2026 മേയ് 20, ബുധന്‍
1201 ഇടവം 6 , തിരുവാതിര, പുണര്‍തം
1447 ദുൽഹിജ്ജ 02
◾ വയോജന ക്ഷേമത്തിനു വകുപ്പു രൂപീകരിച്ച് വി.ഡി. സതീശന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. മെയ് മാസത്തെ സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു.
◾ വി.ഡി സതീശന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം. എ.പി. അനില്‍കുമാറിന് വൈദ്യുതിക്കൊപ്പം ദേവസ്വം വകുപ്പ് നല്‍കുന്നതാണ് ഒരു തര്‍ക്കവിഷയം. കെ മുരളീധരന് ആരോഗ്യത്തിനൊപ്പം സ്പോര്‍ട്സ് കൂടി നല്‍കുന്നതിലും ചര്‍ച്ച തുടരുന്നു. ഫിഷറീസ് നല്‍കിയാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് കൈമാറൂ എന്നാണ് ലീഗിന്റെ നിലപാട്.
◾ വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് നാടിന്റെ ബഹുസ്വരതയ്ക്കു നിരക്കാത്തതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങള്‍ പ്രത്യേക മതവിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്. ആദ്യത്തെ എട്ടു വരികള്‍ മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കേണ്ടതുള്ളൂവെന്ന് സിപിഎം ചൂണ്ടിക്കാട്ടി. എന്നാല്‍ വന്ദേമാതരത്തിന് ദേശീയഗാനത്തിന്റെ പദവി നല്‍കി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം നിയമഭേദഗതി വരുത്തിയിരുന്നു.
◾ പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ സിപിഎം തൃശൂര്‍, കോട്ടയം ജില്ലാ നേതൃയോഗങ്ങളിലും വിമര്‍ശനം . പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്ന് പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദവിയില്‍നിന്ന് എം വി ഗോവിന്ദനും മാറണമെന്നു തൃശൂരില്‍ ആവശ്യമുയര്‍ന്നു. പിണറായി വിജയന്റെ ശൈലി നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. പാര്‍ട്ടി സെക്രട്ടറി അടക്കം സിപിഎം നേതാക്കള്‍ ജനങ്ങളില്‍നിന്ന് അകന്നെന്നും വിമര്‍ശനം. കേരള കോണ്‍ഗ്രസുകാര്‍ യുഡിഎഫിനു വോട്ട് ചെയ്തെന്നും കോട്ടയം ജില്ലാ കമ്മിറ്റിയില്‍ ആരോപണമുയര്‍ന്നു.
◾ തെരഞ്ഞെടുപ്പിലെ പരാജയം എല്‍ഡിഎഫിന്റേയോ സിപിഎമ്മിന്റേയോ അവസാനമായി ആരും കാണേണ്ടെന്നും ശക്തമായി തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പത്തു വര്‍ഷക്കാലം മാലിന്യ പ്രശ്‌നം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നേറ്റമുണ്ടാക്കിയിട്ടും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു.
◾ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നവകേരള സദസ് യാത്രക്കിടെ ആലപ്പുഴയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് - കെ എസ് യു പ്രവര്‍ത്തകരെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച സംഭവം ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാവ് പി മോഹനനെ നടുറോഡില്‍ നിന്ന് അറസ്റ്റു ചെയ്ത ഓഫീസറാണു ഷൗക്കത്തലി. ഡിവൈഎസ്പി ബൈജു പൗലോസാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ആറംഗ സംഘമാണ് ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം' അന്വേഷിക്കുക.
◾ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതി മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നല്‍കി. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കണം, മഞ്ഞക്കുറ്റികള്‍ മാറ്റണം, കേസുകള്‍ റദ്ദാക്കണം, അറസ്റ്റിലായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കിയത്. മഞ്ഞക്കുറ്റി കാരണം ലോണോ സ്ഥലം വില്പനയോ നടത്താനാകാതെ വലയുകയാണ് പലരും.
◾ തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മുണ്ടത്തിക്കോട് 17 പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കെട്ടുപുര ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജൂണ്‍ 16 നകം വിശദീകരണം നല്‍കണമെന്ന് കൊച്ചിന്‍, തിരുവമ്പാടി ദേവസ്വം എന്നീ ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു.
