പെരുന്നാള്‍ മധുരം; ഇരുപത് വര്‍ഷത്തിന് ശേഷം അബ്ദുല്‍ റഹീം നാട്ടിലെത്തി.


ഇരുപത് വര്‍ഷത്തിന് ശേഷം സൗദിയിലെ ജയിലില്‍ നിന്ന് മോചിതനായ കോഴിക്കോട് ഫറോക് സ്വദേശി അബ്ദുല്‍ റഹിം നാട്ടിലെത്തി.

രാവിലെ 7.25ന് കരിപ്പൂരില്‍ വിമാനമിറങ്ങി. ജനകീയ ഇടപെടലിലൂടെ ആണ് സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ അബ്ദുല്‍ റഹീമിനെ മോചിപ്പിച്ചത്. 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയത്. 

സൗദി സമയം രാത്രി 11.55 ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ രാവിലെ 7.35 നാണ് കരിപ്പൂര്‍ വിമാനത്താവളത്തിറങ്ങിയത്. ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ എയര്‍പോര്‍ട്ടില്‍ എത്തിച്ച്‌ എമിഗ്രെഷന്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ 19-ാം തിയ്യതിയാണ് പൊതു അവകാശ കേസില്‍ അബ്ദുല്‍ റഹീമിന്റെ തടവ് ശിക്ഷാ കാലാവധി അവസാനിച്ചത്. സൗദിയില്‍ പൊതു അവധി ആയിരുന്നിട്ടും മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയായി.

പൊതു അവകാശ കേസില്‍ കോടതി വിധിച്ച 20 വര്‍ഷത്തെ തടവ് ശിക്ഷയുടെ കാലാവധിയാണ് അവസാനിച്ചത്. സ്വകാര്യ അവകാശ കേസില്‍ അബ്ദുറഹീമിന് കോടതി വിധിച്ചത് വധശിക്ഷയായിരുന്നു. 5 മില്യണ്‍ റിയാല്‍ മോചന ദ്രവ്യം വാങ്ങി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നല്‍കി. കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു. മോചന ദ്രവ്യം നല്‍കാനുള്ള പണം മലയാളികള്‍ ഒറ്റക്കെട്ടായി സ്വരൂപിക്കുകയായിരുന്നു.