2026 ഓഗസ്റ്റ് 20 | വ്യാഴം
1202 ചിങ്ങം 4 | വിശാഖം
1448 റ:അവ്വൽ 07
◾പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഹവാലാ ഇടപാടുകള്‍ നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചെന്നും ഇതിന്റെ രേഖകള്‍ വീണയുടെ ഡയറിയില്‍നിന്ന് കിട്ടിയെന്നും ഇഡി. വരുമാനത്തേക്കാള്‍ കൂടുതല്‍ തുകയുടെ ഇടപാടുകള്‍ നടത്തി. മറ്റൊരാളുടെ പേരിലുള്ള സിംകാര്‍ഡ് ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് കോളുകളും രാജ്യാന്തര ഇടപാടുകളും നടത്തിയതെന്നും കണ്ടെത്തി.
◾നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ ആധുനികവത്കരിക്കണമെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്ലെന്ന് ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും സുപ്രീം കോടതി. സാങ്കേതിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണം. നീറ്റ് പരീക്ഷ കുറ്റമറ്റതാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കു ശേഷം കേസ് പരിഗണിക്കും.
◾ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് 7.32 കോടി രൂപയുടെ ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയതിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കത്തു നല്‍കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ അന്വേഷണം ആരോപണ വിധേയരെ സംരക്ഷിക്കുന്നതാണെന്നാണ് ആരോഗ്യമന്ത്രിയുടെ വിലയിരുത്തല്‍.
◾ കേരള തീരത്ത് ഇന്നു വൈകിട്ട് അഞ്ചര വരെ ഒന്നര മീറ്റര്‍ ഉയരമുള്ള തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
◾ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും എ അജികുമാറിനെയും വീണ്ടും റിമാന്‍ഡ് ചെയ്തു. സെപ്റ്റംബര്‍ ഒന്നുവരെയാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് നീട്ടിയത്. 2019 ലെ സ്വര്‍ണ്ണക്കൊള്ളയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.
◾ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തു 35 കേസുകളിലായി 37 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9,213 ആയി ഉയര്‍ന്നു. 9941 പേര്‍ അറസ്റ്റിലായി. ഇതുവരെ 8242 ഗ്രാം എം.ഡി.എം.എയും 979 കിലോഗ്രാം കഞ്ചാവും 4727 ഗ്രാം ഹാഷിഷ് ഓയിലും 514 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. വ്ളോഗര്‍ ഫാത്തിമ നസ്രിന്‍ പ്രതിയായ കേസില്‍ ഏഴംഗ സംഘംകൂടി പിടിയിലായി.
◾ കോതമംഗലം എം എ കോളേജ് വിദ്യാര്‍ത്ഥി മിച്ചി മര്‍പുവിന്റെ മരണത്തില്‍ കോളേജ് മാനേജ്‌മെന്റ് മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു. കോളേജ് ഗവേണിംഗ് ബോര്‍ഡിലെ മൂന്ന് അംഗങ്ങള്‍ അടങ്ങുന്ന സമിതിയില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് ഐസക്കും ഉള്‍പ്പെടുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
◾ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിനു തൃശൂരില്‍ തുടക്കം. ഇന്നു രാവിലെ പത്തിന് റീജണല്‍ തിയേറ്ററില്‍ പ്രതിനിധി സമ്മേളനം സിനിമാ നടന്‍ പ്രകാശ് രാജ് ഉദ്ഘാടന ചെയ്യും. നാളെ വൈകുന്നേരം അഞ്ചിന് രക്തസാക്ഷി കുടുംബസംഗമം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 22 ന് വൈകുന്നേരം വിദ്യാര്‍ത്ഥി കോര്‍ണറില്‍നിന്നുള്ള മാര്‍ച്ചിനു ശേഷം ആറിന് പടിഞ്ഞാറേകോട്ട നേതാജി ഗ്രൗണ്ടില്‍ പൊതുസമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
◾ രണ്ടു വിമാനത്താവളങ്ങളില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി. കരിപ്പൂരില്‍ ഇന്നലെ വൈകിട്ട് 6.40 ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനവും നെടുമ്പാശ്ശേരിയില്‍ നിന്ന് പുലര്‍ച്ചെ 4.15 ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന ഖത്തര്‍ എയര്‍വേയ്സ് വിമാനവുമാണു റദ്ദാക്കിയത്. വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.
