പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ.

2026| ഫെബ്രുവരി 09| Monday |1201।മകരം26| 
1447 | ശരബാൻ 21

◾എസ്‌ഐആറില്‍ ആശങ്ക തീരാതെ പ്രവാസി വോട്ടര്‍മാര്‍. വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്‌നങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തതും പ്രവാസികളെ പ്രതിസന്ധിയിലാക്കി. എസ്ഐആറില്‍ പ്രവാസി വോട്ടര്‍മാരുടെ അപേക്ഷയില്‍ സൂക്ഷമ പരിശോധന നടത്തും. പാസ്പോര്‍ട്ട് സേവ കേന്ദ്രത്തില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കും. പാസ്പോര്‍ട്ടിലെ മേല്‍വിലാസം മാത്രമേ അപേക്ഷയില്‍ നല്‍കാന്‍ കഴിയൂ എന്ന വ്യവസ്ഥ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഫോം 6a പ്രകാരം പ്രവാസി വോട്ടര്‍ അപേക്ഷ നല്‍കിയാല്‍ സമീപത്തെ പാസ്പോര്‍ട്ട് സേവ കേന്ദ്രത്തിന് കൈമാറും. പാസ്പോര്‍ട്ടിന്റെ ആധികാരികത പരിശോധിച്ച് പാസ്പോര്‍ട്ടിന്റെ സമഗ്രമായ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പാസ്പോര്‍ട്ട് സേവ കേന്ദ്രം കൈമാറിയാല്‍ മാത്രമേ ഇആര്‍ഒമാര്‍ തുടര്‍നടപടികളിലേക്ക് കടക്കുകയുള്ളൂ. കൂടാതെ, പാസ്പോര്‍ട്ടിലെ മേല്‍വിലാസവും നിലവില്‍ താമസിക്കുന്ന മേല്‍വിലാസവും മാറ്റമുണ്ടെങ്കില്‍ അപേക്ഷ നല്‍കാന്‍ കഴിയില്ല എന്ന പ്രതിസന്ധിയും നിലനില്‍ക്കുന്നുണ്ട്.

◾ഇന്ത്യ എന്ത് വാങ്ങണം, എവിടെ നിന്ന് വാങ്ങണം എന്ന സ്വന്തം ഇഷ്ടങ്ങളേയും രാജ്യ താല്‍പര്യങ്ങളേയും പോലും അടിയറ വച്ചുകൊണ്ടാണ് മോദി അമേരിക്കയുമായി വ്യാപാര കരാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന വിമര്‍ശനം ശക്തമാകുന്നു. ഇന്ത്യ റഷ്യ ഉള്‍പ്പടെ മറ്റു രാജ്യങ്ങളുമായി നടത്തുന്ന കരാറുകള്‍ പോലും ട്രംമ്പ് ഭരണകൂടത്തിന്റെ ഭീഷണിയില്‍ റദ്ദാക്കപ്പെട്ടു. ഇന്ത്യക്കുനേരേ വിജയിച്ചാല്‍, സാമ്രാജ്യത്വ അധിനിവേശത്തിന്റെ പുതിയ ആയുധമായി ഈ ഭീഷണിരാഷ്ട്രീയം അമേരിക്ക മറ്റു രാഷ്ട്രങ്ങള്‍ക്കുനേരേയും ഉപയോഗിക്കും. വെനസ്വേലയുടെ പരമാധികാരം ലംഘിച്ച് അവിടേക്ക് കടന്നുകയറിയ അമേരിക്ക, പ്രസിഡന്റിനെ കടത്തികൊണ്ടുപോയത് ഈയിടെയാണ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ തീരുവ ചുമത്തി ശിക്ഷിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. എന്തു വാങ്ങണം, എവിടെനിന്ന് വാങ്ങണം, എങ്ങനെ വാങ്ങണമെന്ന ഇന്ത്യയുടെ പരമാധികാരതീരുമാനത്തിനുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള നടപടി. ഭീഷണി സ്വരത്തിലുള്ള യുഎസിന്റെ താക്കീത് ഉഭയകക്ഷിക്കരാറിന്റെ അന്തസ്സത്ത ചോര്‍ത്തുന്നു. രാജ്യത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഈ സമീപനത്തെക്കുറിച്ച് ഇന്ത്യക്കകത്തും പുറത്തും വിമര്‍ശനം ശക്തമാണ്.

