മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കുടുംബശ്രീയുടെ പ്രത്യേക വായ്പ്പ പദ്ധതി. ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കള്‍ക്ക് സാധന സാമഗ്രികള്‍ വാങ്ങുന്നതിന് ഒരു ലക്ഷം രൂപ സഹായം.


സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന മുണ്ടകൈ -ചൂരല്‍മല ദുരന്ത ബാധിതരായ കുടുംബശ്രീ അംഗങ്ങള്‍ക്കായി നടപ്പാക്കിയ പ്രത്യേക വായ്പ പദ്ധതിയുടെ ചെക്ക് വിതരണം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ നിര്‍വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താവ് താഹിറ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സന്ധ്യ എന്നിവര്‍ക്ക് മന്ത്രി ചെക്ക് കൈമാറി. 

മുണ്ടകൈ-ചൂരല്‍മല ദുരന്തത്തില്‍പ്പെട്ട 434 കുടുംബശ്രീ അംഗങ്ങള്‍ക്ക് 8.5 കോടി രൂപയാണ് പലിശ രഹിത വായ്പ നല്‍കുന്നത്. 1.94 കോടി രൂപ ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കുടുംബശ്രീക്ക് നല്‍കിയിട്ടുണ്ട്. ദുരന്ത ബാധിതരായ എല്ലാ അംഗങ്ങള്‍ക്കും രണ്ട് ലക്ഷം രൂപയാണ് പലിശ  രഹിത വായ്പയായി നല്‍കുക. ഒരു അയല്‍കൂട്ടത്തിന് 20 ലക്ഷം രൂപ പദ്ധതി പ്രകാരം  വായ്പയായി ലഭിക്കും. കേരള ഗ്രാമീണ്‍ ബാങ്ക്, സെന്റല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് പദ്ധതിയുമായി സഹകരിക്കുന്നത്. 

അതേസമയം,വയനാട് മുണ്ടക്കൈ- ചുരല്‍മല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ടൗണ്‍ഷിപ്പിലെ വീടുകളില്‍ താമസിക്കുന്ന ഗുണഭോക്താക്കള്‍ക്ക് സാധന സാമഗ്രികള്‍ വാങ്ങുന്നതിന് ഒരു ലക്ഷം രൂപ വീതം അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുക. സാധനങ്ങള്‍ വാങ്ങുന്നതിന്‍റെ ബില്ല് സമര്‍പ്പിക്കുന്നതിനനുസരിച്ചാണ് തുക കൈമാറുക.