പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ...

2026  മെയ് 02, ശനി
1201  മേടം 19, വിശാഖം
1447  ദുൽഖഅ്ദ 14

◾  വാണിജ്യ ഗ്യാസ് സിലിണ്ടറിനു തീവില. വോട്ടെടുപ്പു കഴിഞ്ഞതിനു പിറകേ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ കുത്തനെ കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന്റെ കൊച്ചിയിലെ വില 3085 രൂപയായി. ഒറ്റത്തവണ ഇത്രയും ഭീമമായ വിലവര്‍ധന ഇതാദ്യമാണ്.  

◾  വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് മേയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

◾  പശ്ചിമബംഗാളില്‍ വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ നിയമിച്ചതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍. അവധി ദിനമാണെങ്കിലും ഹര്‍ജി നാളെ പരിഗണിക്കും. മേയ് നാലിനു നടക്കുന്ന വോട്ടെണ്ണലിന്റെ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്‍കുന്നത് കൃത്രിമം കാണിക്കാനാണെന്നാണ് ആരോപണം.  


◾  ഇരിങ്ങാലക്കുടയിലും അങ്കമാലിയിലും ആന ഇടഞ്ഞ് രണ്ടു പേരെ ചവിട്ടിക്കൊന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച വാഴ്വാടി കാശിനാഥന്‍ എന്ന ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന്‍ ശ്രീക്കുട്ടനാണു (25) മരിച്ചത്. മറ്റൊരു പാപ്പാനായ അമല്‍ (28) പരിക്കേറ്റു ചികില്‍സയിലാണ്. ശ്രീക്കുട്ടനു നെഞ്ചിലാണു ചവിട്ടേറ്റത്. അങ്കമാലിയിലെ കിടങ്ങൂരില്‍ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവര്‍ വിഷ്ണുവാണു മരിച്ചത്. രണ്ടാം പാപ്പാന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്കു പരിക്കേറ്റു.

◾  പേവിഷബാധ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ നിന്നിറങ്ങിയോടി ഓടയില്‍ ചാടിയ ആള്‍ മരിച്ചു. നെയ്യാറ്റിന്‍കര ചെങ്കല്‍ വട്ടവിള സ്വദേശി രാജേന്ദ്രനാണു മരിച്ചത്. തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ ജംഗ്ഷന് സമീപം ആംബുലന്‍സിലെ ഡ്രൈവറെ ആക്രമിച്ചശേഷമാണു രാജേന്ദ്രന്‍ റോഡിലേക്ക് ഇറങ്ങി ഓടിയത്.

◾  പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. കാര്‍ അപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കുള്ള പോരാട്ടങ്ങളിലൂടെയാണ് ഡിജോ കാപ്പന്‍ ശ്രദ്ധേയനായത്.

◾  പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് മിത്രനികേതന്‍ സ്വദേശി ഷിബിനും യുവതിയുമാണ് തൂങ്ങി മരിച്ചത്. ഓരോ കൈകള്‍ തമ്മില്‍ ചേര്‍ത്ത് കെട്ടിയ നിലയിലായിരുന്നു.

◾  മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്. തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണം. മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാക്കളടക്കം പങ്കെടുത്ത തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

◾  ശബരിമലയില്‍ നടയടച്ച ശേഷമുള്ള വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച യൂട്യൂബര്‍ക്കെതിരെ കേസ്. പത്തനംതിട്ട തലച്ചിറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനീഷിനെതിരെയാണ് പമ്പ പൊലീസ് കേസെടുത്തത്. മൈ സഫാരി വീഡിയോ എന്ന യൂട്യൂബ് ചാനലില്‍ പ്രചരിച്ച 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വിവാദമായതോടെ നീക്കം ചെയ്തു.

◾  കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഒരു മുഖ്യമന്ത്രി വരും. അപ്പോള്‍ മധുരം വിതരണം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

◾  സംസ്ഥാനത്ത് ഇനി പവര്‍ക്കട്ടിനു സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് പൂര്‍ണമായി കുറഞ്ഞു. ഓവര്‍ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമാണ് ഉണ്ടായിരുന്നത്. ഇന്നലെ നിയന്ത്രണം ഉണ്ടായിരുന്നില്ല. വൈദ്യുതി പ്രതിസന്ധി ഇനി ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ. മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

◾  പാര്‍ട്ടി മാറിയിട്ടില്ലെന്നും കൃത്യമായ സമയത്ത് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചെന്നും ജി സുധാകരന്‍. പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയില്ല. പാര്‍ട്ടി അംഗത്വം പുതുക്കാത്തതാണെന്നും ജി സുധാകരന്‍ പറഞ്ഞു.

