2026 മേയ് 8, വെള്ളി
1201 മേടം 25, ഉത്രാടം
1447 ദുൽഖഅ്ദ 20
◾ കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കാനുള്ള അണിയറ നീക്കങ്ങള്‍ ഇനി ഡല്‍ഹിയില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയ്ക്ക് നിരീക്ഷകര്‍ ഇന്നു റിപ്പോര്‍ട്ടു നല്‍കും. മുഖ്യമന്ത്രി ആരെന്നു ഞായറാഴ്ച പ്രഖ്യാപിക്കും. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ എംഎല്‍എമാരില്‍ അധികവും, തങ്ങളുടെ രാഷ്ട്രീയ ഭാവിയില്‍ അധികാരമുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പിന്തുണച്ചു. എന്നാല്‍ ഘടകക്ഷി നേതാക്കള്‍ വി.ഡി. സതീശനെയാണു പിന്തുണച്ചത്. എംഎല്‍എമാരുടെ പിന്തുണയാണ് പ്രധാനമെന്നു വ്യക്തമാക്കിയ നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും ഡല്‍ഹിക്കു മടങ്ങി.
◾ അരാജക - അരാഷ്ട്രീയ സ്വഭാവമുള്ള ചില കേന്ദ്രങ്ങളുടെ തെറ്റായ പ്രചരണത്തില്‍ ചിലര്‍ കുടുങ്ങിയതാണു എല്‍ഡിഎഫിന്റെ പരാജയകാരണമെന്നും വസ്തുതകള്‍ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും പിണറായി വിജയന്‍. നാലു ദിവസത്തെ മൗനത്തിനുശേഷം പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലാണ് ഈ പ്രതികരണം. തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാനും എല്ലാ സഖാക്കളുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കാനും എല്‍ഡിഎഫ് തീരുമാനിച്ചു. എല്ലാവരുടേയും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പരിശോധിക്കും. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ശക്തമായ പ്രതിപക്ഷമായി മുന്നോട്ടു പോകുമെന്നും പിണറായി വിജയന്‍.
◾ ബംഗാളില്‍ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും രാജിവയ്ക്കാന്‍ വിസമ്മതിച്ച മമത ബാനര്‍ജി സര്‍ക്കാരിനെയും നിയമസഭയേയും ഗവര്‍ണര്‍ പിരിച്ചുവിട്ടു. നിയമസഭയുടെ കാലാവധി കഴിഞ്ഞതിനാലാണ് നടപടിയെന്ന് ഗവര്‍ണര്‍. ഇതേസമയം, സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ബിജെപി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും.
◾ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ജനവികാരം വി.ഡി സതീശന് അനൂകൂലമാണെന്ന് എഐസിസി നിരീക്ഷകരെ അറിയിച്ച് മുസ്ലീം ലീഗ് നേതൃത്വം. സതീശന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിനാണ് ജനം വോട്ടു ചെയ്തതെന്നും ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.
◾ സിറ്റിംഗ് എംഎല്‍എയെ മുഖ്യമന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എഐസിസി നിരീക്ഷകരെ അറിയിച്ചു. കേരളത്തിന്റെ പൊതുവികാരം കണക്കിലെടുത്തുള്ള തീരുമാനം വേണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു.
◾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് അമ്പതിലേറെ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കെപിസിസി വക്താവ് അനില്‍ ബോസ്. എംഎല്‍എമാരുടെ ഭൂരിപക്ഷമുണ്ടെങ്കില്‍ കെ സി വേണുഗോപാല്‍ അല്ലാതെ ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.
◾ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കെ സി വേണുഗോപാലിനു മത്സരിക്കാന്‍ ആലപ്പുഴ മണ്ഡലത്തിലെ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്ന് നിയുക്ത എംഎല്‍എ എ.ഡി. തോമസ്. അഭിപ്രായം നിരീക്ഷകരോടു തുറന്നുപറഞ്ഞിട്ടുണ്ടെന്നും തോമസ്.
