കൊല്ലത്ത് 10 വയസുകാരിയെ പീഡിപ്പിച്ച 77 കാരന് 120 വര്‍ഷം കഠിനതടവ്


പിതാവിന് മദ്യം നല്‍കി മയക്കികിടത്തി പത്തു വയസുകാരിയെ നിരന്തരം പീഡിപ്പിച്ച 77 കാരന് 120 വർഷം കഠിന തടവും പിഴയും.

പെരിനാട് ചെറുമൂട്ചേരി നാട്ടുവാതുക്കല്‍ അജയ ഭവനില്‍ നെല്‍സനെയാണ് കൊല്ലം സ്പെഷ്യല്‍ കോടതി ജഡ്ജി സമീർ എ 120 വർഷം കഠിനതടവിനും 6 ലക്ഷം രൂപ പിഴയും വിധിച്ചത്. 2020 മുതല്‍ 22 വരെ കോവിഡ് കാലത്താണ് പ്രതി അതിജീവതയെ അതിക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയത്. മാതാവ് ജോലിക്കായി പോകുമ്പോള്‍ പിതാവിന് മദ്യം നല്‍കിയതിനു ശേഷമായിരുന്നു പീഡനം.

രണ്ടു വർഷം പീഡനം തുടർന്നു. അധ്യാപകന്റെ ഇടപെടലിലാണ് വിവരം പുറത്തറിഞ്ഞത്. കുണ്ടറ സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷ്. ആർ ആണ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ സരിത ആർ ഹാജരായി. അതിജീവതയുടെ വിദ്യാഭ്യാസ നിലവാരവും കുടുംബ പശ്ചാത്തലവും കണക്കിലെടുത്ത് പുനരധിവാസം നടത്തേണ്ടതുണ്ടെന്ന് കോടതി കണ്ടെത്തി. അതിനായി വിക്ടിം കോമ്പല്‍സേഷൻ സ്കീമില്‍ നിന്ന് കോമ്പൻസേഷൻ നല്‍കുന്നതിന് ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ട്. എ എസ് ഐ മാരായ സിന്ധ്യ എസ്, മിനിമോള്‍ എന്നിവർ പ്രോസിക്യൂഷൻ നടപടികള്‍ ഏകീകരിച്ചു.