കോഴിക്കോട് ∙ ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിത്തമുണ്ടായി ഗർഭിണി മരിച്ച സംഭവത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. കക്കറമുക്ക് പൂവ്വത്തുംചാലിൽ രജിൻലാൽ (36) ആണ് മരിച്ചത്. 15 ന് രാത്രി 9.15 ന് ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ രജിൻലാലിന്റെ ഭാര്യ സോന (27)മരിച്ചിരുന്നു.
65 ശതമാനത്തിലേറെ പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ബേൺസ് ഐസിയുവിൽ ചികിത്സയിലായിരുന്ന രജിൻലാൽ ശനിയാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. മുഖം, നെഞ്ച് തുടങ്ങിയ ശരീര ഭാഗങ്ങളിൽ പൊള്ളലേറ്റ രജിന്റെ മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം, കാറിനു തീപിടിച്ചതിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. സോനയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. മകളുടേത് ആസൂത്രിത കൊലപാതകമെന്ന് ആരോപിച്ച് സോനയുടെ കുടുംബം രജിൻലാലിന് എതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ പേരാമ്പ്ര കോഴിക്കോട് റോഡിലെ യത്തീംഖാനയ്ക്കു സമീപമുള്ള പെട്രോൾ പമ്പിൽ നിന്ന് സോന പെട്രോൾ വാങ്ങി മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പിന്നീട് പുറത്തുവന്നതോടെ ആത്മഹത്യാ ശ്രമത്തിനിടെയാണ് സോന മരിച്ചത് എന്ന സൂചനയും ഉണ്ടായി. അപകടവും സോന മരിക്കാൻ ഇടയായ സംഭവവും ഏറെ പ്രയാസം ഉണ്ടാക്കുന്നതാണെന്നു മാത്രമാണ് ഇതേക്കുറിച്ച് രജിൻലാലിന്റെ കുടുംബം പ്രതികരിച്ചത്.
കത്തിയ കാറിൽ പൊലീസും ഫൊറൻസിക് വിഭാഗവും മോട്ടർ വാഹനവകുപ്പും നടത്തിയ പരിശോധനയിൽ ഇന്ധന ടാങ്കിന് ചോർച്ചയില്ലെന്നും എൻജിനിൽ നിന്നല്ല തീ പടർന്നതെന്നും വ്യക്തമായിരുന്നു. കാറിലെ എസി, റേഡിയേറ്റർ, വയറുകൾ തുടങ്ങിയവയ്ക്കും പ്രശ്നങ്ങളില്ലെന്നും മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി കാറിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ, ബാഗിന്റെ അവശിഷ്ടം, കത്താതെ ശേഷിച്ച തുണി തുടങ്ങിയവ സാംപിൾ പരിശോധനയ്ക്ക് മേപ്പയൂർ പൊലീസ് അയച്ചിരുന്നു. കാറിനുള്ളിൽ നിന്ന് ഒരു കാനിന്റെ മൂടിയും കണ്ടെത്തിയിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫൊറൻസിക് റിപ്പോർട്ട് കാത്തിരിക്കുകയാണ് പൊലീസ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