പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ..

2026  മേയ് 13, ബുധന്‍ 
1201  മേടം 30, ഉത്രട്ടാതി
1447  ദുൽഖഅ്ദ 25

◾  നീറ്റ് യുജി പരീക്ഷ റദ്ദാക്കാനിടയാക്കിയ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു. മേയ് മൂന്നിനു നടന്ന നീറ്റ് പരീക്ഷ 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് എഴുതിയത്. നീറ്റ് പരീക്ഷയുടെ പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് എന്‍ടിഎ അറിയിച്ചു. അന്വേഷണം ആരംഭിച്ച സിബിഐ, എന്‍ടിഎ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.

◾  കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് ഇന്നു പ്രഖ്യാപനമുണ്ടായേക്കും. കേരളത്തിലെ നേതാക്കളുമായി ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധി അവസാനവട്ട ചര്‍ച്ചകള്‍ നടത്തി. കെപിസിസി മുന്‍ അധ്യക്ഷന്മാര്‍, വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരോട് അഭിപ്രായം തേടി. ചേരിതിരിഞ്ഞു ശക്തി പ്രകടനം നടന്നതിനെക്കുറിച്ചും അന്വേഷിച്ചു. സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജന്‍പഥില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. സുധാകരന്‍, എം എം ഹസന്‍, കെ മുരളീധരന്‍, വിഎം സുധീരന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, എ.പി അനില്‍ കുമാര്‍ എന്നിവരുമായാണു കൂടിക്കാഴ്ച നടത്തിയത്.

◾  എസ്എസ്എല്‍സി ഫലം റെഡി. പക്ഷേ, പ്രഖ്യാപിക്കാന്‍ മന്ത്രിയില്ല, സര്‍ക്കാരുമില്ല. ഫലത്തിന് അംഗീകാരം നല്‍കാനും പ്രഖ്യാപനം എങ്ങനെ വേണമെന്ന് ആലോചിക്കാനും ബോര്‍ഡ് യോഗം ഇന്ന്.

◾  മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് 4 കുട്ടികള്‍ മരിച്ചു. പന്തല്ലൂര്‍ മലയിലുണ്ടായ അപകടത്തില്‍ ഏഴു വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. വെള്ളില അട്ടക്കുളം മലമുകളിലെ കുരങ്ങന്‍ചോല പാറയില്‍ കാറ്റ് കൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. റഹീസ് (20), ഫഹദ്(19), ബഹാസ് (18), സിയാദ് (18) എന്നിവരാണ് മരിച്ചത്. രണ്ടു വിദ്യാര്‍ത്ഥികള്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ പരിക്ക് ഗുരുതരമല്ല. അട്ടക്കുളം മലയുടെ ഒരു കിലോമീറ്റര്‍ പരിസരത്ത് താമസിക്കുന്ന സുഹൃത്തുക്കളായ ഈ ഏഴുപേരും ചൊവ്വാഴ്ച ഉച്ചയോടെയാണ് മല കയറിയത്.

◾  കേരളത്തില്‍ 16 ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.

◾  കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ അടുത്ത ഏഴു ദിവസത്തേക്കു ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട്ടെ പ്രധാന സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാര്‍ പരിഹരിക്കാനാണു നിയന്ത്രണം. കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ മൂന്നാം നമ്പര്‍ 500 എം.വി.എ. ട്രാന്‍സ്ഫോര്‍മറിന്റെ 220 കെ.വി. ബുഷിംഗിലുണ്ടായ തകരാറാണ് പരിഹരിക്കുന്നത്.

◾  പത്തനാപുരത്ത് കാട്ടാന ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ നിയുക്ത എംഎല്‍എ ജ്യോതികുമാര്‍ ചാമക്കാലക്കും സംഘത്തിനും മുന്നില്‍ കാട്ടാന. പിറവന്തൂര്‍ പഞ്ചായത്തിലെ ചാങ്ങപ്പാറയില്‍ കഴിഞ്ഞ ദിവസം കാട്ടാന വീട് തകര്‍ത്തിരുന്നു.

