ദിവസങ്ങളോളം നീണ്ട കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കുമൊടുവിൽ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തിരിക്കുകയാണ്. തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട് തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ വിപുലമായ ക്ഷേമപദ്ധതികൾക്കാണ് ഊന്നൽ നൽകിയിരുന്നത്.
അവ എങ്ങനെയെല്ലാം നടപ്പിലാക്കുമെന്നും അതിനായി വിജയും സംഘവുമൊരുക്കുന്ന തന്ത്രങ്ങൾ എന്തൊക്കെയാവുമെന്നുമാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
ഒമ്പത് പ്രധാന വാഗ്ദാനങ്ങൾ ഇവയാണ്
1. 60 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ
2. പ്രതിവർഷം എല്ലാ കുടുംബങ്ങൾക്കും ആറ് സൗജന്യ എൽപിജി സിലിണ്ടർ
3. സാമ്പത്തിക പ്രതിസന്ധിയുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വിവാഹത്തിന് എട്ട് ഗ്രാം സ്വർണം
4. വനിതാ സ്വയം സഹായ സംഘങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത
5. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ്
6. കാർഷിക വായ്‌പകൾ എഴുതി തള്ളും
7. മദ്യരഹിത തമിഴ്‌നാട് ഉദ്യമം ആരംഭിക്കും
8. സുതാര്യവും അഴിമതിരഹിതവുമായ ഭരണം
9. എഐ അധിഷ്ഠിത ഭരണനിർവഹണം. എഐക്ക് പ്രത്യേക വകുപ്പ്
തിങ്കളാഴ്ച തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാഷ്ട്രീയ നിരീക്ഷകരെ വരെ ഞെട്ടിച്ച് വലിയ വിജയമാണ് വിജയ് നേടിയത്. രണ്ട് ദ്രാവിഡ പാർട്ടികൾ അറുപത് വർഷത്തോളം കയ്യടക്കിവെച്ചിരുന്ന ഭരണത്തിനാണ് ഇതോടെ വിരാമമായത്. 234 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 108 സീറ്റുകളാണ് വിജയയുടെ ടിവികെ സ്വന്തമാക്കിയത്. കേവലഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവായിരുന്നു ഉണ്ടായിരുന്നത്.
ഫലം വന്നതോടെ നിഷ്പ്രയാസം വിജയ് അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഗവർണർ രാജേന്ദ്ര ആർലേക്കർ നിലപാട് കടുപ്പിച്ചതോടെ ദ്രാവിഡ പാർട്ടികൾ ഒന്നിച്ച് ഭരിക്കുമെന്ന തരത്തിൽ വരെ റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ ടിവികെയെ പിന്തുണച്ച് ആദ്യം കോൺഗ്രസ് രംഗത്തെത്തി. പിന്നീട് ഡിഎംകെ സഖ്യത്തിൽ മത്സരിച്ച സിപിഐ, സിപിഐഎം എന്നിവരും വിജയ്ക്കൊപ്പം നിൽക്കാൻ തയ്യാറായി. അപ്പോഴും കേവലഭൂരിപക്ഷം തികയ്ക്കാൻ കഴിഞ്ഞില്ല.
വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടിയ സാഹചര്യത്തിൽ ടിവികെ 107, കോൺഗ്രസ് 5, ലെഫ്റ്റ് പാർട്ടികൾ 4 എന്നിങ്ങനെ മുഴുവൻ 116 സീറ്റുകൾ മാത്രമായി. വീണ്ടും രണ്ട് സീറ്റുകളുടെ കുറവുണ്ടായി. 118 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയെ മതിയാകുവെന്ന ഗവർണറുടെ നിലപാട് തുടർന്ന സാഹചര്യത്തിൽ അപ്രതീക്ഷിതമായി ഡിഎംകെ സഖ്യത്തിലുള്ള തോൾ തിരുമാവാലന്റെറെ വിസികെ ടിവികെയ്ക്ക് പിന്തുണ അറിയിച്ചു. ഇതോടെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ ടിവികെയ്ക്ക് കഴിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ ഡിഎംകെയുടെ മറ്റൊരു സഖ്യകക്ഷിയായ മുസ്ലീം ലീഗും വിജയ്ക്ക് പിന്തുണ അറിയിക്കുകയായിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