പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ...


2026  മേയ് 21, വ്യാഴം 
1201  ഇടവം 7 , പൂയം
1447  ദുൽഹിജ്ജ 03

◾  വി.ഡി. സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച പട്ടിക ഗവര്‍ണര്‍ക്കു കൈമാറി. മുഖ്യമന്ത്രിക്ക് 39 വകുപ്പുകളുണ്ട്.
മന്ത്രിമാരും വകുപ്പുകളും:
വി ഡി സതീശന്‍ (മുഖ്യമന്ത്രി) - ധനം, പൊതുഭരണം, നിയമം, തുറമുഖം.
രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലന്‍സ്, കയര്‍.
കെ മുരളീധരന്‍ - ആരോഗ്യം, ദേവസ്വം.
സണ്ണി ജോസഫ് - വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യം.
എ പി അനില്‍ കുമാര്‍ - റവന്യൂ.
ബിന്ദു കൃഷ്ണ - വനിത-ശിശു ക്ഷേമം, തൊഴില്‍, ക്ഷീര വികസനം.
എം ലിജു - എക്സൈസ്, സഹകരണം.
പി.സി വിഷ്ണുനാഥ് - ടൂറിസം, സാംസ്‌കാരികം, സിനിമ. കെ.എസ്.എഫ്.ഡി.സി. ചലച്ചിത്ര അക്കാദമി സാംസ്‌കാരിക പ്രവര്‍ത്തകരുടെ ക്ഷേമനിധി ബോര്‍ഡ്.
റോജി എം ജോണ്‍ - ഉന്നത വിദ്യാഭ്യാസം.
ടി സിദ്ദിഖ് - കൃഷി.
കെ എ തുളസി - പട്ടിക വിഭാഗം, പിന്നോക്ക ക്ഷേമം.
ഒ ജെ ജനീഷ് - യുവജന ക്ഷേമം, സ്പോര്‍ട്സ്, രജിസ്ട്രേഷന്‍, മൃഗശാല, മ്യൂസിയം,

ലീഗ് മന്ത്രിമാര്‍:
പി കെ കുഞ്ഞാലിക്കുട്ടി - വ്യവസായം, ഐടി, എഐ, കൈത്തറി.
കെ എം ഷാജി - തദ്ദേശ സ്വയം ഭരണം.
വി ഇ അബ്ദുള്‍ ഗഫൂര്‍ - ഫിഷറീസ്, സാമൂഹ്യനീതി.
പി കെ ബഷീര്‍ - പൊതുമരാമത്ത്.
എന്‍ ഷംസുദ്ദീന്‍ - വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്.

മറ്റു ഘടക കക്ഷികള്‍:
ഷിബു ബേബി ജോണ്‍ - വനം, നൈപുണ്യ വികസനം.
മോന്‍സ് ജോസഫ് - ജലവിഭവം, ശുചിത്വ ഭവന നിര്‍മ്മാണം.
അനൂപ് ജേക്കബ് - ഭക്ഷ്യ-സിവില്‍ സപ്ലൈസ്.
സി.പി ജോണ്‍ - ഗതാഗതം.

◾  നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കം. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ മുഖ്യ പരിപാടി. പ്രോടേം സ്പീക്കര്‍ ജി. സുധാകരനു മുന്നില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. നാളെ സ്പീക്കര്‍ തെരഞ്ഞെടുപ്പ്.

◾  ആയുസ്സ് കഴിഞ്ഞ കായംകുളം താപനിലയത്തിന്റെ കരാര്‍ പുതുക്കാന്‍ കെ.എസ്.ഇ.ബി. വര്‍ഷം 100 കോടിരൂപ നല്‍കുന്നതെന്തിനെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍. കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ അംഗീകരിച്ച ധാരണാപത്രം അവ്യക്തമാണെന്നും നിരീക്ഷിച്ചു. എന്‍.ടി.പി.സി.യുടെ കായംകുളം താപനിലയത്തില്‍ ഏഴുവര്‍ഷമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നില്ല.  

