പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ.


   *"ജപ്പാനിൽ ഇന്ന്‌ തെരഞ്ഞെടുപ്പ്‌*

ടോക്കിയോ: ജപ്പാൻ പാർലമെന്റിന്റെ അധോസഭയായ പ്രതിനിധി സഭയിലേക്കുള്ള ഇടക്കാല പൊതുതെരഞ്ഞെടുപ്പ്‌ ഞായറാഴ്‌ച നടക്കും. 2025ൽ ത‍ീവ്രവലതുപക്ഷവാദിയായ ലിബറൽ ഡെമോക്രാറ്റിക് പാർടി നേതാവ്‌ സനേ തകായിച്ചി പ്രധാനമന്ത്രിയായ ശേഷമുള്ള തെരഞ്ഞെടുപ്പാണിത്‌. പ്രതിപക്ഷ പാർടികൾ പലതും വിഘടിച്ചു നില്‍ക്കുന്നതിനാല്‍ തകായിച്ചിയുടെ എൽഡിപി വന്‍ വിജയത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒക്ടോബറിലാണ് സനേ തകായിച്ചി ജപ്പാന്റെ ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരിയായി ചുമതലയേറ്റത്."
  
   *🟨"ഒബാമയ്‌ക്ക് വംശീയാധിക്ഷേപം: മാപ്പ്‌ പറയില്ലെന്ന്‌ ട്രംപ്*
വാഷിങ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ബറാക്ക്‌ ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവച്ചതിന്‌ മാപ്പ്‌ പറയില്ലെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. താൻ തെറ്റായൊന്നും ചെയ്‌തിട്ടില്ല, അതിനാൽ മാപ്പ്‌ പറയേണ്ടതില്ല എന്നാണ്‌ ട്രംപ്‌ പറഞ്ഞത്‌. താൻ ആ വീഡിയോ കണ്ടിട്ടില്ലെന്നും ട്രംപ്‌ പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത്‌ സോഷ്യലിൽ ആണ് ഒബാമയെയും ഭാര്യയേയും കുരങ്ങുകളായി ചിത്രീകരിച്ച വീഡിയോ ട്രംപ്‌ പങ്കുവച്ചത്‌. കനത്ത പ്രതിഷേധമുയർന്നതോടെ വീഡിയോ പിൻവലിച്ചിരുന്നു."

    *🟨"തന്നെ തട്ടിക്കൊണ്ടുപോയെന്ന് പരാതി: മെഹുൽ ചോക്സിക്ക് കനത്ത തിരിച്ചടി; 8 കോടി രൂപ കെട്ടിവെക്കാൻ ഉത്തരവ്*
ലണ്ടൻ: തന്നെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ഇന്ത്യൻ സർക്കാരിനും മറ്റ് 5 പേർക്കുമെതിരെ നൽകിയ സിവിൽ കേസിൽ പിടികിട്ടാപ്പുള്ളിയായ വ്യവസായ മെഹുൽ ചോക്സിക്ക് തിരിച്ചടി. കേസ് നടത്തിപ്പിന്റെ ഭാഗമായുള്ള കോടതിച്ചെലവുകൾക്കായി 6,77,000 പൗണ്ട് (ഏകദേശം 8 കോടി രൂപ) സുരക്ഷാ നിക്ഷേപമായി കെട്ടിവെക്കാൻ ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടു.

2021-ൽ ആന്റിഗ്വയിൽ നിന്ന് തന്നെ തട്ടിക്കൊണ്ടുപോയി ഡൊമിനിക്കയിലേക്ക് കൊണ്ടുപോയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് ചോക്സി കേസുമായി കോടതിയെ സമീപിച്ചത്. ഇന്ത്യൻ സർക്കാരിനെക്കൂടാതെ അഞ്ച് വ്യക്തികളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ചോക്സിയുടെ വാദങ്ങൾ വിജയിക്കാൻ വലിയ സാധ്യതയില്ലെന്ന് നിരീക്ഷിച്ച കോടതി, കേസിൽ പരാതിക്കാരൻ പരാജയപ്പെട്ടാൽ പ്രതികൾക്കുണ്ടാകുന്ന നിയമപരമായ ചിലവുകൾ ഉറപ്പാക്കാനാണ് ഈ തുക ആവശ്യപ്പെട്ടത്.

