തിരുവനന്തപുരം: സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി തുടങ്ങിയ ദേശീയ ദിനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പൊതു അവധി റദ്ദാക്കണമെന്ന നിർദേശവുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ.
ഈ ദിവസങ്ങള്‍ കുട്ടികള്‍ക്ക് അറിവും മൂല്യങ്ങളും കൈവരിക്കുന്ന വിജ്ഞാനദിനങ്ങളാക്കി മാറ്റണം എന്നാണ് കമ്മീഷന്റെ അഭിപ്രായം.
കമ്മീഷൻ ചെയർപേഴ്‌സണ്‍ കെ. വി. മനോജ് കുമാർ, അംഗങ്ങളായ കെ. കെ. ഷാജു, ഡോ. എഫ്. വില്‍സണ്‍ എന്നിവരുടെ ഫുള്‍ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം പുറപ്പെടുവിച്ചത്. സ്വാതന്ത്ര ദിനത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രവും അതിനു ജീവത്യാഗം ചെയ്തവരെക്കുറിച്ച് പഠിക്കുകയും വേണമെന്ന ഉദ്ദേശത്തോടെയാണ് അവധി റദ്ദാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദേശീയ ദിനങ്ങള്‍ പഠനത്തിനായി ഉപയോഗിക്കണം-
സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത നേതാക്കളെയും കുറിച്ച് വിദ്യാർത്ഥികള്‍ പഠിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.
അതുപോലെ, റിപ്പബ്ലിക് ദിനവും ഭരണഘടനാ ദിനവും രാജ്യത്തിന്റെ ഭരണഘടനയും അതിന്റെ പ്രാധാന്യവും കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കണം.
ഗാന്ധിജയന്തി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണം, ശുചിത്വം എന്നിവയുടെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന പ്രവർത്തനങ്ങള്‍ എല്ലാ സ്കൂളുകളിലും നടത്തണമെന്നും കമ്മീഷൻ നിർദേശിക്കുന്നു.
ആഘോഷ ദിനങ്ങളില്‍ മൂല്യബോധ പ്രവർത്തനങ്ങള്‍-
ഓണം, ക്രിസ്തുമസ്, പെരുന്നാള്‍ തുടങ്ങിയ ആഘോഷ ദിവസങ്ങളിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കണം. മനുഷ്യരില്‍ സഹകരണം, ഐക്യം, സമത്വം, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികളില്‍ വളർത്തുന്ന പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്ന് കമ്മീഷൻ വ്യക്തമാക്കി. കൂടാതെ ദിനാചരണങ്ങള്‍, കലാ-കായിക മത്സരങ്ങള്‍ എന്നിവയില്‍ കുട്ടികളുടെ നേതൃപരമായ പങ്കാളിത്തം ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം പുസ്തകപഠനത്തില്‍ മാത്രം ഒതുങ്ങാതെ ജീവിത മൂല്യങ്ങളും സാമൂഹികബോധവും വളർത്തുന്നതായിരിക്കണം എന്ന ആശയമാണ് ബാലാവകാശ കമ്മീഷന്റെ നിർദേശത്തിന് പിന്നില്‍. ദേശീയവും സാംസ്കാരികവുമായ ദിനങ്ങള്‍ കുട്ടികള്‍ക്ക് ചരിത്രവും ഭരണഘടനയും സമൂഹ മൂല്യങ്ങളും മനസിലാക്കാനുള്ള അവസരങ്ങളായി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