◾  ഷാഫി പറമ്പില്‍ എംപിക്ക് കോണ്‍ഗ്രസ് സൈബര്‍ അണികളുടെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചു എന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്. 'നമ്മള് ജയിച്ചു സാര്‍, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു' എന്ന് ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ ഉള്‍പ്പെടുത്തി ഷാഫിയിട്ട പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനം.

◾  കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന  പി.കെ. അനില്‍കുമാറിനെതിരെ പോലീസ് കേസെടുത്തു. ഭാര്യ മഞ്ജുള നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മേപ്പാടി പോലീസ് കേസെടുത്തത്. അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത തന്നെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നു പരാതിയില്‍ പറയുന്നു.

◾  കൊല്ലം പുനലൂര്‍ നെല്ലിപ്പള്ളിയില്‍ ശക്തമായ മഴയില്‍ കോണ്‍ക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് യുവാവ് മരിച്ചു. പിറവന്തൂര്‍ വന്‍മള സ്വദേശി സിജു തോമസ് ആണ് മരിച്ചത്. ഇടിമിന്നലുണ്ടായപ്പോള്‍ സിജു കയറിയിരുന്ന ലോറിക്കു മുകളിലേക്ക് കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നു വീഴുകയായിരുന്നു. ഭിത്തി വീണ് സര്‍വീസ് സ്റ്റേഷനും തകര്‍ന്നു.

◾  കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം. മലപ്പുറം പാണ്ടിക്കാട് ജി എം എല്‍ പി സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. കുട്ടമ്പുഴ കുറ്റിയംചാല്‍ ഭാഗങ്ങളില്‍ വീടുകള്‍ക്ക് കേടുപറ്റി. നിരവധി മരങ്ങളും കടപുഴകി വീണിട്ടുണ്ട്.

◾  അവയവക്കച്ചവട മാഫിയാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കൊച്ചി സിറ്റി പോലീസ് പതിനഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഷെഹിന്‍ഷായുടെയും തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ മനോജ്കുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണ സംഘം. തട്ടിപ്പു കേസിലെ മുഖ്യപ്രതി  നജീബ് കല്ലട്രയെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദില്‍ നിന്നാണു പോലീസ് പിടികൂടിയത്.

◾  പാലക്കാട്ടെ എണ്ണൂറോളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു. നാളെ നടക്കുന്ന കണ്‍വന്‍ഷനില്‍ ഇവര്‍ പങ്കെടുക്കും. പാലക്കാട്ടെ സിപിഎമ്മിലെ തര്‍ക്കത്തെ തുടര്‍ന്ന് ജില്ലാ നേതൃത്വത്തോട് കലഹിച്ചു പാര്‍ട്ടി വിട്ടവരെ കൂടെകൂട്ടാനും നീക്കമുണ്ട്.

◾  ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്റെ ചിത്രം പകര്‍ത്തിയ പിങ്ക് പോലീസിനെതിരെ ഫേസ്ബുക് പേജ് ലൈവ് നല്‍കിയതിന് പേജ് അഡ്മിന്‍ അറസ്റ്റില്‍. കെടിആര്‍ മീഡിയ അഡ്മിന്‍ വല്ലം വിഷ്ണുവിനെയാണ് കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തത്.

◾  വയനാട് ടൗണ്‍ഷിപ്പിലെ 11 വീടുകളുടെ സാങ്കേതിക കൈമാറ്റം നടത്തും. വീടിന് വിള്ളല്‍ ഉണ്ടെന്ന് കണ്ടെത്തിയ നൗഫലിന്റെ വീടും ഈ ക്ലസ്റ്ററില്‍ ഉണ്ട്. ഇതോടെ കൈമാറുന്ന വീടുകളുടെ എണ്ണം 134 ആകും. നിലവില്‍ 83 വീടുകള്‍ ആണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍, വീടുകളില്‍ ഇനിയും താമസം തുടങ്ങിയിട്ടില്ല.