◾ മയക്കുമരുന്നു കേസില്‍ റിട്ടയേഡ് ഐപിഎസ് ഉദ്യോഗസ്ഥന്റെ മകന്‍ തൃശൂരില്‍ അറസ്റ്റിലായി. ക്രൈം ബ്രാഞ്ച് എസ്പിയായിരുന്ന പി.എന്‍. ഉണ്ണിരാജയുടെ മകന്‍ അഭിജിത്ത് (31), കൂട്ടുകാരന്‍ വിയ്യൂര്‍ സ്വദേശി റോജര്‍ വി. ദേവസി (31) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവരില്‍നിന്ന് അഞ്ചു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
◾ റിക്രൂട്ടിങ് ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീണ് റിയാദിലെത്തി ദുരിതത്തിലായ മലയാളികളടക്കമുള്ള 24 നഴ്സുമാര്‍ക്ക് റിയാദിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി നല്‍കി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ ഭാരവാഹികള്‍ ഇടപെട്ടാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള നഴ്‌സുമാര്‍ക്കു ജോലി നല്‍കിയത്.
◾ സംസ്ഥാനത്തെ പഴയ 108 ആംബുലന്‍സുകള്‍ മാറ്റി 336 പുതിയ ആംബുലന്‍സുകള്‍ അടുത്ത ദിവസങ്ങളിലായി നിരത്തിലെത്തും. കനിവ് 108 ആംബുലന്‍സ് സര്‍വീസ് ശൃംഖലയ്ക്കായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വാങ്ങിയ ആംബുലന്‍സുകളുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. നിലവിലുള്ള 316 ആംബുലന്‍സുകള്‍ക്കു പകരം പുതിയവയും അതിനു പുറമേ വെന്റിലേറ്റര്‍ സൗകര്യമുള്ള 14 ആംബുലന്‍സുകളും നവജാത ശിശുക്കളെ കൊണ്ടുപോകാനുള്ള ആംബുലന്‍സുകളും സര്‍വീസിന് ലഭ്യമാക്കും.
◾ പത്തനംതിട്ടയില്‍ പ്രളയ ദുരിതാശ്വാസത്തില്‍ പങ്കെടുത്ത വാഹനത്തിന് പിഴ ചുമത്തിയ എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഓഫ് റോഡ് വാഹനത്തില്‍ അനധികൃതമായി ഘടിപ്പിച്ച ലൈറ്റുകള്‍ക്ക് പിഴ ചുമത്തിയ ഉദ്യോഗസ്ഥരെ ഗതാഗത വകുപ്പ് സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
◾ കാലടി സര്‍വകലാശാല പ്രതിഷേധത്തില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. സംസ്ഥാന കമ്മിറ്റിയംഗം മെബിന്‍ ജോസ്, ബേസില്‍, യദു, വിജേഷ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
◾ ബിജെപി തൃശൂര്‍ സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിനരികില്‍ 'കള്ളപ്പണ സ്വീകരണ വിതരണ മൊത്ത കച്ചവട കേന്ദ്രം' എന്നെഴുതിയ ബാനര്‍ കെട്ടി കെഎസ്യു പ്രവര്‍ത്തകര്‍. കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തിലാണ് ഫ്ളക്സ് കെട്ടിയത്. കെ എസ് യുക്കാര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയാന്‍ നില്‍ക്കരുതെന്ന് യുവമോര്‍ച്ച തൃശൂര്‍ സിറ്റി ജില്ലാ കമ്മിറ്റി പ്രതികരിച്ചു.
◾ കേരള സര്‍വകലാശാലയില്‍ വിസിക്കു പൊട്ടു തൊടല്‍ മത്സരം നടത്തി എസ്എഫ്ഐ പ്രതിഷേധം. പാറ്റ പ്രസ്താവനയില്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ നാണംകെട്ടെന്നും വിദ്യാര്‍ഥികള്‍ മുഖമടച്ചു കൊടുത്തെന്നും ഉദ്ഘാടനം ചെയ്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു.
◾ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ലോകം മാറിയത് അറിയാത്ത ആളാണെന്നു, പരിഹസിച്ച് സിഎംപി നേതാവ് പി കെ ശശി. ഗോവിന്ദന്‍ എഴുപതുകളില്‍ പഠിച്ച ഓത്തുപള്ളിയിലെ കിത്താബുമായി ഇപ്പോഴും ക്ലാസ് എടുത്ത് നടക്കുകയാണെന്നും പി കെ ശശി പറഞ്ഞു.
◾ ടിനി ടോമിനെതിരായ കേസില്‍ നടി അന്‍സിബ ഹസ്സന്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി രഹസ്യ മൊഴി നല്‍കി. ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് കേസ്.
◾ സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണു ജാമ്യം നല്‍കിയത്.
◾ ഓണവിപണിയില്‍ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതല്‍ 19 ഉച്ചവരെ സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപയായി. സബ്‌സിഡി ഇനത്തില്‍ 72 കോടി രൂപയും നോണ്‍-സബ്‌സിഡി ഇനത്തില്‍ 135 കോടി രൂപയുമാണ് ലഭിച്ചത്. 19 ദിവസത്തിനിടെ സപ്ലൈകോയുടെ വില്പനശാലകളും ഓണം ഫെയറുകളും സന്ദര്‍ശിച്ചത് 26 ലക്ഷത്തോളം ഉപഭോക്താക്കളാണ്.
