ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് കടത്തുന്നതിനിടെ അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. ആലപ്പുഴ കൈചൂണ്ടിമുക്കിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീൻ (17), റിൻഷാദ് എന്നിവരാണ് മരിച്ചത്. മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശി പ്രമോദിൻ്റെ ബൈക്കാണ് ഇവർ മോഷ്ടിച്ചത്.
മണ്ണഞ്ചേരിയിൽ നിന്ന് ആലപ്പുഴയിലേക്ക് രണ്ട് ബൈക്കുകളിലായി വന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രാത്രി വീടിന് മുന്നിൽ ലോക്ക് ചെയ്ത് വച്ചിരുന്ന ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്. ലോക്ക് പൊളിച്ചാണ് കൊണ്ടുപോയത്. പുലർച്ചെ നാല് മണിയോടെ നോർത്ത് പൊലീസ് ആർസി ഉടമയെ കണ്ടെത്തി വിളിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം പ്രമോദ് അറിയുന്നത്.
അമിത വേഗത്തിലെത്തിയ ബൈക്ക് റോഡിലൂടെ തെന്നിമറിഞ്ഞ് തീപ്പൊരി ചിതറിച്ച് ഉരഞ്ഞ് നീങ്ങുന്ന രീതിയിലാണ് സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നായ കുറുകേ ചാടിയതാണോ അപകടകാരണമെന്നും സംശയിക്കുന്നുണ്ട്. രണ്ട് യുവാക്കളും അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