പ്രതികളായ ഗുർമിത് സിംഗ്, ഗുർജിത് ഭണ്ഡാൽ തുടങ്ങിയവർ നൽകിയ അപേക്ഷയിലാണ് വെള്ളിയാഴ്ച കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ചോക്സിയെ തട്ടിക്കൊണ്ടുപോകുന്നതിലോ ആക്രമിക്കുന്നതിലോ പ്രതികൾക്ക് പങ്കുണ്ടെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ കരുതാനാവില്ലെന്നും കോടതി വ്യക്തമാക്കി. 2024 മെയ് മാസത്തിലാണ് ശാരീരികവും മാനസികവുമായ പീഡനങ്ങൾ ആരോപിച്ച് ചോക്സി നഷ്ടപരിഹാര കേസ് ഫയൽ ചെയ്തത്. എന്നാൽ ചോക്സിയുടെ ആരോപണങ്ങൾ ഇന്ത്യൻ സർക്കാർ നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു."

    *🟨"സംസ്ഥാന കലാപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു*
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2024-ലെ കലാപുരസ്‌കാരങ്ങൾ മന്ത്രി സജി ചെറിയാ ൻ പ്രഖ്യാപിച്ചു. സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം, കേരളീയ നൃത്ത-നാട്യ പുരസ്‌കാരം എന്നിവയാണ് പ്രഖ്യാപിച്ചത്. ലക്ഷം രൂപയും ഫലകവും പ്രശസ്‌തിപത്രവും പൊന്നാടയുമാണ് പുരസ്‌കാരം. കഥകളി പുരസ്‌കാരം കഥകളി സംഗീതജ്ഞൻ കലാനിലയം ഉണ്ണിക്കൃഷ്‌ണനും കഥകളിവേഷത്തിൽ പ്രാവീണ്യം തെളിയിച്ച കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനും പങ്കിട്ടു. ഡോ. പി വേണുഗോപാൽ, ഡോ. എം വി നാരായണൻ, മനോജ് കൃഷ്ണ എന്നിവരായിരുന്നു പുരസ്‌കാരനിർണയ സമിതി.

വാദ്യകലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരത്തിന് തിമില കലാകാരൻ ചോറ്റാനിക്കര വിജയൻ മാരാർ അർഹനായി. ഡോ. ടി എസ് മാധവൻകുട്ടി, ഡോ. എൻ പി വിജയകൃഷ്‌ണൻ, കെ ബി രാജാനന്ദ് എന്നിവരായിരുന്നു പുരസ്‌കാരനിർണയ സമിതിയിലെ അംഗങ്ങൾ. കേരളീയ നൃത്ത-നാട്യ പുരസ്‌കാരത്തിന് പ്രശസ്ത മോഹിനിയാട്ടം കലാകാരി വിനീത നെടുങ്ങാടിയെ തെരഞ്ഞെടുത്തു. ഡോ. കെ ജി പൗലോസ്, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, ഡോ. സുധ ഗോപാലകൃഷ്ണൻ, കലാമണ്ഡലം ഹുസ്‌നബാനു എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ നിശ്ചയിച്ചത്. പുരസ്കാരങ്ങൾ 11ന് പകൽ 11ന് വൈലോപ്പിള്ളി സംസ്കൃതിഭവനിൽ മന്ത്രി സജി ചെറിയാൻ സമ്മാനിക്കും."

    *🟨പുതിയ റെക്കോര്‍ഡുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ജനുവരിയില്‍ യാത്രക്കാരുടെ എണ്ണം കുതിച്ചുയ‍ര്‍ന്നു*
തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോർഡുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. 2026 ജനുവരിയില്‍ 450,090 പേർ വിമാനത്താവളം വഴി യാത്ര ചെയ്തു.പ്രതിമാസ കണക്കില്‍ ഇതുവരെയുള്ള ഏറ്റവും ഉയർന്ന എണ്ണമാണിത്. യാത്രക്കാരുടെ പ്രതിദിന ശരാശരി ഇതാദ്യമായി 15,000 കടന്നു.

