പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ

2026| ഫെബ്രുവരി 22 | ഞായർ |1201।കുംഭം10| 1447 | റമദാൻ4

◾സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടതാണ് പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിന് കാരണമായത്.

നിലവിലുണ്ടായിരുന്ന ചക്രവാതചുഴി ഈ ന്യൂനമർദത്തിൽ ലയിച്ചതോടെ വരും മണിക്കൂറുകളിൽ ഇത് പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി ഫെബ്രുവരി 25 വരെ കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

◾ടൗണുകളിൽ നടത്തുന്ന വഴിയോര ഗുഡ്സ് കച്ചവടങ്ങൾ അനുവദിക്കില്ല - യൂത്ത് വിംഗ് വയനാട് ജില്ല കമ്മിറ്റി

കൽപ്പറ്റ: നഗരത്തിലെ വ്യാപാര മേഖലയിൽ അനധികൃതമായി ഗുഡ്സ് വാഹനങ്ങളിൽ കച്ചവടം നടത്തുന്ന സംഘങ്ങൾ വ്യാപാരി നേതാക്കളെ മർദ്ദിച്ച സംഭവം ഗൗരവകരവും ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ യൂത്ത് വിംഗ് കമ്മിറ്റി പ്രസ്താവിച്ചു.

ജൈത്ര തീയേറ്ററിന് സമീപം അനധികൃത കച്ചവടം ടൗണിൽ നിന്ന് മാറ്റി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് സി.എച്ച്. ഷൈജലിനെ ആക്രമിച്ചതായാണ് ആരോപണം. തുടർന്ന് സ്ഥലത്തെത്തിയ ജില്ലാ വൈസ് പ്രസിഡണ്ടും കൽപ്പറ്റ യൂണിറ്റ് പ്രസിഡണ്ടുമായ ഇ. ഹൈദ്രുവിനെയും യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ബാവയെയും മർദ്ദിച്ചതായും കമ്മിറ്റി ആരോപിച്ചു.
വ്യാപാരികളുടെ ഉപജീവനാവകാശം സംരക്ഷിക്കാൻ ശബ്ദമുയർത്തിയ നേതാക്കളെ ആക്രമിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. കുറ്റക്കാർക്കെതിരെ ഉടൻ കേസെടുത്ത് കർശന നടപടി സ്വീകരിക്കണമെന്നും, അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും, നാളെ മുതൽ  ജില്ലയിലെ  മുഴുവൻ ടൗണിലും വഴിയോര ഗുഡ്സ് കച്ചവടം യൂത്ത് വിങ്ങ് പ്രവർത്തകർ തടയുമെന്നും നേതാക്കൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ഫൈസൽ മീനങ്ങാടി , ജനറൽ സെകട്ടറി ഷൈജൽ കുന്നത്ത് കമ്പളക്കാട്, ട്രഷറർ അൻവർ മാനന്തവാടി, വൈസ് പ്രസിഡന്റുമാരായ ഷൈജൽ കൽപ്പറ്റ , ബാബുരാജേഷ് പുൽപ്പള്ളി, യൂനസ് പനമരം, ജലീൽ മൂലങ്കാവ്, സെക്രട്ടി മാരായ ഷിനോജ് വത്സൻ, രാജേഷ് മാനന്തവാടി, റിൻസൺ വൈത്തിരി, അങ്കിത കാവുമന്ദം, അഷ്ക്കർ കാക്കവയൽ എന്നിവർ അറിയിച്ചു.

◾*നിയമസഭാ സാമാജികർക്കുള്ള ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി 24ന് ഉദ്ഘാടനം ചെയ്യും*

നിയമസഭാ സാമാജികർക്കായി നിയമസഭാ ഹോസ്റ്റലിൽ നിർമ്മാണം പൂർത്തിയായ ഫ്ലാറ്റ് സമുച്ചയമായ പമ്പ ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 24 വൈകിട്ട് 3.30 ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെംബേഴ്‌സ് ലോഞ്ചിൽ നിയമസഭാ സ്പീക്കർ എ. എൻ ഷംസീറിന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
അൻപത് വർഷത്തിലധികം പഴക്കമുണ്ടായിരുന്ന പഴയ പമ്പ ബ്ലോക്ക് കെട്ടിടം നവീകരിക്കുക അസാധ്യമായതിനാൽ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. 2022 നവംബറിൽ പഴയ കെട്ടിടം പൊളിക്കുകയും ആഗസ്റ്റ് 26, 2023ന് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തുകയും ഡിസംബറിൽ പ്രവൃത്തി ആരംഭിക്കുകയും ചെയ്‌തു. പൊതുമരാമത്ത് ഇ.പി.സി. മാതൃകയിൽ ആദ്യമായി നിർമ്മിച്ച കെട്ടിടമാണ്. ഊരാളുങ്കൽ ലേബർ  കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണം നിർവഹിച്ചത്. നിയമസഭാ സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടുന്ന ഉന്നതതല സമിതിയുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം.