◾  വിദേശനാണ്യ ചോര്‍ച്ച തടയാന്‍ സ്വര്‍ണ്ണം വാങ്ങുന്നതു നിര്‍ത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ തള്ളി. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ സ്വര്‍ണാഭരണ വ്യാപാര മേഖലയെ തകര്‍ത്തുകൊണ്ട് അതു ചെയ്യുന്നതു പ്രായോഗികമല്ലെന്ന് സംഘടന അറിയിച്ചു.

◾  നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

◾  തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിന് ഇന്ന് വിശ്വാസവോട്ടെടുപ്പ്. 233 അംഗങ്ങളില്‍ 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെ സര്‍ക്കാര്‍ രൂപീകരിച്ചത്. എഐഎഡിഎംകെയിലെ വിമത പക്ഷത്തെ ഇരുപതിലേറെ എംഎല്‍എമാര്‍ വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വിജയ് സര്‍ക്കാരിനെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം വിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 9.30 നാണ് സഭ ചേരുന്നത്.

◾  വിജയ്യെ പിന്തുണച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് ടിടിവി ദിനകരന്‍ പുറത്താക്കിയ എഎംഎംകെ എംഎല്‍എ എസ് കാമരാജ് ടിവികെയില്‍ ചേരും. ഇതോടെ നിയമസഭയില്‍ ടിവികെയ്ക്ക് 108 എംഎല്‍എമാരാകും.

◾  തമിഴ്നാട്ടിലെ പ്രശസ്ത ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധന്‍ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി വിജയ് നിയമിച്ചു.

◾  പുതിയ സിബിഐ ഡയറക്ടറുടെ നിയമനത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിയോജന കുറിപ്പ് നല്‍കി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പരിഗണന പട്ടികയിലുള്ളവരുടെ രേഖകള്‍ നല്‍കിയില്ലെന്നും, ഇന്നലത്തെ യോഗത്തിലാണ് ചില വിവരങ്ങള്‍ മാത്രം നല്‍കിയതെന്നും രാഹുല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പു പ്രക്രിയ പക്ഷപാതപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്‍കിയ വിയോജനക്കുറിപ്പില്‍ രാഹുല്‍ അറിയിച്ചു.

◾  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്കു സമീപത്തെ റേസ് കോഴ്‌സ് റോഡിലെ ചേരി ഒഴിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. ഇവര്‍ക്ക് 45 കിലോമീറ്റര്‍ അകലെയുള്ള സവ്ദ ഖേരയില്‍ പുനരധിവാസം ഉറപ്പാക്കണം. ഒഴിഞ്ഞുപോകാന്‍ രണ്ടാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചത്.

◾  വിദേശയാത്ര വെട്ടിക്കുറയ്ക്കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ചു രാജ്യങ്ങളിലേക്കുള്ള  സന്ദര്‍ശം 15 ന് ആരംഭിക്കും. പശ്ചിമേഷ്യ സംഘര്‍ഷത്തിനിടെയാണ് യുഎഇ, നെതര്‍ലന്റ്സ്, സ്വീഡന്‍, നോര്‍വേ, ഇറ്റലി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. 20 ന് അദ്ദേഹം തിരിച്ചെത്തും.

◾  ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വിശ്വസതനായ ധനകാര്യ സെക്രട്ടറിയായ ഉദയചന്ദ്രന് പകരം എം എ സിദ്ദിഖിനെ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. മുഖ്യമന്ത്രി വിജയ്യുടെ ഓഫീസില്‍ ഒരു മലയാളി കൂടി ഉണ്ടെന്നതും ശ്രദ്ധേയമാണ്. മലയാളിയായ വി വിഷ്ണുവിനെയാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചത്.