◾ മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നല്‍കരുതെന്ന് ബിജെപി നേതാവും നിയുക്ത എംഎല്‍എയുമായ വി. മുരളീധരന്‍. വിദ്യാഭ്യാസ വകുപ്പ് ലീഗിന് നല്‍കിയാല്‍ വര്‍ഗീയ താല്‍പ്പര്യങ്ങള്‍ക്കായി ദുരുപയോഗിക്കപ്പെടുമെന്നും മുരളീധരന്‍.
◾ പിണറായി വിജയനു പ്രതിപക്ഷ നേതാവാകാന്‍ പേടിയുണ്ടെങ്കില്‍ ഭാഷ ഇന്‍സ്റ്റിറ്റിറ്റിയൂട്ടില്‍ ജോലി നല്‍കാന്‍ ചിലപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യറായേക്കുമെന്നു പരിഹസിച്ച് നടന്‍ ജോയ് മാത്യൂ. പിണറായി മലയാള ഭാഷാപ്രയോഗത്തിലും ഭാഷാ ശൈലിക്കും നല്‍കിയ സംഭവനകളെയും മുന്‍നിര്‍ത്തിയാകും നിയമനമെന്നും ജോയ് മാത്യൂ ഫേസ്ബുക്കില്‍ കുറിച്ചു.
◾ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ഇന്ദിരാഭവനിലെത്തിയ നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണയെ ചെറിയാന്‍ ഫിലിപ്പ് ആലിംഗനം ചെയ്യാന്‍ ശ്രമിക്കവേ ഒഴിഞ്ഞു മാറുകയും തള്ളിമാറ്റുകയുംചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ആദ്യം ഒഴിഞ്ഞുമാറിയിട്ടും വീണ്ടും ആലിംഗനത്തിനു ശ്രമിച്ചപ്പോള്‍ ബിന്ദു കൃഷ്ണ തള്ളി മാറ്റിയതും കൈകള്‍ കൂപ്പിയതുമായ ദൃശ്യങ്ങളാണ് വൈറലായത്.
◾ കനത്ത മഴ പെയ്തതോടെ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കു സര്‍ക്കാര്‍ നിര്‍മിച്ച ടൗണ്‍ഷിപ്പിലെ പത്തു വീടുകളിലേക്കു ചളി ഒലിച്ചുകയറി. 'ലോഡുകണക്കിന് ചെളിയാണ് ഒറ്റമഴയില്‍ ഒലിച്ചുവന്നത്, മിനിറ്റുകള്‍ കൊണ്ടു വീട്ടുപരിസരം ചെളിക്കുണ്ടായി. വേനല്‍ മഴയില്‍ ഇതാണു സ്ഥിതിയെങ്കില്‍ മഴക്കാലത്ത് എന്തായിരിക്കും അവസ്ഥ'യെന്നു വീട്ടുടമകള്‍.
◾ ആണ്‍ സുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ പോലീസ് പിടിയില്‍. കൊല്ലം സ്വദേശി രാഹുല്‍, തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി ബഹളംവച്ച് പ്രതികളുടെ കൈയ്യില്‍ കടിച്ച് ഓടി രക്ഷപ്പെട്ട് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതിപ്പെടുകയായിരുന്നു.
◾ ജൂനിയറായ ഉദ്യോഗസ്ഥയെ അധിക്ഷേപിച്ച കെ.എസ്.ഇ.ബി കാസര്‍കോട് ഡിവിഷന്‍ ഓഫീസിലെ സബ് എഞ്ചിനീയര്‍ എ. ജയകൃഷ്ണനെതിരേ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. മാര്‍ച്ച് പത്തിനു നടന്ന പണിമുടക്കില്‍ പങ്കെടുക്കേണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനോട് പരാതിക്കാരി പറഞ്ഞതാണ് പ്രകോപന കാരണം.
◾ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ എസ്‌കലേറ്റര്‍ യന്ത്രത്തകരാര്‍മൂലം തിരിച്ചു കറങ്ങി. രാവിലെ പത്തോടെ വഞ്ചിനാട് എക്‌സ്പ്രസില്‍ വന്ന യാത്രക്കാര്‍ക്കു തെറിച്ചുവീണു പരിക്കേറ്റു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.