◾  മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തുന്ന പി വി അന്‍വറുമായുള്ള ഫോണ്‍ വിളിയില്‍ പോലീസ് സൂപ്രണ്ട് സുജിത് ദാസിന് ക്ലീന്‍ ചിറ്റ്. ആഭ്യന്തര വകുപ്പിന്റെ അന്വേഷണ സമിതിയാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്.

◾  ദേശീയപാതയില്‍ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. അര്‍ത്തുങ്കല്‍ അരീപറമ്പില്‍ കളത്തില്‍പറമ്പില്‍ ബിനുവിന്റെ മകന്‍ അഖില്‍ കൃഷ്ണ (22), ചേര്‍ത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില്‍ സുനില്‍ ദാസിന്റെ മകള്‍ അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്.

◾  എക്സിറ്റ് പോള്‍ പ്രവചനങ്ങളെ പൂര്‍ണ്ണമായും തള്ളി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ജനങ്ങള്‍ സര്‍ക്കാരിനൊപ്പമാണെന്നും എല്‍ഡിഎഫിന് അനുകൂലമായ ഫലമായിരിക്കും പുറത്തുവരികയെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

◾  സംസ്ഥാനത്ത് വീണ്ടും മസ്തിഷ്‌കജ്വരം ബാധിച്ചു മരണം. ആലപ്പുഴ സ്വദേശി ആര്യ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

◾  ബംഗളൂരുവില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥി ആദിത്യന്റെ മരണത്തില്‍ കോളേജ് മാനേജ്മെന്റിനെതിരെ കുടുംബം. ആദിത്യന്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാന്‍ മാനേജ്മെന്റ് ശ്രമിക്കുന്നു എന്നാണ് പരാതി.

◾  ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞനും വലിയമല പ്രോജക്ടിന്റെ മുന്‍ ഡയറക്ടറുമായിരുന്ന, ശാസ്തമംഗലം ലുമിയര്‍ വീട്ടില്‍ എം.കെ. അബ്ദുല്‍ മജീദ് (86) അന്തരിച്ചു.

◾  ആലപ്പുഴ കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ അഞ്ചുപേര്‍ക്കു തെരുവുനായയുടെ കടിയേറ്റു. നായയെ നേരത്തെ പാമ്പുകടിച്ചതായി നാട്ടുകാര്‍ പറയുന്നു. വിഷബാധയേറ്റെന്നു സംശയിക്കുന്ന നായ ഓടിനടന്ന് ആളുകളെ കടിച്ചശേഷം ചത്തു. നായയുടെ കടിയേറ്റവര്‍ ചികില്‍സ തേടിയിട്ടുണ്ട്.

◾  തൃശ്ശൂര്‍ അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ നിന്ന് ആറ് എല്ലിന്‍ കഷ്ണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും ലഭിച്ചു. വാടകയ്ക്കു താമസിക്കുന്നയാള്‍ വെള്ളം കോരുന്നതിനിടെയാണ് കിണറില്‍ ചാക്കു കണ്ടെത്തിയത്. ഉടനേ പോലീസില്‍ അറിയിക്കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

◾  ബൈക്കില്‍ ഇടിച്ച കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. തിരുവനന്തപുരം ആനാട് ഉണ്ടായ അപകടത്തില്‍ . പാണയം സ്വദേശി വിനയകുമാറാണ് മരിച്ചത്.

◾  പഞ്ചാബ് നിയമസഭയില്‍ ഭഗവന്ത് മാന്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 117 അംഗ നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിയുടെ 94 എംഎല്‍എമാരുടെ പിന്തുണയും മാന്‍ മന്ത്രിസഭയ്ക്കു ലഭിച്ചു. പകുതിയിലേറെ എംഎല്‍എമാരും ബിജെപിയിലേക്കു വരുമെന്നു പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്ന രാഘവ് ചദ്ദയുടെ നേതൃത്വത്തിലുള്ള ഏഴു രാജ്യസഭാ അംഗങ്ങള്‍ അവകാശപ്പെട്ടിരുന്നു.

