തെലങ്കാനയിലെ നൽഗൊണ്ടയിലെ പ്രധാനാധ്യാപികയുടെ കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. രണ്ട് പത്താം ക്ലാസ് വിദ്യാർഥികളാണ് നാടിനെയാകെ ഞെട്ടിച്ച കൊലപാതകത്തിന് പിന്നിൽ. കൊണ്ടമല്ലേപ്പള്ളിയിലെ നാഗാർജുന പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പലും ഡയറക്ടറുമായ കല്ലു രൂപ റെഡ്ഡി (48) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇതേ സ്കൂളിലെ വിദ്യാർഥികളാണ് പ്രതികൾ.
പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടിയാണ് പ്രതികൾ കുറ്റം ചെയ്തതെന്നാണ് സൂചന. കൂടാതെ പ്രതികൾക്ക് അധ്യാപികയോട് മുൻവൈരാഗ്യമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഓഗസ്റ്റ് 12 ന് രാവിലെയാണ് കല്ലു രൂപ റെഡ്ഡിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഈ സമയം ഇവരുടെ ഭർത്താവ് ഹൈദരാബാദിലായിരുന്നു. രൂപയെ ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടർന്ന് ഇദ്ദേഹം അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസുമെത്തി നടത്തിയ തെരച്ചിലിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ, ഫോറൻസിക് തെളിവുകൾ, വിരലടയാളങ്ങൾ, സാങ്കേതിക ഡാറ്റ എന്നിവ പരിശോധിക്കുകയും 80 ലധികം പേരെ ചോദ്യം ചെയ്യുകയും ചെയ്തു.
സംഭവ ദിവസം സ്കൂളിൽ ഹാജരാകാതിരുന്ന വിദ്യാർഥികളെയും പൊലീസ് നിരീക്ഷിച്ചിരുന്നു. പത്താം ക്ലാസിലെ കുട്ടികളിൽ രണ്ടുപേർ കുറച്ച് ദിവസങ്ങളായി ധാരാളം പണം ചെലവഴിക്കുകയും പാർട്ടികൾ നടത്തുകയും ചെയ്യുന്നതായി മനസിലാക്കിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ ഇവർ കൊലപാതകം ചെയ്തതായി സമ്മതിക്കുകയും ചെയ്തു.
പ്രതികൾക്ക് ടീച്ചറുമായി വൈക്തിവൈരാഗ്യം ഉണ്ടായിരുന്നു. ഹോസ്റ്റലിലായിരുന്ന ഇവരുടെ ബാഗുകളിൽ നിന്ന് പണവും മൊബൈൽ ഫോണും കണ്ടെത്തിയതിനെ തുടർന്ന് രൂപ റെഡ്ഡി പ്രതികളെ മുമ്പ് ശാസിച്ചിരുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു. വിവരം അവരുടെ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഹോസ്റ്റലിൽ നിന്ന് ഇവരെ ഡേ-സ്കോളറിലേക്ക് മാറ്റിയതിലും വിദ്യാർഥികൾക്ക് ടീച്ചറോട് നീരസത്തിനിടയാക്കി.
അതേസമയം അധ്യാപികയുടെ വീട്ടിൽ മോഷണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. അതിനായി അഞ്ച് ദിവസത്തോളം ഇവർ ആസൂത്രണം നടത്തി. കത്തിയും കയ്യുറകളും മുഖം മറയ്ക്കാൻ മങ്കിക്യാപ്പും വാങ്ങി. കൊലപാതകം നടന്ന ദിവസം, വിദ്യാർഥികളിൽ ഒരാൾ മങ്കി ക്യാപ്പും കയ്യുറകളും ധരിച്ച് വീട്ടിലേക്ക് കയറുകയും കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 2.50 ലക്ഷം രൂപ കവർന്ന് ഓടി രക്ഷപ്പെടാനും ശ്രമിച്ചു. ഇതിനിടെ മങ്കി ക്യാപ്പ് തെന്നിമാറി, രൂപ റെഡ്ഡി പ്രതിയെ തിരിച്ചറിഞ്ഞു. പിന്നാലെ രൂപ റെഡ്ഢിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
സംഭവം ശേഷം ഇവർ ഗോവയിലേക്ക് യാത്ര പോയതായും റിപ്പോർട്ടുണ്ട്. കൊലപാതകത്തിന് ശേഷം പണം കൈക്കലാക്കിയ പ്രതികൾ രക്തം പുരണ്ട വസ്ത്രങ്ങളും മങ്കി ക്യാപ്പും കുഴിച്ചിട്ട് തെളിവ് മറയ്ക്കാൻ ശ്രമിച്ചു. പ്രതികളിൽ നിന്ന് 1.54 ലക്ഷം രൂപയും, രക്തക്കറയുള്ള ചില കറൻസി നോട്ടുകളും, പ്രതി വാങ്ങിയ ഒരു ഐഫോണും, രൂപ റെഡ്ഡിയുടെ ഫോണും കണ്ടെടുത്തു. പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് എങ്ങനെ വേഗത്തിൽ പണം സമ്പാദിക്കാം എന്ന് രണ്ട് പ്രതികളും ഓൺലൈനിൽ സെർച്ച് ചെയ്തിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