◾ നടനും ബിഗ്ബോസ് താരവുമായ ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ല കോടതി തള്ളി. കോഴിക്കോട് കോടതിയില്‍ അപേക്ഷ നല്‍കാനാണ് നിര്‍ദ്ദേശം. പ്രണയം നടിച്ച് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തതെന്നാണു കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതി.
◾ കൊല്ലത്ത് ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിന് 31 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. ഇരവിപുരം വാളത്തുങ്കല്‍ സ്വദേശി ജയനെ ആണ് കൊല്ലം ജില്ലാ ഫസ്റ്റ് അഡീ. സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2020 ലായിരുന്നു ഭാര്യയെ സംശയിച്ച് കൊലപ്പെടുത്തിയത്.
◾ സൗദി അറേബ്യയിലെ മക്കയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ച് കാസര്‍കോട് സ്വദേശിയായ മലയാളി മരിച്ചു. കെഎംസിസി സജീവ പ്രവര്‍ത്തകനായ പിപി മുഹമ്മദ് കുഞ്ഞി (58) ആണ് മരിച്ചത്. അപകടത്തില്‍ ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
◾ തമിഴ്നാട്ടില്‍ സിപിഎം, സിപിഐ, വിസികെ എന്നീ പാര്‍ട്ടികള്‍ക്കു മന്ത്രിസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്ത് വിജയ്. 118 എംഎല്‍എ മാര്‍ ഒപ്പിട്ട കത്തില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നു ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ കടുപ്പിച്ചതോടെ പിന്തുണ തേടി ടിവികെ നേതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളില്‍ എത്തി.
◾ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിന്റെ ടിവികെയെ മന്ത്രിസഭ രൂപീകരിക്കാന്‍ അനുമതി നല്‍കാത്ത ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയിനെ അനുവദിക്കണമെന്ന് ഡിഎംകെ, എംഎന്‍എം, വിസികെ, സിപിഐ എന്നീ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ടിവികെ നേതാവ് വിജയ്യെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് സിപിഎം തമിഴ്‌നാട് ഘടകം ആവശ്യപ്പെട്ടു.
◾ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം പിരിഞ്ഞെന്ന് ഡിഎംകെ. നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനു പിറകേ, ദേശീയ തലത്തിലുള്ള 'ഇന്ത്യ' മുന്നണി തന്നെ ഇല്ലാതായെന്ന് ഡിഎംകെ പ്രഖ്യാപിച്ചു.
◾ മഹാരാഷ്ട്ര നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ലൈംഗികാതിക്രമ, നിര്‍ബന്ധിത മതപരിവര്‍ത്തന കേസില്‍ പ്രതിയായ എച്ച് ആര്‍ മാനേജര്‍ നിദ ഖാന്‍ അറസ്റ്റില്‍. 25 ദിവസമായി ഒളിവിലായിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറില്‍നിന്നാണ് പിടികൂടിയത്. ഗര്‍ഭിണിയായതിനാല്‍ മുന്‍കൂര്‍ ജാമ്യം വേണമെന്ന നിദ ഖാന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു.
◾ ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ടിഎംസി എംപി മഹുവ മൊയിത്രയെ അഞ്ചു പുരുഷന്മാര്‍ മുദ്രാവാക്യം വിളിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. തനിക്കു നേരെ 'ചോര്‍ ചോര്‍, ടിഎംസി ചോര്‍, ജയ് ശ്രീറാം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ച് ഉപദ്രവിച്ചെന്നാണ് പരാതി. പാര്‍ലമെന്ററി പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്കു പോകവെയാണ് സംഭവം.
◾ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തോറ്റിട്ടില്ലെന്നും വളരെ പ്രശംസനീയമായ പോരാട്ടമാണ് നടത്തിയതെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തൃണമൂല്‍ പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഇങ്ങനെ പ്രതികരിച്ചത്. മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
◾ ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ യമുന നദിയില്‍ ഒമ്പതു യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി മൂന്നു പേര്‍ മരിച്ചു. കാണാതായ മൂന്നു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. ഒരു സ്ത്രീയുടെയും രണ്ടു കുട്ടികളുടെയും മൃതദേഹമാണ് കണ്ടത്തിയത്. മൂന്നു കുട്ടികളെയാണ് കണ്ടെത്താനുള്ളത്.