◾ ഓണത്തിന് ഹോര്‍ട്ടികോര്‍പ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകള്‍ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ് പറഞ്ഞു. ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണിയില്‍ ഫലപ്രദമായി ഇടപെടുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ 20 കോടി രൂപ നീക്കിവച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
◾ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ പ്രകീര്‍ത്തിച്ച് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സമൂഹത്തിന്റെ ഐക്യവും മതേതരത്വവും നിലനിര്‍ത്താന്‍ ശക്തമായ നിലപാടെടുത്ത ആളാണ് ജി സുകുമാരന്‍ നായര്‍. വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ ലാഭത്തിനോ അദ്ദേഹം ഒരിക്കലും സ്ഥാനം ഉപയോഗിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
◾ ശ്രീകാര്യം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ കേന്ദ്ര യുവജനക്ഷേമ വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതില്‍ എസ് എഫ് ഐ പ്രതിഷേധം. എന്‍ എസ് എസ് പരിപാടിയില്‍ വന്ദേമാതരം ആലപിക്കുകയും ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തതിനെതിരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറി പ്രതിഷേധിച്ചു.
◾ തലസ്ഥാനത്ത് എട്ട് വയസ്സുകാരിയെ മറയാക്കി എം ഡി എം എ കടത്തിയ കുടുംബം ഉള്‍പ്പെടെയുള്ളവര്‍ എക്സൈസിന്റെയും പോലീസിന്റെയും പിടിയിലായി. രണ്ട് സ്ഥലങ്ങളില്‍ നിന്നായി ആകെ 131 ഗ്രാം എം ഡി എം എ ആണ് പിടിച്ചെടുത്തത്.
◾ കോഴിക്കോട് തൊണ്ടയാടില്‍ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഡ്രൈവര്‍ക്കും മര്‍ദനം. ഭക്ഷ്യ സുരക്ഷാവകുപ്പിലെ ബാലുശേരി സര്‍ക്കിള്‍ ഓഫീസര്‍ പി.ജി. ഉന്‍മേഷിനും ഡ്രൈവര്‍ പ്രമോദിനുമാണ് മര്‍ദനമേറ്റത്. ചേവായൂര്‍ സ്വദേശി സജീവ് രാജാണ് മര്‍ദിച്ചത്.
◾ തിരുവനന്തപുരം പാലോട് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പേരയം മീന്‍മുട്ടി ചൂടല്‍ മഞ്ചു സദനത്തില്‍ കിരണ്‍ (24) ആണ് മരിച്ചത്.
◾ ആലപ്പുഴയില്‍ തൈക്കാട്ടുശ്ശേരി പാലത്തില്‍നിന്ന് കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാണാവള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ തത്ത്വമസിയില്‍ അമ്പിളി (41) ആണ് മരിച്ചത്.
◾ കേന്ദ്ര മന്ത്രിസഭാംഗങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ സര്‍ക്കാരിന്റെ യശസ് ഉയര്‍ത്തുന്ന ഇടപെടലുകള്‍ സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഫേസ് ബുക്ക്, ഇന്‍സറ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ പങ്കുവച്ച പോസ്റ്റുകളുടെ എണ്ണം, എത്ര പേര്‍ കണ്ടു, ലഭിച്ച കമന്റുകള്‍, ലൈക്കുകള്‍ എന്നിവ ആധാരമാക്കിയാണ് പ്രോഗസ് റിപ്പോര്‍ട്ട് തയാറാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.
◾ അയോധ്യ ക്ഷേത്ര കൊള്ളയിലും പരീക്ഷ ക്രമക്കേടിലും പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ പരിപാടികളില്‍ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാല്‍ മതിയെന്നും കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. പാര്‍ലമെന്റില്‍ മിണ്ടാതിരുന്ന പ്രധാനമന്ത്രിയും അമിത്ഷായും ഇപ്പോള്‍ അപ്രസക്ത വിഷയങ്ങളില്‍ പ്രതികരിക്കുന്നുണ്ടെന്നു നേതാക്കള്‍ പരിഹസിച്ചു.
◾ തമിഴ്നാട്ടില്‍ സംസ്ഥാനഗാനം ആദ്യം ആലപിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചതോടെ അത് അംഗീകരിച്ച് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി. ദേശീയ ഗാനവും ദേശീയ ഗീതവും ആലപിക്കേണ്ട വേദിയില്‍ ആദ്യം വന്ദേമാതരമാണ് ആലപിക്കേണ്ടെതെന്ന് കേന്ദ്രം അറിയിച്ചു. തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവും പരിഗണിച്ചതായി കോടതി വ്യക്തമാക്കി.