◾  സുപ്രീം കോടതിയില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ഓഗസ്റ്റ് 21, 22, 23 തീയതികളില്‍ പ്രത്യേക അദാലത്ത്. കേരളത്തില്‍ നിന്നുള്ള 1,686 കേസുകള്‍ അദാലത്തില്‍ പരിഗണിക്കും. ഇതില്‍ 451 കേസുകള്‍ വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ്. സംസ്ഥാന സര്‍ക്കാരും വിവിധ വകുപ്പുകളും കക്ഷികളായ 591 കേസുകളുമുണ്ട്. ആദ്യം മധ്യസ്ഥ ചര്‍ച്ച നടത്തും.

◾  ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ പെണ്‍കുട്ടിക്കു ഗര്‍ഭച്ഛിദ്രം വേണമോയെന്ന് പെണ്‍കുട്ടിയും കുടുംബവും തീരുമാനിക്കട്ടെയെന്നു സുപ്രീം കോടതി. ആഗ്രഹിക്കാത്ത ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാനാവില്ലെന്നും കുട്ടി പഠിക്കേണ്ട സമയമാണെന്നും ആ കുട്ടിയോട് അമ്മയാകാന്‍ പറയാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ഗര്‍ഭസ്ഥശിശുവിന് 30 ആഴ്ച പ്രായമുള്ളതിനാല്‍ ഗര്‍ഭഛിദ്രം ആശാസ്യമല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകര്‍ വാദിച്ചത്.

◾  രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിനു പിറകേ, ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിനു ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും ഫെബ്രുവരി മുതല്‍ ഇതുവരെ വാണിജ്യ സിലിണ്ടറിന് 1380 രൂപയാണ് വര്‍ധിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വാണിജ്യ ഗ്യാസ് വില വര്‍ധിപ്പിച്ച തീരുമാനം ജനദ്രോഹമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

◾  വിമാന ഇന്ധനവില വന്‍തോതില്‍ വര്‍ദ്ധിച്ചതിനാല്‍ എയര്‍ ഇന്ത്യ ആദായകരമല്ലാത്ത രാജ്യാന്തര സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു. ജൂലൈ മാസം വരെ സര്‍വീസുകളില്‍ നിയന്ത്രണമുണ്ടാകുമെന്ന് എയര്‍ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ക്യാമ്പ്‌ബെല്‍ വിത്സണ്‍ അറിയിച്ചു.

◾  ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭുയാന്‍ വ്യാജ രേഖ ചമച്ചെന്ന് ആരോപിച്ചതിന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്കെതിരേ ജാമ്യമില്ലാത്ത ക്രിമിനല്‍ കേസെടുത്തിരിക്കേ, സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പവന്‍ ഖേരയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ അദ്ധ്യക്ഷതയിലുള്ള ബഞ്ച് വ്യക്തമാക്കി.

◾  ദേശീയ പാതകളില്‍ ഇനി ടോള്‍ നല്‍കാന്‍ വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ടതില്ല. രാജ്യത്തെ ആദ്യത്തെ ബാരിയര്‍ രഹിത ടോള്‍ പ്ലാസ മുംബൈ-ഡല്‍ഹി എന്‍എച്ച് 48 ദേശീയപാതയില്‍ ആരംഭിച്ചു. സുറത്തിനടുത്തുള്ള ചോര്യാസി ടോള്‍ പ്ലാസയിലാണ് വാഹനങ്ങള്‍ക്ക് വേഗത കുറയ്ക്കാതെ കടന്നുപോകാന്‍ കഴിയുന്ന ഈ നൂതന സംവിധാനം.

◾  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് നിയമസഭയില്‍ എത്തിയത് മദ്യപിച്ചാണെന്ന് സ്വാതി മലിവാള്‍ എംപി. മന്‍  പരിശോധനയ്ക്കു തയ്യാറാകണമെന്നും തെളിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും സ്വാതി മലിവാള്‍. സഭയില്‍ മന്‍ സംസാരിക്കുന്ന വീഡിയോ എക്സില്‍ പങ്കുവച്ചാണ് സ്വാതി മലിവാളിന്റെ ആരോപണം.

◾  പശ്ചിമ ബംഗാളില്‍ ജനവിധി അട്ടിമറിക്കാന്‍ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടിംഗ് മെഷീനില്‍ തിരിമറിക്കു ശ്രമിച്ചെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. അര്‍ദ്ധരാത്രിവരെ കൊല്‍ക്കത്തയിലെ സ്ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ മമതയുടെ നേതൃത്വത്തില്‍ ടിഎംസി നേതാക്കള്‍ പ്രതിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു.

