NOC ഒഴിവാക്കാനൊരുങ്ങി കേന്ദ്രം; അന്തർസംസ്ഥാനങ്ങളിൽനിന്നുള്ള വാഹന കൈമാറ്റം എളുപ്പമാകും.


സംസ്ഥാനങ്ങൾക്കിടയിൽ വാഹനങ്ങൾ കൈമാറ്റം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി, വാഹനം റജിസ്റ്റർ ചെയ്ത യഥാർഥ സംസ്ഥാനത്തിന്റെ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽനിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) വാങ്ങേണ്ടതിന്റെ ആവശ്യം ഒഴിവാക്കിയേക്കാം. 

നീതി ആയോഗ് രൂപീകരിച്ച സാമ്പത്തികേതര നിയന്ത്രണ പരിഷ്കരണങ്ങൾക്കായുള്ള ഉന്നതതല സമിതിയുടെ ശുപാർശകളിലുള്ള ഈ നിർദേശം നിലവിൽ പരിഗണനയിലാണ്.  ഓട്ടോ-ജനറേറ്റഡ് ക്ലിയറൻസ് സംവിധാനത്തിലൂടെ സംസ്ഥാനാന്തര വാഹന കൈമാറ്റം സാധ്യമാക്കാനും വാഹനങ്ങൾ യഥാർഥത്തിൽ രജിസ്റ്റർ ചെയ്ത സംസ്ഥാനത്ത് നിന്ന് NOC നേടേണ്ടതിന്റെ ആവശ്യം വാഹന ഉടമകൾക്ക് ഒഴിവാക്കാനും സമിതി നിർദേശിച്ചിട്ടുണ്ട്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഈ നിർദേശം പരിശോധിച്ചുവരികയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. സംസ്ഥാനങ്ങൾക്കിടയിൽ വാഹനങ്ങളുടെ പുനർരജിസ്ട്രേഷൻ ലളിതമാക്കാൻ പരിഷ്കരണം സഹായിക്കും.