◾ ഉത്തരാഖണ്ഡിലെ പിത്തോരഗഢില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ കൂലാഗഡ് വാലി പാലം തകര്‍ന്നുവീണു. പാലത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് പതിച്ചാണ് പാലം തകര്‍ന്നത്. ചൈന അതിര്‍ത്തിയോടു ചേര്‍ന്നുള്ള താഴ്വരകളിലേക്കുള്ള ഏക റോഡാണ് ഇതോടെ വിച്ഛേദിക്കപ്പെട്ടത്.
◾ ഗുജറാത്തിലെ ഭാവ്നഗറില്‍ വ്യാജമദ്യ ദുരന്തം. നാലുപേര്‍ മരിക്കുകയും നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മദ്യസല്‍ക്കാരം ഒരുക്കാന്‍ നേതൃത്വം നല്‍കിയ 10 പേരെ കസ്റ്റഡിയിലെടുത്തു.
◾ ഗുജറാത്തില്‍ വിദേശ പൗരന്‍ റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ചു. മുംബൈയില്‍നിന്നു ഡല്‍ഹിയിലേക്ക് ജനറല്‍ കംപാര്‍ട്ടുമെന്റില്‍ യാത്രചെയ്യവേ സഹയാത്രികരുമായി തര്‍ക്കമുണ്ടായി. ക്ഷുഭിതനായ ഇയാള്‍ യാത്രക്കാര്‍ക്കെതിരേ ഫയര്‍ എക്സ്റ്റിഗ്യുഷര്‍ പ്രയോഗിച്ചു. ഇതോടെ സൂറത്തില്‍ വച്ച് വിദേശിയെയും മറ്റു രണ്ടു യാത്രക്കാരെയും റെയില്‍വേ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 45 വയസു തോന്നുന്ന മരിച്ച വിദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പാസ്‌പോര്‍ട്ടോ വിസയോ മറ്റ് തിരിച്ചറിയല്‍ രേഖകളോ കണ്ടെത്താനായില്ല.
◾ ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്ന കേസിലെ പ്രധാനപ്രതി ദാരാ സിങ്ങിന്റെ ശിക്ഷാ ഇളവില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. തീരുമാനം വൈകുന്നതില്‍ ഒഡീഷ സര്‍ക്കാരിനെ വിമര്‍ശിച്ച കോടതി അടുത്തമാസം രണ്ടിനകം തീരുമാനമെടുത്തില്ലെങ്കില്‍ കോടതി തന്നെ വിധി പ്രസ്താവിക്കുമെന്ന് വ്യക്തമാക്കി.
◾ കര്‍ണാടകത്തിലെ ബിഡദിയില്‍ വന്‍ വ്യാജമരുന്ന് നിര്‍മാണശാല കണ്ടെത്തി. ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ റെയ്ഡിലാണ് അഞ്ച് കോടിയോളം രൂപ വിലവരുന്ന വ്യാജ മരുന്നുകള്‍ പിടികൂടിയത്. അതീവ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കഴിയുന്ന രോഗികള്‍ക്ക് വരെ ഈ മരുന്നുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം.
◾ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍. ജമ്മു കശ്മീര്‍ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെര്‍ജിയോ ഗോര്‍ പറഞ്ഞു.
◾ മുഖസ്തുതി മടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ്യെ അതിരുവിട്ട് പ്രശംസിക്കുന്ന എംഎല്‍എമാരെ വിലക്കിയിരിക്കുകയാണ് സ്പീക്കറും മന്ത്രിയും. പ്രശംസ അനുവദിക്കരുതെന്ന് വിജയ് എഴുതി നല്‍കിയതായി സ്പീക്കര്‍ ജെസിഡി പ്രഭാകര്‍ അറിയിച്ചു.
◾ ഡല്‍ഹിയിലെ ടിക്കിരി കലാനില്‍സിഎന്‍ജി സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ മൂന്നുജീവനക്കാര്‍ മരിച്ചു.നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
◾ ഛത്തീസ്ഗഢിലെ റായ്പുരില്‍ പ്രായപൂര്‍ത്തിയാവാത്ത മകളെ നിരന്തരമായി ബലാത്സംഗം ചെയ്യുകയും രണ്ടുതവണ ഗര്‍ഭിണിയാക്കുകയും ചെയ്ത സംഭവത്തില്‍ പിതാവടക്കം ആറുപേര്‍ പിടിയില്‍. പ്രസവിച്ച കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയതായും പോലീസ് പറഞ്ഞു.
◾ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ ആഭ്യന്തര സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് അക്കൗണ്ട്സ് സന്ദീപിനെ കൈക്കൂലി കേസില്‍ അറസ്റ്റു ചെയ്തു. സ്വകാര്യ കമ്പനിയുടെ കരാര്‍ പുതുക്കാന്‍ ഭാര്യയെ ഇടനിലക്കാരിയാക്കി പത്തു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്.