◾  യുദ്ധംമൂലം നിര്‍ത്തിവച്ചിരുന്ന ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ പുനരാരംഭിച്ചു.

◾  തമിഴ്നാട് തൃച്ചിയില്‍ തമിഴക വെട്രി കഴകത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. ശ്രീരംഗം മണ്ഡലത്തിന്റെ പരിധിയിലുള്ള പേട്ടവയത്തലൈയില്‍ സ്ഥാനാര്‍ഥിയായ രമേശിന്റെ ഓഫീസാണ് ആക്രമണത്തിനിരയായത്. ഓഫീസില്‍ ഉണ്ടായിരുന്ന മുഴുവന്‍ ബാനറുകളും വലിച്ചുകീറി. പോലീസ് കേസെടുത്തു.

◾  വിദേശത്തുള്ള ഇന്ത്യന്‍ വംശജര്‍ക്ക് നല്‍കുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുമായി ബന്ധപ്പെട്ട പൗരത്വ ചട്ടങ്ങളില്‍ സുപ്രധാനമായ ഭേദഗതികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാരുടെ പങ്കാളികള്‍ക്കും ഇനി മുതല്‍ ഒ.സി.

◾  പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീ പോളിംഗ്. സൗത്ത് 24 പര്‍ഗാനസിലെ 2 മണ്ഡലങ്ങളിലായാണ് റീ പോളിംഗ് നടക്കുക. വോട്ടിംഗ് മെഷീനില്‍ ടേപ്പ് ഒട്ടിച്ചതടക്കം പരാതി ഉയര്‍ന്ന ഇടങ്ങളിലാണ് ഇപ്പോള്‍ റീപോളിംഗ് നടത്തുന്നത്.

◾  പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിന് സമ്മര്‍ദ്ദം ചെലുത്തി എണ്ണ കമ്പനികള്‍. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കഴിഞ്ഞ മാസം പതിനഞ്ച് ശതമാനം കുറഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

◾  നേരിട്ട അനീതി കാരണമാണ് അഭിഭാഷകന്‍ ആയതെന്ന് രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളന്‍. 31 വര്‍ഷത്തെ ജയില്‍വാസത്തില്‍ പലതും മനസിലാക്കി. നീതി ലഭിക്കാത്തവര്‍ക്കായി പൊരുതും. തടവുകാരുടെ അവകാശങ്ങള്‍ക്കായി ശബ്ദിക്കുമെന്നും പ്രചോദനം ആയത് ജസ്റ്റിസ് കൃഷ്ണയ്യര്‍ ആണെന്നും പേരറിവാളന്‍ പറഞ്ഞു.

◾  ആന്ധ്ര പ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയായ 26 വയസ്സുകാരന്‍ ചന്തു യുഎസില്‍ ജീവനൊടുക്കി. ചിക്കാഗോയിലെ ഡിപോള്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ചന്തു, ജോലി കണ്ടെത്താനാകാതെയാണു ജീവനൊടുക്കിയതെന്നാണു റിപ്പോര്‍ട്ട്.

◾  അമേരിക്ക യുദ്ധം പുനരാരംഭിക്കാന്‍ ഒരുങ്ങുന്നതായി സൂചന. 6,500 ടണ്‍ പടക്കോപ്പുകള്‍ യുഎസ് ഇസ്രയേലിലെത്തിച്ചു. രണ്ട് ഭീമന്‍ ചരക്കുകപ്പലുകളിലും നിരവധി വിമാനങ്ങളിലുമായി എത്തിയ ഈ ആയുധങ്ങള്‍ ഇറാനെതിരായ ശക്തമായ സൈനിക നീക്കത്തിനണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

◾  ഇറാന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ഭരണകൂടത്തിലുള്ളവര്‍ക്കിടയിലുള്ള കടുത്ത ഭിന്നതയാണ് ശാശ്വത പരിഹാരത്തിന് തടസമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബോംബാക്രമണത്തിനു തനിക്കു വ്യക്തിപരമായി താല്‍പ്പര്യമില്ല. എന്നാല്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡില്‍ നിന്ന് സൈനിക നീക്കങ്ങള്‍ക്കുള്ള പുതിയ പ്ലാനുകള്‍ ലഭിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

◾  ചര്‍ച്ചകളില്‍ തീരുമാനമാകുംവരെ ഇറാനിലെ യുറേനിയം ശേഖരം മാറ്റരുതെന്ന് അമേരിക്ക. ആക്രമണം നടന്ന ആണവ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം തുടരരുതെന്നും യുഎസ് മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആവശ്യപ്പെട്ടു.

