2026 സെപ്റ്റംബര്‍ 9 | ബുധന്‍
1202 ചിങ്ങം 24 | ആയില്യം
1448 റ:അവ്വൽ 27
◾ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന ഇഡിയുടെ നിര്‍ദേശം ഡിജിപി ആഭ്യന്തര സെക്രട്ടറിക്കു കൈമാറി. റിപ്പോര്‍ട്ട് പരിഗണിക്കുകയും കേസെടുക്കുകയും ചെയ്യേണ്ടേത് വിജിലന്‍സാണ്. സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടുകയും രാഷ്ട്രീയ തീരുമാനമെടുക്കുകയും ചെയ്ത ശേഷമാകും റിപ്പോര്‍ട്ട് വിജിലന്‍സിന് കൈമാറുന്നത്. സിപിഎമ്മിനും എല്‍ഡിഎഫിനും ഇപ്പോഴത്തെ നീക്കങ്ങള്‍ കടുത്ത സമ്മര്‍ദമായിരിക്കുകയാണ്.
◾ മുംബൈയില്‍ പ്രധാനമന്ത്രിയുടെ പരിപാടിയുടെ വേദിക്കരികിലെ ഷോപ്പിംഗ് മാളില്‍നിന്ന് തോക്കും വ്യാജ ഐഡി കാര്‍ഡുകളുമായി മൂന്നു പേരെ പിടികൂടി. 24 കാരനും ഇയാളുടെ രണ്ടു സുരക്ഷാ ജീവനക്കാരുമാണ് പിടിയിലായത്. ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ വേദിയില്‍ ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പാണ് ഇരുവരും പിടിയിലായത്. പ്രതികളുടെ കൈവശം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരെന്ന വ്യാജ ഐഡി കാര്‍ഡും കണ്ടെത്തിയിരുന്നു.
◾ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കെതിരേ ജാതി അധിക്ഷേപം നടത്തിയ സംഭവത്തില്‍ 15 ദളിത് എംപിമാര്‍ ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ മൂന്നര മണിക്കൂര്‍ പ്രതിഷേധിച്ചതോടെ ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ പോലീസ് കേസെടുത്തു. ഖാര്‍ഗെ പ്രസംഗിച്ച വേദിയില്‍ 'ശുദ്ധികലശം' നടത്തി അപമാനിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെടാന്‍ രാഷ്ട്രപതിയെ കാണാന്‍ കോണ്‍ഗ്രസ് എംപിമാര്‍ ശ്രമിച്ചെങ്കിലും അനുമതി നല്‍കിയില്ല. ഇതോടെയാണു 15 ദളിത് എംപിമാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്.
◾ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്നു തിരുവനന്തപുരത്ത് ഉന്നത തല യോഗം ചേരും. മന്ത്രി സണ്ണി ജോസഫിന്റെ ചേംബറില്‍ രാവിലെ പതിനൊന്നിനാണ് യോഗം. കെഎസ്ഇബി ചെയര്‍മാന്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവരടക്കം യോഗത്തില്‍ പങ്കെടുക്കും. കടുത്ത വേനലിലെ വര്‍ധിച്ച ആവശ്യകത മുന്നില്‍ കണ്ട് വേണ്ടത്ര മുന്നൊരുക്കം നടത്തുന്നതില്‍ സര്‍ക്കാരിനും ബോര്‍ഡിനും വലിയ വീഴ്ച സംഭവിച്ചെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് യോഗം ചേരുന്നത്.
◾ മാസപ്പടികേസ് വെറും തിരക്കഥയെന്ന് മുന്‍ മന്ത്രി മുഹമ്മദ് റിയാസ്. പിണറായി വിജയനും തനിക്കുമെതിരേ കേസെടുക്കണമെന്ന എന്‍ഫോഴ്സമെന്റിന്റെ നിര്‍ദേശത്തിന്റെ പേരില്‍ പേടിച്ചുപോയെന്നു കരുതേണ്ട. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നല്ല ആത്മവിശ്വാസമുണ്ട്. കേസ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സര്‍ക്കാരാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
◾ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന ഇഡിയുടെ നിര്‍ദേശം രാഷ്ട്രീയ പകപോക്കല്‍ മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇഡിയുടെ നിര്‍ദേശം യുഡിഎഫ് സര്‍ക്കാര്‍ പാലിക്കുമോ എന്നത് കേരളം ഉറ്റുനോക്കുകയാണ്. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
◾ മാസപ്പടി കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായതില്‍ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും കരിമണല്‍ കൊള്ളയിലൂടെ ലഭിച്ച പണം വിദേശത്തേക്ക് കടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
◾ പിണറായിക്കെതിരായ എന്‍ഫോഴ്സ്മെന്റിന്റെ നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എം പി.