◾ 20 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഗുജറാത്തിലെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ 30 വര്‍ഷം നീണ്ട നിയമപോരാട്ടം അവസാനിച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബേചാരി ഗ്രാമപഞ്ചായത്ത് ഓഫിസിലെ മുന്‍ ജീവനക്കാരുടെ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി.
◾ ഇറാനുമായുള്ള വ്യാപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും നിര്‍ത്തിവയ്ക്കാന്‍ യുഎഇ പ്രഖ്യാപിച്ചതോടെ ഇറാന്റെ 2700 കോടി ഡോളറിന്റെ വ്യാപാര ഇടപാടുകള്‍ മരവിപ്പിച്ച നിലയിലായി. ഇതേസമയം, യുഎഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന് ഇറാന്‍.
◾ അമേരിക്കയ്ക്ക് പിന്തുണ നല്‍കുന്ന ഗള്‍ഫ് രാജ്യങ്ങളെ യുദ്ധപങ്കാളികളായി കണക്കാക്കുമെന്ന് ഇറാന്‍ കരസേന മേധാവി. മേഖലയിലെ രാജ്യങ്ങളുടെ അറിവില്ലാതെ ഇത്രയധികം അമേരിക്കന്‍ ടാങ്കര്‍ വിമാനങ്ങള്‍ എങ്ങനെ തമ്പടിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
◾ സൗദി അറേബ്യ ഉപരോധം നീക്കിയില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടുവരുമെന്ന് ഹൂതികള്‍. ഇനി ആക്രമണമുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും സൗദി സേനയെ വിന്യസിച്ചിട്ടുള്ള എല്ലാ മേഖലകളിലും ആക്രമണം നടത്താന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്നും ഹൂതികള്‍ ഭീഷണി മുഴക്കി.
◾ പാകിസ്ഥാനില്‍ 13 ലക്ഷം ഫോളോവേഴ്സുള്ള ഇന്‍ഫ്ളുവന്‍സറായ യുവതിയെ വെടിവച്ചുകൊന്നു. ഐഷ ഗിലാമന എന്ന പേരില്‍ അറിയപ്പെടുന്ന ഷംസോ ബീബി എന്ന ഇരുപത്തെട്ടുകാരിയാണു കൊല്ലപ്പെട്ടത്.
◾ ലോകകപ്പിലെ കറുത്ത കുതിരകളായ കേപ് വെര്‍ദെയുമായി ഇന്ത്യ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിച്ചേക്കും. ഒക്ടോബര്‍ ആദ്യവാരത്തില്‍ കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിനു മുമ്പേ സെപ്റ്റംബര്‍ 30 നും ഒക്ടോബര്‍ ആറിനും ഇടയിലാകും കേപ് വെര്‍ദെക്കെതിരായ സൗഹൃദ മത്സരം.
◾ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ പ്രീ ക്വാര്‍ട്ടറിലേക്ക്. വനിതാ സിംഗിള്‍സില്‍ പി.വി സിന്ധു, പുരുഷ സിംഗിള്‍സില്‍ ആയുഷ് ഷെട്ടി, പുരുഷ ഡബിള്‍സില്‍ സാത്വിക് റെഡ്ഡി- ചിരാഗ് ഷെട്ടി എന്നിവര്‍ പ്രീ ക്വാര്‍ട്ടറിലെത്തി. അതേസമയം ലക്ഷ്യാ സെന്‍ പുരുഷന്‍ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ പുറത്തായി.
◾ ഹോക്കി ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടില്‍. പൂള്‍ ഡിയിലെ അവസാന മത്സരത്തിനിറങ്ങിയ ഇന്ത്യ 5-3 നാണ് പാകിസ്താനെ തോല്‍പ്പിച്ചത്. ഇതോടെ പൂള്‍ ഡിയില്‍നിന്ന് ഇംഗ്ലണ്ടും ഇന്ത്യയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. പാകിസ്താനും വെയ്ല്‍സും പുറത്തായി.
◾ കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ഇന്ന് തുടക്കം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടര മുതല്‍ തൃശൂര്‍ ടൈറ്റാന്‍സും കാലിക്കറ്റ് ഗ്ളോബ്സ്റ്റാഴ്സും തമ്മിലുള്ള മത്സരത്തോടെയാണ് ലീഗിന് കൊടിയേറുന്നത്.