◾  കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ട്രംപ് മാനസികമായി പ്രാപ്തനാണോ എന്ന് യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റ് പ്രതിനിധി സാറ ജേക്കബ്. പ്രതിരോധ ബജറ്റിനുള്ള ചര്‍ച്ചയ്ക്കിടെ ഉയര്‍ന്ന ഈ ചോദ്യം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ പ്രകോപിപ്പിച്ചു. ഇറാന്‍ യുദ്ധവും ട്രംപിന്റെ വിവാദ സോഷ്യല്‍ മീഡിയ പോസ്റ്റുകളും  സഭയില്‍ ചര്‍ച്ചയായി.

◾  ഇറാനുമായുള്ള യുദ്ധത്തിലൂടെ അമേരിക്കന്‍ സൈന്യത്തിന് വന്‍ സാമ്പത്തിക-ആയുധ നഷ്ടം സംഭവിച്ചതായി വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്. ഏകദേശം 280 കോടി ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ തകര്‍ക്കപ്പെട്ടെന്നാണു റിപ്പോര്‍ട്ട്. യുഎഇയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളോ നാവികസേനാ കപ്പലുകള്‍ക്കുണ്ടായ തകരാറുകളോ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

◾  യൂറോപ്യന്‍ യൂണിയനെതിരേയും 25 ശതമാനം അധിക തീരുവ ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള കാറുകള്‍ക്കും ട്രക്കുകള്‍ക്കും അടുത്തയാഴ്ച മുതല്‍ വില വര്‍ധിക്കും. യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് നടപടി.  

◾  യുഎഇയുടെ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യം വച്ച് പ്രതിദിനം അഞ്ചു മുതല്‍ ഏഴു വരെ ലക്ഷം സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നതായി യുഎഇ ഗവണ്‍മെന്റിന്റെ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചാറ്റ് ജിപിടി പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് സൈബര്‍ കടന്നാക്രമണങ്ങള്‍ നടത്തുന്നതെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഹമദ് അല്‍ കുവൈത്തി പറഞ്ഞു.

◾  യുഎഇയിലെ സ്‌കൂളുകളില്‍ ജൂണ്‍ ഒന്നിനു ക്ലാസുകള്‍ പുനരാരംഭിക്കും. ബലിപെരുന്നാള്‍ അവധിയോടനുബന്ധിച്ച് മെയ് 25 മുതല്‍ 29 വരെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. ശനി, ഞായര്‍ അവധികള്‍ കൂടിയാകുമ്പോള്‍ ആകെ ഒമ്പതു ദിവസത്തെ അവധി ലഭിക്കും.

◾  സമാധാന നൊബേല്‍ പുരസ്‌കാര നാമനിര്‍ദേശ പട്ടികയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരും ഇടംപിടിച്ചെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍, പാക്കിസ്ഥാന്‍, കംബോഡിയ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കള്‍ ട്രംപിനെ നാമനിര്‍ദേശം ചെയ്തതെന്നാണു വിവരം.

◾  ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴു വിക്കറ്റ് ജയം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്. 50 പന്തില്‍ 90 റണ്‍സെടുത്ത റിയാന്‍ പരാഗും 14 പന്തില്‍ 47 റണ്‍സെടുത്ത ഡോണോവന്‍ ഫെരേരയുമാണ് രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അതേസമയം 40 പന്തില്‍ 75 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റേയും 33 പന്തില്‍ 62 റണ്‍സെടുത്ത പതും നിസങ്കയുടേയും മികവിലാണ് ഡല്‍ഹി വിജയം കണ്ടത്. 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി ലക്ഷ്യം മറികടന്നത്.

