തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടന്നേക്കുമെന്ന് റിപ്പോർട്ട്. ഏപ്രില്‍ ആറിനും 12നും ഇടയിലോ വിഷുവിന് ശേഷമോ ആകും കേരളത്തില്‍ വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 12ന് ശേഷം നടക്കും. മാർച്ച് അഞ്ചിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും പിന്നീട് പ്രധാനമന്ത്രിയും കേരളത്തിലെത്തുന്നുണ്ട്. ഇതിന് ശേഷം പ്രഖ്യാപനം നടന്നേക്കും.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു. ജില്ലാ അടിസ്ഥാനത്തിലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പ്രധാന രാഷ്ട്രീയ പാർട്ടികളും മുന്നണികളും തെരഞ്ഞെടുപ്പ് ചർച്ചകള്‍ സജീവമാക്കി കഴിഞ്ഞു. സ്ഥാനാർഥി നിർണയത്തിലും പ്രാഥമിക ചർച്ചകള്‍ പൂർത്തിയായി.
തുടർച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ടാണ് സിപിഎമ്മും ഇടതുമുന്നണിയും പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. രണ്ടുതവണ തുടർച്ചയായി മത്സരിച്ചവർ മാറിനില്‍ക്കണമെന്ന നിബന്ധനയില്‍ സിപിഎം ഇത്തവണ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതോടെ സെക്രട്ടേറിയറ്റംഗങ്ങളില്‍ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് രംഗത്തുണ്ടാകുമെന്ന് ഉറപ്പായി. സിപിഎമ്മിൻ്റെ നിലവിലുള്ള 62 എംഎല്‍എമാരില്‍ 50 പേർ മത്സരിക്കുമെന്നാണ് റിപ്പോർട്ട്.
ബാക്കിയുള്ള 12 എംഎല്‍എമാരില്‍ ഒരിക്കല്‍ കൂടി പാർട്ടി പരിശോധന നടത്തും. സ്ഥാനാർഥി നിർണയം ഉള്‍പ്പെടെയുള്ള ചർച്ചകള്‍ക്കായി സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്. വിജയം ഉറപ്പുള്ള സീറ്റുകളില്‍ രണ്ട് തവണ വിജയിച്ചവരെ മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെങ്കില്‍ ജില്ലാ സെക്രട്ടറിയേറ്റുകളില്‍ അക്കാര്യം ചർച്ചചെയ്യും. മുഖ്യമന്ത്രി ഉള്‍പ്പടെ പിബിയില്‍ നിന്ന് ആരൊക്കെ മല്‍സരിക്കണമെന്നതില്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണയാകും.
ഈ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഡല്‍ഹിയിലാണ് പിബി യോഗം നടക്കുക. പിബിക്കും ജില്ലാ സെക്രട്ടറിയേറ്റുകള്‍ക്കും ശേഷം സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് അന്തിമധാരണയാകും. സംസ്ഥാന - ജില്ലാ കമ്മിറ്റികളുടെ ചർച്ചകള്‍ക്കുശേഷമായിരിക്കും ഔദ്യോഗിക സ്ഥാനാർഥി നിർണയമെങ്കിലും മത്സരിപ്പിക്കാൻ ധാരണയായിട്ടുള്ള സിറ്റിങ് എംഎല്‍എമാരോടെല്ലാം മണ്ഡലത്തില്‍ സജീവമാകാൻ സിപിഎം നേരത്തേ നിർദേശം നല്‍കിയിരുന്നു.
കോണ്‍ഗ്രസില്‍ ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയില്‍ 40 പേരാണുള്ളത്. 20 സിറ്റിങ് എംഎല്‍എമാർ ഉള്‍പ്പെടെയാണിത്. കെ മുരളീധരൻ വട്ടിയൂർക്കാവിലും ടിഎൻ പ്രതാപൻ മണലൂരിലും വിടിബല്‍റാം തൃത്താലയിലും കെഎം അഭിജിത്ത് നാദാപുരത്തും കെ പ്രവീണ്‍കുമാർ കൊയിലാണ്ടിയിലും മത്സരിക്കും. തെരഞ്ഞടുപ്പില്‍ പരമാവധി 90 സീറ്റുകളില്‍ മല്‍സരിച്ചാല്‍ മതിയെന്നാണ് ബിജെപിയുടെ തീരുമാനം. 2016 ല്‍ 98 സീറ്റിലും 2021 ല്‍ 113 സീറ്റുകളിലുമാണ് ബിജെപി മല്‍സരിച്ചത്. ഇത്തവണ ബിഡിജെഎസ് ചോദിക്കുന്ന സീറ്റുകള്‍ നല്‍കാനും തീരുമാനുമുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