◾ അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രോവത് ദാസ് പശ്ചിമബംഗാളില്‍ പിടിയില്‍. യുവതിയെയും നാല് വയസുള്ള കുഞ്ഞിനേയും കൊന്ന് തല അറുത്ത് ശരീരഭാഗങ്ങള്‍ ചാക്കുകളിലാക്കി അട്ടപ്പാടി ചീരക്കടവില്‍ ഭവാനിപ്പുഴയില്‍ എറിഞ്ഞ പ്രതിയെയാണ് കൊല്‍ക്കൊത്തയില്‍നിന്നു പിടികൂടിയത്. കൊന്നത് തന്റെ ഭാര്യയെയും കുഞ്ഞിനെയുമല്ല എന്നാണ് പ്രതിയുടെ മൊഴി.
◾ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം ലഭിക്കുന്ന മലയാളി കായികതാരങ്ങള്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കായികമന്ത്രി ഒ ജെ ജനീഷ്. വെളളി നേടുന്നവര്‍ക്ക് 30 ലക്ഷവും വെങ്കലം നേടുന്നവര്‍ക്ക് 20 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കും.
◾ വിശാല സംസ്ഥാന സമിതിയില്‍ നിന്ന് വാര്‍ത്ത ചോരാതിരിക്കാന്‍ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ നിന്ന് ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അതിനു വിശാല സംസ്ഥാന സമിതിയുമായി ബന്ധമില്ലെന്നും പരാതി തന്നാല്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ സിപിഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റി 13 മുതല്‍ 15 വരെ കോഴിക്കോട് നടക്കും. 307 പേര്‍ പങ്കെടുക്കും. പാര്‍ട്ടിയെ ഫലപ്രദമായി മുന്നോട്ടു നയിക്കാന്‍ ജനങ്ങളില്‍നിന്നു ലഭിച്ച 20,200 അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. 15 നു കോഴിക്കോട് കടപ്പുറത്തു റാലിയും പൊതുസമ്മേളനവും നടക്കും.
◾ സംസ്ഥാനത്ത് ഡിജിറ്റല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാക്ഷരതയ്ക്ക് പ്രാധാന്യം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
◾ പാലക്കാട് അട്ടപ്പാടി ചെന്താമലയില്‍ നീലക്കുറിഞ്ഞി കാണാന്‍ പോയ യുവാക്കള്‍ വനത്തില്‍ കുടുങ്ങി. അട്ടപ്പാടി താവളം സ്വദേശികളായ അഭീന്ദര്‍ (23)ഷാനു (23) എന്നിവരാണ് വനത്തില്‍ കുടുങ്ങി കിടക്കുന്നത്. അട്ടപ്പാടി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്കായി തിരച്ചില്‍ നടത്തി.
◾ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദത്തിനു സാധ്യത. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടു. നാളെ മുതല്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്തേക്കും.
◾ കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് ജോബി കെ ജോസിനെ നീക്കം ചെയ്യാന്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് തീരുമാനിച്ചു. പഠനവകുപ്പില്‍ തിരികെ ചേരാന്‍ നിര്‍ദേശം നല്‍കി.
◾ കൈപ്പമംഗലത്ത് എട്ട് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തെത്തുടര്‍ന്ന് മണ്ണുത്തി - ഇടപ്പിള്ളി ദേശീയപാതയില്‍ അധികൃതര്‍ പരിശോധന നടത്തി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. സൂചന ബോര്‍ഡുകള്‍, സിഗ്നലുകള്‍, അനധികൃത പാര്‍ക്കിങ്, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് സംഘം വിലയിരുത്തിയത്.
◾ തിരുവനന്തപുരം പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്തു. അല്‍ അമീന്‍ ട്രേഡേഴ്‌സ് കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച അരിയും ഗോതമ്പുമാണു പിടിച്ചത്.
◾ വാഴച്ചാല്‍ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് അഞ്ചു വിദ്യാര്‍ത്ഥികളെ കാണാതായി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ഹോസ്റ്റലില്‍ നിന്ന് കുട്ടികള്‍ ചാടിപ്പോയത്. 7 വയസ്സുള്ള ഒരു കുട്ടിയും 8 വയസ്സുള്ള രണ്ടു പേരും 10, 12 വയസ്സുള്ള ഓരോ കുട്ടികളുമാണ് വനമേഖലയിലേക്ക് കടന്നത്.
