ബംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരേ കുടുംബത്തിലെ അഞ്ച് പേരുൾപ്പെടെ ആറ് പേർ വെടിയേറ്റ് മരിച്ചു .
ഭീമാതീരയിലെ ചഡച്ചൻ സ്വദേശികളായ രേവനസിദ്ദപ്പ നിരാലെ, ദുണ്ടപ്പ നിരാലെ, ശിവപുത്ര നിരാലെ, ചന്ദ്രശേഖർ നിരാലെ, രാഹുൽ നിരാലെ, ഇവരുടെ കൃഷിയിടത്തിലെ തൊഴിലാളിയായ ഷബ്ബീർ നദാഫ് എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
പ്രദേശത്തെ പ്രമുഖരായ നിരാലെ, ഗോളഗി എന്നീ രണ്ട് കുടുംബങ്ങൾ തമ്മിൽ ദീർഘനാളായി നിലനിന്നിരുന്ന സ്വത്ത് തർക്കമാണ് ഒടുവിൽ ചോരക്കളിയിൽ കലാശിച്ചത്. ഗോളഗി കുടുംബത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചുകൊണ്ട് നിരാലെ കുടുംബം വിവാദത്തിലായിരുന്ന കൃഷിഭൂമി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നിരാലെ കുടുംബാംഗങ്ങൾ ഈ വയലിൽ വിത്ത് വിതയ്ക്കാനായി എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
വിവരമറിഞ്ഞ് ആയുധങ്ങളുമായി സ്ഥലത്തെത്തിയ ഗോളഗി കുടുംബാംഗങ്ങൾ ഇവരെ തടയുകയായിരുന്നു. തുടർന്നുണ്ടായ രൂക്ഷമായ വാക്കേറ്റത്തിനൊടുവിൽ അക്രമിസംഘം നിരാലെ കുടുംബത്തിന് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന് പുറമെ മാരകായുധങ്ങൾ ഉപയോഗിച്ചും ഇവർക്ക് നേരെ ആക്രമണമുണ്ടായി. അഞ്ച് കുടുംബാംഗങ്ങളും ഇവർക്കൊപ്പം ജോലി ചെയ്യാനെത്തിയ തൊഴിലാളിയുമാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്.
ഞെട്ടിക്കുന്ന കൂട്ടക്കൊലയെത്തുടർന്ന് ഗോവിന്ദപുര ഗ്രാമത്തിൽ കനത്ത സംഘർഷാവസ്ഥയാണ് നിലവിലുള്ളത്. സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ ചഡച്ചൻ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബർഗിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ പ്രതികൾക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