പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 2.35 രൂപ കൂട്ടി; പുതിയ നിരക്ക് നിലവില്‍ വന്നു.


രാജ്യത്ത് പ്രീമിയം പെട്രോളിന്റെ വില വർദ്ധിച്ചു. രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികളെല്ലാം പ്രീമിയം പെട്രോള്‍ വകഭേദങ്ങളുടെ വില വർധിപ്പിച്ചു.

ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL), ഇന്ത്യൻ ഓയില്‍ (IOCL) എന്നീ കമ്പനികള്‍ തങ്ങളുടെ പ്രീമിയം പെട്രോളിന് ലിറ്ററിന് 2 രൂപ മുതല്‍ 2.35 രൂപ വരെയാണ് വർധിപ്പിച്ചത്. ഇന്ന് (2026 മാർച്ച്‌ 20) മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ സാധാരണ പെട്രോള്‍, ഡീസല്‍ വിലകളില്‍ നിലവില്‍ മാറ്റമില്ല.

പശ്ചിമേഷ്യയില്‍ ഇസ്രായേലും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന കടുത്ത യുദ്ധസാഹചര്യമാണ് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാൻ കാരണമായിരിക്കുന്നത്. ലോകത്തെ ഊർജ്ജ വിതരണത്തിന്റെ 20 ശതമാനവും ഗതാഗതം ചെയ്യപ്പെടുന്ന ഹോർമുസ് കടലിടുക്കിലെ സംഘർഷം ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിച്ചിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ ഇന്ത്യയിലെ ഇന്ധന വിപണിയിലും കാണുന്നത്.

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ 'പവർ' (Power), ഭാരത് പെട്രോളിയത്തിന്റെ 'സ്പീഡ്' (Speed), ഇന്ത്യൻ ഓയിലിന്റെ 'XP95' എന്നീ പ്രീമിയം ബ്രാൻഡുകള്‍ ഉപയോഗിക്കുന്ന വാഹന ഉടമകളെയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുക. പ്രീമിയം ഇന്ധനങ്ങള്‍ സാധാരണ പെട്രോളിനേക്കാള്‍ മികച്ച പ്രകടനവും എൻജിൻ സുരക്ഷയും വാഗ്ദാനം ചെയ്യുന്നവയാണ്. അതുകൊണ്ടുതന്നെ പുതിയ തലമുറ കാറുകളും ബൈക്കുകളും ഉപയോഗിക്കുന്നവർക്ക് ഈ വിലക്കയറ്റം തിരിച്ചടിയാകും. ലിറ്ററിന് ഏകദേശം 2.09 രൂപ മുതല്‍ 2.35 രൂപ വരെയാണ് വിവിധ നഗരങ്ങളില്‍ വർധന രേഖപ്പെടുത്തിയിരിക്കുന്നത്.