തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എം കെ സ്റ്റാലിൻ. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങൾക്കായി പോരാടുമെന്നും വോട്ടർമാർക്ക് നന്ദിയെന്നും ഭരണത്തിലുള്ളപ്പോൾ ജനങ്ങൾക്കായി വികസന പദ്ധതികൾ ആവിഷ്കരിച്ചുവെന്നും സ്റ്റാലിൻ എക്‌സിൽ കുറിച്ചു.
74 സീറ്റുകളാണ് തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് നേടാനായത്. കൊളത്തൂർ മണ്ഡലത്തിലാണ് സ്റ്റാലിൻ പരാജയപ്പെട്ടത്.
അതേസമയം, തമിഴ്നാട് തെരഞ്ഞെടുപ്പിൽ എം കെ സ്റ്റാലിൻ പരാജയപ്പെട്ടതോടെ മകനും യുവജനവിഭാഗം നേതാവുമായ ഉദയനിധി സ്റ്റാലിൻ നിയമസഭയിൽ ഡിഎംകെയെ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. ചെപ്പോക്ക് തിരുവള്ളിക്കേനിയിൽ ആണ് ഉദയനിധി സ്റ്റാലിൻ മത്സരിച്ചത്. 7140 വോട്ടിനാണ് ടിവികെ സ്ഥാനാർഥിയും മുൻ കോൺഗ്രസ് നേതാവുമായ ഡി സെൽവത്തെ ഇദ്ദേഹം പരാജയപ്പെടുത്തിയത്. ഡിഎംകെ ശക്തികേന്ദ്രമായ ചെന്നൈ മേഖലയിൽ ഉദയനിധിയെ കൂടാതെ മന്ത്രി പി കെ ശേഖർബാബു മാത്രമാണ് പാർട്ടിയിൽ നിന്ന് ജയിച്ചത്.
ഡിഎംകെയുടെ രാഷ്ട്രീയയാത്ര തളർച്ചയില്ലാതെ തുടരുമെന്നും ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. പൊതുജീവിതത്തിൽ വലിയ വിജയങ്ങളും പരാജയങ്ങളെയും നേരിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ വിജയപരാജയങ്ങൾക്കപ്പുറം ആശയങ്ങൾക്കും നയങ്ങൾക്കുമാണ് പ്രാധാന്യമെന്ന ബോധ്യത്തോടെ പ്രവർത്തിക്കുന്ന ഒരാളാണ് താനെന്നും സ്റ്റാലിൻ പറഞ്ഞു. സമൂഹമാധ്യമത്തിലൂടെ ആയിരുന്നു പ്രതികരണം. 2011 മുതൽ തുടർച്ചയായി വിജയിക്കുന്ന കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥിയായ വി എസ് ബാബുവിനോടാണ് എണ്ണായിരത്തിലേറെ വോട്ടിന് സ്റ്റാലിൻ പരാജയപ്പെടുത്തിയത്. മുൻ ഡിഎംകെ നേതാവും ഒരുകാലത്ത് സ്റ്റാലിന്റെ അടുത്ത അനുയായിയുമായിരുന്നു ബാബു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