◾  പാതയോര ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കരുതെന്നു ടിവികെ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി വിജയ്. ആള്‍ക്കൂട്ടം എത്തുന്നയിടങ്ങളില്‍ പ്രചാരണബോര്‍ഡുകള്‍ പാടില്ലെന്നും വിജയ് നിര്‍ദേശിട്ടു. പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ ജന്മദിനത്തിനും മറ്റും ആഘോഷങ്ങള്‍ സംഘടിപ്പിക്കരുത്. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി എന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി.

◾  പെണ്‍കുട്ടികള്‍ പഠിക്കേണ്ടെന്നും അവര്‍ വീട്ടിലിരിക്കണമെന്നും ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെണ്‍കുട്ടികള്‍ പഠിക്കേണ്ടതില്ലെന്നും വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയണമെന്നുമുള്ള മന്ത്രിയുടെ പരാമര്‍ശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

◾  ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്. ഈ മാസം 14, 15 തീയതികളിലാണ് യോഗം. യുദ്ധ സാഹചര്യവും യോഗത്തില്‍ ചര്‍ച്ചയാകും. യു എന്നിന് പുറത്ത്, നിലവിലെ സാഹചര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വേദിയാണ് യോഗം.

◾  യുദ്ധംമൂലം ലോകം കടുത്ത സാമ്പത്തിക കെടുതികളിലാണെന്ന് യുഎഇ വ്യവസായ മന്ത്രിയും അഡ്നോക്ക് ഗ്രൂപ്പ് സിഇഒയുമായ ഡോ.സുല്‍ത്താന്‍ അല്‍ ജാബിര്‍. വിമാന ടിക്കറ്റ് 20 ശതമാനം വര്‍ധിച്ചു. ഒറ്റ മാസം വിമാനക്കമ്പനികള്‍ വെട്ടിക്കുറച്ചത് 20 ലക്ഷം സീറ്റുകളാണ്. നൂറുകോടി ബാരല്‍ ക്രൂഡ് ഓയില്‍ ലോകത്തിന് കിട്ടാതെ പോയി. ഹോര്‍മൂസ് അടഞ്ഞതുമൂലം സാമ്പത്തിക മാന്ദ്യവും വിലവര്‍ധനയും തൊഴിലില്ലായ്മയും തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.

◾  ഇനി അമേരിക്ക ആക്രമിച്ചാല്‍ യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ഇറാന്‍ പാര്‍ലമെന്റ് ദേശീയ സുരക്ഷാ വക്താവ്. ഇറാന്റെ പക്കലുള്ള അറുപത് ശതമാനത്തിന് മുകളില്‍ സമ്പുഷ്ടീകരിച്ച നാനൂറ് കിലോയിലധികം യുറേനിയം കൈമാറണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ സമ്പുഷ്ടീകരണം 90 ശതമാനത്തിലേക്കു വര്‍ധിപ്പിക്കുമെന്നാണ് ഇറാന്റെ ഭീഷണി.

◾  ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 82 റണ്‍സിന്റെ വമ്പന്‍ ജയവുമായി പ്ലേ ഓഫ് ബര്‍ത്തിനരികിലെത്തി ഗുജറാത്ത് ടൈറ്റന്‍സ്. അഹമ്മദാബാദില്‍ 169 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഹൈദരാബാദിനെ പേസ് കരുത്തില്‍ 86 റണ്‍സില്‍ എറിഞ്ഞിട്ടാണ് ഗുജറാത്ത് 16 പോയിന്റുമായി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും പ്ലേ ഓഫും ഉറപ്പിച്ചത്. വെടിക്കെട്ട് ബാറ്റര്‍മാര്‍ നിറഞ്ഞ ഹൈദരാബാദ് നിരയില്‍ 19 റണ്‍സെടുത്ത നായകന്‍ പാറ്റ് കമിന്‍സാണ് ടോപ് സ്‌കോററായത്. ഗുജറാത്തിനായി കാഗിസോ റബാഡയും ജേസണ്‍ ഹോള്‍ഡറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ പ്രിസദ്ധ് കൃഷ്ണ രണ്ട് വിക്കറ്റെടുത്തു.