◾ 12 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പിവി അന്‍വറിന് ബോര്‍ഡ്- ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നല്‍കരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ. കാപ്പ പ്രകാരം നടപടി നേരിടേണ്ട വ്യക്തിക്ക് സ്ഥാനങ്ങള്‍ നല്‍കരുതെന്ന് മുഖ്യമന്ത്രിയെ കണ്ട് നിവദേനം നല്‍കിയെന്നും വിവരാവകാശ കൂട്ടായ്മ കോ-ഡിനേറ്റര്‍ കെവി ഷാജി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
◾ വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തന ജയില്‍ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് വനിത ജയിലില്‍നിന്നു കീര്‍ത്തന പുറത്തിറങ്ങിയത്. എംഡിഎംഎ വില്‍പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് കീര്‍ത്തന ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
◾ മലപ്പുറത്തെ മോര്‍ഫിംഗ് കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം തിരുമല ഓടങ്കുഴി സ്വദേശി സുബിന്‍ ബാബുവാണ് പിടിയിലായത്.
◾ ദേശീയ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച ജെന്റര്‍ റെസ്പോണ്‍സീവ് ഗവേണന്‍സ് വിഷയത്തിലുള്ള ദ്വിദിന ശില്പശാല കോണ്‍ഗ്രസ് പ്രതിനിധികള്‍ ബഹിഷ്‌കരിച്ചു. വനിതാ സംവരണ നിയമത്തിന്റെ ഭാവിയും മണ്ഡല പുനര്‍നിര്‍ണയ നിയമവും ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരായ ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
◾ തമിഴ്നാട്ടില്‍ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം 28 വരെ നീട്ടി. വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് അടക്കം 5 മണ്ഡലങ്ങള്‍ക്കാണ് ഉത്തരവ് ബാധകം. തെരഞ്ഞെടുപ്പ് ഹര്‍ജികള്‍ നിലവിലുള്ളതിനാലാണ് വിലക്ക്.
◾ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നടപ്പ് സാമ്പത്തികവര്‍ഷം പെര്‍ഫോമന്‍സ് ബേസ്ഡ് ഇന്‍സെന്റീവ് നടപ്പാക്കുന്നത് നിര്‍ത്തിവച്ച് കേന്ദ്രസര്‍ക്കാര്‍. പുതിയ ഇന്‍സെന്റീവ് സ്‌കീം നടപ്പാക്കുന്നതിനെതിരെ അടക്കം തൊഴിലാളി സംഘടനകള്‍ പ്രതിഷേധം അറിയിച്ചിരുന്നു.
◾ ഉത്തര്‍പ്രദേശിനെ ലോകത്തിന്റെ ടെക്സ്റ്റൈല്‍ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'യുപി' എന്ന പേരിന് ഇപ്പോള്‍ 'അണ്‍ലിമിറ്റഡ് പൊട്ടന്‍ഷ്യല്‍' എന്നാണ് അര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു.
◾ പൊലീസ് സ്റ്റേഷനില്‍ സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റ് വനിതാ പൊലീസുകാരി മരിച്ചു. ഉത്തര്‍ പ്രദേശിലെ കൗശാംബി ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. പ്രിയങ്ക യാദവ് എന്ന 25കാരിയായ വനിതാ കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്.
◾ ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറിയും മുതിര്‍ന്ന മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ രാകേഷ് മേത്തയെ (74) നോയിഡയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
◾ മ്യാന്‍മറിലെ വിമത ഗ്രൂപ്പുകള്‍ക്ക് ആയുധപരിശീലനം നല്‍കിയതിന് അറസ്റ്റിലായ യുഎസ് കൂലിപ്പട്ടാളക്കാരന്‍ മാത്യൂ ആരോണ്‍ വാന്‍ഡെയ്ക്കിനെതിരേ എന്‍ഐഎ ചുമത്തിയ ഭീകരവാദ കുറ്റങ്ങള്‍ ഒഴിവാക്കി. മാത്യൂ ആരോണ്‍ വാന്‍ഡെയ്ക്കിനൊപ്പം അറസ്റ്റിലായ ആറ് യുക്രൈനിയന്‍ പൗരന്മാര്‍ക്കെതിരേ ചുമത്തിയിരുന്ന ഭീകരവാദ കുറ്റങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
◾ അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പലായ ഡ്രോണ്‍ സബ്മറൈന്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തു. ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്. തിരിച്ചടിച്ചുകൊണ്ട് അമേരിക്ക ഇറാന്റെ പ്രമുഖ എണ്ണ കയറ്റുമതി കേന്ദ്രമായ ഖര്‍ഗ് ദ്വീപിലും ജസകിലും ശക്തമായ സ്ഫോടനങ്ങള്‍ നടത്തി. ഇറാനുമായി ബന്ധമുള്ള 36 സ്ഥാപനങ്ങള്‍ക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി.