◾  എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ അന്തിമ റിപ്പോര്‍ട്ട് ജൂണ്‍ 20-ാം തീയതിക്കകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. കേസില്‍ ഇതുവരെ ഒന്നും ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് പ്രതിയുടെ പേര് നോക്കിയാല്‍ നാട്ടുകാര്‍ക്കു മനസ്സിലാകുമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോലീസിനെ കോടതി പരിഹസിച്ചു. വിജിലന്‍സ് അന്വേഷണം വൈകുന്നതിനെതിരായ ഹര്‍ജിയിലാണ് കോടതി വിമര്‍ശനം.

◾  എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. അഭിഭാഷക കമ്മീഷന്‍ അഡ്വ. ജയപാലന്‍ സ്ഥലത്തെത്തി നടപടികള്‍ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞതോടെ മുന്നോട്ടുപോകാനായില്ല. പോലീസ് നടപടികള്‍ക്കു ശ്രമിച്ചതു സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു.

◾  സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ മുതല്‍ ഡല്‍ഹിയില്‍. മൂന്നു ദിവസത്തെ യോഗത്തില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റും കമ്മിറ്റിയും തയ്യാറാക്കിയ പ്രാഥമിക വിലയിരുത്തല്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ ഓണ്‍ലൈനായി ചേര്‍ന്ന പിബിയോഗത്തില്‍ നിരവധി അംഗങ്ങള്‍ എതിര്‍ത്തിരുന്നു.

◾  സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവുകള്‍ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ലെന്ന് ഹൈക്കോടതി. കാലിക്കറ്റ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥനെതിരെ സിന്‍ഡിക്കേറ്റ് എടുത്ത നടപടി ചാന്‍സലര്‍ റദ്ദാക്കിയിരുന്നു. ഇതു ചോദ്യം ചെയ്തു സിന്‍ഡിക്കേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

◾  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ഉപദേഷ്ടാവായി മുന്‍ ഡിജിപി എ ഹേമചന്ദ്രനെ നിയമിക്കും. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രന്‍. 2020 മെയിലാണ് ഫയര്‍ഫോഴ്സ് ആന്‍ഡ് റെസ്‌ക്യൂ മേധാവിയായി ഹേമചന്ദ്രന്‍ വിരമിച്ചത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സോളാര്‍ കേസ് അന്വേഷിച്ച എസ്ഐടിയുടെ മേധാവിയായിരുന്നു ഹേമചന്ദ്രന്‍.

◾  സത്യപ്രതിജ്ഞാ വേളയില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പിതാവിന്റെ പൂര്‍ണ്ണമായ പേര് പറഞ്ഞതു സ്വന്തം പിതാവിന്റെ പേരില്‍ അഭിമാനിക്കുന്ന പുത്രന്റെ കടമയാണെന്ന് കവിയും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. വി.ഡി. സതീശന്‍ എഴുതി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'ആദം നീ എവിടെയാകുന്നു?' എന്ന പുസ്തകം വിമര്‍ശകര്‍ വായിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

◾  കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കേരള ഹൈക്കോടതി നീട്ടി. ഫര്‍മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ മധ്യപ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.

◾  വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാന്‍ യു പ്രതിഭ  സിപിഎം ജില്ലാ കമ്മറ്റിയുടെ അനുമതി തേടി. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അപമാനിച്ചെന്നും പ്രതിഭ ആരോപിച്ചു. എവിടെ മല്‍സരിച്ചാലും ജയിക്കുന്ന ജി. സുധാകരന്‍ കുട്ടിച്ചാത്തനാണോയെന്നു പ്രതിഭ പറഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.

◾  പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി കെ നിഷാദിന് വീണ്ടും പരോള്‍. ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നിഷാദ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. ഭാര്യയുടെ അമ്മയുടെ ചികിത്സാര്‍ത്ഥം ഹൈക്കോടതിയാണ് അഞ്ച് ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്.

◾  പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ പാചകവാതക വിതരണം ഉറപ്പാക്കുക എന്നതാണ് പ്രധാന പരിഗണനയെന്നും കോടതി നിരീക്ഷിച്ചു.

