കൊച്ചി മെട്രോയുടെ പേരുമാറ്റ ശിപാർശയിൽ വിശദീകരണവുമായി കെഎംആർഎൽ. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമല്ല പേരുമാറ്റത്തിന് ശിപാർശ നൽകിയതെന്നും 'കൊച്ചി മെട്രോ' എന്ന പേരിൽ തന്നെ സർവീസ് തുടരുമെന്നും കെഎംആർഎൽ അറിയിച്ചു.
ഒരു സംസ്ഥാനത്ത് ഒന്നിലധികം നഗരങ്ങളിൽ മെട്രോ സംവിധാനങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം ഒറ്റ കമ്പനി ആയിരിക്കണമെന്നാണ് കേന്ദ്രത്തിന്റെ പൊതുവായ മാർഗനിർദേശം. കേരളത്തിൽ മറ്റ് മെട്രോ പദ്ധതികൾ വരുന്നതിനാലാണ് 'കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്' എന്ന കമ്പനിയുടെ പേര് മാറ്റുന്ന കാര്യം പരിഗണനയിൽ വന്നത്.
കമ്പനിയുടെ പേര് മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം സംസ്ഥാന സർക്കാരിനാണ്. സർക്കാർ ഈ ആവശ്യം നിരസിക്കുകയാണെങ്കിൽ കെഎംആർഎൽ തുടർനടപടികളിലേക്ക് കടക്കില്ല.
കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റയാണ് സർക്കാരിന് ശിപാർശ സമർപ്പിച്ചത്. കൊച്ചിയിലെ മെട്രോ സർവീസുകൾക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടായിരുന്നു ശിപാർശ.
ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് ലാഭത്തിലോടുകയാണ് കമ്പനി. കലൂർ ജെഎൽഎൻ സ്റ്റേഡിയം മുതൽ സ്മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകും. ഇതിന് പുറമെ കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും കെഎംആർഎൽ ഏറ്റെടുത്ത് നടത്തുന്നുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