◾  ബംഗ്ലാദേശില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ പാക്കിസ്ഥാനു നാണംകെട്ട തോല്‍വി. ധാക്കയിലെ ഷേര്‍-ഇ-ബംഗ്ല സ്റ്റേഡിയത്തില്‍ ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാനെ 104 റണ്‍സിന് തകര്‍ത്താണ് ബംഗ്ലാദേശ് ചരിത്രവിജയം കുറിച്ചത്. അവസാന ദിനം രണ്ടാം ഇന്നിംഗ്‌സില്‍ 268 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാന്‍ 163 റണ്‍സിന് പുറത്തായി. ബംഗ്ലാദേശില്‍ പാകിസ്ഥാന്‍ വഴങ്ങുന്ന ആദ്യ ടെസ്റ്റ് തോല്‍വിയാണിത്. ഈ ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0 ന് മുന്നിലെത്തി.

◾  2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ മദ്യവില്പനയില്‍ കുതിപ്പ്. പ്രീമിയം വിസ്‌കി, റം, വോഡ്ക എന്നിവയുടെ വില്പന നാല് ശതമാനം ഉയര്‍ന്ന് 440 മില്യണ്‍ കെയ്‌സ് ആയി. മുന്‍വര്‍ഷം വളര്‍ച്ച വെറും 1.6 ശതമാനമായിരുന്നു. ബിയര്‍ വില്പനയും നാല് ശതമാനം വര്‍ധിച്ച് 474 മില്യണ്‍ കെയ്‌സിലെത്തി. രാജ്യത്തെ മദ്യ വിപണിയുടെ 63 ശതമാനത്തിലധികവും വിസ്‌കിക്കാണ്. പ്രീമിയം വിസ്‌കി വിഭാഗത്തില്‍ ആറു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ സാധാരണ വിഭാഗത്തിലെ വില്പന നാല് ശതമാനം കുറഞ്ഞു. പ്രീമിയം റമ്മിന്റെ വില്പന 20 ശതമാനവും വോഡ്കയുടെ വില്പന 33 ശതമാനവും ഉയര്‍ന്നു. അതേസമയം, സാധാരണ റം-വോഡ്ക വിഭാഗത്തില്‍ ആറ് ശതമാനം വളര്‍ച്ച മാത്രമാണ് ഉണ്ടായത്. പെര്‍നോഡ് റിക്കാര്‍ഡ്, ഡിയാഗോ, റാഡികോ ഖൈത്താന്‍ തുടങ്ങിയ കമ്പനികള്‍ പ്രീമിയം ബ്രാന്‍ഡുകള്‍ വിപണിയിലെത്തിക്കുന്നത് വര്‍ധിപ്പിച്ചു. ഇപ്പോള്‍ വിപണിയുടെ മൂല്യത്തിന്റെ പകുതിയിലധികവും പ്രീമിയം ഉത്പന്നങ്ങളാണ്.