◾ മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികള്‍ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള 'പമ്പ'യാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അനുവദിച്ചത്. ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള അശോകയാണ് സണ്ണി ജോസഫിന് അനുവദിച്ചത്.
◾ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ജാതിപ്പേര് ഉപയോഗിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം. 2021 ല്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യവേ വി.ഡി. സതീശന്‍ എന്ന ഞാന്‍ എന്നു പറഞ്ഞ സതീശന്‍ മുഖ്യമന്ത്രിയായപ്പോള്‍ വടശ്ശേരി ദാമോദര മോനോന്‍ സതീശന്‍ എന്ന ഞാന്‍ എന്നു മേനോന്‍ എന്നുകൂടി ചേര്‍ത്താണ് സത്യപ്രതിജ്ഞ ചെയ്തത്.
◾ മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ പണി തുടങ്ങി. കോണ്‍ഗ്രസ് വക്താവ് ജിന്റോ ജോണ്‍ 'വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍' എന്ന് മേനോന്‍ കൂട്ടിയുള്ള വി.ഡി സതീശന്റെ സത്യപ്രതിജ്ഞയെ വിമര്‍ശിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. പഞ്ച് കുറഞ്ഞാലും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇന്‍ക്ലൂസീവ് എന്നും പോസ്റ്റില്‍ പറയുന്നു.
◾ പത്തനംതിട്ട ജില്ലയ്ക്ക് പുതിയ മന്ത്രിസഭയില്‍ അര്‍ഹമായ ഒരു മന്ത്രിസ്ഥാനം ലഭിക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസിലെ കെസി വേണുപോല്‍ പക്ഷ നേതാവായ എംഎല്‍എ പഴകുളം മധു. വ്യക്തിപരമായി തനിക്ക് മന്ത്രിയാകണമെന്ന് ആഗ്രഹമില്ലെന്നും, മന്ത്രിസ്ഥാനത്തിനായി പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവിനോടും താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
◾ അംഗനവാടി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ സിപിഎം കോഴിക്കോട് പെരുവയല്‍ ഗ്രാമപഞ്ചായത്ത് അംഗം എം.എം പ്രസാദിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.
◾ പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വായ്പ തട്ടിപ്പു കേസ്. കോഴിക്കോട് സിറ്റി പൊലീസിന് കീഴിലുള്ള സഹകരണ സംഘത്തിനെതിരേയാണ് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടര ലക്ഷം രൂപയുടെ വായ്പ രേഖയിന്മേല്‍ 25 ലക്ഷത്തിന്റെ വായ്പയാണ് അനുവദിച്ചത്. ജാമ്യം നിന്ന ജീവനക്കാരനാണ് പരാതി നല്‍കിയത്. സംഘത്തിന്റെ ഇടത് അനുകൂല ഡയറക്ടര്‍ ബോര്‍ഡിലെ 11 പേര്‍ക്കെതിരെയാണ് കേസ്.
◾ പൊലിസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും സ്ഥലംമാറ്റി. 10 വര്‍ഷമായി യൂണിഫോമിടാതെ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ മാത്രം ജോലി ചെയ്തിരുന്ന നേതാക്കളെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റി.
◾ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മന്ത്രി കെ എം ഷാജിയെ വര്‍ഗീയവാദിയെന്ന് അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണം. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്താണ് കാസര്‍കോട് ജില്ലയിലെ പൊലീസ് ഫ്രണ്ട്സ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അധിക്ഷേപ സന്ദേശം പങ്കുവച്ചത്. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറി.
◾ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിനെക്കുറിച്ചും സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ചും പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേല്‍ക്കുന്ന സി.പി. ജോണ്‍.
◾ മന്ത്രി ഒ.ജെ. ജനീഷിന് അനുവദിച്ച പത്താം നമ്പര്‍ സ്റ്റേറ്റ് കാറിന്റെ നമ്പറും കൊടുങ്ങല്ലൂരില്‍ ലഭിച്ച വോട്ടിന്റെ ഭൂരിപക്ഷവും ഒരേ അക്കങ്ങള്‍. കെ.എല്‍. 01 സി.ബി. 8308 എന്നതാണ് പത്താം നമ്പര്‍ സ്റ്റേറ്റ് കാറിന്റേത്. 8308 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജനീഷ് ഇടതുകോട്ട പിടിച്ചെടുത്തത്.