◾  നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പദവിയൊഴിഞ്ഞു. 44 മാസത്തെ വാസത്തിനുശേഷം ഔദ്യോഗിക വസതിയായ 'നീതി'യില്‍ നിന്നും മടങ്ങി. രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങളുമായാണ് അദ്ദേഹം ഔദ്യോഗിക വസതിയില്‍നിന്നു തലശ്ശേരിയിലേക്കു യാത്രയായത്.

◾  എച്ച്ആര്‍ഡിഎസ് സ്ഥാപന സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്സോ കേസില്‍ ഡല്‍ഹി സാകേത് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പതിനൊന്നു വയസുള്ള മകളെ അജി കൃഷ്ണന്‍ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന് എച്ചആര്‍ഡിഎസിലെ ജീവനക്കാരനാണു പരാതി നല്‍കിയത്.

◾  മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ ആഗസ്റ്റ് ഒന്നിനു തുടങ്ങും. തിരുവനന്തപുരം ഒന്നാം അഡീ.സെഷന്‍സ് കോടതിയിലാണ് വിചാരണ. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.

◾  പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.ജി. പരമേശ്വരന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. തിരുവനന്തപുരം തൃക്കണ്ണാപുരം സൊസൈറ്റി റോഡിലെ വസതിയിലായിരുന്നു അന്ത്യം. 35 വര്‍ഷം കേരള കൗമുദിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു.

◾  കൊച്ചിയിലെ മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവിനെ കൊച്ചിയിലെത്തിച്ചു. മുംബൈയില്‍ പിടിയിലായ ഇവരെ വിശദമായി ചോദ്യം ചെയ്യും. മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു.

◾  പെരിന്തല്‍മണ്ണയില്‍ പൊലീസുമായി ഏറ്റുമുട്ടിയ ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നുണ്ടെന്നു നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയതായിരുന്നു പൊലീസ്. കൂട്ടത്തല്ലില്‍ ഇടപെട്ട പോലീസിനെതിരേയായി പിന്നെ ആക്രമണം. രണ്ട് ഛത്തിസ്ഗഡ് സ്വദേശികളെ പോലീസ് പിടികൂടി.

◾  സാങ്കേതിക അഭിഭാഷക സംഘടനയായ ഇന്റര്‍നാഷണല്‍ ടെക്‌നോളജി ലോ അസോസിയേഷന്റെ പ്രസിഡന്റായി മലയാളിയായ അഭിഭാഷകന്‍ നിഖില്‍ നരേന്ദ്രനെ തെരഞ്ഞെടുത്തു. ബെംഗളൂരു ആസ്ഥാനമായാണ് നിഖില്‍ പ്രവര്‍ത്തിക്കുന്നത്.

◾  ലഹരി കടത്ത് സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. മലപ്പുറം കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ ഗോവിന്ദ് രാജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 40 ഗ്രാം എംഡിഎംഎയുമായി കരിപ്പൂരില്‍ പിടിയിലായ പ്രതികളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

◾  വിവാഹമോചന കേസ് കുടുംബ കോടതിയില്‍ നടക്കുന്നതിനിടയില്‍ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ചെന്ന പേരില്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഭര്‍ത്താവിന്റെ കണ്ണില്‍ പെപ്പര്‍ സ്പ്രേ അടിച്ച എസ്ഐ 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു.

◾  കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ വീണ്ടും പിടിയിലായി. പെരളശ്ശേരി സ്വദേശി അമല്‍, ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. അഴീക്കോട് മൂന്നുനിരത്തില്‍ ബിജെപി പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായിരുന്നു ഇരുവരും.

◾  ദേശീയപാത 66-ല്‍ വീണ്ടും വിള്ളല്‍. കാവനാട് ആല്‍ത്തറമൂട് മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡില്‍ ചെപ്പള്ളിമുക്ക് ഭാഗത്താണ് നൂറുമീറ്ററോളം ദൂരത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്.

◾  എറണാകുളം ജില്ലയിലെ വിവിധ റോഡുകളിലായി സ്ഥാപിച്ച 64 ക്യാമറകളില്‍ മാത്രം കഴിഞ്ഞ ആറ് മാസത്തിനിടെ അറുപതോളം വിഐപി വാഹനങ്ങള്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തി.

