രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ, കാല്‍തൊട്ട് വന്ദിച്ച്‌ ഡികെ ശിവകുമാര്‍; കര്‍ണാടകയില്‍ നേതൃമാറ്റം


കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കാനുള്ള തീരുമാനം മന്ത്രിമാരെ അറിയിച്ചു. കർണാടക കോണ്‍ഗ്രസ് സർക്കാരില്‍ നേതൃമാറ്റം സംബന്ധിച്ച ഊഹാപോഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് സിദ്ധരാമയ്യ സ്ഥാനമൊഴിയുന്ന വിവരം മന്ത്രിമാരെ അറിയിച്ചത്.

വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയില്‍ നടന്ന പ്രഭാതഭക്ഷണ യോഗത്തിനിടെയാണ് സിദ്ധരാമയ്യ മന്ത്രിമാരെ വിവരമറിയിച്ചത്. സിദ്ധരാമയ്യയുടെ പിൻഗാമിയായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മുഖ്യമന്ത്രിസ്ഥാനത്ത് എത്തിയേക്കും.

താൻ സ്ഥാനമൊഴിയുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഭാതഭക്ഷണ യോഗത്തില്‍ മന്ത്രിമാരെ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഗവർണർ തവാർചന്ദ് ഗെലോട്ട് ബെംഗളൂരുവില്‍ ഇല്ലെങ്കിലും രാജി നടപടികള്‍ മുന്നോട്ട് പോകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം സിദ്ധരാമയ്യ രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകളെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കേന്ദ്ര നേതൃത്വവുമായി സിദ്ധരാമയ്യ വൈകാതെ ചർച്ചകള്‍ നടത്തും. തുടർന്നാകും പ്രഖ്യാപനമുണ്ടാകുക.