ഡല്‍ഹിയിലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ അവസാനിച്ചു; കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീടെന്ന് ദീപാദാസ് മുൻഷി.



കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയില്‍ നടന്ന നിർണ്ണായക ചർച്ചകള്‍ അന്തിമ തീരുമാനമാകാതെ പിരിഞ്ഞു.

മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് എ ഐ സി സി നിരീക്ഷക ദീപാദാസ് മുൻഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട ചർച്ചകള്‍ക്കൊടുവിലും സമവായത്തിലെത്താൻ കഴിയാത്തതിനെത്തുടർന്നാണ് തീരുമാനം മാറ്റിവെച്ചത്. എ ഐ സിസി സംഘടനാകാര്യ സെക്രട്ടറി കെസി വേണുഗോപാല്‍, വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർക്കൊപ്പമാണ് ദീപാദാസ് മുൻഷി മാധ്യമങ്ങളെ കണ്ടത്.

നേരത്തെ നിശ്ചയിച്ച ചർച്ചകളിലേക്ക് രാഹുല്‍ ഗാന്ധി കൂടി നേരിട്ട് എത്തിയതോടെ ഇന്ന് തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത തടസ്സമാവുകയായിരുന്നു. മല്ലികാർജ്ജുൻ ഖർഗെ, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി ഡി സതീശൻ, കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്, ദീപാദാസ് മുൻഷി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ഭൂരിപക്ഷം എം എല്‍ എമാരുടെയും പിന്തുണ തനിക്കുണ്ടെന്നും അതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നുമാണ് കെ സി വേണുഗോപാല്‍ ചർച്ചയില്‍ ശക്തമായി ഉന്നയിച്ചത്. മത്സരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. എന്നാല്‍ വി ഡി സതീശനും മുഖ്യമന്ത്രി സ്ഥാനത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. ഘടകകക്ഷികളുടെ പിന്തുണ തനിക്കാണെന്ന് സതീശൻ അവകാശപ്പെട്ടു. സീനിയോറിറ്റി പരിഗണിച്ച്‌ തനിക്ക് അവസരം നല്‍കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

നേതാക്കളുടെ വ്യത്യസ്ത നിലപാടുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ അന്തിമ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. കേരളത്തിലെ നേതാക്കളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഖർഗെയും രാഹുല്‍ ഗാന്ധിയും വിശദമായി പരിശോധിച്ച ശേഷം വരും ദിവസങ്ങളില്‍ തീരുമാനം അറിയിക്കാനാണ് സാധ്യത.