ജനുവരിയില്‍ യാത്ര ചെയ്തവരില്‍ 227,275 പേർ അന്താരാഷ്ട്ര യാത്രക്കാരാണ്. ഇതും ഇതുവരെയുള്ള കണക്കില്‍ ഏറ്റവും ഉയർന്നതാണ്. ആഭ്യന്തരയാത്രക്കാർ 222,815 പേരാണ്. ജനുവരിയില്‍ വിമാനത്താവളം മൊത്തം 2,751 എയർ ട്രാഫിക് മൂവ്‌മെന്റുകള്‍ (എടിഎമ്മുകള്‍) കൈകാര്യം ചെയ്തു. വരുന്ന സമ്മർ ഷെഡ്യൂളില്‍ കൂടുതല്‍ സർവീസുകള്‍ക്ക് വേണ്ടിയുള്ള ചർച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

   *🟨മാനന്തവാടിയില്‍ ആത്മഹത്യ ചെയ്ത സജീറിന്റെ ഭാര്യ ആത്മഹത്യ വിവരം അറിയില്ലായിരുന്നുവെന്ന് മൊഴി*
മാനന്തവാടി : മാനന്തവാടിയില്‍ ആത്മഹത്യ ചെയ്ത സജീറിന്റെ ഭാര്യ നജ്മത്തിന്റെ പ്രാഥമിക മൊഴിയെടുത്ത് പൊലീസ്. കർണാടകയിലെ കുട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് പെട്രോള്‍ വാങ്ങിയത് എന്ന് നജ്മത്ത് മൊഴി നല്‍കി. ആത്മഹത്യ ചെയ്യാൻ പോകുന്ന വിവരം അറിയില്ലായിരുന്നു എന്നും മൊഴി നല്‍കിയതായി സൂചനയുണ്ട്. സജീറിന്റെ ഭാര്യയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. 

സജീർ വീഡിയോയില്‍ ആരോപണം ഉന്നയിച്ച ബാപ്പുവിനെയും റഫീഖിനെയും പോലീസ് ഉടൻ ചോദ്യം ചെയ്യും. ബാപ്പുവിന്റെ വീട്ടിലെ സിസിടിവികളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതേ സമയം, താൻ നിരപരാധിയാണന്നും തനിക്കെതിരെ നടക്കുന്നത് തെറ്റായ പ്രചരണമാണെന്നും ആരോപണവിധേയനായ  ഇ സി ബാപ്പു വാർത്താക്കുറിപ്പില്‍ അറിയിച്ചു. 

തന്റെ കെട്ടിടം സജീറിന് വാടകയ്ക്ക് നല്‍കിയതാണെന്നും മാസങ്ങളായി വാടക നല്‍കാറുണ്ടായിരുന്നില്ലെന്നും ബാപ്പു പറയുന്നു. മൂന്നുവർഷമായി താനാണ് കട നടത്തുന്നത്. സജീറിന് ഇരുപത്തിയഞ്ച് ലക്ഷം രൂപ നല്‍കിയെന്നും ബാപ്പു വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് കാറില്‍ തീകൊളുത്തി കുടുംബം കൂട്ട ആത്മഹത്യ ശ്രമം നടത്തിയത്. 

ഗുരുതരമായി പൊള്ളലേറ്റ കണ്ണൂർ സ്വദേശി സജീർ മരിച്ചു. ഭാര്യയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സജീർ പുറത്തുവിട്ട വീഡിയോയില്‍ മാനന്തവാടി സ്വദേശിയായ വ്യാപാരി ഇ സി ബാപ്പുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് മാനന്തവാടിയിലെ എരുമതെരുവില്‍ വച്ച്‌ സജീറും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സജീറിനൊപ്പം ഭാര്യയും മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. കാറില്‍ വച്ച്‌ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി ആയിരുന്നു ആത്മഹത്യാ ശ്രമം. ആരോപണ വിധേയനായ ബാപ്പുവിന്റെ വീടിന് മുന്നില്‍ വച്ചായിരുന്നു കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചത്. 

ഭാര്യ നജുമത്തിന് നാല്‍പതു ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇവരെ ആദ്യം വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്നു കുട്ടികള്‍ക്ക് പരിക്കേറ്റിട്ടില്ല. വാഹനം കത്തുന്നതും ശബ്ദവും കേട്ട് സമീപവാസികള്‍ ഓടിയെത്തി തീ അണയ്ക്കുകയായിരുന്നു.