◾ സിപിഎം നേതാവായിരുന്ന ഹര്‍കിഷന്‍സിംഗ് സുര്‍ജിത് മരണം വരെ ടര്‍ബന്‍ തലയില്‍ കെട്ടി ജാതി വെളിപെടുത്തിയെന്നും വി.ഡി. സതീശനെ പരിഹസിക്കുന്ന സൈബര്‍ സഖാക്കള്‍ അതു മറക്കരുതെന്നും ബി ആര്‍ എം ഷെഫീര്‍. ഫേസ്ബുക്ക് കുറിപ്പിലാണ് ഈ പരാമര്‍ശം.
◾ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പല തവണയായി 9 ലക്ഷം രൂപയും 7 പവന്‍ സ്വര്‍ണാഭരണവും തട്ടിയെടുത്ത് മറ്റൊരാളെ വിവാഹം കഴിക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കുര്യാത്തി സ്വദേശി സച്ചിന്‍കുമാറി(32)നെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്.
◾ തമിഴ്‌നാട് മന്ത്രിസഭ മുഖ്യമന്ത്രി വിജയ് വിപുലീകരിക്കുന്നു. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മന്ത്രിമാരാകും. എന്നാല്‍ അണ്ണാ ഡി എം കെ.യില്‍ നിന്നുള്ള വിമത എം എല്‍ എ.മാരുടെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. എഐഎഡിഎംകെ അംഗങ്ങളെ മന്ത്രിമാരാക്കരുതെന്ന് സിപിഎം ആവശ്യപ്പെട്ടു.
◾ ഹിമാചല്‍ പ്രദേശിലെ പഞ്ചായത്തീരാജ് തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ 10,854 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. 131 ഗ്രാമപഞ്ചായത്തുകളില്‍ എതിരില്ലാതെ എല്ലാവരേയും തിരഞ്ഞെടുത്തു. മെയ് 26, 28, 30 തീയതികളില്‍ നടത്താനിരുന്ന വോട്ടെടുപ്പ് ഇതോടെ ഒഴിവാക്കി. ജയിച്ചവര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. ചിഹ്നമില്ലാതെ ജയിച്ചവരെങ്ങനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാകുമെന്ന് ബിജെപി.
◾ ബെംഗളൂരു - മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ വരുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം വെളിപെടുത്തിയത്. ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ച എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടനവേളയിലാണ് വന്ദേ ഭാരത് എക്സ്പ്രസ് സ്ലീപ്പര്‍ ട്രെയിന്‍ എപ്പോള്‍ ഓടിത്തുടങ്ങുമെന്നു സൂചന നല്‍കിയത്.
◾ രാജ്യത്ത് വന്‍ സാമ്പത്തിക പ്രതിസന്ധി വരുമെന്നും കഠിനകാലമാണ് വരാനിരിക്കുന്നതെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ധനവില വര്‍ധനയും രാജ്യത്തെ സാമ്പത്തിക നയങ്ങളും പ്രശ്നം രൂക്ഷമാക്കും. വരാനിരിക്കുന്ന പ്രതിസന്ധിയില്‍ ശതകോടീശ്വരന്മാരായ അദാനിയും അംബാനിയുമെല്ലാം തകരുമെന്നും പ്രവചിച്ചു.
◾ നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം സര്‍ക്കാര്‍ ഏതുനിമിഷവും താഴെ വീഴാമെന്ന് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജരാകാന്‍ സ്റ്റാലിന്‍ ഡിഎംകെ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
◾ കുടകില്‍ ദുബാരെ ആനത്താവളത്തില്‍ കുത്തേറ്റു വീണ കൊമ്പന്‍ ചരിഞ്ഞു. മാര്‍ത്താണ്ഡ എന്ന കൊമ്പനാണ് ചരിഞ്ഞത്. മാര്‍ത്താണ്ഡയെ 'കാഞ്ചന്‍' എന്നയാനയാണ് കുത്തിവീഴ്ത്തിയത്. പുഴയില്‍ വീണ മാര്‍ത്താണ്ഡയുടെ അടിയില്‍പ്പെട്ട് സ്ത്രീയും മരിച്ചിരുന്നു.