◾  തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രധാന ബാങ്കുകളിലൊന്നായ ധനലക്ഷ്മി ബാങ്കിന് മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ റെക്കോഡ് നേട്ടം. വരുമാനം 443 കോടി രൂപയായി ഉയര്‍ന്നു. 43 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. ഇത് ചരിത്രത്തിലെ ഉയര്‍ന്ന ത്രൈമാസ ലാഭമാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് സാമ്പത്തികവര്‍ഷം 19.68 ശതമാനം വര്‍ധിച്ച് 33,772 കോടി രൂപയായി. നിക്ഷേപത്തില്‍ വാര്‍ഷിക വളര്‍ച്ച 16.42 ശതമാനമാണ്. നിക്ഷേപം 18,643 കോടി രൂപയായി ഉയര്‍ന്നു. മറ്റ് സ്വകാര്യ ബാങ്കുകള്‍ക്ക് സമാനമായി സ്വര്‍ണവായ്പ 71.41 ശതമാനം വളര്‍ന്നു. ആകെ വായ്പകള്‍ 15,129 കോടി രൂപയായി. വരുമാനം ഉയര്‍ന്നതിനൊപ്പം ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചതും ബാങ്കിന്റെ ലാഭത്തില്‍ പ്രതിഫലിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭം 103 കോടി രൂപയാണ്. തൊട്ടു മുന്‍വര്‍ഷം ലാഭം 67 കോടിയായിരുന്നു.

◾  സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഇനി വ്യക്തി വിവരങ്ങള്‍ ഗൂഗിള്‍ സേര്‍ച്ചില്‍ നിന്ന് ഒഴിവാക്കാം. ഗൂഗിള്‍ ആപ് തുറക്കുക, വലതുവശത്ത് മുകളിലായുള്ള പ്രൊഫൈല്‍ പിക്ചറില്‍ ടാപ് ചെയ്താല്‍ ഏറ്റവും താഴെ 'റിസള്‍ട്ട്‌സ് എബൗട്ട് യൂ' എന്ന ഓപ്ഷന്‍ കാണാം. 'ടേണ്‍ ഓണ്‍ മോണിറ്ററിംഗ്' എന്നയിടത്ത് പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ നല്‍കാം. ഒന്നിലേറെ ഫോണ്‍ നമ്പറുകള്‍, പേരുകള്‍, ഇമെയില്‍ ഉണ്ടെങ്കില്‍ അവയും നല്‍കാം.'ഐ കണ്‍ഫേം..' നല്‍കി സേവ് ചെയ്യുക. ഇതോടെ ഒരു ഗൂഗിള്‍ സേര്‍ച്ചില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ കണ്ടാല്‍ ഗൂഗിള്‍ നിങ്ങള്‍ക്ക് ഇമെയില്‍ വഴി അലര്‍ട്ട് നല്‍കും. ഇമെയിലിലെ ലിങ്കില്‍ ക്ലിക് ചെയ്താല്‍ അതു റിവ്യൂ ചെയ്യാം. അതു ഗൂഗിള്‍ സേര്‍ച്ചിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെങ്കില്‍ നിര്‍ദേശം നല്‍കാം. അതോടെ ഗൂഗിളില്‍ നിങ്ങളുടെ പേരും മറ്റും സേര്‍ച് ചെയ്യുന്നവര്‍ക്ക് സേര്‍ച് റിസള്‍ട്ടായി ഈ വിവരം ലഭിക്കില്ല. ഒഴിവാക്കേണ്ടതല്ലെങ്കില്‍ 'മാര്‍ക്ക് ആസ് റിവ്യൂവ്ഡ്' എന്ന ഓപ്ഷന്‍ നല്‍കാം.

◾  സെന്‍സര്‍ ബോര്‍ഡുമായുള്ള നീണ്ട നാളത്തെ പോരാട്ടത്തിനുശേഷം വിജയ് നായകനാകുന്ന 'ജനനായകന്‍' ചിത്രം മേയ് എട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. പൂര്‍ണസമയം രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് മുന്നോടിയായി വിജയ് നായകനാകുന്ന അവസാന ചിത്രം എന്ന നിലയിലാണ് ജനനായകന്‍ ഒരുക്കിയിരിക്കുന്നത്. എച്ച്. വിനോദാണ് സംവിധാനം. അടുത്തിടെ ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നത് ആശങ്കയുണ്ടാക്കിയിരുന്നു. അനിരുദ്ധ് ആണ് സംഗീത സംവിധാനം. ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിജയ് എത്തുന്നത്. ബോളിവുഡ് താരം ബോബി ഡിയോളാണ് പ്രധാന വില്ലനായി അഭിനയിക്കുന്നത്, പൂജ ഹെഗ്‌ഡെ നായികയായും എത്തുന്നു. ഇവരെ കൂടാതെ മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, പ്രിയാമണി, നരേന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