◾  സ്‌ക്രീന്‍ ഇല്ലാത്ത ഫിറ്റ്‌നസ് ട്രാക്കര്‍ ആയ ഫിറ്റ്ബിറ്റ് എയര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഡിസ്പ്ലേ, നോട്ടിഫിക്കേഷനുകള്‍, ക്ലോക്ക് എന്നിവ ഇല്ലാത്ത ഒരു ഭാരം കുറഞ്ഞ സ്ട്രാപ്പാണിത്. 100 ഡോളറാണ് വില. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഉപയോക്താക്കളെ പിന്തുണയ്ക്കുന്ന ഇതിന്റെ പ്രീ-ഓര്‍ഡര്‍ സൗകര്യം നിലവില്‍ ലഭ്യമാണ്. മെയ് 26 മുതല്‍ വില്‍പ്പന ആരംഭിക്കും. 130 ഡോളര്‍ വിലയുള്ള പ്രത്യേക പതിപ്പും ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫിറ്റ്ബിറ്റ് എയര്‍ എല്ലാ ദിവസവും കൈത്തണ്ടയില്‍ ധരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. നിരന്തരം ഹൃദയമിടിപ്പ് നിരീക്ഷിക്കാനും ഉറക്കത്തിന്റെ ഘട്ടങ്ങള്‍ ട്രാക്ക് ചെയ്യാനും സ്ലീപ്പ് സ്‌കോറുകള്‍ സൃഷ്ടിക്കാനും അസ്വാഭാവിക ഹൃദയമിടിപ്പ് മുന്നറിയിപ്പുകള്‍ അയയ്ക്കാനും ഇതിന് കഴിയും. ഓട്ടോമാറ്റിക് എക്‌സര്‍സൈസ് ട്രാക്കിങ്ങും സാധ്യമാണ്. നടത്തം, ഓട്ടം, സൈക്ലിംഗ്, ജിം അധിഷ്ഠിത വ്യായാമങ്ങള്‍ എന്നിവയുള്‍പ്പെടെ 140-ല്‍ അധികം പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാന്‍ ഇതിന് കഴിയും.

◾  'കാട്ടാളന്‍' സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് ഡേറ്റ് പുറത്ത്. ഈദ് റിലീസായി മെയ് 28ന് ചിത്രമെത്തും. തോക്കുമേന്തി നില്‍ക്കുന്ന ആന്റണി വര്‍ഗീസ് പെപ്പെയുടേയും കബീര്‍ സിങ്ങിന്റേയും സുനിലിന്റേയും ചിത്രവുമായാണ് റിലീസ് ഡേറ്റ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ്, റാപ്പര്‍ ബേബി ജീന്‍, ഹനാന്‍ ഷാ, പാര്‍ത്ഥ് തീവാരി, ഷിബിന്‍ എസ്. രാഘവ്, ഹിപ്സ്റ്റര്‍ പ്രണവ് രാജ്, കോള്‍ മീ വെനം എന്നിവരും ചിത്രത്തിലുണ്ട്.

◾  തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ഫാമിലി എന്റര്‍ടൈനറായ 'മധുവിധു' മെയ് 22 മുതല്‍ സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രം ആഞ്ഞിലമൂട് തറവാട്ടിലെ ഇളയ തലമുറക്കാരനായ അമൃത് രാജ് എന്ന 'അമ്മു'വിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. അഞ്ചു പുരുഷന്മാര്‍ മാത്രം താമസിക്കുന്ന ആ വീട്ടിലേക്കെത്തുന്ന പുതിയ ബന്ധങ്ങളും അതിനുശേഷമുള്ള ജീവിതാനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ജഗദീഷ്, സായികുമാര്‍, അസീസ് നെടുമങ്ങാട്, ശ്രീജയ, അമല്‍ ജോസ്, സഞ്ജു മധു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിന്‍ മോഹന്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്.

◾  ഇന്ത്യന്‍ സൈന്യത്തിലേക്കും ഡിഫന്‍ഡര്‍. ലാന്‍ഡ് റോവറിന്റെ മാതൃകമ്പനിയായ ടാറ്റാ ഗ്രൂപ്പിന്റെ പ്രതിരോധ മുഖമായ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് സൈനിക ദൗത്യങ്ങള്‍ക്ക് ഉതകുന്ന തരത്തിലുള്ള എസ്യുവിയാക്കി ഡിഫന്‍ഡറിനെ വികസിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കരുത്തുറ്റ നിര്‍മാണം, മികച്ച ഓഫ് റോഡ് ശേഷി, മൊഡ്യുലാര്‍ ഡിസൈന്‍ തുടങ്ങിയവയെല്ലാമാണ് സൈനികാവശ്യങ്ങള്‍ക്ക് അനുയോജ്യമായ എസ്യുവിയായി ഡിഫന്‍ഡറിനെ മാറ്റുന്നത്. സൈന്യത്തിന്റെ പലവിധ ആവശ്യങ്ങള്‍ക്ക് ഉതകും വിധമാണ് വാഹനത്തിന്റെ രൂപകല്‍പ്പന. യുകെ, ഓസ്‌ട്രേലിയ, ഇറ്റലി, ദക്ഷിണാഫ്രിക്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലെ സൈന്യങ്ങള്‍ ഡിഫന്‍ഡര്‍ ഉപയോഗിക്കുന്നുണ്ട്. ഈ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യന്‍ സൈന്യവും ഡിഫന്‍ഡര്‍ ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്.

