നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 804 ആയി; രക്ഷാപ്രവർത്തനം തുടരുന്നു.

 


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം എണ്ണൂറ് കടന്നു. നേപ്പാളിൽ 788 പേരും ടിബറ്റ് മേഖലയിൽ 16 പേരും ഉൾപ്പെടെ ഇതുവരെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 804 ആയി. ഞായറാഴ്ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. 2,500ലേറെ പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി (NDRRMA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2,502 പേരെയാണ് ഇപ്പോഴും കാണാതായിരിക്കുന്നത്. പ്രളയബാധിത മേഖലകളിൽ നിന്ന് ഇതുവരെ 9,435 പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ചൈനയുടെ ഭാഗത്തുള്ള ടിബറ്റൻ മേഖലയിൽ പ്രളയത്തിൽ 16 പേർ മരിച്ചതായാണ് റിപ്പോർട്ട്. ടിബറ്റിൽ 546 പേരെ ഇപ്പോഴും കാണാതായതായാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കണ്ടെത്തിയ മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാകാതെ അഴുകിയ നിലയിലാണ്. ഡിഎൻഎ ശേഖരിച്ച ശേഷം മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. ചിത്വാൻ ജില്ലയാണ് തിരിച്ചറിയാനാകാത്ത നൂറുകണക്കിന് മൃതദേഹങ്ങളാണ് ഈ നിലയിൽ കൂട്ടമായി സംസ്കരിച്ചത്. ഇതിനിടെ ഭോട്ടെ കോശി നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നതായി NDRRMA മുന്നറിയിപ്പ് നൽകി. പ്രളയബാധിതമായ ഭോട്ടെകോശി നദിയിലെ ജലനിരപ്പ് ഒരളവുവരെ വീണ്ടും ഉയർന്നിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും മുൻകരുതൽ നടപടികൾ സ്വീകരിക്കണം എന്നായിരുന്നു പ്രസ്താവനയിലൂടെ അധികൃതർ നൽകിയ മുന്നറിയിപ്പ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് സ്ഥിതിഗതികൾ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിടുമെന്നും NDRRMA വ്യക്തമാക്കിയിട്ടുണ്ട്.

ത്രിശൂലി നദിയിൽ വീണ്ടും ഉണ്ടായ പ്രളയത്തിൽ തൂക്കുപാലം ഒലിച്ചുപോയി. മധ്യ നേപ്പാളിൽ ഒരു തൂക്കുപാലം ഒലിച്ചുപോയതായാണ് അധികൃതർ അറിയിച്ചത്. ഗണ്ഡകി പ്രവിശ്യയിലെ ഗോർഖ ജില്ലയിൽ ഗണ്ഡകി റൂറൽ മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡായ ഘ്യാൽചോക്കിനെയും പൃഥ്വി ഹൈവേയിലെ ചരൗഡിയെയും ബന്ധിപ്പിച്ചിരുന്ന പാലമാണ് തകർന്നത്. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട പ്രളയത്തിൽ രാവിലെ 11.30ഓടെയാണ് പാലം ഒലിച്ചുപോയതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

അതേസമയം, ത്രിശൂലി-3എ ജലവൈദ്യുത പദ്ധതിയിലും രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തകർക്ക് അകത്ത് പ്രവേശിച്ച് തിരച്ചിൽ നടത്താൻ കഴിയുന്നത്ര വലുപ്പത്തിലുള്ള ഒരു ദ്വാരം ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും ഇതുവരെ ആരുടെയും പ്രതികരണം ലഭിച്ചിട്ടില്ല. കാണാതായ 2,500ലേറെ പേരിൽ നൂറുകണക്കിന് പേർ നേപ്പാളിലെ ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണെന്നാണ് കരുതുന്നത്. നേപ്പാളിൽ ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും രക്ഷാപ്രവർത്തകരുടെ സഹായത്തിനായി കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രവചനാതീതമായ കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാകുകയാണ്.

ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും ദുരന്തത്തെ തുടർന്ന് വ്യാപക നഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. ഈ മേഖലയിൽ ഇതുവരെ 16 മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 546 പേരെ ഇപ്പോഴും കാണാതായെന്നും ഇവരിൽ പകുതിയോളം പേർ വിദേശ പൗരന്മാരാണെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. ഷിഗാത്സെയിലെ അധികൃതരുടെ വിവരമനുസരിച്ച്, രക്ഷാപ്രവർത്തകർക്ക് ജീവനോടെ ആരെയും കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് ബിബിസി റിപ്പോ‍ർട്ട് ചെയ്യുന്നത്.

ബുധനാഴ്ച പുലർച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്ത് മിന്നൽപ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തിൽ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകരാറിലായിട്ടുണ്ട്.