മരണത്തിന് കാരണം മാനന്തവാടി സ്വദേശിയായ ഇസി ബാപ്പു ആണെന്ന് സജീർ പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തൻറെ കെട്ടിടം കൈമാറിയതുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടില്‍ വഞ്ചന ഉണ്ടായെന്നാണ് വീഡിയോയില്‍ സജീറിന്റെ ആരോപണം. പൂജക്കല്ല് സ്വദേശിയായ റഫീഖ് എന്ന ആള്‍ക്കെതിരെയും വീഡിയോയില്‍ ആരോപണമുണ്ട്. തനിക്ക് ലഭിക്കാനുള്ള പണത്തിന്റെ കണക്കും സജീർ പുറത്തുവിട്ടിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
  
   *🟨ജീവിതത്തില്‍ തിരികെ പോകാനായാല്‍ 2014ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും, അതാണ് ആദ്യത്തെ ലക്ഷ്യം'; നടന്‍ കിഷോർ*
ചെന്നൈ: ജീവിതത്തില്‍ പിന്നിലേക്ക് പോയി എന്തെങ്കിലും മാറ്റാന്‍ അവസരം ലഭിച്ചാല്‍ 2014ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റുമെന്ന് നടന്‍ കിഷോര്‍. ഇന്ത്യ മാറിയിരിക്കുകയാണെന്നും ഇന്ന് നമ്മള്‍ അഭിമുഖീകരിക്കുന്ന വെറുപ്പിന്റെ അളവ് വളരെ കൂടുതലാണെന്നും കിഷോര്‍ പറഞ്ഞു. ജീവിതത്തില്‍ പിന്നിലേക്ക് പോയി എന്തെങ്കിലും ചെയ്യാന്‍ അവസരം ലഭിച്ചാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തോടാണ് കിഷോര്‍ ഈ ഉത്തരം നല്‍കിയത്. മെല്ലിസൈ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യാ ഗ്ലിറ്റ്സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞാന്‍ ഈ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞാല്‍ നിങ്ങളത് കട്ട് ചെയ്യാതെ കൊടുക്കുമോ എന്നറിയില്ല. എങ്കിലും പറയുകയാണ്. ഞാന്‍ 2014ലേക്ക് പോയി പ്രധാനമന്ത്രിയെ ആ സ്ഥാനത്ത് നിന്ന് മാറ്റും. അതാണ് എന്റെ ആദ്യത്തെ ലക്ഷ്യം. ഇന്ത്യ മാറിയിരിക്കുകയാണ്. ഇന്ന് നമ്മള്‍ അഭിമുഖീകരിക്കുന്ന വെറുപ്പിന്റെ അളവ് വളരെ കൂടുതലാണ്. വലിയ അപകടമാണിത്. ഇത്തരത്തില്‍ പോകുകയാണെങ്കില്‍ ഈ അവസ്ഥ മാറ്റിയെടുക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും.' കിഷോര്‍ പറഞ്ഞു. 'ഞങ്ങള്‍ ഇപ്പോള്‍ ചെയ്ത മെല്ലിസൈ എന്ന ഈ സിനിമ പറയുന്നത് സ്നേഹത്തെക്കുറിച്ചാണ്. സ്‌നേഹമില്ലാതിരുന്നാല്‍ പിന്നെ മനുഷ്യന് ജീവിക്കാന്‍ സാധിക്കില്ല. മനുഷ്യര്‍ തമ്മിലുള്ള സ്നേഹം എല്ലാകാലത്തും ആവശ്യമാണെന്ന് ഈ സിനിമയിലൂടെ പറയുകയാണ്. പരസ്പരം വെറുത്താല്‍ എങ്ങനെ ജീവിക്കാന്‍ സാധിക്കും. വെറുപ്പ് ഇന്‍വെസ്റ്റ്‌മെന്റാക്കി അധികാരത്തിലേക്ക് വന്നാല്‍ അവര്‍ വളരെ അപകടകാരികളാകും. അത് മനുഷ്യര്‍ക്ക് വലിയ ആപത്താണ് ഉണ്ടാക്കിവെക്കുന്നത്. ആ വെറുപ്പ് ഒരു കമ്മ്യൂണിറ്റിക്ക് നേരെയായാലും നാടിനു നേരെയായാലും അപകടമാണ്. അത്തരക്കാരാണ് ഇപ്പോള്‍ എല്ലായിടത്തും അധികാരത്തില്‍ ഇരിക്കുന്നത്. ട്രംപിനെ നോക്കൂ. എല്ലാവരും അങ്ങനെയാണ്'. കിഷോര്‍ വ്യക്തമാക്കി. 'രാഷ്ട്രീയം പവര്‍ പൊസിഷനല്ല. ജനങ്ങള്‍ക്കു വേണ്ടി ജോലി ചെയ്യണം. ജവഹര്‍ലാല്‍ നെഹറു പറഞ്ഞത് താന്‍ പ്രഥമ സേവകന്‍ ആണെന്നാണ്. മോദി പറഞ്ഞത് പ്രധാന സേവക് എന്നാണ്. അതിനര്‍ഥം താനാണ് പ്രധാനിയെന്നാണ്.' രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെങ്കില്‍, ജനങ്ങളെ സേവിക്കണമെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു.. 