◾ യുകെയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാര്‍മൂലം യുകെയില്‍ അറന്നൂറോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. നൂറുകണക്കിന് സര്‍വീസുകള്‍ വൈകുകയും ചെയ്തു. ലണ്ടനിലെ ഹിത്രൂ, ഗാറ്റ്വിക്, സ്റ്റാന്‍സ്റ്റെഡ്, ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ടുകള്‍ക്ക് പുറമേ മാഞ്ചസ്റ്റര്‍, ബിര്‍മിംഗ്ഹാം, എഡിന്‍ബറോ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലെല്ലാം തടസ്സം നേരിട്ടു. മണിക്കൂറുകള്‍ക്കുശേഷമാണ് പ്രശ്നം പരിഹരിച്ചത്.
◾ നേപ്പാള്‍ ദുരന്തത്തില്‍ മരണം 1400 കടന്നു. 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാണാതായ മലയാളികളെക്കുറിച്ചും പുതിയ സൂചനകള്‍ ഒന്നുമില്ല.
◾ ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണ്‍ കടുത്ത പ്രതിരോധത്തില്‍. ഈസ്റ്റ് സോണിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 708 റണ്‍സിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ സൗത്ത് സോണ്‍ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് എന്ന നിലയിലാണ്. ഈസ്റ്റ് സോണ്‍ സ്‌കോറിന് ഒപ്പമെത്താന്‍ ഇനിയും 466 റണ്‍സ് കൂടി നേടേണ്ടതുണ്ട്. നിലവില്‍ 4 വിക്കറ്റുകള്‍ മാത്രം കൈയിലിരിക്കെ സൗത്ത് സോണ്‍ വലിയൊരു തോല്‍വി ഒഴിവാക്കാനുള്ള പോരാട്ടത്തിലാണ്.
◾ കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ റൂബീസിനും ആംബറിനും വിജയം. റൂബീസ് പേള്‍സിനെ അഞ്ച് വിക്കറ്റിനും ആംബര്‍ എമറാള്‍ഡിനെ 19 റണ്‍സിനുമാണ് തോല്‍പ്പിച്ചത്. റൂബീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത പേള്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തു. 25 റണ്‍സെടുത്ത ഇവാന ഷാനി മാത്രമാണ് പേള്‍സ് ബാറ്റിങ്ങില്‍ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. റൂബീസിനുവേണ്ടി കീര്‍ത്തി ദാമോദരനും എം പി വൈഷ്ണയും ആശ ശോഭനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
◾ ഷെര്‍-ഇ-പഞ്ചാബ് ടി20 കപ്പില്‍ റെക്കോര്‍ഡ് പ്രകടനവുമായി അമൃത്സര്‍ സൂര്‍മാസ് താരം നമാന്‍ ധിര്‍. മൊഹാലി കിങ്‌സിനെതിരായ മത്സരത്തില്‍ വെറും 64 പന്തില്‍ 173 റണ്‍സ് അടിച്ചുകൂട്ടി നമാന്‍ ധിര്‍ ഞെട്ടിച്ചു. താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ അമൃത്സര്‍ 67 റണ്‍സിന്റെ വലിയ വിജയമാണ് സ്വന്തമാക്കിയത്.