◾രാജ്യത്ത് പ്രവർത്തിക്കുന്ന യുജിസി അംഗീകാരമില്ലാത്ത 32 വ്യാജ സർവകലാശാലകളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. 12 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ സ്ഥാപനങ്ങളിൽ ചേർന്ന് വിദ്യാർഥികൾ വഞ്ചിതരാകരുതെന്ന് യുജിസി മുന്നറിയിപ്പ് നൽകി.
പട്ടികയിലുള്ളവയിൽ 32 വ്യാജ സർവകലാശാലകളിൽ 12എണ്ണവും രാജ്യതലസ്ഥാനമായ ഡൽഹിയിലാണ്. തൊട്ടുപിന്നിൽ നാല് സർവകലാശാലകളുമായി ഉത്തർപ്രദേശാണുള്ളത്. കേരളത്തിൽ നിന്നുള്ള രണ്ട് സ്ഥാപനങ്ങളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ (IIUPM) കോഴിക്കോട്. സെന്റ് ജോൺസ് യൂണിവേഴ്സ‌ിറ്റി എന്നിവയാണ് കേരളത്തിൽ പ്രവർത്തിക്കുന്ന വ്യാജ സർവകലാശാലകൾ. ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലും ഉത്തരം വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്.
ഇത്തരം സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ യാതൊരുവിധ അംഗീകാരവുമില്ല.

◾കരിപ്പൂരിൽ വീണ്ടും ഹൈബ്രിഡ് കഞ്ചാവ് വേട്ട. കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച അഞ്ചേകാൽ കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് DRI ഉദ്യോഗസ്ഥർ പിടികൂടിയത്. ബാങ്കോക്കിൽ നിന്ന് അബുദാബി വഴി ഇത്തിഹാദ് വിമാനത്തിൽ കരിപ്പൂരിൽ എത്തിയ കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ പുതിയകടവ് മുഹമ്മദ് അർഷാദ് ആണ് കഞ്ചാവുമായി പിടിയിലായത്. 
ബാഗേജിനുള്ളിൽ നിന്ന് പതിനാറ് പാക്കറ്റുകളിൽ നിന്നായി പതിനഞ്ച് കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. ഇയാളെ സഹായിച്ച കോഴിക്കോട് മാത്തോട്ടം സ്വദേശിയായ സിലി ഷമീമിനെയും പിടികൂടി.

◾പാലത്തായി പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവിന് ചട്ടം ലംഘിച്ച് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. ബലാല്‍സംഗക്കേസിലെ കുറ്റക്കാര്‍ക്ക് സാധാരണ പരോള്‍ അനുവദിക്കരുതെന്ന ജയില്‍ ചട്ടം ലംഘിച്ചാണ് സര്‍ക്കാര്‍ പത്മരാജന് പരോള്‍ നല്‍കിയത്. തലശേരി പോക്‌സോ കോടതി ജീവിതാവസാനം വരെ തടവ് വിധിച്ച് മൂന്നു മാസം ആകുമ്പോഴാണ് ബിജെപി നേതാവിന് വേണ്ടിയുള്ള സര്‍ക്കാര്‍ ഇടപെടല്‍. ശിക്ഷ റദ്ദാക്കണമെന്ന പത്മരാജന്റെ ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അവധി അനുവദിച്ചിരിക്കുന്നത്. ഫ്രെബ്രുവരി മൂന്നിന് പത്മരാജന്റെ സഹോദരി മരണപ്പെട്ടിരുന്നു. ഇതില്‍ പങ്കെടുക്കാനായി മൂന്ന് ദിവസത്തെ പരോളാണ് ജയില്‍ സൂപ്രണ്ട് ആദ്യം അനുവദിച്ചത്. എന്നാല്‍ സൂപ്രണ്ട് നല്‍കിയ പരോളിന് ശേഷം സംസ്ഥാന സര്‍ക്കാരും ജയില്‍ മേധാവിയും ചേര്‍ന്നാണ് കൂടുതല്‍ ദിവസത്തെ പരോള്‍ നല്‍കിയത്. ഫ്രെബ്രുവരി മൂന്നിന് ശേഷം പത്മരാജന്‍ ജയിലില്‍ തിരിച്ചെത്തിയിട്ടില്ല. പരോള്‍ അനുവദിച്ചത് ജയില്‍ ചട്ടത്തിന് വിരുദ്ധമെന്നാണ് ആരോപണം. ചട്ടത്തിലെ 307 വകുപ്പ് പ്രകാരം ബലാല്‍സംഗ കേസിലെ പ്രതികള്‍ക്ക് ഇത്തരത്തിലുള്ള സാധാരണ പരോളുകള്‍ അനുവദിക്കാന്‍ പാടില്ലയെന്നാണ്. മരണം ഉള്‍പ്പെടേയുള്ള അടിയന്തര ഘട്ടങ്ങളില്‍ പരോള്‍ അനുവദിക്കാമെങ്കിലും ജയില്‍ സൂപ്രണ്ടിന് പരമാവധി 10 ദിവസവും, ഇതിനൊപ്പം സംസ്ഥാന സര്‍ക്കാരിന് അഞ്ച് ദിവസം കൂടി അധികമായി നല്‍കാം എന്നിങ്ങനെയാണ് കണക്ക്. ഇത് മറികടന്നാണ് പരോള്‍ അനുവദിച്ചത്. ഹൈക്കോടതിക്ക് പോലും ഇത്തരം കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതില്‍ നിയമപരമായി തടസം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ ഇടപെടല്‍. കേസില്‍ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്‌സോ കോടതി വിധിച്ചത്. 2020 ജനുവരി ഫെബ്രുവരി മാസങ്ങളില്‍ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നതായിരുന്നു കേസ്. പോക്‌സോ കുറ്റങ്ങളില്‍ 40 വര്‍ഷം തടവും ഒരു ലക്ഷം പിഴയും(20 വര്‍ഷം വീതം)ശിക്ഷ വിധിച്ചിരുന്നു. തലശ്ശേരി അതിവേഗ പോക്‌സോ കോടതിയുടെതായിരുന്നു ശിക്ഷാവിധി. കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 