◾ ഡല്‍ഹി കലാപ കേസില്‍ ഇടക്കാല ജാമ്യം തേടിയുള്ള ഉമര്‍ ഖാലിദിന്റെ അപേക്ഷ വിചാരണക്കോടതി തള്ളി. നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് കരുതി എല്ലാ അപേക്ഷയിലും അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
◾ സൈനിക കരാര്‍ അഴിമതിക്കേസില്‍ കരസേനാ കേണല്‍ അറസ്റ്റില്‍. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ കമാന്‍ഡിന് കീഴിലെ ആര്‍മി ഓര്‍ഡനന്‍സ് കോര്‍പ്‌സിലെ കേണല്‍ ഹിമാന്‍ഷു ബാലിനെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. സൈനിക ടെന്‍ഡറുകള്‍ അനുവദിക്കുന്നതിന് 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നതാണ് കുറ്റം.
◾ പശ്ചിമ ബംഗാളില്‍ ന്യൂനപക്ഷങ്ങള്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും നേരെ ബി.ജെ.പി സര്‍ക്കാര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ ഭരണകാലം എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും വരും ദിവസങ്ങളില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെടുമെന്നും മമത ബാനര്‍ജി പറഞ്ഞു.
◾ ട്രെയിനിലെ ഒഴിഞ്ഞ കോച്ചിലെ പെട്ടിയില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ഛപ്രയില്‍ നിന്ന് ലഖ്‌നൗവിലേക്ക് സര്‍വീസ് നടത്തുന്ന ഗോംതിനഗര്‍ എക്‌സ്പ്രസിലാണ് ശുചീകരണ തൊഴിലാളിയാണ് മൃതദേഹവുമായുള്ള പെട്ടി കണ്ടെത്തിയത്.
◾ പശ്ചിമ ബംഗാളിലെ ഫാള്‍ട്ട നിയോജക മണ്ഡലത്തില്‍ റീപോളിങ് നടക്കാനിരിക്കെ നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ടിഎംസിയുടെ ജഹാംഗീര്‍ ഖാന്‍ ആണ് പത്രിക പിന്‍വലിച്ചത്.
◾ ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ ജാമ്യം കിട്ടിയ പീഡനക്കേസ് പ്രതിക്ക് വന്‍ സ്വീകരണം. ജയിലില്‍നിന്ന് പുറത്തിറങ്ങിയ പ്രതിയെ പൂമാലയിട്ട് സ്വീകരിച്ച്, ചുമലിലിരുത്തി, മുദ്രാവാക്യം വിളികളോടെ നടത്തിയ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലായി. സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വാര്‍ത്താ സമ്മേളനങ്ങളും ചോദ്യങ്ങളും ഭയമാണെന്നു കോണ്‍ഗ്രസ്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാഹുല്‍ ഗാന്ധി 129 വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയപ്പോള്‍ മോദി ഒന്നുപോലും നടത്തിയില്ലെന്ന് കോണ്‍ഗ്രസ്. നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം മോദി അവഗണിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
◾ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സെപ്റ്റംബറില്‍ ഇന്ത്യയില്‍ എത്തും. ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പുടിന്‍ എത്തുന്നത്. ദക്ഷിണാഫ്രിക്കയിലെ റഷ്യന്‍ എംബസി ആണ് പുടിന്റെ ഇന്ത്യ സന്ദര്‍ശനം സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ - റഷ്യ വാര്‍ഷിക ഉച്ചകോടിയിലും പുടിന്‍ പങ്കെടുത്തിരുന്നു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെ റോമിലെത്തി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. റോം ആസ്ഥാനമായുള്ള യു.എന്‍ ഭക്ഷ്യ-കൃഷി സംഘടനയുടെ ആസ്ഥാനവും പ്രധാനമന്ത്രി സന്ദര്‍ശിക്കും. വത്തിക്കാന്‍ സിറ്റിയില്‍ മാര്‍പ്പാപ്പയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അന്റോണിയോ തജാനി അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
◾ ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലുള്ള ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷനില്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ നരേന്‍ ധറിനെ (38) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾ കാനഡ, യുകെ, യുഎസ് തുടങ്ങിയ പ്രമുഖ രാജ്യങ്ങള്‍ വിസ നിയമങ്ങള്‍ കടുപ്പിച്ചതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉപരിപഠന സ്വപ്നങ്ങളുമായി ഫ്രാന്‍സിലേക്ക് തിരിയുന്നു. വേഗത്തിലുള്ള വിസ അനുമതി, ഇംഗ്ലീഷ് മീഡിയത്തിലുള്ള കൂടുതല്‍ കോഴ്‌സുകള്‍, പഠനശേഷമുള്ള മികച്ച തൊഴിലവസരങ്ങള്‍ എന്നിവയാണ് ഫ്രാന്‍സിനെ വിദ്യാര്‍ഥികളുടെ പുതിയ പ്രിയപ്പെട്ട ഇടമാക്കുന്നത്.