◾ ഐനോക്സ് ജിഎഫ്എല്‍ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള ഐനോക്‌സ് ക്ലീന്‍ എനര്‍ജി ഓഹരിവില്പനയ്ക്ക് ഒരുങ്ങുന്നു. 10,000 കോടി രൂപയുടെ ഐപിഒയ്ക്കാണ് കമ്പനി തയാറെടുക്കുന്നത്. ഏകദേശം ഒരു ലക്ഷം കോടി മൂല്യനിര്‍ണയമാണ് കമ്പനി ലക്ഷ്യമിടുന്നത്. സോളാര്‍ വൈദ്യുതി, സോളാര്‍ സെല്‍ മൊഡ്യൂള്‍ നിര്‍മാണം, കാറ്റാടി-സൗരോര്‍ജ പദ്ധതികള്‍ വൈദ്യുതി വില്പന തുടങ്ങി പ്രകൃതിദത്ത വൈദ്യുത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി വലിയ വിപുലീകരണത്തിനാണ് ലക്ഷ്യമിടുന്നത്. ഐനോക്‌സ് ഐപിഒ യാഥാര്‍ത്ഥ്യമായാല്‍ റിന്യൂവബിള്‍ എനര്‍ജി മേഖലയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനയാകും ഇത്. പ്രമോട്ടര്‍മാരുടെ കൈവശമാണ് നിലവില്‍ 95 ശതമാനം ഓഹരികളും. ഓഫര്‍ ഫോര്‍ സെയിലിലൂടെ 10 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് കമ്പനി തയാറെടുക്കുന്നത്. ഐനോക്‌സ് ഗ്രൂപ്പില്‍ നിന്നുള്ള നാലാമത്തെ ലിസ്റ്റഡ് കമ്പനിയായി ഐനോക്‌സ് ക്ലീന്‍ എനര്‍ജി മാറും.
◾ ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റര്‍മാരെയും ഓണ്‍ലൈന്‍ ബ്രാന്‍ഡുകളെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ ആപ്പ് പ്ലാറ്റ്‌ഫോമായ 'ക്രിയേറ്റര്‍ കണക്ഷന്‍സ്' ആമസോണ്‍ ഇന്ത്യ പുറത്തിറക്കി. ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും വില്‍പ്പന വര്‍ധിപ്പിക്കാനും സഹായിക്കുന്ന ക്രിയേറ്റര്‍മാര്‍ക്ക് അര്‍ഹമായ വരുമാനം ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. തുടക്കത്തില്‍ 50,000 ബ്രാന്‍ഡുകളും 5,000 ക്രിയേറ്റര്‍മാരുമാണ് ഇതില്‍ പങ്കാളികളാകുന്നത്. രാജ്യത്തെ 1.65 ലക്ഷത്തിലധികം വരുന്ന ആമസോണ്‍ ഇന്‍ഫ്ലുവന്‍സര്‍ ശൃംഖലയിലേക്ക് ഇത് ഘട്ടംഘട്ടമായി വ്യാപിപ്പിക്കും. 'ക്രിയേറ്റര്‍ കണക്ഷന്‍സില്‍' അംഗമാകുന്നതിന് മുന്‍പ് ആമസോണ്‍ ഇന്‍ഫ്ലുവന്‍സര്‍ പ്രോഗ്രാമില്‍ അനുമതി നേടേണ്ടതുണ്ട്. ആമസോണ്‍ അസോസിയേറ്റ്സ് പേജ് വഴി സജീവമായ യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ടിക് ടോക്ക് പ്രൊഫൈലുകള്‍ ലിങ്ക് ചെയ്യാം. ഇതോടെ 50,000 ബ്രാന്‍ഡുകളുടെ പ്രചാരണ കാമ്പെയ്‌നുകള്‍ തെരഞ്ഞെടുക്കാം.
◾ അന്തരിച്ച ഗായിക ആശാ ഭോസ്ലെയ്ക്ക് ആദരമര്‍പ്പിച്ച് എ.ആര്‍. റഹ്‌മാന്‍ തയ്യാറാക്കിയ 'ആശ ഫോറെവര്‍' ഗാനം പുറത്തിറക്കി. ആശാ ഭോസ്ലെയുടെ ജീവിതകാലത്ത് എ.ആര്‍. റഹ്‌മാന്‍ പദ്ധതിയിട്ടതാണ് 'ആശ ഫോറെവര്‍'. ഗായികയുടെ യഥാര്‍ഥ ശബ്ദത്തില്‍ പാട്ട് റെക്കോര്‍ഡ് ചെയ്തിരുന്നു. അവരുടെ വേര്‍പാടിന് ശേഷം, നേരത്തെ ചിത്രീകരിക്കാന്‍ കഴിയാതെ പോയ ഭാഗങ്ങള്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കമല്‍ ഹാസന്‍, രജനീകാന്ത്, കരണ്‍ ജോഹര്‍ തുടങ്ങിയവരുടെ എ.ഐ. രൂപങ്ങളും വീഡിയോയിലുണ്ട്. ലണ്ടനിലെ ട്രിനിറ്റി ലാബന്‍ കണ്‍സര്‍വേറ്ററി ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സിലെ വിദ്യാര്‍ഥികളും സംഗീതജ്ഞരും ഗാനത്തിന്റെ ഭാഗമായിട്ടുണ്ട്. ലണ്ടനിലും മുംബൈയിലുമായി ചിത്രീകരിച്ച ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയാണ്. വാര്‍ണര്‍ മ്യൂസിക് ഇന്ത്യയുമായി ചേര്‍ന്ന് റൂഹ് റെക്കോര്‍ഡ്‌സ് ആണ് ഗാനം പുറത്തിറക്കിയത്.