◾ ഓണക്കാലത്തെ വര്‍ദ്ധിച്ച വിപണി ആവശ്യങ്ങള്‍ക്കിടയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള കാര്‍ഗോ കയറ്റുമതിയില്‍ വലിയ വര്‍ദ്ധനവ്. ഓഗസ്റ്റ് 17 മുതല്‍ 23 വരെയുള്ള കാലയളവില്‍ മാത്രം ഏകദേശം 1,678 മെട്രിക് ടണ്‍ കാര്‍ഗോ നീക്കമാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 1,173 മെട്രിക് ടണ്ണും പെട്ടെന്ന് കേടാകുന്ന ഭക്ഷ്യവസ്തുക്കളാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഓണവിപണി ലക്ഷ്യമിട്ടാണ് പ്രധാനമായും കയറ്റുമതി നടക്കുന്നത്. നേന്ത്രപ്പഴം, ചെറിയ ഉള്ളി, ബീന്‍സ്, മുരിങ്ങക്ക, പപ്പായ, പടവലങ്ങ, പച്ചമാങ്ങ, വാഴയില തുടങ്ങിയവയാണ് കയറ്റി അയക്കുന്ന പ്രധാന വസ്തുക്കള്‍. ഓണത്തിന്റെ പ്രധാന ദിവസങ്ങളില്‍ കാര്‍ഗോ നീക്കം ഇനിയും വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഓഗസ്റ്റ് 19-ന് 250 ടണ്ണും, 20-ന് 260 ടണ്ണും, ഓഗസ്റ്റ് 21, 22 തീയതികളില്‍ പ്രതിദിനം 300 മെട്രിക് ടണ്‍ വീതവും കയറ്റുമതി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൊച്ചിയില്‍ നിന്ന് മിഡില്‍ ഈസ്റ്റ് സെക്ടറുകളിലേക്കാണ് ഈ വിമാനങ്ങള്‍ പ്രധാനമായും സര്‍വീസ് നടത്തുന്നത്.
◾ 13 മുതല്‍ 17 വയസ്സുവരെയുള്ള കൗമാരക്കാര്‍ക്കായി 'ചാറ്റ് ജി.പി.ടി. ഫോര്‍ ടീന്‍സ്' അവതരിപ്പിച്ച് ഓപ്പണ്‍ എ.ഐ. ആത്മഹത്യ, സ്വയം ഉപദ്രവിക്കല്‍, ലൈംഗിക-പ്രണയ സംഭാഷണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങളാണ് പുതിയ പതിപ്പിലുള്ളത്. പഠനത്തിനും ഗൃഹപാഠത്തിനും സഹായിക്കുന്ന സംവിധാനവും ഇതിലുണ്ട്. നേരിട്ട് ഉത്തരങ്ങള്‍ നല്‍കുന്നതിനു പകരം വിദ്യാര്‍ഥികളെ സ്വയം ചിന്തിച്ച് ഉത്തരത്തിലെത്താന്‍ സഹായിക്കുന്ന രീതിയിലാണ് രൂപകല്പന. എ.ഐ. ചാറ്റ്‌ബോട്ടുകളെ കൗമാരക്കാര്‍ അമിതമായും വൈകാരികമായും ആശ്രയിക്കുന്നതു സംബന്ധിച്ച ആശങ്കകള്‍ക്കിടെയാണ് നടപടി. ഉപയോക്താവിനോട് ചാറ്റ്‌ബോട്ടിന് വ്യക്തിപരമായ വികാരങ്ങളുണ്ടെന്ന് തോന്നിക്കുന്ന പ്രതികരണങ്ങളും നിയന്ത്രിക്കും.
◾ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2ന്റെ ആദ്യ ഗാനത്തിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു. അല ബൊലേലോ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും അനിരുദ്ധ് രവിചന്ദര്‍ ആണ്. ഓഗസ്റ്റ് 21ന് ആകും ഗാനത്തിന്റെ ഫുള്‍ വെര്‍ഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിജയ് സേതുപതി, ഹൃതിക് റോഷന്‍, വിനായകന്‍ തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വമ്പന്‍ തുകയ്ക്ക് ആമസോണ്‍ പ്രൈം ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ നവാഗതനായ സംവിധായകന്‍ സുജിത്ത് എന്‍ സുബ്രഹ്‌മണ്യം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'രാജാസ് പ്ലേലിസ്റ്റി'ന്റെ ടീസര്‍ പുറത്തെത്തി. നവാഗതനായ ജൈയന്‍ ആണ് ചിത്രത്തിലെ നായകന്‍. സോന ഒലിക്കല്‍ നായിക. സംവിധായകന്‍ വെങ്കട് പ്രഭുവിന്റേതാണ് ചിത്രത്തിന്റെ കഥ. സംവിധായിക സുധ കൊങ്കരയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍. ഇളയരാജയുടെ പാട്ട് കേട്ടാല്‍ ഭൂതകാലത്തിലേക്ക് ടൈം ട്രാവല്‍ നടത്താമെന്ന് പറയുന്ന നായകനെ ടീസറില്‍ കാണാം. സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയാണ്. വാഗൈ ചന്ദ്രശേഖര്‍, ഗുരു സോമസുന്ദരം, ബിബിയന്‍, റോജു, ആര്യലക്ഷ്മി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2025 ല്‍ പുറത്തെത്തിയ കുടുംബസ്ഥന്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്നു രാജാസ് പ്ലേലിസ്റ്റ് സംവിധാനം ചെയ്യുന്ന സുജിത്ത് എന്‍ സുബ്രഹ്‌മണ്യം. ചിത്രത്തിന്റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
◾ സ്‌കോഡ സ്ലാവിയയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ അവതരിപ്പിച്ചു. പ്രീ ബുക്കിങ് ആരംഭിച്ച സ്ലാവിയയുടെ ലോഞ്ച് ഒക്ടോബറില്‍ ഉണ്ടാകും. പുതിയ രൂപത്തിലുള്ള ഫ്രണ്ട് ഗ്രില്‍, പുതിയ എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലൈറ്റുകള്‍, കൂടുതല്‍ ആകര്‍ഷകമായ ടെയില്‍ലൈറ്റുകള്‍, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയാണ് അപ്‌ഡേറ്റ് വേര്‍ഷന്റെ ഏറ്റവും വലിയ പ്രത്യേകതകള്‍. രണ്ടു നിറത്തില്‍ വാഹനം ലഭ്യമാകും. കപ്പുച്ചിനോ ബീജ്, ആര്‍ട്ടിക് സില്‍വര്‍ എന്നി നിറങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പുതിയ ഡ്യുവല്‍ ടോണ്‍ അലോയ് വീലാണ് മറ്റൊരു പ്രത്യേകത. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായും പുതിയ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഇതിന് പുറമേ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും വാഹനം ലഭ്യമാകും.
◾ രാമായണ - മഹാഭാരത കഥാപാത്രങ്ങളുടെ ഉള്ളകങ്ങളിലൂടെ കടന്നുപോകുന്ന ലേഖനങ്ങള്‍ വര്‍ത്തമാനകാലത്തെയും ഭാവികാലത്തെയും അടയാളപ്പെടുത്തുന്നവയാണ്. കഥാപാത്രങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. പ്രശസ്ത എഴുത്തുകാരുടെ രാമായണപാഠങ്ങളും മഹാഭാരതപാഠങ്ങളും പാഠാന്തരങ്ങളും ഉള്‍ക്കൊള്ളുന്ന കൃതികള്‍. 'ഇതിഹാസവായന : രാമായണം മഹാഭാരതം'. എഡിറ്റര്‍ ഡോ. ആര്‍സു. ഏകോപനം എം. എസ്. ബാലകൃഷ്ണന്‍. ഗ്രീന്‍ ബുക്സ്. വില 470 രൂപ.
◾ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ബദാം ദിവസവും കഴിക്കുന്നത് നല്ലതാണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കുന്നതു മുതല്‍ ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിന് വരെ സഹായിക്കും. എന്നാല്‍ ബദാം കഴിക്കേണ്ടത് എങ്ങനെയെന്ന കാര്യത്തില്‍ ഇന്നും ആളുകള്‍ക്ക് ആശയക്കുഴപ്പമാണ്. തൊലി നീക്കം ചെയ്തു വേണോ കഴിക്കാന്‍?, ബദാം കുതിര്‍ക്കേണ്ടതുണ്ടോ? എന്ന് തുടങ്ങി ഒരുപാട് സംശയങ്ങള്‍ ആളുകള്‍ക്കിടയിലുണ്ട്. പ്രോട്ടീന്‍ കൊണ്ട് സമ്പുഷ്ടമായ ബദാമില്‍ ധാരാളം ഫൈബര്‍, വിറ്റാമിന്‍ ഇ, ഒമേഗ 2 ഫാറ്റി ആസിഡുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്ന അടങ്ങിയിട്ടുണ്ട്. ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ദഹനത്തിനും പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനും കൂടുതല്‍ സഹായിക്കും. ബദാം കുതിര്‍ക്കുമ്പോള്‍ ഫൈറ്റിക് ആസിഡും മറ്റ് പോഷക വിരുദ്ധ ഘടകങ്ങ ഇല്ലാതാക്കുന്നു. കുതിര്‍ക്കുന്നത് വിറ്റാമിനുകളുടെയും ധാതുക്കളുടെയും ജൈവ ലഭ്യത വര്‍ധിപ്പിക്കാനും അവയെ ശരീരം എളുപ്പത്തില്‍ ആഗിരണം ചെയ്യാനും സഹായിക്കുന്നു. ബദാമിന്റെ തൊലിയില്‍ പോളിഫെനോളുകളുടെ സാന്നിധ്യം കാരണം നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും കാന്‍സറിനും എതിരെ സംരക്ഷണമായി ഇവ പ്രവര്‍ത്തിക്കുന്നു. പോളിഫെനോളുകള്‍ കൊളസ്ട്രോളിന്റെ ഓക്സീകരണം തടയുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ചില പ്രായമായവര്‍ക്ക് തൊലിയോടൊപ്പം ബദാം കഴിക്കുമ്പോള്‍ ദഹന പ്രശ്നങ്ങള്‍ അനുഭവപ്പെടാം. അതിനാല്‍, അവര്‍ അത് തൊലിയില്ലാതെ കഴിക്കുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബദാം കഴിക്കുന്നത് വയറ്റിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്നതിനാല്‍ അത് കുടലിനെ പോഷിപ്പിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
അസ്തമിക്കാനൊരുങ്ങിയ സായാഹ്നത്തില്‍ സൂര്യന് ഒരു വിഷമമുണ്ടായി. 'ഞാന്‍ മറഞ്ഞാല്‍ ലോകം ഇരുട്ടിലാകുമല്ലോ... ഇനി ആരാണ് വെളിച്ചം നല്‍കുക?' സൂര്യന്റെ ചോദ്യം കേട്ട് നക്ഷത്രങ്ങള്‍ പറഞ്ഞു. 'ഞങ്ങള്‍ തെളിയാം.' പക്ഷേ, അതിനിടയില്‍ മേഘങ്ങള്‍ വന്ന് അവയെ മറച്ചു. അപ്പോള്‍ നക്ഷത്രങ്ങള്‍ ചോദിച്ചു. 'ഇനി ആരെങ്കിലും വെളിച്ചമാകുമോ?' ചന്ദ്രന്‍ മുന്നോട്ട് വന്നു. 'ഞാന്‍ തെളിയാം.' എന്നാല്‍ അധികം വൈകാതെ മേഘങ്ങള്‍ ചന്ദ്രനെയും മറച്ചു. നിസ്സഹായനായി ചന്ദ്രന്‍ വീണ്ടും ചോദിച്ചു. 'ഇനി ആരാണ് പ്രകാശം പകരുക?' അപ്പോഴാണ് ഒരു ചെറിയ മിന്നാമിനുങ്ങ് മുന്നോട്ട് വന്നത്. 'എന്റെ വെളിച്ചം ചെറുതാണ്... എങ്കിലും ഞാന്‍ തെളിയും.' ആ മിന്നാമിനുങ്ങ് തെളിഞ്ഞതോടെ അത്ഭുതം സംഭവിച്ചു. ഒന്നിന് പിന്നാലെ മറ്റൊന്ന്... അങ്ങനെ നൂറുകണക്കിനും ആയിരക്കണക്കിനും മിന്നാമിനുങ്ങുകള്‍ ആകാശത്ത് വെളിച്ചം വിതറാന്‍ ഒത്തുചേര്‍ന്നു. അപ്പോഴാണ് ഇരുട്ടിന് മനസ്സിലായത്... ഒരു ചെറിയ വെളിച്ചത്തെയും ചെറുതായി കാണാന്‍ പാടില്ലെന്ന്. നന്മയും അങ്ങനെയാണ്. ഒരാള്‍ ആത്മാര്‍ത്ഥമായി ചെയ്യുന്ന ഒരു സത്കര്‍മ്മം അവിടെ അവസാനിക്കില്ല. അത് മറ്റൊരു ഹൃദയത്തെ സ്പര്‍ശിക്കും. പിന്നെ മറ്റൊന്നിനെ. അങ്ങനെ നന്മ ഒരു മനുഷ്യനില്‍ നിന്ന് മറ്റൊരാളിലേക്ക് പടര്‍ന്നുപോകും. ഇന്ന് നമ്മള്‍ അനുഭവിക്കുന്ന പല സൗഭാഗ്യങ്ങളും, ഒരിക്കല്‍ ആരോ പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്ത നന്മകളുടെ ഫലമാണ്. അതുകൊണ്ട് എല്ലാവരിലും നന്മ കണ്ടെത്താന്‍ ശ്രമിക്കാം. കാരണം പൂര്‍ണതയുള്ള മനുഷ്യര്‍ ഇല്ല. പക്ഷേ, ഒന്നിനും ഉപകാരപ്പെടാത്ത മനുഷ്യരും ഇല്ല. ഒരു ചെറിയ നന്മ ചെയ്യാന്‍ മടിക്കരുത്. കാരണം ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം പോലും ചിലപ്പോള്‍ ഒരു രാത്രി മുഴുവന്‍ പ്രതീക്ഷ പകരും. ഒരു നന്മ ജനിക്കുമ്പോള്‍, എവിടെയോ ഒരു തിന്മ തോല്‍ക്കുന്നു. നന്മ പരക്കട്ടെ... തടസ്സമില്ലാതെ. - ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