◾  കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'അച്യുത അവതാര'ത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി എന്നെ ഭാഷകളില്‍ എത്തുന്ന ചിത്രം പാന്‍ ഇന്ത്യന്‍ തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈബര്‍ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രം റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറില്‍ രമേശ സി, രുദ്രമൂര്‍ത്തി,രാജേഷ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പ്രമുഖ നര്‍ത്തകിയും താരവുമായ മാളവിക നന്ദന്‍, അവിനാശ് (കാന്താര ഫെയിം), സീമ.ജി.നായര്‍ എന്നിവര്‍ക്കൊപ്പം നിരവധി അന്യഭാഷ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

◾  ജാഗ്വാര്‍ ലാന്‍ഡ് റോവറും ചൈനയിലെ ചെറി ഓട്ടോമൊബൈലും തമ്മിലുള്ള സഹകരണത്തില്‍ നിന്നുള്ള ആദ്യ ഉല്‍പ്പന്നം എത്തി. ഫ്രീലാന്‍ഡര്‍ 8 എന്നാണ് ഇതിന്റെ പേര്. അടുത്തിടെ തിരിച്ചുവരവ് നടത്തിയ ഫ്രീലാന്‍ഡര്‍ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ പ്രൊഡക്ഷന്‍ വാഹനമാണിത്. ഐമാക്സ് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച ഫ്രീലാന്‍ഡര്‍ 8 ബാറ്ററി-ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, എക്സ്റ്റെന്‍ഡഡ്-റേഞ്ച് ഇവി പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവയോടെയാണ് വരുന്നത്. ഇവയെല്ലാം 800വി ആര്‍ക്കിടെക്ചര്‍ ഉപയോഗിക്കുന്നു. ഇവി വകഭേദങ്ങള്‍ 350 കിലോവാട്ട് വരെ അള്‍ട്രാ-ഫാസ്റ്റ് ഡിസി ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. ഇത് ചൈനയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും 2026 ന്റെ രണ്ടാം പകുതിയില്‍ ലോഞ്ച് ചെയ്യുകയും ചെയ്യും. അതിനുശേഷം, യുഎസ് ഒഴികെയുള്ള ഇടത്-കൈ ഡ്രൈവ്, വലത്-കൈ ഡ്രൈവ് വിപണികളില്‍ ഇത് വില്‍ക്കും.

◾  അങ്ങനെയൊരു ദിവസമാണ് റേഡിയോയില്‍ ആ വാര്‍ത്ത കേട്ടത്. അമേരിക്കയിലെ ഏതോ വലിയ പട്ടണത്തില്‍ ബോംബ് വര്‍ഷിക്കപ്പെട്ട വാര്‍ത്ത. കസേരയിലിരിക്കുന്ന സ്ത്രീകളുടെ തലയ്ക്കു മുകളിലൂടെ ഗയ്‌നോര്‍ എന്നെ നോക്കി. ഞങ്ങളുടെ കണ്ണുകളുടക്കി. ആണവദുരന്തം അതിജീവിച്ച്, കുന്നിന്‍ചെരുവിലെ കുടിലില്‍ ഒറ്റപ്പെട്ട റൊവീനയും ഡിലനും ജീവിക്കാന്‍ പുതിയ കഴിവുകള്‍ പഠിക്കേണ്ടതുണ്ട്. 'നെബോയിലെ നീലപുസ്തകം'. മനോന്‍ സ്റ്റെഫാന്‍ റോസ്. വിവര്‍ത്തനം - എം.ശബരീഷ്, ജോസഫ് എ.യു. ഡിസി ബുക്സ്. വില 180 രൂപ.