◾ അഞ്ചാം വാരത്തിലും ബോളിവുഡ് ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച് വെറും രണ്ട് കോടി രൂപ ബജറ്റില്‍ നിര്‍മിച്ച 'ഹനുമാന്‍ അംശ്'. അഞ്ചാം വാരാന്ത്യ ബോക്‌സ് ഓഫീസ് കളക്ഷനില്‍ ചിത്രം വന്‍മുന്നേറ്റമാണ് നടത്തിയത്. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രങ്ങളായ 'ധുരന്ധര്‍', 'ധുരന്ധര്‍ 2: ദി റിവേഞ്ച്' എന്നിവയുടെ വാരാന്ത്യ കളക്ഷന്‍ 'ഹനുമാന്‍ അംശ്' മറികടന്നു. അഞ്ചാം വാരത്തിന്റെ അവസാനദിവസങ്ങളില്‍, 'ധുരന്ധറി'നേക്കാള്‍ 16 കോടി രൂപയും 'ധുരന്ധര്‍ 2'-നേക്കാള്‍ 36.70 കോടി രൂപയും അധികം നേടാന്‍ 'ഹനുമാന്‍ അംശി'നായി. റിലീസ് ചെയ്ത് 31-ാം ദിവസം ചിത്രത്തിന്റെ ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ 122.13 കോടി രൂപയിലെത്തി. പിന്നാലെ ഗ്രോസ് കളക്ഷന്‍ 150 കോടിയും പിന്നിട്ടു.
◾ പ്രീമിയം ഇലക്ട്രിക് വാഹന വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയിലെ ഇലക്ട്രിക് ബൈസിക്കിള്‍ വിപണിയിലേക്ക് പ്രവേശിച്ചു. ഇന്ത്യന്‍ ഇ-ബൈക്ക് സ്റ്റാര്‍ട്ടപ്പായ 'ഇമോട്ടൊറാഡുമായി' പങ്കാളിത്തം സ്ഥാപിച്ചാണ് ബെന്‍സ് പുതിയ ഇ-സൈക്കിള്‍ നിര അവതരിപ്പിച്ചത്. 4.20 ലക്ഷം രൂപ മുതലാണ് ഇവയുടെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. മെഴ്സിഡസ്-എഎംജി പെട്രോനാസ് എഡിഷനില്‍ സിറ്റി എഡിഷന്‍, ട്രാക്ക് എഡിഷന്‍, റാലി എഡിഷന്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. അടിസ്ഥാന മോഡലായ സിറ്റി എഡിഷന് 4.20 ലക്ഷം രൂപയും ട്രാക്ക് എഡിഷന് 5.70 ലക്ഷം രൂപയും ടോപ്പ് എന്‍ഡ് വേരിയന്റായ റാലി എഡിഷന് 7.60 ലക്ഷം രൂപയുമാണ് വില. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. മണിക്കൂറില്‍ 25 കിലോമീറ്ററാണ് പരമാവധി വേഗത.
◾ ജര്‍മനിയില്‍പ്പോയി മടങ്ങിവന്നൊരു സുഹൃത്ത് തന്റെ അനുഭവങ്ങള്‍ നമ്മളോട് പറയുന്നതുപോലെ വായിച്ചുപോകാവുന്ന ഈ പുസ്തകത്തെ മികച്ചതാക്കുന്നത് എഴുത്തുകാരനിലെ പ്രഗത്ഭനായ ചരിത്രാധ്യാപകനാണ്. ഒരു പ്രദേശത്തിന്റെ ജിയോഗ്രഫിക്കല്‍ സ്പേസിലേക്കും ഹിസ്റ്റോറിക്കല്‍ സ്പേസിലേക്കും ജോര്‍ജ് ഒരേസമയം യാത്രചെയ്യുകയാണ്. ജര്‍മനിയിലേക്കു പോകുന്നവര്‍ക്ക് ഒരു കൈപ്പുസ്തകമായി ഇത് ഉപയോഗിക്കാവുന്നതാണ്. 'എന്റെ ജര്‍മന്‍ യാത്ര'. പി.ഐ ജോര്‍ജ്. എച്ച്ആന്‍ഡ്സി ബുക്സ്. വില 190 രൂപ.