◾  വ്യത്യസ്ത ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുപോകുന്ന കഥ. മരങ്ങളും നദികളും മലകളും ജീവജാലങ്ങളും കൊണ്ട് രൂപപ്പെട്ട അത്ഭുതലോകമായ ഭൂമിയെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളില്‍ ജനിപ്പിക്കുന്ന പുസ്തകം. ഈ ലോകത്ത് നിന്നും മണ്‍മറഞ്ഞു പോയവര്‍ ഭൂമിയുടെ ദയനീയ മാറ്റങ്ങള്‍ കണ്ട് ആശങ്കപ്പെടുന്നു. അവര്‍ കഥയുടെ വഴിയിലൂടെ മൂന്നു കൂട്ടുകാരെ  അത്ഭുത ലോകത്തെത്തിക്കുകയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുന്ന ബാലനോവല്‍. 'സുവര്‍ണപുരിയിലെ മിന്നാമിനുങ്ങുകള്‍'. ശ്രീജിത്ത് മൂത്തേടത്ത്. ഗ്രീന്‍ ബുക്സ്. വില 153 രൂപ.

◾  ചില ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുന്നത് ദഹനക്കേട്, അസിഡിറ്റി, വയറുവീര്‍ക്കല്‍, ചര്‍മ്മപ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധരും ആയുര്‍വേദവും ഒരേപോലെ വ്യക്തമാക്കുന്നു. പുളിയുള്ളതും ഉപ്പുള്ളതും അമിതമായി പ്രോട്ടീന്‍ അടങ്ങിയതുമായ ഭക്ഷണങ്ങള്‍ പാലിനൊപ്പം ഒഴിവാക്കുന്നതാണ് ഉചിതം. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും പാലും കഴിക്കുന്നതിനിടയില്‍ കുറഞ്ഞത് ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവേള നല്‍കണണം. മത്സ്യവും പാലും ചേര്‍ന്നുള്ള ആഹാരരീതി ആയുര്‍വേദം കര്‍ശനമായി വിലക്കുന്നു. പഴവും പാലും സ്ഥിരമായി ചേര്‍ത്ത് കഴിക്കുന്നത് ദഹനം സാവധാനത്തിലാക്കാന്‍ കാരണമാകും. അമിതമായി എരിവുള്ള ഭക്ഷണങ്ങള്‍ കഴിച്ചാലുടന്‍ പാല്‍ കുടിക്കുന്നത് ദഹനവ്യവസ്ഥയെ പ്രകോപിപ്പിച്ചേക്കാം. അച്ചാറുകള്‍, പുളി അടങ്ങിയ വിഭവങ്ങള്‍, തൈര് എന്നിവ പാലിനൊപ്പം കഴിക്കുന്നത് ഒഴിവാക്കണം. ഇവയുടെ ദഹനപ്രക്രിയ വ്യത്യസ്തമായതിനാല്‍ ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചിപ്‌സ്, ബിസ്‌ക്കറ്റുകള്‍ തുടങ്ങിയ ഉപ്പുള്ള പലഹാരങ്ങള്‍ പാലിനൊപ്പം കഴിക്കരുത്. തണ്ണിമത്തന്‍ പോലെയുള്ള പഴങ്ങള്‍ പാലിനൊപ്പം കഴിക്കുമ്പോള്‍ ദഹനപ്രക്രിയ തടസ്സപ്പെടുകയും വയറില്‍ അസ്വസ്ഥതയും ഗ്യാസും ഉണ്ടാകുകയും ചെയ്യും. ഇറച്ചി, മുട്ട, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ പാലിനൊപ്പം കഴിക്കുമ്പോള്‍ ദഹനവ്യവസ്ഥയ്ക്ക് അമിതഭാരം അനുഭവപ്പെടാം. 