◾  ആവശ്യത്തിന് ഉറങ്ങിയിട്ടും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം തോന്നുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അഭാവമാകാമെന്ന് പഠനം. നമ്മുടെ ശരീരത്തിന്റെ ഊര്‍ജ്ജനില ക്രമീകരിക്കുന്നതില്‍ ഇരുമ്പിന് വലിയ പങ്കുണ്ട്. ചുവന്ന രക്താണുക്കളില്‍ കാണുന്ന ഇരുമ്പ് അടങ്ങിയ ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഈ ഹീമോഗ്ലോബിനാണ് ശരീരത്തിലുടനീളം ഓക്സിജന്‍ എത്തിക്കുന്നത്. ഇരുമ്പിന്റെ അഭാവം, ഓക്സിജന്‍ വഹിക്കുന്ന ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെയും ബാധിക്കും. ഇത് ക്ഷീണം, ബലഹീനത, തലകറക്കം എന്നിവയ്ക്ക് കാരണമാകും. ആര്‍ത്തവം, ഗര്‍ഭിണികള്‍, സസ്യാഹാരികള്‍, ചില രോഗാവസ്ഥകള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് ഇരുമ്പിന്റെ അഭാവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിറ്റാമിന്‍ സി ഇരുമ്പ് കൂടുതല്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും. ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാന്‍ ഇരുമ്പ് അടങ്ങിയ ഇലക്കറികള്‍, പയറുവര്‍ഗം, ഈന്തപ്പഴം, മാതളനാരങ്ങ തുടങ്ങിയവ ധാരാളം കഴിക്കണം. മുതിര്‍ന്ന പുരുഷന്മാരില്‍ ഇരുമ്പിന്റെ അംശം 8 മില്ലിഗ്രാം മതിയെങ്കില്‍ സ്ത്രീകളില്‍ അത് 18 മില്ലിഗ്രാം ആവശ്യമാണ്. ജാപ്പനീസ് ജേണല്‍ ആയ ക്ലിനിക്കല്‍ ആന്റ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചായ കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം 36 ശതമാനമായും കാപ്പി കുടിക്കുന്നതു കൊണ്ട് ഇരുമ്പിന്റെ ആഗിരണം 62 ശതമാനവുമായി കുറയുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
കടല്‍ത്തീരത്ത് അയാള്‍ പലപ്പോഴും വന്നിരിക്കാറുണ്ട്.  തന്റെ ആശയങ്ങളോട് എതിര്‍പ്പുള്ളവരില്‍ നിന്ന് ഒട്ടേറെ പീഢനങ്ങള്‍ അദ്ദേഹത്തിന് ഏല്‍ക്കേണ്ടി വന്നു. അതില്‍ നിന്നും മുക്തമാകാനാണ് അയാള്‍ കടത്തീരത്ത് വന്നിരിക്കുന്നത്. തിരിച്ചുപോകുമ്പോള്‍ അയാള്‍ ഒരു കല്ല് കടലിലേക്ക് വലിച്ചെറിഞ്ഞാണ് പോകാറ്.  ഇത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ അദ്ദേഹത്തോട് കാര്യമന്വേഷിച്ചു. അയാള്‍ പറഞ്ഞു:  ഞാന്‍ വലിച്ചെറിയുന്നത് വെറുമൊരു കല്ലല്ല.  എനിക്കീ ദുരിതം വന്നല്ലോ എന്ന ഭാവമാണ് എറിഞ്ഞുകളയുന്നത്. എന്നാല്‍ മാത്രമേ തുടര്‍ന്നും എനിക്ക് മുന്നോട്ട് പോകാന്‍ സാധിക്കൂ..  സ്വയം സഹതപിക്കുന്നവരും സ്വയം പ്രചോദിപ്പിക്കുന്നവരുമുണ്ട്.  അടിപതറുമ്പോള്‍ ആരെങ്കിലുമൊക്കെ സഹായത്തിനുണ്ടാകും എന്നത് ഒരു പ്രതീക്ഷമാത്രമാണ്.  പലരും നിസ്സഹായത പറഞ്ഞ് ഒഴിവാക്കും, ചിലര്‍ ഒന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍ അപ്രത്യക്ഷരാകും. ഇവിടെ സ്വയം പിടിച്ചുനില്‍ക്കുക എന്നത് മാത്രമാണ് മാര്‍ഗ്ഗം.  വിലാപകാവ്യം പാടി നടക്കുന്നവര്‍ക്ക് പിന്നീടൊരിക്കലും ധീരമായ ചുവടുവെയ്പുകളോ നേര്‍ക്കാഴ്ചകളോ ഉണ്ടാകില്ല. സ്വയം പ്രചോദിപ്പിക്കുന്നവര്‍ക്ക് ഞാന്‍ ഇതും നേരിടും എന്നതായിരിക്കും ഭാവം. ദുരനുഭവങ്ങളിലൂടെ ചിലര്‍ ശാക്തീകരിക്കപ്പെടും ചിലര്‍ കൂടുതല്‍ ദുര്‍ബലരാകും.   ഓരോ അനുഭവത്തിന് ശേഷവും എന്ത് ശേഖരിച്ചുവെക്കുന്നു, എന്ത് എറിഞ്ഞ് കളയുന്നു എന്നതാണ് പിന്നീട് എന്ത് സംഭവിക്കുന്നു എന്നതിന് അടിസ്ഥാനം.  അപകടരമായതെല്ലാം നമുക്ക് വലിച്ചെറിയാം, ആവശ്യമായതെല്ലാം നമുക്ക് സൂക്ഷിച്ച് വെക്കാം - ശുഭദിനം.