◾ മധ്യപ്രദേശിലെ സത്‌നയിലെ ഒരു വനിതാ ജയില്‍ ഉദ്യോഗസ്ഥ, കൊലക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിച്ച മുന്‍ തടവുകാരനെ വിവാഹം കഴിച്ചു. സത്‌ന സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖാത്തൂണാണ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ധര്‍മേന്ദ്ര സിങ്ങിനെ വിവാഹം കഴിച്ചത്. ജയിലില്‍ ആരംഭിച്ച ബന്ധം ഒടുവില്‍ വിവാഹത്തില്‍ കലാശിക്കുകയായിരുന്നു.
◾ മുംബൈയില്‍ ഒരു കുടുംബത്തിലെ നാലു പേരുടെ മരണത്തിനു കാരണമായത് തണ്ണിമത്തനോ ഭക്ഷ്യവിഷബാധയോ അല്ലന്നും മറിച്ച് തണ്ണിമത്തന്‍ അടക്കമുള്ള പഴങ്ങളിലൂടെ ശരീരത്തിലെത്തിയ എലിവിഷമാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട്.
◾ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ടാങ്കറിനു നേരെ യുഎസ് സൈന്യം ആക്രമണം നടത്തി. ഇറാനിലെ ക്വേഷം തുറമുഖത്തും ബന്ദര്‍ അബ്ബാസ് തുറമുഖത്തുമായാണ് യുഎസ് സൈന്യത്തിന്റെ ആക്രമണം ഉണ്ടായത്. രണ്ട് ഡ്രോണുകളെ ഇറാന്‍ സൈന്യം വെടിവച്ചിട്ടു.
◾ ചൈനീസ് മുന്‍ പ്രതിരോധ മന്ത്രിമാരായ വേ ഫെംഗെയ്ക്കും ലി ഷാങ്ഫുവിനും അഴിമതിക്കേസില്‍ വധശിക്ഷ വിധിച്ചുകൊണ്ട് ഷി ജിന്‍പിങ് സര്‍ക്കാര്‍. ലി ഷാങ്ഫു വന്‍ തുകകളും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കൂലിയായി വാങ്ങിയെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
◾ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭം കൈവരിച്ച എമിറേറ്റ്‌സ് ഗ്രൂപ്പ് 1.3 ലക്ഷത്തിലധികം ജീവനക്കാര്‍ക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ചു.
◾ നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഒമ്പതു റണ്‍സിന് തകര്‍ത്ത് ലക്നൗ സൂപ്പര്‍ ജയന്റ്സ് പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തി. മഴ പലവട്ടം വില്ലനായപ്പോള്‍ 19 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് 19 ഓവറില്‍ 203 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 56 പന്തില്‍ 111 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ലക്നൗവിന്റെ ടോപ് സ്‌കോറര്‍. 31 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പാട്ടീദാറാണ് ആര്‍സിബിയുടെ താരം. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചബെംഗളൂരുവിന്റെ ടിം ഡേവിഡും (17 പന്തില്‍ 40) ക്രുനാല്‍ പാണ്ഡ്യയും(16 പന്തില്‍ 28), റൊമാരിയോ ഷെപ്പേര്‍ഡും(15 പന്തില്‍ 23) പൊരുതി നോക്കിയെങ്കിലും 9 റണ്‍സകലെ അടിതെറ്റി വീണു.