◾  പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചു. ഇന്നു വൈകിട്ട് നാലിന് ഡല്‍ഹിയിലെ 'സേവാ തീര്‍ത്ഥ്' ഹാളില്‍ വെച്ചാണ് യോഗം. സഹമന്ത്രിമാര്‍ ഉള്‍പെടെ എല്ലാ മന്ത്രിമാരും ഡല്‍ഹിയില്‍ ഉണ്ടാകണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര മന്ത്രിസഭ അഴിച്ചുപണിയോ യുദ്ധംമൂലമുള്ള കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളോ ഉണ്ടാകാമെന്നാണു നിരീക്ഷകര്‍ കരുതുന്നത്. അഞ്ച് വിദേശ രാജ്യങ്ങളുടെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഉടനേയാണ് തിരക്കിട്ട നീക്കങ്ങള്‍.

◾  59 വര്‍ഷത്തിന് ശേഷം തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് മന്ത്രിമാര്‍. പി വിശ്വനാഥന്‍, രാജേഷ് കുമാര്‍ എന്നിവര്‍ ഇന്നു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭാ വികസനത്തിലൂടെ വിജയ് സര്‍ക്കാരില്‍ ഇരുപതില്‍ അധികം മന്ത്രിമാരുണ്ടാകുമെന്ന് സൂചന. വിസികെയും മുസ്ലിം ലീഗും മന്ത്രിസഭയില്‍ ചേരും.

◾  പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ആര്‍എസ്എസിനെയും രാജ്യദ്രോഹികള്‍ എന്ന് സംബോധന ചെയ്യേണ്ടിവരുമെന്നു പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിവാദത്തിലേക്ക്. പാകിസ്താന്റെയും പാക് പിന്തുണയുള്ള ഭീകരരുടെയും ഭാഷയാണ് രാഹുല്‍ ഗാന്ധിയുടേതെന്ന് ബിജെപി നേതാക്കള്‍.

◾  പുതുച്ചേരി നിയമസഭയിലെ സത്യപ്രതിജ്ഞയ്ക്കിടെ ടിവികെ എംഎല്‍എ ബി രാമു, നടന്‍ വിജയ് യുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയത് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു. വിജയ് പുതിയ ദൈവമാണോ എന്ന് പ്രൊ ടെം സ്പീക്കര്‍ പരിഹസിച്ചു.

◾  ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തിയാല്‍ ഏകദേശം ഏഴു ലക്ഷം കോടി രൂപ ലാഭിക്കാമെന്ന് ബിജെപി എംപി പി.പി. ചൗധരി. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന നിര്‍ദ്ദേശം പരിശോധിക്കുന്ന 39 അംഗ പാര്‍ലമെന്ററി സംയുക്ത സമിതിയുടെ (ജെപിസി) അധ്യക്ഷനാണ് ചൗധരി.

◾  ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണമെന്ന് യുകെയിലെ സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയിലേക്ക് വന്‍തോതില്‍ വിസ്‌കി കയറ്റുമതി ചെയ്യാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദര്‍ശന വേളയിലാണ് വ്യാപാര കരാറില്‍ ഒപ്പുവച്ചത്.

◾  മുപ്പതു വര്‍ഷം മുമ്പ് രണ്ട് യുഎസ് വിമാനങ്ങള്‍ വെടിവച്ചിട്ട സംഭവത്തില്‍ മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയെ ശിക്ഷിക്കാനുറച്ച് അമേരിക്ക. റൗള്‍ കാസ്‌ട്രോയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കുറ്റം ചുമത്തുന്നതിനെക്കുറിച്ച് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

◾  ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ വിജയത്തോടെ നേരിയ പ്രതീക്ഷകള്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്കുള്ളത്. നിര്‍ണായക പോരില്‍ ഇതിനകം പുറത്തായ മുംബൈയോട് നാല് വിക്കറ്റിന്റെ വിജയമാണ് കൊല്‍ക്കത്ത നേടിയത്. 148 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കെകെആര്‍ 18.5 ഓവറില്‍ വിജയത്തിലെത്തി. മനീഷ് പാണ്ഡെ (45), റോവ്മാന്‍ പവല്‍ (40) എന്നിവരുടെ പ്രകടനമാണ് കെകെആറിനെ തുണച്ചത്. നിലവില്‍ കെകെആര്‍ ആറാം സ്ഥാനത്താണ്.