◾സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണനേതര വിഭാഗ ത്തിൽനിന്നു മുൻഗണനാ വിഭാഗ റേഷൻ കാർഡി (പ്രയോറിറ്റി ഹൗസ്ഹോൾഡ് കാൾഡ്) ലേക്ക് മാറുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ഈ മാസം 13 വരെയാണ് സമയം.

വെള്ള, നീല റേഷൻ കാർഡ് ഉടമകളിൽ യോഗ്യരായ നിശ്ചിത എണ്ണം ഉടമകൾ ക്ക് മുൻഗണനാ കാർഡായ പിങ്ക് കാർഡ് ലഭ്യമാക്കുന്നതിനുള്ള അപേക്ഷയാണ് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് ഇപ്പോൾ സ്വീകരിക്കുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവർ, പരമ്പരാഗത അസംഘടിത തൊഴിലാളി കുടുംബങ്ങൾ, സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയില്ലാത്ത പട്ടികവർഗക്കാർ, എയ്‌ഡ്‌സ്‌ രോഗികൾ, കാൻസർ ബാധിതർ, ഗുരുതര ശാരീരിക-
മാനസിക വെല്ലുവിളി നേരിടുന്നവർ, ഹൃദയം, വൃക്ക എന്നിവ മാറ്റിവച്ചവർ, ഡയാലിസിസ് ചെയ്യുന്നവരുള്ള കുടുംബം, ആശ്രയ പദ്ധതിയിലെ അംഗങ്ങൾ, നിർധന സ്ത്രീ കൾ കുടുംബനാഥയായ കുടുംബങ്ങൾ, വിധവ, അവിവാഹിതരായ അമ്മമാർ തുടങ്ങിയവർക്ക് മുൻഗണനാ കാർഡിന് അപേക്ഷിക്കാം.

◾വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ(കുണിയ):
ദേശീയ,അന്തർദേശീയതലത്തിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള പ്രഖ്യാപനവുമായി സമസ്‌ത കേരളാ ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം സമാപ്തിയിലേക്ക്. കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ഇന്ന് വൈകീട്ടോടെ ഒഴുകിയെത്തിയ പുരുഷാരം സമസ്‌തയുടെ സംഘബോധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സാമൂഹിക സംസ്കരണത്തിന് വേണ്ടി 10313 നാസ്വിഹുമാരെ സമർപ്പിച്ച സമ്മേളനം ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സെന്റിനറി എഡ്യുസിറ്റി, തമിഴ്‌നാട് വിദ്യാഭ്യാസ പദ്ധതി എന്നീ വൈജ്ഞാനിക മുന്നേറ്റത്തിന്റെ പ്രഖ്യാപനം കൂടിയായി. സമസ്‌തയുടെ ആശയാദർശം ഉൾക്കൊള്ളുന്ന സുന്നീ സംഘടനകൾ സമസ്‌തയിലേക്ക് തിരിച്ചുവരണമെന്നും സമുദായത്തിന്റെ കെട്ടുറപ്പും ഭദ്രതയും കാത്തൂസൂക്ഷിക്കുകയും ഐക്യത്തോടെ മുന്നോട്ടുപോവണമെന്നും ആഹ്വാനം ചെയ്തു.ഇന്ന് വൈകീട്ട് നാലിന് ഭക്തിസാന്ദ്രമായ പ്രാർഥനാ സദസോടെയാണ് അന്താരാഷ്ട്ര മഹാസമ്മേളനത്തിന് തുടക്കമായത്. സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ ശൈഖ് അലിയ്യുൽ ഹാശിമി(യു.എ.ഇ) പ്രാർഥനയും ആമുഖഭാഷണവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യ പ്രഭാഷണവും നടത്തി, സമസ്ത സെക്രട്ടറിയും സ്വാഗതസംഘം വർക്കിംങ് കൺവീനറുമായ എം.ടി അബ്ദു‌ല്ല മുസ് ലിയാർ സ്വാഗതപ്രഭാഷണം നടത്തി.