◾ ഐപിഎല്‍ ഫൈനല്‍ വേദി ബിസിസിഐ ബെംഗളൂരുവില്‍നിന്ന് മാറ്റിയത് പതിനായിരം സൗജന്യ ടിക്കറ്റുകള്‍ അധികമായി ആവശ്യപ്പെട്ടതിനാലാണെന്ന് റിപ്പോര്‍ട്ട്. ചട്ടപ്രകാരം സീറ്റുകളുടെ 15 ശതമാനമാണ് ആതിഥേയ അസോസിയേഷന് സൗജന്യമായി നല്‍കുന്നത്. എന്നാല്‍ കര്‍ണാടകത്തിലെ രാഷ്ട്രീയക്കാര്‍ക്കും മറ്റുമായി പതിനായിരം സൗജന്യ ടിക്കറ്റുകള്‍കൂടി നല്‍കണമെന്നു കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടതാണു വേദി മാറ്റാന്‍ കാരണമെന്നു ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
◾ എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ 1455.14 കോടി രൂപയാണ് അറ്റാദായം. 2024-25 ല്‍ 1302.88 കോടി രൂപയായിരുന്നു. 11.69% വളര്‍ച്ച. എക്കാലത്തെയും ഉയര്‍ന്ന മൊത്ത ബിസിനസും നേടി. 2,23,620 കോടി രൂപ. പ്രവര്‍ത്തന ലാഭത്തിലും റെക്കോര്‍ഡ് നേട്ടമുണ്ട്. 2,373 കോടി രൂപ. പലിശയിതര വരുമാനമായി നേടിയ 2,009 കോടി രൂപയും ചരിത്ര നേട്ടമാണ്. 45% ലാഭവിഹിതവും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 0.92 ശതമാനത്തില്‍ നിന്നു 0.29 ശതമാനമായി കുറഞ്ഞു. റീട്ടെയ്ല്‍ നിക്ഷേപം 1,04,750 കോടി രൂപയില്‍ നിന്ന് 1,20,116 കോടി രൂപയായി. 14.67% വര്‍ധന. എന്‍ആര്‍ഐ നിക്ഷേപം 31,602 കോടി രൂപയില്‍ നിന്നു 11.92% വര്‍ധിച്ചു 35,371 കോടി രൂപയായി. മൊത്ത വായ്പകള്‍ 87,579 കോടി രൂപയില്‍ നിന്ന് 1,00,274 കോടി രൂപയായി; 14.50% വര്‍ധന. സ്വര്‍ണ വായ്പ 16,982 കോടി രൂപയില്‍ നിന്ന് 24,729 കോടി രൂപയായി.
◾ ഇന്ത്യന്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മത്സരം കടുപ്പിക്കാന്‍ ചൈനീസ് ബ്രാന്‍ഡായ വിവോ പുതിയ രണ്ട് മോഡലുകള്‍ അവതരിപ്പിച്ചു. വിവോ എക്സ്300 അള്‍ട്രാ, എക്സ്300 എഫ്ഇ എന്നീ മോഡലുകളാണ് വിപണി പിടിക്കാനായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറയിലൂടെ ഉപയോക്താക്കളെ കൈയിലെടുക്കുക എന്നതാണ് വിവോ ഈ മോഡലുകളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എക്സ്300 എഫ്ഇ പ്രീമിയം വിഭാഗത്തിലേക്ക് കടക്കുന്നവരെ ഉദ്ദേശിച്ചുള്ള മോഡലാണ്. എക്സ്300 അള്‍ട്രയാകട്ടെ പ്രെഫഷണല്‍ ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള വിഭാഗത്തിനായും അവതരിപ്പിച്ചിരിക്കുന്നു. എക്സ്300 എഫ്ഇ 79,999 രൂപയില്‍ ആരംഭിക്കുന്നു. 12 ജിബി റാം, 256 ജിബി സ്റ്റോറേജും ഉള്‍ക്കൊള്ളുന്നതാണ് ഈ മോഡല്‍. 12 ജിബി+512ജിബി വേര്‍ഷന്റെ വില 89,999 രൂപയാണ്. വിവോ എക്സ്300 അള്‍ട്ര മോഡലിന്റെ വില ആരംഭിക്കുന്നത് 1,59,999 രൂപയിലാണ്. 16 ജിബി+512ജിബി മോഡലിനാണ് ഈ വില. 6500 എംഎഎച്ച് ബാറ്ററിയുമുണ്ട്. വില്പന മേയ് 14 മുതല്‍.