◾  പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 78 റണ്‍സ് വിജയവുമായി ബംഗ്ലാദേശ്. ഇതോടെ രണ്ട് മത്സരങ്ങളുള്ള പരമ്പര ബംഗ്ലാദേശ് 2-0 ന് തൂത്തുവാരി. സില്‍ഹെറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 437 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ പോരാട്ടം അഞ്ചാം ദിനം 358 റണ്‍സില്‍ അവസാനിച്ചു. മുഹമ്മദ് റിസ്വാന്റെ (94) ഒറ്റയാള്‍ പോരാട്ടത്തിനും പാകിസ്ഥാനെ നാണക്കേടില്‍ നിന്ന് രക്ഷിക്കാനായില്ല.

◾  ഭാരതി ലൈഫ് ഇന്‍ഷുറന്‍സിന്റെ 75 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ യു.കെ ആസ്ഥാനമായുള്ള പ്രൂഡന്‍ഷ്യല്‍. 3,500 കോടി രൂപയാകും ഇതിനായി മുടക്കുക. ഇതിന്റെ ഭാഗമായി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിലെ ഓഹരി പങ്കാളിത്തം പ്രൂഡന്‍ഷ്യല്‍ 10 ശതമാനമായി കുറയ്ക്കും. 75 ശതമാനം ഓഹരികള്‍ക്കായി 3,500 കോടി രൂപയാണ് പ്രുഡന്‍ഷ്യല്‍ നിക്ഷേപിക്കുന്നത്. നിബന്ധനകള്‍ പാലിക്കുന്ന പക്ഷം 700 കോടി രൂപ കൂടി അധികമായി നല്‍കാനും വ്യവസ്ഥയുണ്ട്. ഭാരതി എന്റര്‍പ്രൈസസിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 85 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറയും. 360 വണ്‍ അസറ്റ് മാനേജ്മെന്റ് 15 ശതമാനം ഓഹരികളും വിറ്റൊഴിഞ്ഞ് സംരംഭത്തില്‍ നിന്ന് പുറത്തുപോകും. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഭാരതി ലൈഫ് ഇന്‍ഷുറന്‍സ് 1,069 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടിയിട്ടുണ്ട് (44% വാര്‍ഷിക വളര്‍ച്ച). കമ്പനിയുടെ മൂല്യം 3,102 കോടി രൂപയാണ്.

◾  ആപ്പിള്‍ ഫോണുകളിലെ വോയ്‌സ് അസിസ്റ്റന്റായ 'സിരി'യെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കൂടുതല്‍ മെച്ചടുത്താന്‍ ഒരുങ്ങുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ഡബ്ല്യു.ഡബ്ല്യു.ഡി.സി 2026 വേദിയില്‍ അവതരിപ്പിക്കുന്ന ഐ.ഒ.എസ് 27ന് ഒപ്പമായിരിക്കും പുതിയ സിരി എത്തുക. എന്നാല്‍ തുടക്കത്തില്‍ ഇതൊരു പരീക്ഷണ പതിപ്പായി മാത്രമായിരിക്കും പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളുടെ സ്വകാര്യതക്ക് വലിയ മുന്‍ഗണന നല്‍കിയാണ് ആപ്പിള്‍ പുതിയ സിരി തയാറാക്കുന്നത്. സിരിയുമായി നടത്തുന്ന സംഭാഷണങ്ങള്‍ തനിയെ ഡിലീറ്റാകുന്ന 'ഓട്ടോ ഡിലീറ്റിങ് ചാറ്റ്' ഫീച്ചര്‍ ഇതിലുണ്ടാകും. ചാറ്റ് ജിപിടിയും ജെമിനിയും ഉപയോക്താക്കളുടെ ചാറ്റ് വിവരങ്ങള്‍ സൂക്ഷിച്ചുവെക്കുമ്പോള്‍ ആപ്പിള്‍ അത് ഉടന്‍ തന്നെ മായ്ച്ചുകളഞ്ഞ് കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. ഇതുകൂടാതെ കഴിഞ്ഞ വര്‍ഷം ആപ്പിള്‍ അവതരിപ്പിച്ച എ.ഐ ഇമോജി ഫീച്ചറായ 'ജെന്‍മോജി'യും കൂടുതല്‍ മാറ്റങ്ങളോടെ ഈ അപ്ഡേറ്റില്‍ മെച്ചപ്പെടുത്തുന്നുണ്ട്.

