന്ന് വലിയ തോതില്‍ എത്തിയിരുന്നെങ്കില്‍, ഇപ്പോള്‍ തമിഴ്നാട്ടിലെ പുളിയങ്കുടിയില്‍ നിന്നുള്ള നാരങ്ങ മാത്രമാണ് വിപണിയില്‍ കൂടുതലായുള്ളത്. എന്നാല്‍ ഇതിന്റെയും വരവ് കുറഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായി. വന്‍തോതില്‍ ആവശ്യക്കാരുള്ള സമയത്ത് വില കുതിച്ചുയര്‍ന്നതോടെ ഹോള്‍സെയില്‍ വ്യാപാരികള്‍ പോലും നാരങ്ങയെ കൈവിട്ട മട്ടാണ്. 


മഴ മാറി ചൂട് കൂടുന്നതോടെ സര്‍ബത്തിനും ശീതളപാനീയങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറുന്ന സമയമാണിത്. ഒപ്പം വിവാഹ സീസണ്‍ കൂടി എത്തിയതോടെ നാരങ്ങയ്ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു. വരവ് പുനഃസ്ഥാപിക്കപ്പെടുകയോ ഉല്‍പ്പാദനം കൂട്ടുകയോ ചെയ്യാതെ വില സാധാരണ നിലയിലാകില്ലെന്ന കടുത്ത ആശങ്കയിലാണ് വ്യാപാരികളും പൊതുജനങ്ങളും.