നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ യുജിസി നെറ്റ് പരീക്ഷയിൽ ഗുരുതര പിഴവുകള്‍ സംഭവിച്ചുവെന്ന് കണ്ടെത്തല്‍. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലാണ് ഒന്നിലധികം പിശകുകള്‍ കണ്ടെത്തിയത്. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളും അക്ഷരപിശകുകളും ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ടിരുന്നതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തി. പിഴവുകള്‍ കണ്ടെത്തിയതോടെ മൂന്ന് വിഷയങ്ങളിലും പുനപരീക്ഷ നടത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്യുകയായിരുന്നു.
ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള മൂന്ന് വിഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ എന്‍ടിഎയ്ക്ക് ലഭിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്ന് പരാതികള്‍ പരിശോധിക്കാനായി നിയോഗിച്ച സമിതി ചോദ്യപേപ്പറില്‍ നിരവധി പിശകുകള്‍ ഉള്ളതായി മനസിലാക്കിയെന്നും ഏജന്‍സി തന്നെ അറിയിച്ചു. വസ്തുതാപരമായ തെറ്റുകള്‍, അക്ഷരപിശകുകള്‍, തര്‍ജിമ പിശകുകള്‍ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്. പല വിദഗ്ധരുടെയും പേരുകള്‍ തന്നെ തെറ്റായാണ് നല്‍കിയിട്ടുള്ളത്.
വികലമായ പുസ്തക ശീര്‍ഷകങ്ങള്‍, ചോദ്യങ്ങളിലെ ഘടനാ പ്രശ്നങ്ങള്‍, വ്യാകരണ പിശകുകള്‍, അസാധാരണമായ പദപ്രയോഗങ്ങള്‍, ചോദ്യങ്ങളുടെ ആവര്‍ത്തനം ഉള്‍പ്പെടെ സമിതി കണ്ടെത്തിയതായി എന്‍ടിഎ വ്യക്തമാക്കി. അന്വേഷണത്തിന് പിന്നാലെ ഈ മൂന്ന് വിഷയങ്ങളിലും പുനപരീക്ഷ നടത്തണമെന്ന നിര്‍ദേശവും സമിതി മുന്നോട്ടുവച്ചുവെന്നും എന്‍ടിഎ അറിയിച്ചു. സോഷ്യോളജിയില്‍ ഹിന്ദി പരീക്ഷ പരിഭാഷയിലുള്പ്പെടെ പിഴവുകള്‍ വ്യക്തമായി. ചില ഭാഗങ്ങള്‍ എഐയില്‍ നിര്‍മ്മിച്ചതെന്നും വിദഗ്ധസമിതി റിപ്പോര്‍ട്ടിലുണ്ട്. ഇംഗ്ലീഷ് പേപ്പറില്‍ 67 ചോദ്യങ്ങള്‍ 2024, 2025 പരീക്ഷയിലെ ചോദ്യങ്ങളുടെ ആവര്‍ത്തനമാണ്. കൊമേഴ്സ് പരീക്ഷയിലും സമാനമായ പിഴവാണ് കണ്ടെത്തിയത്.
സോഷ്യോളജി ചോദ്യപേപ്പറില്‍ വന്ന അക്ഷരപിശകുകളും വാക്കുകള്‍ മാറ്റി ഉപയോഗിച്ചതും അടക്കമുള്ളവ ഉദ്യോഗാര്‍ത്ഥികള്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ജൂണിലാണ് 87 വിഷയങ്ങളില്‍ യുജിസി നെറ്റ് പരീക്ഷ നടത്തിയത്. പിന്നാലെ ഉത്തര സൂചിക പുറത്തുവിടാത്തതില്‍ വിമര്‍ശനം ശക്തമായിരുന്നു. ഞായറാഴ്ചയാണ് ഉത്തര സൂചിക വന്നത്. എന്നാല്‍ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളുടെ ഉത്തരസൂചിക പുറത്തുവിട്ടിരുന്നില്ല. ഞായറാഴ്ച വൈകിട്ടോടെയാണ് ഇംഗ്ലീഷ്, കൊമേഴ്സ് പരീക്ഷകള്‍ സെപ്തംബര്‍ 9നും സോഷ്യോളജി സെപ്തംബര്‍ 10നും വീണ്ടും നടത്തുമെന്ന് അറിയിച്ചത്.
വിഷയം ചൂണ്ടിക്കാട്ടി എന്‍ടിഎയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എന്‍ടിഎ ആസ്ഥാനത്തേക്ക് NSUI മാര്‍ച്ച് നടത്തി. എസ്എഫ്ഐയും മാര്‍ച്ച് നടത്തും. കോക്ക്റോച്ച് ജനതാ പാര്‍ട്ടിയും പ്രശ്നം ഏറ്റെടുത്തിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