ക്ഷാമത്തിന് നേരിയ ആശ്വാസം. എല്‍പിജിയുമായി രണ്ട് കപ്പലുകള്‍ കൂടി ഇന്ത്യയിലേക്ക്...


പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകർന്ന് രണ്ട് ഇന്ത്യൻ കപ്പലുകള്‍ കൂടി ഇന്ത്യയിലേക്ക്. ഹോർമുസ് കടലിടുക്ക് കടന്നാണ് കപ്പലുകള്‍ എത്തുന്നത്.

ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ രണ്ട് കപ്പലുകളാണ് വരുന്നത്. നിലവിലെ സ്ഥിതി ഉടൻ മറികടക്കാൻ സാധിക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.

യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചിമേഷ്യൻ കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് രണ്ട് കപ്പലുകള്‍ കൂടി ഇന്ത്യയിലേക്ക് വരുന്നത്.

92,612.59 മെട്രിക് ടണ്‍ എല്‍പിജിയാണ് രണ്ട് കപ്പലുകളില്‍ ഉള്ളത്. 60 ഇന്ത്യൻ നാവികരാണ് കപ്പലില്‍.

ഈ മാസം 26 നും 28 നും ഇടയില്‍ ഇന്ത്യയില്‍ എത്താനാണ് സാധ്യത. എല്‍പിജിയുമായി കഴിഞ്ഞ ദിവസവും രണ്ട് കപ്പലുകള്‍ എത്തിയിരുന്നു.

സംഘർഷത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ചിരിക്കുകയായിരുന്നു.

എന്നാല്‍, ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇറാൻ ഉണ്ടാക്കിയ ധാരണപ്രകാരം ഈ രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് കടന്നുപോകാൻ അനുമതി നല്‍കുകയിരുന്നു. 

യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ഈ കപ്പലുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ധനം നിറച്ചത്. ജഗ് വസന്ത് കുവൈത്തില്‍ നിന്നും പൈൻ ഗ്യാസ് യുഎഇയിലെ റുവൈസില്‍ നിന്നുമാണ് എല്‍പിജി ശേഖരിച്ചത്.

എന്നാല്‍ യുദ്ധം തുടങ്ങിയതോടെ ഇവ പുറത്തുകടക്കാനാവാതെ മേഖലയില്‍ കുടുങ്ങുകയായിരുന്നു. അതിനിടെ എല്‍പിജിയുടെ തൂക്കം കുറക്കുന്നുവെന്ന വാർത്തകള്‍ പെട്രോളിയം മന്ത്രാലയം തള്ളി.