◾ രാജ്യത്ത് ധാന്യോത്പാദനം ആവശ്യത്തിലധികമായതിനാല്‍, നെല്ലുസംഭരണത്തിനായി കേരളം നല്‍കുന്ന പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. പകരം പയറുവര്‍ഗങ്ങള്‍, എണ്ണക്കുരു, ചെറുധാന്യം എന്നിവയ്ക്കു പ്രാധാന്യം നല്‍കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിലെ ചെലവുകാര്യ സെക്രട്ടറി വി വുവല്‍നാം സംസ്ഥാന ചീഫ് സെക്രട്ടറി എ ജയതിലകിനയച്ച കത്തിലെ നിര്‍ദേശം. തീരുമാനം നടപ്പാക്കിയാല്‍ സംസ്ഥാനത്തെ നെല്‍ക്കര്‍ഷകര്‍ക്ക് കിലോഗ്രാമിന് ആറുരൂപയിലേറെ കുറയും. ഇതു പ്രതിസന്ധി സൃഷ്ടിക്കും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച അധിക പ്രോത്സാഹന ബോണസ്, വിത്തിടലും ഉത്പാദനവുമൊക്കെ വന്‍തോതില്‍ വര്‍ധിക്കാനിടയാക്കും.

◾കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും തിരയുന്നവരെയും അത് പങ്കുവെക്കുന്നവരെയും കുടുക്കുന്നതിനുമൊപ്പം ആ കുട്ടികളെ തിരിച്ചറിഞ്ഞ് സംരക്ഷണം ഏർപ്പെടുത്തുന്നതിനായി സൈബർ പോലീസിൽ പ്രത്യേക വിഭാഗവും. വിക്‌ടിം ഐഡന്റിഫിക്കേഷൻ ടാസ്സ് ഫോഴ്സ് എന്ന പേരിൽ രൂപവത്കരിച്ച ഈ വിഭാഗത്തിൽ സൈബർ ഡിവിഷനിലെ പ്രത്യേക പരിശീലനം ലഭ്യമായ ഉദ്യോഗസ്ഥരെയാണ് ഉൾപ്പെടുത്തിയത്. കഴിഞ്ഞദിവസം നടന്ന ഇക്കൊല്ലത്തെ ആദ്യ പി-ഹണ്ട് ഓപ്പറേഷനിൽ ഈ പ്രത്യേക വിഭാഗം പങ്കെടുക്കുകയും ചെയ്തു

◾പെരുമ്പാവൂരിൽ 15 പേർക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും രോഗബാധിതരാണ്. ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ ആണ് പെരുമ്പാവൂരിൽ എച്ച്.ഐ.വി രോഗബാധിതർ വർധിക്കുന്നതായി കണ്ടെത്തിയത്. റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്നാണ് താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ വിവരം.

നവംബർ, ഡിസംബർ മാസങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസിൻ്റെ ക്രമരഹിതമായി നടത്തിയ പരിശോധനയിൽ ആണ് 15 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്. പെരുമ്പാവൂർ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. രോഗബാധിതരിൽ കളുമുണ്ട്. ക്രമരഹിതമായി നടത്തിയ പരിശോധനയായതിനാൽ രോഗബാധിതർ എവിടെയെന്ന് കണ്ടെത്തുന്നതടക്കം വെല്ലുവിളിയാണ്.

എച്ച്ഐവി സ്ഥിരീകരിച്ച 15 പേരും പെരുമ്പാവൂരിൽ തന്നെയുണ്ടോ, ജോലി തേടി മറ്റെവിടെയെങ്കിലും പോയോ എന്നും സംശയമുണ്ട്. രോഗവിവരം പുറത്തറിഞ്ഞാൽ ഒറ്റപ്പെടുത്തുന്നത് ഭയന്ന് പലരും ഇക്കാര്യം മറച്ചുവെച്ച് താമസം മാറിപ്പോകുന്നതായും വ്യക്തമായിട്ടുണ്ട്. ലഹരി ഉപയോഗത്തിനായി ഒരേ സിറിഞ്ച് നിരവധി പേർ മാറി ഉപയോഗിക്കുന്നതാണ് പ്രധാനമായും രോഗവ്യാപനത്തിന് കാരണമെന്ന് കരുതുന്നു. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലൈംഗിക തൊഴിലും വ്യാപകമാണ്. ഇതും രോഗം പടരാൻ കാരണമായെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഇവരെ ബോധവത്കരിക്കാനും കണ്ടെത്താനും ഭാഷാ പരിമിതിയടക്കം വെല്ലുവിളിയാണ്.


