വെളിച്ചെണ്ണയ്ക്ക് സംസ്ഥാനത്ത് വില ഇടിഞ്ഞിട്ടും ബത്തേരിയിൽ തീവില



സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ ഗണ്യമായ ഇടിവ് ഉണ്ടായിട്ടും ജില്ലയിലെ വിപണിയിൽ വിലമാറ്റമില്ലാത്തത് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്നു.

വിവിധ ബ്രാൻഡുകളിലെ വെളിച്ചെണ്ണയ്ക്ക് സംസ്ഥാന വിപണിയിൽ കിലോഗ്രാമിന് 210 മുതൽ 260 രൂപ വരെ മാത്രമാണ് വിലയുള്ളത്. എന്നാൽ ബത്തേരിയിലെ സൂപ്പർമാർക്കറ്റുകളിൽ ഇപ്പോഴും 300 രൂപയ്ക്ക് മുകളിലും ചെറുകിട കടകളിൽ 340 രൂപ വരെയും ഈടാക്കുന്നതായി ഉപഭോക്താക്കൾ പരാതിപ്പെടുന്നു.

കഴിഞ്ഞ വേനൽക്കാലത്ത് തേങ്ങ ഉത്പാദനം കുത്തനെ കുറഞ്ഞതിനെ തുടർന്ന് വെളിച്ചെണ്ണ വില 500 രൂപയ്ക്കടുത്ത് വരെ എത്തിയിരുന്നു. എന്നാൽ ഇത്തവണ തേങ്ങ ലഭ്യത വർധിച്ചതും ഗൾഫ് രാജ്യങ്ങളിലേക്കുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതി കുറഞ്ഞതും വിപണിയിൽ വില താഴാൻ കാരണമായി. ഏപ്രിൽ അവസാനത്തോടെ വെളിച്ചെണ്ണ വില കിലോയ്ക്ക് 260 രൂപ വരെ കുറഞ്ഞിരുന്നു.

ഗൾഫ് വിപണി ലക്ഷ്യമിട്ട് കേരളത്തിലും തമിഴ്‌നാട്ടിലും പ്രവർത്തിച്ചിരുന്ന നിരവധി വെളിച്ചെണ്ണ ഉത്പാദന യൂണിറ്റുകൾ താത്കാലികമായി പ്രവർത്തനം നിർത്തിയതും കൊപ്രയും തേങ്ങയും വിപണിയിൽ അധികമായി എത്താൻ ഇടയാക്കി. ഇതോടെ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉയർന്നെങ്കിലും അതിന്റെ പ്രയോജനം ജില്ലയിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.

ഇത്തവണ ശക്തമായ ചൂടും തേങ്ങയുടെ മൂപ്പെത്തൽ വേഗത്തിലാക്കിയതായി വ്യാപാരികൾ പറയുന്നു. ഇതോടെ വിപണിയിലേക്കുള്ള തേങ്ങ വരവും വർധിച്ചു. പച്ചത്തേങ്ങയുടെ വില കിലോഗ്രാമിന് 80 രൂപയിൽ നിന്ന് 40രൂപയായി കുറഞ്ഞു. ഉണക്കത്തേങ്ങ വില 52 രൂപയായും കൊപ്ര വില 150 രൂപയിൽ താഴെയായും കുറഞ്ഞിട്ടുണ്ട്. എട്ടുമാസത്തിനിടെ പച്ചത്തേങ്ങയ്ക്ക് 40 രൂപയിലേറെ ഇടിവുണ്ടായതായും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം പഴയ സ്റ്റോക്കുകളാണ് ഇപ്പോഴും പല വ്യാപാരികളുടെയും കൈവശമുള്ളതെന്നാണ് വ്യാപാരികളുടെ വിശദീകരണം.

വൻ മുതൽമുടക്കിൽ വാങ്ങിയ സ്റ്റോക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റാൽ വലിയ നഷ്ടമുണ്ടാകുമെന്നും അവർ പറയുന്നു. വില ഇനിയും കുറയുമെന്ന ആശങ്കയിൽ പുതിയ സ്റ്റോക്ക് എടുക്കാനും പലരും മടിക്കുകയാണ്. സംസ്ഥാനത്ത് വില താഴ്ന്ന സാഹചര്യത്തിൽ ജില്ലയിലും വില നിയന്ത്രിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.