*ശുഭദിനം*
*കവിത കണ്ണൻ*
വിശ്വപ്രസിദ്ധ ചിത്രകാരനായിരുന്ന ലിയണോർഡോ ഡാവിഞ്ചിയുടെ ഗുരുനാഥൻ ഒരിക്കൽ അസുഖം ബാധിച്ചു കിടപ്പായി. ഡാവിഞ്ചി ഒരു ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു. ആ ചിത്രം പൂർത്തിയാക്കാൻ ഗുരു ഡാവിഞ്ചിയോട് നിർദേശിച്ചെങ്കിലും ഗുരുവിന്റെ അവസ്ഥ കണ്ട ആ ശിഷ്യൻ മടിച്ചു. വീണ്ടും വീണ്ടും ഗുരു നിർബന്ധിച്ചതുകൊണ്ട് അദ്ദേഹം ആ ചിത്രം പൂർത്തിയാക്കാമെന്നു സമ്മതിച്ചു.
യുവാവായ ലിയണോർഡോ ഡാവിഞ്ചി വരച്ചു പൂർത്തിയാക്കിയ ചിത്രം കണ്ട് ഗുരു വിസ്മയിച്ചു. അത്യന്തം മനോഹരമായ ആ ചിത്രം ആസ്വദിച്ച് അദ്ദേഹം ശിഷ്യനെ അഭിനന്ദിച്ചു. എന്നു മാത്രമല്ല, പിന്നീടൊരിക്കലും ഗുരു ചിത്രം വരച്ചതെ ഇല്ല. തന്റെ ശിഷ്യർ നേടുന്ന ശ്രേയസ് തനിക്കെന്നും അഭിമാനമായിരിക്കും
എന്നാണ് അദ്ദേഹം പറഞ്ഞത്.
ഹൃദയനൈർമല്യമുള്ളവർക്കേ അന്യരുടെ നന്മ കണ്ടെത്താനും അഭിനന്ദിക്കാനും കഴിയൂ. പകരം അസൂയയും പകയുമാണു നമ്മിലുള്ളതെങ്കിൽ ഒരു നന്മയും നാം മറ്റുള്ളവരിൽ കാണുകയില്ല. അഥവാ കണ്ടാലും അംഗീകരിക്കാനോ പ്രശംസിക്കാനോ സന്നദ്ധമാവുകയില്ല.
താൻ മറ്റുള്ളവരുടെ നന്മ ദർശിക്കുകയും അംഗീകരിക്കുകയും ചെയ്താൽ തന്റെ നന്മയും ഔന്നത്യവും വൈശിഷ്ട്യവും ആരും കാണാതെയും അംഗീകരിക്കാതെയും പോകുമെന്ന ഭയമാണ് പലർക്കുമുള്ളത്. അവരുടെയുള്ളിൽ സ്വാർഥതയും അഹന്തയും വലിയ സ്വാധീനശക്തിയായി വ്യാപരിക്കുന്നുണ്ടാവും. അതുകൊണ്ടുതന്നെ മറ്റുള്ളവരെ തരംതാഴ്ത്തിക്കാണിക്കാൻ അവർ ഉത്സാഹം കാണിക്കുന്നു. തിന്മ വിതച്ചാൽ തിന്മ തന്നെ കൊയ്യുമെന്ന് അവർ ഓർക്കുന്നില്ല., നന്മ വിതച്ചാൽ നന്മയും.
നിസ്വാർത്ഥ സ്നേഹം ഒരു വലിയ വരദാനമാണ്. ഒരാളെ നിങ്ങൾ യഥാർഥത്തിൽ സ്നേഹിക്കുന്നപക്ഷം എന്തു വിലകൊടുത്തും അയാളോടു നിങ്ങൾ വിശ്വസ്തത പുലർത്തും. അയാളെ എപ്പോഴും വിശ്വസിക്കുകയും അയാളെപ്പറ്റി ഏറ്റവും ഉന്നതമായതു പ്രതീക്ഷിക്കുകയും അയാളെ സഹായിക്കാൻവേണ്ടി എന്തും സഹിക്കുകയും ചെയ്യും. സ്നേഹം നിസ്വാർത്ഥ മാകട്ടെ. ശുഭദിനം.