◾  ഈദ് റിലീസായി മെയ് 28ന് എത്തുന്ന 'കാട്ടാളന്‍' സിനിമയിലെ ആന്റണി വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്റേയും കഥ പറയുന്ന ഒരു ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലറാണ് കാട്ടാളന്‍ എന്നാണ് ലഭിക്കുന്ന സൂചന. ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പര്‍ ബേബി ജീനിനേയും ഹനാന്‍ ഷായേയും കില്‍ താരം പാര്‍ത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിന്‍ എസ്. രാഘവിനേയും ഹിപ്സ്റ്റര്‍ പ്രണവ് രാജിനേയും കോള്‍ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.

◾  നസ്ലിന്‍ നായകനായി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' ജൂണ്‍ 5ന് തിയേറ്ററില്‍. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തില്‍ ബെസ്റ്റ് ആക്ടറാകാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്റെ വേഷത്തില്‍ മുടി നീട്ടിവളര്‍ത്തി വേറിട്ട ലുക്കില്‍ ആണ് നസ്ളിന്‍ എത്തുന്നത്. എ ഹേറ്റ് ലെറ്റര്‍ ടു സിനിമ എന്നാണ് ടാഗ് ലൈന്‍. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, സംഗീത് പ്രതാപ് തുടങ്ങി നീണ്ട താരനിരയുണ്ട്. രാമുസുനില്‍ ആണ് രചന. വിശ്വജിത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മാണം.

◾  ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു ആല്‍പിന വിഷന്‍ കണ്‍സെപ്റ്റ് പുറത്തിറക്കി. 2027 ല്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ബിഎംഡബ്ല്യു 7 സീരീസിനെ അടിസ്ഥാനമാക്കിയാണ്. ബിഎംഡബ്ല്യു ആല്‍പിന വിഷന്‍ കണ്‍സെപ്റ്റിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് അതിന്റെ ശ്രദ്ധേയമായ ഗ്രാന്‍ഡ് ടൂറര്‍ സ്റ്റൈലിംഗാണ്. 5.2 മീറ്ററിലധികം നീളമുള്ള ഈ ആഡംബര കൂപ്പെയ്ക്ക് നീളമുണ്ട്. നീളമുള്ള ബോണറ്റും താഴ്ന്ന സ്റ്റാന്‍സും ഉള്ള വ്യതിരിക്തമായ 2+2 ലേഔട്ടാണ് ഇതിന്റെ സവിശേഷത. ആല്‍പിന വിഷന്‍ കണ്‍സെപ്റ്റ് ഒരു വി8 എഞ്ചിന്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. കണ്‍സെപ്റ്റില്‍ ഫ്രണ്ട്-മൗണ്ടഡ് വി8 എഞ്ചിന്‍ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചു. ഹൈബ്രിഡ് സഹായമില്ലാതെ തന്നെ പ്രൊഡക്ഷന്‍ പതിപ്പില്‍ 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി8 എഞ്ചിന്‍ ഉപയോഗിക്കാം. ആല്‍പിനയുടെ വ്യതിരിക്തമായ എക്‌സ്‌ഹോസ്റ്റ് ശബ്ദം നല്‍കുന്നതിനായി ഈ എഞ്ചിന്‍ പ്രത്യേകം ട്യൂണ്‍ ചെയ്തിട്ടുണ്ട്.