◾ വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് ആശ്വാസം നല്‍കുന്നത് മുതല്‍ പാനീയങ്ങള്‍ക്ക് ഉന്മേഷദായകമായ രുചിയും സുഗന്ധവും നല്‍കുന്നത് വരെ പുതിനയിലയുടെ ഗുണങ്ങള്‍ നീളുന്നു. മനസ്സിനെ ശാന്തമാക്കാനും സമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവും കുറയ്ക്കാനും ഇതിന് കഴിവുണ്ട്. മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും അമിതമായ അസിഡിറ്റി കുറയ്ക്കുന്നതിനും ഇത് മികച്ചതാണ്. ചര്‍മ്മത്തില്‍ പുരട്ടുന്നത് മുഖക്കുരു മാറാന്‍ സഹായിക്കുകയും ചെയ്യും. 'ഇറിറ്റബിള്‍ ബൗവല്‍ സിന്‍ഡ്രോം' ഉള്ളവര്‍ കുടല്‍ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ദിവസവും മൂന്നോ നാലോ മിന്റ് ചായ കുടിക്കാവുന്നതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന മെന്തോള്‍ പേശികള്‍ക്ക് അയവ് നല്‍കാനും പേശീവലിവ് കുറയ്ക്കാനും സഹായിക്കുന്നു. നല്ല ഉറക്കം കിട്ടാനും ദിവസവും ഒരു കപ്പ് കുടിക്കാവുന്നതാണ്. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, പെപ്പര്‍മിന്റ് ടീ ഒരു മികച്ച മാര്‍ഗമാണ്. ഒരു കപ്പ് പെപ്പര്‍മിന്റ് ടീ കുടിക്കുന്നത് ദീര്‍ഘനേരത്തേക്ക് വയറു നിറഞ്ഞതായി തോന്നിപ്പിക്കാന്‍ സഹായിക്കും. പെപ്പര്‍മിന്റ് വയറിന്റെ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കിയേക്കാം. മലബന്ധം, യാത്രയ്ക്കിടയിലുള്ള അസ്വസ്ഥത, ഐ.ബി.എസ് തുടങ്ങിയ വയറുസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കാനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്ന മെന്തോള്‍ പെപ്പര്‍മിന്റില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ 'അഡാപ്റ്റോജെനിക്' ഗുണങ്ങള്‍ രോഗകാരികളായ അണുക്കളെ ചെറുക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇതിലെ പൊട്ടാസ്യം, വിറ്റാമിന്‍ ബി, വിവിധതരം ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
വളരെ ചെറിയൊരു കാര്യത്തിനാണ് കൂട്ടുകാരായിരുന്ന രണ്ട് പുലികള്‍ തമ്മില്‍ വഴക്കുണ്ടായത്. ചെറിയൊരു അഭിപ്രായവ്യത്യാസമായി തുടങ്ങിയ ആ വഴക്ക് പതിയെ വലിയ തര്‍ക്കമായി മാറി. കാട്ടിലെ മറ്റ് പുലികളും ഇരുപക്ഷത്തെയും പിന്തുണച്ച് അവരുടെ വഴക്കിലേക്ക് ഇറങ്ങി. ഒടുവില്‍ വഴക്ക് അവസാനിച്ചപ്പോള്‍ കാട് രണ്ട് ചേരികളായി മാറി. കാട്ടിലൂടെ ഒഴുകിക്കൊണ്ടിരുന്ന ഒരു ചെറിയ അരുവിയുടെ അക്കരെ ഒരു കൂട്ടരും ഇക്കരെ മറ്റൊരു കൂട്ടരും താമസമാക്കി. പരസ്പരം ഒന്ന് നോക്കുക പോലും