◾*ശുഭദിനം*
*കവിത കണ്ണൻ*
എന്നും തന്റെ മുന്നില്‍ കൈനീട്ടുന്ന യാചകനോട് ആ ബിസിനസ്സുകാരന്‍ ചോദിച്ചു: നിങ്ങള്‍ മറ്റുളളവരില്‍ നിന്നും വാങ്ങുന്നതല്ലാതെ, ആര്‍ക്കെങ്കിലും എന്തെങ്കിലും നല്‍കിയിട്ടുണ്ടോ?  താന്‍ ദരിദ്രനാണെന്നും തന്റെ കയ്യില്‍ ഒന്നുമില്ലെന്നുമായിരുന്നു അയാളുടെ മറുപടി.  ഇത് കേട്ട് അയാള്‍ പറഞ്ഞു:  ഒന്നും നല്‍കുന്നില്ലെങ്കില്‍ ഒന്നും വാങ്ങാനും നിങ്ങള്‍ക്ക് അവകാശമില്ല.  പിറ്റേന്നുമുതല്‍ അയാള്‍ ഒരു കാര്യം ചെയ്തു.  വഴിയില്‍ നിന്നും പൂവുകള്‍ പറിച്ച് തനിക്ക് ഭിക്ഷ നല്‍കുന്നവര്‍ക്ക് നല്‍കാന്‍ തുടങ്ങി.  ആളുകള്‍ അയാള്‍ക്ക് കൂടുതല്‍ തുക നല്‍കിതുടങ്ങി.  വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടു വ്യവസായപ്രമുഖര്‍ കണ്ടുമുട്ടി.  അതില്‍ ആദ്യത്തെയാള്‍ ചോദിച്ചു:  താങ്കള്‍ക്കെന്നെ മനസ്സിലായോ?  പണ്ട് നമ്മള്‍ തമ്മില്‍ കണ്ടപ്പോള്‍ ഞാനൊരു യാചകനായിരുന്നു.  ഇന്ന് ഞാന്‍ പൂക്കള്‍ വില്‍ക്കുന്നവ്യാപാരിയാണ. രണ്ടാമന്‍ സന്തോഷത്തോടെ അയാളെ പുണര്‍ന്നു. ഒന്നും കൊടുക്കാത്തവര്‍ക്ക് ഒന്നും ലഭിക്കില്ല.  നമ്മുടെ എല്ലാ പ്രവൃത്തികള്‍ക്കും ഒരു ചാക്രിക സ്വഭാവമുണ്ട്.  അത് നന്മയായാലും തിന്മയായാലും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ആരിലൂടെയെങ്കിലും അത് തിരിച്ചെത്തും.  നല്‍കുന്നവര്‍ക്ക് ലഭിച്ചുകൊണ്ടേയിരിക്കും.  എന്നാല്‍ ഒന്നും നല്‍കാത്തവര്‍ക്ക് ആരെന്ത് നല്‍കാന്‍?  തനിക്കൊന്നും ലഭിക്കുന്നില്ലെന്ന് പരാതിപറയുന്നവര്‍ സ്വയം വിശകലനം ചെയ്യുന്നത് നല്ലതാണ്.  മറ്റുളളവര്‍ക്ക് താന്‍ എന്തൊക്കെ നല്‍കുന്നു എന്ന് സ്വയം ചോദിക്കാവുന്നതാണ്. ദാനം ചെയ്യുന്നവരെല്ലാം അവര്‍ക്ക് ആവശ്യത്തിലധികം ഉളളത് കൊണ്ടല്ല ദാനം ചെയ്യുന്നത്.   എത്ര കൊടുത്തു എന്നതിനേക്കാള്‍ എത്ര കൊടുക്കാന്‍ സാധിച്ചു എന്ന് ചിന്തിക്കുന്നതിലാണ് അവരുടെ സംതൃപ്തി.   ചിന്താഗതിയും മനോഭാവവും മാറാതെ ആരും വളര്‍ച്ചയുടെ പടവുകള്‍ കയറുകയില്ല - ശുഭദിനം.