◾  അടുക്കും ചിട്ടയുമായി കഥ പറയുന്നതാണ് ഗോകുലിന്റെ രീതി അതില്‍ അതിഭാവുകത്വം ഇല്ല. ഭാവനയുടെ ചിറകുകളിലേറി സഞ്ചാരമില്ല. അനുഭവങ്ങള്‍, ആത്മാര്‍ത്ഥത, സ്നേഹം, കരുണ, പുരാണങ്ങളെക്കുറിച്ചുള്ള അറിവ് ഇവയൊക്കെയാണ് ഗോകുലിന്റെ കൈമുതല്‍. ഒരു ഡോക്ടറുടെ ജീവിതത്തില്‍ ദിവസവും കാണുന്നതും കേള്‍ക്കുന്നതും ദുഃഖത്തിന്റെ മുഖങ്ങളും കഥകളും ആണ്. പലപ്പോഴും നമ്മള്‍ അതിന്റെ ഭാഗമായി മാറുന്നു. ആത്മാര്‍ത്ഥതയുള്ള ഒരു ഡോക്ടറുടെ മനസ്സും സഹനത്തിന്റെ പ്രതീകമായ രോഗിയുടെ മനസ്സും ഒന്നാകുമ്പോഴാണ് ഇത്തരം കഥകള്‍ പിറക്കുന്നത് - ഡോ. ആനന്ദ്കുമാര്‍. 'വിധിയുടെ വിനോദം'. ഡോ. ഗോകുല്‍ദാസ്. ഗ്രീന്‍ ബുക്സ്. വില 190 രൂപ.
 
◾  വൈകുന്നേരങ്ങളില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതിലൂടെ ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നു. കഫീന്‍ തലച്ചോറിലെ ഉറക്കം പ്രോത്സാഹിപ്പിക്കുന്ന അഡീനോസിന്‍ എന്ന രാസവസ്തുവിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. അമിതമായ കഫീന്‍ ശരീരത്തെ ഫൈറ്റ് ഓര്‍ ഫ്ലൈറ്റ് എന്ന പ്രതികരണത്തിലേക്ക് എത്തിക്കും. ഇത് ഉത്കണ്ഠ, അസ്വസ്ഥത, കൈ വിറയല്‍, പെട്ടെന്ന് ദേഷ്യപ്പെടുക തുടങ്ങിയ പെരുമാറ്റങ്ങളുടെ തീവ്രത കൂട്ടാം. കഫീന്‍ വയറിലെ ആസിഡ് ഉത്പാദനം വര്‍ധിപ്പിക്കാം. ഇത് അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകാം. പതിവായി കുടിച്ചാല്‍ ഇത് അഡിക്ഷന്‍ സ്വഭാവം ഉണ്ടാക്കുകയും തലവേദന പോലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യാം. കഫീന്‍ ചിലരില്‍ താല്‍ക്കാലികമായി രക്തസമ്മര്‍ദം ഉയര്‍ത്താന്‍ കാരണമാകും. അതുകൊണ്ട് തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ കഫീന്റെ അളവു നിയന്ത്രിക്കണം. സാധാരണ ആരോഗ്യവാനായ ഒരാള്‍ക്ക് ദിവസവും 400 മി.ഗ്രാം വരെ കഫീന്‍ സാധാരണ സുരക്ഷിതമായ പരിധിയായി കണക്കാക്കുന്നു. അതായത് മൂന്ന് മുതല്‍ നാല് കപ്പ്. ഗര്‍ഭിണികള്‍, ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍, ഉത്കണ്ഠ പ്രശ്നങ്ങള്‍ ഉള്ളവര്‍ കഫീന്‍ പരിമിതപ്പെടുത്തുന്നതാണ് നല്ലത്. വൈകുന്നേരം നാല് മണിക്ക് ശേഷം കഫീന്‍ ഒഴിവാക്കുക. ഉറക്കപ്രശ്നമുണ്ടെങ്കില്‍ കഫീന്‍ അളവു കുറയ്ക്കുക.