ചെയ്യാതെ, സ്വന്തം പക്ഷത്തുള്ളവരുമായി മാത്രം അവര്‍ ജീവിക്കാന്‍ തുടങ്ങി. കാലക്രമേണ ആ അരുവി അവരുടെ ജീവിതത്തിന്റെ അതിര്‍ത്തിയായി മാറി. അങ്ങനെയിരിക്കെ വേനല്‍ക്കാലം എത്തി. വെയിലിന്റെ കാഠിന്യം കൂടിയതോടെ അരുവിയിലെ വെള്ളം കുറഞ്ഞു. വൈകാതെ അരുവി പൂര്‍ണമായും വറ്റിവരണ്ടു. അതിര്‍ത്തി ഇല്ലാതായി! ഇനി നമ്മുടെ പ്രദേശം എവിടെയാണ് അവസാനിക്കുന്നത്? അവരുടെ പ്രദേശം എവിടെ തുടങ്ങുന്നു? രണ്ട് കൂട്ടരും ചര്‍ച്ച തുടങ്ങി. ''എങ്ങനെയെങ്കിലും ഒരു അതിര്‍ത്തി അടയാളപ്പെടുത്തിയേ പറ്റൂ!'' അവരുടെ സംഭാഷണമെല്ലാം കേട്ടുകൊണ്ട് സമീപത്തെ ഒരു മരത്തില്‍ ഒരു മലമ്പാമ്പ് കിടക്കുന്നുണ്ടായിരുന്നു. പാമ്പ് പതിയെ പറഞ്ഞു: ''നിങ്ങളുടെ സംസാരമെല്ലാം ഞാന്‍ കേട്ടു. ഒരു കാര്യം ചെയ്യാം... അരുവിക്ക് പകരം ഞാന്‍ നിങ്ങളുടെ അതിര്‍ത്തിയായി ഇഴഞ്ഞുനീങ്ങാം.'' അത് കേട്ട പുലികള്‍ പൊട്ടിച്ചിരിച്ചു. ''അതുകൊണ്ട് എന്ത് കാര്യം? നീ രണ്ടുമിനിറ്റ് കൊണ്ട് ഇഴഞ്ഞങ്ങ് പോകില്ലേ? അതോടെ അതിര്‍ത്തി പിന്നെയും ഇല്ലാതാകില്ലേ?'' മലമ്പാമ്പ് പുഞ്ചിരിച്ചു. ''അതുതന്നെയാണ് ഞാന്‍ നിങ്ങളോട് പറയാന്‍ ശ്രമിക്കുന്നത്. നിങ്ങളെ കുറച്ചുനേരത്തേക്ക് മാത്രമേ എനിക്ക് വേര്‍തിരിച്ച് നിര്‍ത്താന്‍ കഴിയൂ. അരുവിയും അതുപോലെ തന്നെയായിരുന്നു. കുറച്ച് മാസങ്ങള്‍ അത് ഈ വഴിയിലൂടെ ഒഴുകി. അരുവി ഒഴുകിയിരുന്നപ്പോള്‍ ഇത് രണ്ട് കരകളാണെന്ന് നിങ്ങള്‍ കരുതി. അരുവി വറ്റിയപ്പോള്‍ ആ രണ്ട് കരകളും ഒന്നാണെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞു. നിങ്ങളുടെ കാര്യവും അതുപോലെയാണ്. ഇന്ന് നിങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുന്നു. പക്ഷേ, അതിന് മുമ്പ് നിങ്ങള്‍ ഒന്നായിരുന്നില്ലേ?'' പുലികള്‍ പരസ്പരം നോക്കി. ''സാമൂഹ്യജീവിതത്തില്‍ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും ഉണ്ടാകാം. ചിലപ്പോള്‍ അതിന്റെ പേരില്‍ നമുക്കിടയില്‍ അതിര്‍വരമ്പുകളും ഉയര്‍ന്നേക്കാം. പക്ഷേ, വിദ്വേഷം തീര്‍ക്കുന്ന അതിരുകള്‍ ശാശ്വതമായിരിക്കരുത്. സുഹൃത്തുക്കള്‍ക്കിടയിലെ ഒരു ശത്രുതയും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കേണ്ടതല്ല. ഇന്ന് നമ്മളെ വേര്‍തിരിക്കുന്ന അരുവി നാളെ വറ്റിപ്പോകാം. അപ്പോള്‍ നമ്മള്‍ തിരിച്ചറിയും-നമ്മള്‍ വേര്‍പിരിഞ്ഞവരായിരുന്നില്ലെന്ന്; ഒരു ചെറിയ വിദ്വേഷത്തിന്റെ ഒഴുക്കാണ് നമ്മളെ രണ്ട് കരകളാക്കി മാറ്റിയതെന്ന്.'' - ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