◾ ഇന്ത്യയിലെ 'രാജൗരി', 'മാമുന്‍' എന്നീ വ്യോമതാവളങ്ങള്‍ തകര്‍ത്തെന്നു പാക് സൈനിക ഉദ്യോഗസ്ഥന്റെ അവകാശവാദം. യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ഈ വ്യോമതാവളങ്ങള്‍ ഇല്ല.
◾ ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വൈഭവ് സൂര്യവംശിയുടെ മിന്നലാട്ടത്തിലാണ് റോയല്‍സിന്റെ ജയം. സൂര്യവംശി 38 പന്തുകളില്‍ 10 സിക്സറുകള്‍ സഹിതം 93 റണ്‍സ് അടിച്ചെടുത്തു. 96 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റേയും 60 ണ്‍സെടുത്ത ജോഷ് ഇംഗ്ലിസിന്റേയും കരുത്തില്‍ ലക്‌നൗ മുന്നോട്ടുവെച്ച 221 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് നേടുകയായിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് സാധ്യത സജീവമാക്കി. എന്നാല്‍ ലക്‌നൗ നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതാണ്.
◾ ആഭ്യന്തര വില്‍പ്പനയില്‍ ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും മികച്ച ത്രൈമാസ വളര്‍ച്ച രേഖപ്പെടുത്തി നെസ്ലെ ഇന്ത്യ. 2026 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 23.1 ശതമാനം ഉയര്‍ന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന 6,445 കോടി രൂപയിലേക്ക് ആഭ്യന്തര വില്‍പ്പന എത്തി. ഇതോടൊപ്പം 26.3 ശതമാനം പ്രവര്‍ത്തന ലാഭവും കമ്പനി നേടി. ഉപഭോക്തൃ കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ ബ്രാന്‍ഡ് സാന്നിധ്യത്തിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചതെന്ന് കമ്പനി പറയുന്നു. പരസ്യ ചെലവ് 50 ശതമാനത്തിലധികം ഉയര്‍ത്തിയത് കുത്തനെയുള്ള വില്‍പ്പന വളര്‍ച്ച നേടാന്‍ സഹായിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പന കണക്കുകളെ അപേക്ഷിച്ച് മൊത്തം വില്‍പ്പനയില്‍ 23.4 ശതമാനമാണ് ഉണ്ടായത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നെസ്ലെയുടെ മൊത്തം വില്‍പ്പന 23,071.5 കോടി രൂപയാണ്. അറ്റാദായം 3,544.6 കോടി രൂപയുമാണ്. നെസ്ലെയുടെ കിറ്റ്കാറ്റിന്റെയും മാഗിയുടെയും ആഗോളതലത്തിലെ ഏറ്റവും വലിയ വിപണിയാണ് ഇപ്പോള്‍ ഇന്ത്യ.
◾ ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. തെരഞ്ഞെടുത്ത ഗ്രൂപ്പിന് മാത്രമായി നിങ്ങളുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ പങ്കിടാന്‍ സാധിക്കുന്ന 'ക്ലോസ് ഫ്രണ്ട്സ് സ്റ്റാറ്റസ് ലിസ്റ്റാണ്' പുതിയ ഫീച്ചര്‍. ഫീച്ചര്‍ ആദ്യം ചില ആന്‍ഡ്രോയിഡ്, ഐഫോണ്‍ ബീറ്റാ ടെസ്റ്റര്‍മാരിലേക്കും വ്യാപിപ്പിക്കും. ഫീച്ചറിനായി സ്റ്റാറ്റസ് സ്‌ക്രീനില്‍ ക്ലോസ് ഫ്രണ്ട്സ് ക്രിയേറ്റ് ചെയ്യുക. ആന്‍ഡ്രോയിഡിലെയും ഐഫോണിലെയും ചില ബീറ്റാ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് സ്‌ക്രീനില്‍ നിന്ന് തന്നെ ഒരു ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റ് സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും കഴിയും. ഇതിനായി സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോഴെല്ലാം സ്വകാര്യതാ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ആളുകള്‍ക്ക് മാത്രമേ ആ അപ്ഡേറ്റുകള്‍ കാണാനാകൂ, നിങ്ങളുടെ ലിസ്റ്റില്‍ നിന്ന് അവ ചേര്‍ത്താലും നീക്കം ചെയ്താലും വാട്‌സ്ആപ്പ് ആരെയും അറിയിക്കില്ല.