*ശുഭദിനം*
*കവിത കണ്ണന്‍*
അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞപ്പോള്‍ അവര്‍ നാലുപേരും ഒരു ഹോട്ടലില്‍ ഒരുമിച്ചുകൂടി.  ഭക്ഷണം കഴിച്ചു പിരിയുമ്പോള്‍ അവര്‍ ഒരു തീരുമാനമെടുത്തു.  നാല്‍പത് വര്‍ഷം കഴിഞ്ഞ് ഇതേ ദിവസം ഇതേ സമയം ഇതേ സ്ഥലത്ത് നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കണം.  അന്ന് അവസാനം വരുന്നയാള്‍വേണം പണം കൊടുക്കാന്‍.  ഇത് കേട്ട് നിന്ന വെയ്റ്റര്‍ പറഞ്ഞു:  ഞാന്‍ ജീവിച്ചിരുപ്പുണ്ടേല്‍ എനിക്കതിന് സാക്ഷ്യം വഹിക്കണം.  നാല്‍പതുവര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ മൂന്ന്പേരും എത്തി.  അവരെ സ്വീകരിച്ചയാള്‍ പറഞ്ഞു:  ഞാന്‍ അന്നത്തെ വെയ്റ്റര്‍ ആണ്.  ഞാന്‍ ഈ ഹോട്ടല്‍ വാങ്ങി.  നാലാമന് വേണ്ടി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.  ഭക്ഷണം കഴിഞ്ഞ് ബില്‍ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ തൊട്ടടുത്തു നിന്ന യുവാവിനെ ചൂണ്ടിക്കാട്ടി മാനേജര്‍ പണം ഇയാള്‍ നല്‍കിയെന്ന് പറഞ്ഞു. യുവാവ് അവരുടെ അടുത്തെത്തി പറഞ്ഞു: ഞാന്‍ നിങ്ങളുടെ സുഹൃത്തിന്റെ മകനാണ്.  അദ്ദേഹം മരിച്ചുപോയി.  ഇന്ന് നിങ്ങള്‍ ഒരുമിക്കുമെന്നും അതിന്റെ പണം കൊടുക്കണമെന്നും അച്ഛന്‍ എന്നോട് പറഞ്ഞിരുന്നു.   അപ്പോള്‍ അവരിലൊരാള്‍ സങ്കടത്തോടെ പറഞ്ഞു: ഒരു കൂടിച്ചേരലിന്  നമ്മെളന്തിനാണ് നാല്‍പത് വര്‍ഷം കാത്തിരുന്നത്.. എല്ലാവരും സങ്കടത്തോടെ അയാളുടെ ചോദ്യത്തിന് തലതാഴ്ത്തി.  ജീവിതം ചെറുതാണ്.. ലോലമാണ്.. അപ്രതീക്ഷിതമാണ്.  എന്ത് പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും ലക്ഷ്യങ്ങള്‍ രൂപീകരിക്കുമ്പോഴും ഒരു യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുന്നുണ്ട്.  എല്ലാം എപ്പോള്‍ വേണമെങ്കിലും അവസാനിക്കാം.  ഒന്നിനും വാറന്റിയില്ല, രാത്രി കിടന്നാല്‍ രാവിലെ ഉണരുമെന്ന് ഒരു ഉറപ്പുമില്ല.  രാവിലെ വീട് വിട്ടിറങ്ങിയാല്‍ വൈകീട്ട് തിരിച്ചെത്തുമെന്നും തീര്‍ച്ചയില്ല. ഒരുനിമിഷത്തിന്റെ ആകസ്മികത മതി എല്ലാം തകിടം മറിയാന്‍..  പിന്നെന്തിനാണ് ഇത്രയധികം അഹങ്കാരവും ആര്‍ത്തിയും.  രാവിലെ തുടങ്ങിയ പിണക്കം വൈകുന്നേരത്തോടെയെങ്കിലും അവസാനിപ്പിച്ചുകൂടേ.. നല്‍കിയ വാക്ക് പാലിക്കാന്‍ എന്തിനാണ് മാസങ്ങളും വര്‍ഷങ്ങളും, പ്രിയപ്പെട്ടവരുടെ അടുത്തുപോകാന്‍ എന്തിന് ശുഭമുഹൂര്‍ത്തം കാത്തിരിക്കണം.  ഒരു നല്ലവാക്ക് പറയാന്‍ മരണം വരെ കാത്തിരിക്കണോ..  അതെ എന്ത് ഉറപ്പാണുളളത്.. എത്രയും വിനീതവും മനോഹരവുമാക്കാമോ.. അത്രയും വിശിഷ്ടമാകും നമ്മുടെ ജീവിതം - ശുഭദിനം.