◾ ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത മലയാളത്തിലെ ക്ലാസിക് ചിത്രം 'അമ്മ അറിയാന്‍' 4കെ പതിപ്പ് കാനില്‍ മെയ് 16 ന് പ്രദര്‍ശിപ്പിക്കും. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചിത്രം റീസ്റ്റോര്‍ ചെയ്തത്. ഈ വര്‍ഷം കാനിലെ ലോക ക്ലാസിക് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ ചിത്രം കൂടിയാണ് അമ്മ അറിയാന്‍. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ റീസ്റ്റോര്‍ ചെയ്ത് കാനിലെ വേള്‍ഡ് ക്ലാസിക് വിഭാഗത്തില്‍ തുടര്‍ച്ചയായി പ്രദര്‍ശിക്കുന്ന ആറാം ചിത്രം കൂടിയാണ് അമ്മ അറിയാന്‍. നേരത്തെ ജി അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ്, അരിഭം ശ്യാം ശര്‍മ്മയുടെ ഇഷനൗ, ശ്യാം ബെനഗലിന്റെ മന്തന്‍, സത്യജിത് റേയുടെ അരണ്യര്‍ ദിന്‍ രാത്രി, സുമിത്ര പെരീസിന്റെ ഗെഹെനു ലാമായ് തുടങ്ങീ ചിത്രങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1986 ല്‍ പുറത്തിറങ്ങിയ ചിത്രം വേണു ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ബീന പോള്‍ എഡിറ്റ് ചെയ്ത ചിത്രത്തില്‍ ജോയ് മാത്യു ആണ് പ്രധാന കഥാപാത്രമായെത്തിയത്.
◾ ഷെയ്ന്‍ നിഗത്തെ നായകനാക്കി മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃഢം' മേയ് എട്ടിന് തിയേറ്ററുകളിലെത്തും. ഷോബി തിലകന്‍, കോട്ടയം രമേശ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, മാത്യു വര്‍ഗീസ്, ജോജി കെ. ജോണ്‍, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രന്‍, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഏറെ ആഗ്രഹത്തോടെയും അതിലേറെ ആത്മവിശ്വാസത്തോടെയും നാട്ടിന്‍പുറത്തെ പൊലീസ് സ്റ്റേഷനില്‍ വിജയ് രാധാകൃഷ്ണന്‍ ചാര്‍ജെടുക്കുന്നതും തുടര്‍ന്ന് ഒട്ടും പ്രതീക്ഷിക്കാതെ എത്തുന്ന ചില പ്രശ്നങ്ങളുടെ സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. കൊറോണ പേപ്പേഴ്സ്, വേല എന്നീ ചിത്രങ്ങള്‍ക്കു ശേഷം വേറിട്ട പോലീസ് കഥാപാത്രമായ വിജയ് രാധാകൃഷ്ണനെ ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നു. ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.
◾ ഇലക്ട്രിക് സ്‌കൂട്ടറായ ടിവിഎസ് ഐക്യൂബ് എസിന്റെ പുതിയ പതിപ്പ് പുറത്തിറക്കി ടിവിഎസ് മോട്ടോര്‍. 4.7 കിലോവാട്ട്അവര്‍ ബാറ്ററി പാക്കോടു കൂടിയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്. 1,37,142 രൂപയാണ് വില. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 175 കിലോമീറ്റര്‍ വാഗ്ദാനം ചെയ്യുന്നു. പേര്‍പ്പിള്‍ ബീജ്, ബ്ലൂ ബീജ് എന്നീ രണ്ട് പുതിയ ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും സ്‌കൂട്ടര്‍ ലഭ്യമാണ്. ബ്രേക്കിങ്ങിനായി ഡിസ്‌ക്-ഡ്രം കോമ്പിനേഷനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ 4.4 കിലോവാട്ട് മോട്ടോര്‍ പരമാവധി 82 കിലോമീറ്റര്‍ വേഗം നല്‍കുന്നു. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4.3 സെക്കന്‍ഡ് മതി. പ്രധാന വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വലിയ ടിഎഫ്ടി സ്‌ക്രീന്‍ ഇതിലുണ്ട്. 32 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ്, യുഎസ്ബി ചാര്‍ജര്‍, നാവിഗേഷന്‍, സ്മാര്‍ട്ട്ഫോണ്‍ അലര്‍ട്ടുകള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 12 ഇഞ്ച് വീലുകളുള്ള സ്‌കൂട്ടറില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷനായി നല്‍കിയിരിക്കുന്നു.
