പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം. സിലിണ്ടറുകളുടെ വിതരണത്തിൽ 30% വരെ കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. പാചകവാതക വിതരണം പ്രതിസന്ധിയിലായതോടെ കടുത്ത പ്രതിരോധത്തിലാണ് കേന്ദ്രസർക്കാർ.
പശ്ചിമേഷ്യൻ സംഘർഷം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ കനത്ത ആശങ്കയിലാണ് രാജ്യം. രാജ്യത്തെ എൽപിജി സിലിണ്ടർ വിതരണത്തിൽ കൂടുതൽ പ്രതിസന്ധി നേരിടും. നിലവിലെ സിലിണ്ടർ വിതരണത്തിൽ 30% കുറവുണ്ടാകുമെന്നാണ് പെട്രോളിയം മന്ത്രി ഹർദീപ്‌സിങ് പുരി വ്യക്തമാക്കിയത്. വ്യവസായിക മേഖലയിലെ പാചകവാതക ലഭ്യത ഉറപ്പുവരുത്താനായി രൂപീകരിച്ച മൂന്ന് അംഗസമിതി ഇന്ന് വ്യവസായികളുമായി ചർച്ച നടത്തും.
എൽപിജി ക്ഷാമം റെസ്റ്റോറൻ്റ് പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. മുംബൈ, പൂനെ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ വാണിജ്യ സിലിണ്ടറുകളുടെ വിതരണം കുറഞ്ഞതിനെ തുടർന്ന് നഗരത്തിലെ 20 ശതമാനം ഹോട്ടലികളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഇന്ധന വിതരണം തടസപ്പെട്ടതോടെ കനത്ത പ്രതിരോധത്തിലാണ് കേന്ദ്രസർക്കാർ. അന്താരാഷ്ട്ര ഊർജ ഏജൻസി നിർദേശിച്ചിട്ടുളള്ള 90 ദിവസത്തെ ക്രൂഡോയിൽ കരുതൽ ശേഖരം ഉറപ്പാക്കുന്നതിൽ സർക്കാരിന് ഗുരുതര വീഴ്‌ചയാണ് പറ്റിയെന്നാണ് റിപ്പോർട്ട്.
അമേരിക്കക്ക് വഴങ്ങി റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയതും പ്രതിസന്ധി ഇരട്ടിപ്പിച്ചു. സിലിണ്ടർ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി പ്രശ്നം പരിഹരിക്കാനാണ് കേന്ദ്ര നീക്കം.
അതേസമയം എൽപിജി സിലിണ്ടറുകളുടെ ലഭ്യതക്കുറവ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ കാറ്ററിങ് പ്രവർത്തനങ്ങളെ രാജ്യവ്യാപകമായി ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പാചകം ചെയ്ത ഭക്ഷണം ട്രെയിനുകളിൽ വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെക്കാനും ടിക്കറ്റുകൾക്കൊപ്പം ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർക്ക് റീഫണ്ട് നൽകാനും റെയിൽവേ ആലോചിക്കുന്നുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