ഈ മേശയില്‍ നിന്ന് മാറിയിരുന്ന് ഭക്ഷണം കഴിക്കാമോ എന്ന് ചോദിച്ചു; പിന്നെ നടന്നത് കൂട്ടത്തല്ല്; ഇടുക്കിയില്‍ വിവാഹ സത്ക്കാരത്തിനിടെ സംഘര്‍ഷം.

 


ഇടുക്കി വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി. വരന്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു.

ഗ്രാമ്പീ സ്വദേശികളുടെ വിവാഹ സല്‍ക്കാരത്തിനിടെ ഇന്നലെ ഉച്ചയോടെയാണ് സംഭവം. പള്ളിയിലെ ചടങ്ങുകള്‍ക്കു ശേഷം ഭക്ഷണം വിളമ്പി. അവസാന സമയത്താണ് വരന്റെ സഹോദരിയും ഭര്‍ത്താവും ചില ബന്ധുക്കളും ഭക്ഷണം കഴിക്കാന്‍ എത്തിയത്. ഇവര്‍ ഇരുന്നത് കേറ്ററിംഗ് ജീവനക്കാര്‍ വൃത്തിയാക്കി കൊണ്ടിരുന്ന മേശയ്ക്ക് ചുറ്റുമാണ്. സമീപത്ത് വൃത്തിയാക്കിയ മേശയുണ്ടെന്നും അവിടേക്ക് മാറിയിരിക്കണമെന്നും ജീവനക്കാര്‍ പറഞ്ഞതാണ് പ്രശ്‌നത്തിന്റെ തുടക്കം.

പാത്രം ഉപയോഗിച്ച് കേറ്ററിംഗ് ഉടമയുടെ മകന്റെ തലയ്ക്ക് അടിച്ചതോടെ ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം. വരന്റെ സഹോദരിയുടെ ഭര്‍ത്താവും മൂന്ന് കേറ്ററിംഗ് ജീവനക്കാരും ഉള്‍പ്പെടെയാണ് എട്ടുപേര്‍ക്ക് പരിക്കേറ്റത്. ഇവര്‍ വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളില്‍ ചികിത്സ തേടി.