◾ കള്ളങ്ങള്‍ സത്യത്തെക്കാള്‍ കരുത്താര്‍ജ്ജിക്കുന്ന ഈ യുഗത്തില്‍, നുണകള്‍കൊണ്ട് മെനഞ്ഞെടുത്ത അലസജീവിതത്തിലൂടെ ഇഴഞ്ഞുജീവിക്കുന്ന ഒരുവന്‍. വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഭയന്ന്, ഉത്തരവാദിത്വങ്ങളില്‍നിന്നും നിരന്തരം ഓടിയൊളിച്ച ഭൂപന്‍ അവസാനം ചെന്നുചേര്‍ന്നത് അയാളുടെ ഭാവിയെ മുഴുവന്‍ ഇല്ലായ്മ ചെയ്യാന്‍ ശേഷിയുള്ള ഒരു പ്രവൃത്തിയിലായിരുന്നു. വെറുപ്പിന്റെ ലോകത്തിലേക്ക് വ്യക്തിയും ദേശവും പരിണാമം ചെയ്യപ്പെടുന്നതിന്റെ വാങ്മയ ചിത്രം. സുരേന്ദ്രന്‍ മങ്ങാട്ടിന്റെ ഏറ്റവും പുതിയ നോവല്‍. 'ഉരഗം'. മാതൃഭൂമി. വില 170 രൂപ.
◾ കുടവയര്‍ കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കുമെന്ന് പഠനം. ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന വസ്തുവാണ് തടികുറയ്ക്കാന്‍ സഹായിക്കുന്നത്. അതുപോലെ തന്നെ ദഹനപ്രശ്‌നങ്ങള്‍ക്കും ഇഞ്ചി ഒരു പരിഹാരമാണ്. ആര്‍ത്തവ സംബന്ധമായുള്ള വയറു വേദനയ്ക്കും ഇഞ്ചി നീര് കഴിച്ചാല്‍ ആശ്വാസം ലഭിക്കും. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്‌ഡോമിനല്‍ ഒബിസിറ്റി അഥവാ സെന്‍ട്രല്‍ ഒബിസിറ്റി. ഇതു വെറും ഒരു ശരീര അഴകിന്റെ മാത്രം പ്രശ്‌നമായി കാണാവുന്ന ഒന്നല്ല. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാം. കൊഴുപ്പ് രണ്ട് തരത്തിലാണ് വയറുഭാഗത്ത് രൂപപ്പെടുന്നത്. ഒന്ന് തൊലിക്കടിയില്‍ രൂപപ്പെടുന്ന സബ്കൂട്ടേനിയസ് ഫാറ്റ്. ഇത്തരത്തിലുള്ള കൊഴുപ്പ് വയറുഭാഗത്ത് മാത്രമല്ല ശരീരത്തിലെവിടെയും രൂപപ്പെടാം. എന്നാല്‍ വയറിനുള്ളില്‍ രൂപപ്പെടുന്ന വിസറല്‍ ഫാറ്റ് അപകടകാരിയാണ്. ഇത് ആന്തരികാവയവങ്ങളുടെ ചുറ്റുമാണ് രൂപപ്പെടുന്നത്. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് ഒരു കഷ്ണം ഇഞ്ചി കടിച്ചു ചവച്ചു കഴിക്കുക. രാവിലെയും വൈകിട്ടും ഉച്ചയ്ക്കും ഇത് തുടരുക. ഇത് നിങ്ങളുടെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇഞ്ചി ചതച്ച് ഇതില്‍ അല്‍പ്പം ചെറുനാരങ്ങനീരും ഉപ്പും ചേര്‍ത്ത് കഴിക്കുന്നതും വയര്‍ കുറയാന്‍ സഹായിക്കും. ഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം