സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വ്യാപക അഴിച്ചുപണി: 36 ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ.വി. ചെൽസാസിനിയെ വയനാടിന്റെ പുതിയ കളക്ടറായി നിയമിച്ചു.



സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. തലസ്ഥാന ജില്ലയായ തിരുവനന്തപുരം ഉള്‍പ്പെടെ മൂന്ന് ജില്ലകളിലെ കളക്ടര്‍മാരെയും വിവിധ വകുപ്പ് സെക്രട്ടറിമാരെയും മാറ്റി നിയമിച്ച് ഉത്തരവായി. റവന്യൂ, പൊതുഭരണം, തദ്ദേശസ്വയംഭരണം ഉൾപ്പെടെ പ്രധാന വകുപ്പുകളില്‍ കാര്യമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതാണ് സിവിൽ സർവീസ് തലപ്പത്തെ പുനർവിന്യാസം. ശബരിമലയ്ക്കായി പ്രത്യേക എ.ഡി.എം തസ്തിക സൃഷ്ടിച്ചതാണ് പ്രധാന മാറ്റം.

ഫിഷറീസ് വകുപ്പ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്ന വി. ചെൽസാസിനിയെ വയനാടിന്റെ പുതിയ ജില്ലാ കളക്ടറായി നിയമിച്ചു. നിലവിൽ അവധിയിലുള്ള ഡി.ആർ. മേഘശ്രീക്ക് പകരമായാണ് പുതിയ നിയമനം.

തിരുവനന്തപുരം കലക്ടർ അനു കുമാരി ഐഎഎസിനെ സ്പെഷ്യൽ ജിഎസ്ടി കമ്മീഷണറായി മാറ്റി നിയമിച്ചു. പകരം അഞ്ജു കെ.എസ് ഐ എ എസിനെ തിരുവനന്തപുരം കലക്ടറാക്കി. കെ ഇൻബശേഖറിനെ സംസ്ഥാന ലോട്ടറീസ് ഡയറക്ടറായും അരുൺ കെ. വിജയനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായും നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന സ്നേഹിൽ കുമാർ സിങ് ഐഎഎസിനെ വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറാകും.

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ പുതിയ എക്സ്കാഡർ തസ്തിക സൃഷ്ടിച്ചതാണ് ഉത്തരവിലെ പ്രധാന തീരുമാനം. ദിലീപ് കെ. കൈന്നിക്കര ഐഎഎസിനെ ശബരിമലയിൽ എഡിഎം ആയി നിയമിച്ചു.