◾ പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രീകരണം പൂര്‍ത്തിയായി. പ്രകാശന്‍ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം 11 ഐക്കണ്‍സ് ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വയാണ് നിര്‍മിക്കുന്നത്. തികഞ്ഞ പോലീസ് സ്റ്റോറി പൂര്‍ണമായും ഇന്‍വസ്റ്റിഗേറ്റീവ് ഴോണറില്‍ അവതരിപ്പിക്കുകയാണ് ഷഹദ് ചിത്രത്തിലൂടെ. ഭര്‍ത്താവിന്റെ മരണത്തിനുശേഷം ആശ്രിതനിയമനത്തിലൂടെ ജോലി ലഭിക്കുന്ന വനിതാ കോണ്‍സ്റ്റബിളിന്റെ ഔദ്യോഗികജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പാര്‍വതി തിരുവോത്താണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാര്‍വതിക്കു പുറമേ വിജയരാഘവന്‍, സായ് കുമാര്‍, മാത്യു തോമസ്, വിനയ് ഫോര്‍ട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണി മായാ പ്രസാദ്, ജയശ്രീ, നിയാസ് ബക്കര്‍, സിറാജ് എന്നിവരും പ്രശസ്ത തമിഴ് നടന്‍ പാര്‍ഥിപനും ചിത്രത്തിലെ പ്രധാന അഭിനേതാവാണ്.
◾ വന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'ഓപ്പറേഷന്‍ ത്രാള്‍' ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിര്‍വഹിക്കുന്നത്. റിതിക സിംഗ്, അമൈറ ദസ്തര്‍, ആന്‍സണ്‍ പോള്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാര്‍, മുരളി ശര്‍മ, സിറാജുദ്ദീന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിര്‍വ്വഹിക്കുന്നു. നാഷണല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ട് പോകുന്ന ചിത്രം, വലിയ ആക്ഷന്‍ രംഗങ്ങളും ശക്തമായ ദേശസ്നേഹ സന്ദേശവും ചേര്‍ന്നതാണ്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകന്‍ രതീഷ് വേഗ തന്നെയാണ്.
◾ ബിവൈഡി തങ്ങളുടെ പുതിയ എസ്യുവി സീലിയന്‍ 6 ഇന്ത്യയില്‍ പുറത്തിറക്കുന്നു. ഇത് ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാണ്. ഓസ്‌ട്രേലിയ പോലുള്ള വിപണികളില്‍, സിലോണ്‍ 6 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ടും 18.3 കിലോവാട്ട്അവര്‍ അല്ലെങ്കില്‍ 26.6 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുമായി ജോടിയാക്കാം. നാച്ചുറലി ആസ്പിറേറ്റഡ്-ഹൈബ്രിഡ് സജ്ജീകരണം 218 എച്പി ഉത്പാദിപ്പിക്കുകയും മുന്‍ ചക്രങ്ങളിലേക്ക് മാത്രം പവര്‍ അയയ്ക്കുകയും ചെയ്യുന്നു. ടര്‍ബോ-പെട്രോള്‍ ഹൈബ്രിഡ് 324 എച്പി, 344 എച്പി ഓപ്ഷനുകളില്‍ ലഭ്യമാണ്. ഏഴ് എയര്‍ബാഗുകള്‍, അഡാസ്, 360ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
◾ ഓര്‍മ്മകളുടെ നിതാന്തമായ സാന്നിധ്യവും അനുഭവങ്ങളുടെ അനിതരസാധാരണമായ ചലനങ്ങളും കഥകളായി മാറുന്ന അത്ഭുതക്കാഴ്ചകളാണ് ഈ കഥാസമാഹാരം. ഔദ്യോഗികജീവിതത്തിലൂടെയും താന്‍ കടന്നുപോന്ന വഴികളിലൂടെയും സഞ്ചരിച്ച കഥാകാരന്റെ സൂക്ഷ്മമായ നിരീക്ഷണങ്ങളുടെ ബാക്കിപത്രങ്ങളാണിവ. പ്രണയവും വിരഹവും ഭാവനയും ഉള്‍ച്ചേര്‍ന്ന പരിസരങ്ങള്‍. 'പാതി പറഞ്ഞ കഥകള്‍'. അജീഷ് അശോകന്‍. ഗ്രീന്‍ ബുക്സ്. വില 153 രൂപ.