*ശുഭദിനം*
*കവിത കണ്ണന്‍*
അമേരിക്കന്‍ നരവംശ ശാസ്ത്രജ്ഞയായിരുന്നു മാര്‍ഗരറ്റ് മീഡ്.  മനുഷ്യവംശത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയുടെ വേരുകള്‍ തിരയുന്നതായിരുന്നു മീഡിയന്റെ അന്വേഷണപഠനങ്ങള്‍.   സംസ്‌കാരത്തിന്റെ ആദ്യപാഠമെന്ത് എന്ന ചോദ്യത്തിന് 15000 വര്‍ഷം പഴക്കമുളള തുടയെല്ലിലേക്കാണ് അവര്‍ വിരല്‍ ചൂണ്ടിയത്.  15000 വര്‍ഷം മുന്‍പത്തെ സാഹചര്യത്തില്‍ തുടയെല്ല് തകര്‍ന്നാല്‍ ജീവിതം തീര്‍ന്നു എന്നാണര്‍ത്ഥം.  എഴുന്നേറ്റുനടക്കാന്‍,  ഭക്ഷണം ശേഖരിക്കാന്‍, ജോലി ചെയ്യാന്‍ ഒന്നിനുംകഴിയാത്ത സ്ഥിതി.   തിരിഞ്ഞ് നോക്കാനാളില്ലാതെ മരണം കാത്ത് എവിടെയെങ്കിലും കിടക്കുകയേ നിവൃത്തിയുണ്ടായിരുന്നുളളൂ.. മനുഷ്യനും മൃഗങ്ങള്‍ക്കും ഒരുപോലെ ബാധകമായിരുന്നു ആ അവസ്ഥ.   എന്നാല്‍ ഒടിഞ്ഞു തൂങ്ങിയ തുടയെല്ല്  സുഖപ്പെട്ടിരിക്കുന്നതായ കണ്ടെത്തല്‍ അത്ഭുതാവഹമായിരുന്നു.  ആരോ ആ മനുഷ്യന്, ആ മനുഷ്യന്റെ കാലിന് കാരുണ്യപൂര്‍വ്വമായ പരിചരണം നല്‍കി.  അപകടത്തിലായവനോടുളള കരുതല്‍,  അനുകമ്പ. അതായിരുന്നു മനുഷ്യനില്‍ സംസ്‌കാരത്തിന്റെ തുടക്കം.  ഇതുതന്നെയായിരുന്നു മനുഷ്യത്വത്തിന്റെ മഹാരംഭം എന്നാണ് മാര്‍ഗരററിന്റെ കണ്ടെത്തല്‍.  മനുഷ്യനെ മനുഷ്യനാക്കുന്നത് അവന്റെ ശക്തിയോ സമ്പത്തോ അല്ല... മറ്റൊരാളുടെ വേദന തിരിച്ചറിയാനുള്ള ഹൃദയമാണ്. ഒരാളുടെ തകര്‍ന്ന ജീവിതത്തെ ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന കരുണയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സംസ്‌കാരം. നമ്മാല്‍ കഴിയുന്നത്ര ഒരാളുടെ വേദന കുറയ്ക്കാം... ഒരാളുടെ ജീവിതത്തില്‍ പ്രതീക്ഷയാകാം... കാരണം, മനുഷ്യത്വത്തിന്റെ യഥാര്‍ത്ഥ തുടക്കം അനുകമ്പയില്‍ നിന്നാണ്. -  ശുഭദിനം.