പോലീസ് ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടലില്‍ രക്ഷിക്കാനായത് ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവന്‍


മാനന്തവാടി: പോലീസ് ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടലിലൂടെ ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി. തലപ്പുഴ സ്വദേശിയായ 33 വയസുകാരനായ യുവാവിന്റെ ജീവനാണ് മാനന്തവാടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്.

യുവാവ് മാനന്തവാടിയിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെറിയിച്ച് വീഡിയോ അയച്ചിട്ടുണ്ടെന്ന വിവരം സുഹൃത്താണ് ബുധനാഴ്ച രാത്രി തലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചറിയിച്ചത്.

 തലപ്പുഴ പോലീസ് വിവരം ഉടന്‍ തന്നെ മാനന്തവാടി പോലീസിലെ ജി.ഡി ചാര്‍ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ റോയ്‌സണ്‍ ജോസഫിന് കൈമാറി. തുടര്‍ന്ന് നൈറ്റ് പെട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ അജേഷ് കുമാര്‍, സി.പി.ഒമാരായ ബിനു, രമേശന്‍ എന്നിവരടങ്ങിയ സംഘം മാനന്തവാടിയിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ എരുമത്തെരുവിലെ സന്നിധി ലോഡ്ജില്‍ ഒരാള്‍ വിളിച്ചിട്ട് വാതില്‍ തുറക്കുന്നില്ല എന്നറിയാന്‍ കഴിഞ്ഞു. 

രാത്രി ഒരു മണിയോടെ പോലീസ് വാതില്‍ തള്ളിതുറന്നു അകത്തുകയറി ബോധരഹിതനായ നിലയില്‍ കണ്ട യുവാവിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ അവസരോചിതമായ ഇടപെടലാണ് ഇയാളെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച്‌ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.