◾ ഹോര്‍മോണ്‍ സന്തുലിതമല്ലാത്ത സാഹചര്യങ്ങളില്‍ പലതരം ആരോഗ്യ പ്രശ്നങ്ങളാണ് സ്ത്രീകള്‍ നേരിടേണ്ടതായി വരുന്നത്. പ്രത്യേകിച്ചും ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകളില്‍ ഇത് കൂടുതലായി കാണുന്നു. സ്ത്രീകളുടെ ഹോര്‍മോണ്‍ സന്തുലിതമാക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം. ഫ്ലാക്സ് സീഡുകള്‍ കാഴ്ച്ചയില്‍ വളരെ ചെറുതാണ്. എന്നാല്‍ ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ ഇത് ദിവസവും കഴിക്കുന്നത് ഗുണകരമാണ്. ഇലക്കറികളില്‍ ധാരാളം മഗ്നീഷ്യം, ഫോളറ്റ്, അയണ്‍, ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണിത്. നട്സിലും സീഡ്‌സിലും ആരോഗ്യകരമായ ധാരാളം കൊഴുപ്പും, മിനറലുകളും, പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണുകളെ സന്തുലിതപ്പെടുത്താന്‍ സഹായിക്കും. തൈരില്‍ ആരോഗ്യകരമായ പ്രോബയോട്ടിക്കുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണുകളെ സന്തുലിതപ്പെടുത്താന്‍ സഹായിക്കും. ദിവസവും പയര്‍വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതും സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതില്‍ ധാരാളം പ്രോട്ടീന്‍, ഫൈബര്‍, അയണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക, ആപ്പിള്‍, പിയര്‍, ഓറഞ്ച് തുടങ്ങിയ ഫൈബര്‍ അടങ്ങിയ പഴങ്ങള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. കൂടാതെ ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകളും, വിറ്റാമിനും അടങ്ങിയിട്ടുണ്ട്.
*ശുഭദിനം*
*കവിത കണ്ണന്‍*
വീടുകളില്‍ ഭക്ഷണമെത്തിച്ചുകൊടുക്കുകയായിരുന്നു അയാളുടെ ജോലി. അന്ന് അത്താഴം എത്തിക്കേണ്ടത് ഒരു പഴയ കെട്ടിടത്തിലേക്കായിരുന്നു. രാത്രി ഒരുപാടായി. ഈ വീട്ടില്‍ ഭക്ഷണം എത്തിച്ചിട്ട് വേണം ഒന്ന് വിശ്രമിക്കാന്‍ എന്നോര്‍ത്ത് കൊണ്ട് അയാല്‍ കോളിങ്ങ് ബെല്‍ അടിച്ചു. ഏറെ പ്രായമുളള ഒരു സ്ത്രീയാണ് വാതില്‍ തുറന്നത്. നരച്ചമുടി. വിറക്കുന്ന കൈകള്‍. കണ്ണടവെച്ച മുഖം വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്. അതൊന്ന് അകത്തേക്ക് വെക്കാമോ മോനേ.. എന്റെ കൈവിറക്കും. അവര്‍ പറഞ്ഞു. അയാള്‍ ഭക്ഷണപൊതി അകത്തെ മേശയില്‍ വെച്ച് പോകാന്‍ തുടങ്ങുമ്പോള്‍ അവര്‍ ചോദിച്ചു: കുറച്ച് നേരം