കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ; ആശമാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ചു; അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും, ഹെല്‍പ്പര്‍മാര്‍ക്കും ആയിരം രൂപ കൂട്ടി.


തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം മാറി വി.ഡി. സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേര്‍ന്ന പ്രഥമ മന്ത്രിസഭാ യോഗത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുടെ ചാകര. തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫ് മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗാരന്റി’യിലെ അഞ്ച് പ്രധാന വാഗ്ദാനങ്ങളില്‍ രണ്ടെണ്ണത്തിനാണ് ആദ്യ ക്യാബിനറ്റ് യോഗത്തില്‍ തന്നെ അംഗീകാരം നല്‍കിയിരിക്കുന്നത്.   

ജൂണ്‍ 15 മുതല്‍ കേരളത്തിലെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനും, രാജ്യത്ത് തന്നെ ആദ്യമായി വയോജനങ്ങള്‍ക്ക് മാത്രമായി പ്രത്യേക സര്‍ക്കാര്‍ വകുപ്പ് രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ആശാ വര്‍ക്കര്‍മാര്‍ക്ക് വേണ്ടിയും പ്രഖ്യാപനമുണ്ടായി. ആദ്യ ഘട്ടത്തില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് മൂവായിരം രൂപ കൂടുതല്‍ നല്‍കും. 

റിട്ടയര്‍മെന്റ് ബെനിഫിറ്റും ആശാ വര്‍ക്കര്‍മാര്‍ക്കുണ്ടാകും. ഇതും ഉടന്‍ പ്രഖ്യാപിക്കും.   വോട്ടര്‍മാരെ, പ്രത്യേകിച്ച് സ്ത്രീകളെയും വയോധികരെയും വലിയ രീതിയില്‍ ആകര്‍ഷിച്ച യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഗാരന്റികള്‍ വെറും വാഗ്ദാനങ്ങള്‍ മാത്രമല്ലെന്ന് തെളിയിക്കുന്നതാണ് സര്‍ക്കാരിന്റെ ഈ അതിവേഗ നീക്കം.

 കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതോടെ അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയ്ക്കും തമിഴ്നാടിനും പിന്നാലെ കേരളവും ഈ വിപ്ലവകരമായ സ്ത്രീശാക്തീകരണ പദ്ധതിയിലേക്ക് ചുവടുവെക്കുകയാണ്. ഇതിനായുള്ള പ്രാഥമിക ഒരുക്കങ്ങളും മറ്റും ജൂണ്‍ 15-നകം പൂര്‍ത്തിയാക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്