ഈ വെള്ളം ഊറ്റിയെടുത്തു ചെറുനാരങ്ങ നീരും തേനും ചേര്‍ത്തു ദിവസവും മൂന്ന് തവണ കഴിക്കുന്നത് നല്ലതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ഇംഗ്ലണ്ടിലെ വെസ്‌ക്കസിലെ രാജാവായിരുന്നു ആല്‍ഫ്രഡ്. ഒരിക്കല്‍ അദ്ദേഹത്തിന്റെ രാജ്യത്ത് സമുദ്രസഞ്ചാരികളുടെ ആക്രമണമുണ്ടായി. തുടക്കത്തില്‍ അവരുടെ ശല്യമൊഴിവാക്കാനായി അദ്ദേഹം അവര്‍ക്ക് കപ്പം കൊടുത്തു പ്രീതിപ്പെടുത്തി. പിന്നീട് ഒഴിവാക്കാന്‍ നോക്കിയ ശ്രമം യുദ്ധത്തില്‍ ചെന്നെത്തി. പക്ഷേ, ശക്തരായ അവരെ നേരിടാനാകാതെ യുദ്ധമുഖത്ത് നിന്ന് ആല്‍ഫ്രഡ് പിന്തിരിഞ്ഞോടി. ആട്ടിടയന്റെ വേഷം ധരിച്ചാണ് അദ്ദേഹം പിന്നീടുളള കാലം ജീവിച്ചത്. ഒരിക്കല്‍ വിശന്നുവലഞ്ഞ് ഗ്രാമാതിര്‍ത്തിയിലെത്തിയ അദ്ദേഹം ഒരു കുടിലില്‍ അഭയം തേടി. ഭക്ഷണം നല്‍കാനായി അവിടത്തെ ഗൃഹനാഥ റൊട്ടിയുണ്ടാക്കാനായി മാവ് കുഴച്ച് തീക്കനലില്‍ വെച്ചു. ആല്‍ഫ്രഡിനോട് റൊട്ടികരിയാതെ നോക്കണമെന്ന് പറഞ്ഞ്, പശുവിനെ കറന്ന് പാല്‍എടുക്കാന്‍ പുറത്ത്പോയി. തന്റെ പരാജയകഥയോര്‍ത്തിരുന്ന അദ്ദേഹം റൊട്ടിയുടെ കാര്യം മറന്നു. അവര്‍ വന്നപ്പോള്‍ റൊട്ടികരിഞ്ഞിരിക്കുന്നത് കണ്ടു ദേഷ്യപ്പെട്ടു: ഒരു ജോലി ഏറ്റെടുത്താന്‍ അത് ചെയ്യണം, മടിപിടിച്ചിരിക്കുകയല്ല വേണ്ടത്.. ഇത് കേട്ടാണ് അവിടത്തെ ഗൃഹനാഥന്‍ എത്തുന്നത്. അയാള്‍ രാജാവിനെ തിരിച്ചറിഞ്ഞു. ഭാര്യയോട് മാപ്പ് പറയാനും ആവശ്യപ്പെട്ടു. രാജാവ് പറഞ്ഞു: റൊട്ടികരിയാതെ നോക്കിക്കൊള്ളാമെന്ന് വാക്ക് കൊടുത്തത് ഞാനാണ്. അതുകൊണ്ട് ഈ ശാസനക്ക് ഞാന്‍ അര്‍ഹനാണ്. ഒരു കടമ ഏറ്റെടുത്താല്‍ അത് ചെറുതാണെങ്കിലും കൃത്യതയോടെ ചെയ്യണം.. അദ്ദേഹം പുഞ്ചിരിച്ചു. ഭക്ഷണ ശേഷം തന്റെ നാട്ടിലേക്ക് തിരിച്ച അദ്ദേഹം തന്റെ അണികളെ ഒന്നിച്ച് ചേര്‍ത്ത് അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി സ്വന്തം രാജ്യം പോരാടി തിരിച്ചുപിടിച്ചു. ജീവിതം മഹത്വപൂര്‍ണ്ണമാകുന്നത് നാം നമ്മുടെ കടമകള്‍ നിര്‍വ്വഹിക്കുമ്പോഴാണ്.. നമ്മുടെ ജീവിതവും മഹത്വപൂര്‍ണ്ണമായി മാറട്ടെ - ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