ഇരിക്കാമോ? തനിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ ഒരു സന്തോഷവുമില്ല. അയാള്‍ സമയം നോക്കി . ഇപ്പോള്‍ തന്നെ വൈകിയിരിക്കുന്നു. എങ്കിലും അവരുടെ ആവശ്യം തള്ളിക്കളയാന്‍ അയാള്‍ക്ക് തോന്നിയില്ല. അവര്‍ സാവധാനം ഭക്ഷണം കഴിച്ചുതുടങ്ങി. ആ വീട്ടില്‍ ആകെ നിശ്ബ്ദത നിറഞ്ഞു നിന്നു. ക്ലോക്കിന്റെ ശബ്ദം മാത്രം കേള്‍ക്കാം.. അവര്‍ പുഞ്ചിരിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങി. ഞാനങ്ങനെ പുറത്ത് നിന്ന് ഭക്ഷണം വരുത്തി കഴിക്കാറില്ല. ഇന്നിപ്പോള്‍ അങ്ങിനെ തോന്നി.. മനുഷ്യശബ്ദം കേള്‍ക്കാന്‍ വേണ്ടി മാത്രം. അവര്‍ ചുവരിലേക്ക് കൈചൂണ്ടി പറഞ്ഞു: ഇതെന്റെ ഭര്‍ത്താവാണ്.. 5 വര്‍ഷം മുമ്പ് മരിച്ചു. മകന്‍ കാനഡയിലാണ്. നല്ല ജോലിയുണ്ട്. എല്ലാ മാസവും എനിക്ക് പണമയക്കും, മകളുണ്ട്. ബാംഗ്ലൂരില്‍ ആണ്. അവരുടെ ശബ്ദം ഇടറിയപോലെ അയാള്‍ക്ക് തോന്നി.. കുറച്ച് നേരം കഴിഞ്ഞ് അവര്‍ ചോദിച്ചു: മോനേ, നിനക്ക് അമ്മയുണ്ടല്ലോ അല്ലേ.. അയാള്‍ ഉവ്വെന്ന് തലയാട്ടി. മോന്‍ ദിവസവും അമ്മയെവിളിക്കാറുണ്ടോ.. അയാള്‍ അതിന് മറുപടിയൊന്നും പറഞ്ഞില്ല. അമ്മയെ വിളിക്കണമെന്ന് കരുതുമെങ്കിലും അത് ഓരോ ദിവസവും പിന്നീടത്തേക്ക് മാറ്റി വെക്കും.. അപ്പോഴേക്കും അവര്‍ കഴിച്ചെഴുന്നേറ്റു.. അവര്‍ അയാള്‍ക്ക് 500 രൂപ കൊടുത്തിട്ടു പറഞ്ഞു: ഇത് ടിപ്പല്ലട്ടോ, മോന്‍ എന്റെ കൂടെ ഇരുന്നതിന്റെ സന്തോഷമാണിത്. നീയുളളതുകൊണ്ട് ഞാന്‍ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. ഇന്ന് നീ ഭക്ഷണമല്ല എത്തിച്ചത്, എനിക്കൊരു കൂട്ടാണ്.. നിറഞ്ഞ കണ്ണോടെ അവര്‍ ചിരിച്ചു. ഇന്ന് വീട്ടിലെത്തിയാല്‍ അമ്മയെ വിളിക്കണം. പോകാന്‍ ഇറങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു. കെട്ടിടത്തിന്റെ ചുവട്ടിലെത്തിയപ്പോള്‍ അയാള്‍്ക്ക് അമ്മയെ വിളിക്കണമെന്ന് തോന്നി.. അമ്മയുടെ സുഖാന്വേഷണം കേട്ടപ്പോള്‍ അയാള്‍ ഉറക്കെ കരഞ്ഞു.. പലപ്പോഴും മാതാപിതാക്കള്‍ക്ക് വേണ്ടത് പണമല്ല, ശബ്ദങ്ങളാണ് , പ്രിയപ്പെട്ടവരുടെ സാമീപ്യമാണ്.. നമുക്ക് ചുറ്റുമുളള അടഞ്ഞ പല വാതിലുകള്‍ക്ക് പിന്നിലും ചെറുശബ്ദം കേള്‍ക്കാന്‍ കാത്തിരിക്കുന്ന വാര്‍ദ്ധക്യമുണ്ട്. നമുക്ക് അവര്‍ കാത്തിരിക്കുന്ന ശബ്ദമാകാം, സാമീപ്യമാകാം - ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