    *🟨സമസ്ത സമ്മേളനത്തിന് ഗതാഗത നിയന്ത്രണം*
കാസർകോട്: സമസ്തയുടെ നൂറാം വാർഷികാത്തൊടാനുബന്ധിച്ചു ഞായറാഴ്ച കാസർകോട് ജില്ലയില്‍ ഗതാഗത നിയന്ത്രണം. കണ്ണൂർ നിന്നും കാസർകോട് ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങള്‍ തളിപ്പറമ്പ് നിന്നും മലയോര ഹൈവേ വഴി പോകണം.

മംമംഗലാപുരത്തു നിന്നും വരുന്ന വാഹനങ്ങള്‍ കുമ്പളയില്‍ ഭാഗത്തു നിന്നും മലയോര ഹൈവേ വഴി പോകണം.

പരിപാടിക്ക് വരുന്ന വാഹനങ്ങള്‍ പെരിയ, പൊയ്നാച്ചി എന്നിവിടങ്ങളില്‍ നിന്നും സർവീസ് റോഡ് വഴി വന്ന് ആളുകളെ ഇറക്കി പാർക്കിങ് ഏരിയയിലേക്ക് പോകണം. പരിപാടിയില്‍ സംബന്ധിക്കുന്ന ആള്‍ക്കാർ സർവീസ് റോഡ്, അണ്ടർ പാസേജ് എന്നിവയാണ് കാല്‍നടക്കായി ഉപയോഗപ്പെടുത്തേണ്ടത്. യാതൊരു കാരണവശാലും കല്‍നടയാത്രക്ക് നാഷണല്‍ ഹൈവേ ഉപയോഗിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഢി അറിയിച്ചു.

    *🟨എസ്‌ഐടി ചോദിച്ച കാര്യങ്ങള്‍ക്കൊക്ക കൃത്യമായി മറുപടി പറഞ്ഞു; ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് അടൂര്‍ പ്രകാശ്*
തിരുവനന്തപുരം: എസ്‌ഐടിയുടെ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് അടൂര്‍ പ്രകാശ്. സ്വകാര്യ വാഹനത്തിലാണ് അദ്ദേഹം എത്തിയത്. എം മുരളിയുടെ നിര്യാണവുമായി ബന്ധപ്പെട്ടാണ് താന്‍ എത്തിയതെന്നും ഇവിടെ വന്നപ്പോഴാണ് എസ്‌ഐടി വിവരങ്ങള്‍ അറിയാനുണ്ടെന്ന് പറഞ്ഞ് വിളിച്ചതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. എസ്‌ഐടി ചോദിച്ച കാര്യങ്ങള്‍ക്കൊക്ക കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങളോടൊന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മരം മുറി ചാനലായ റിപോര്‍ട്ടര്‍ ചാനലിനോട് ഒന്നും പറയാനില്ലെന്നും എംപി പറഞ്ഞു. നിങ്ങള്‍ക്ക് എന്തങ്കിലും പോറ്റിയോട് ചോദിക്കാനുണ്ടേല്‍ അത് പോറ്റിയോട് ചോദിക്കുകയെന്നും മാധ്യമങ്ങളോട് അടൂര്‍ പ്രകാശ് പറഞ്ഞു

    *🟨"ഇസ്ലാമാബാദ് ചാവേർ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ*
ഇസ്ലാമാബാദ്: ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ പങ്കുണ്ടെന്നു കരുതുന്ന മൂന്നുപേർ പൊലീസ് പിടിയിലായി. ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിൽ നിന്നാണ് രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും പിടിയിലായത്. വെള്ളിയാഴ്ച രാത്രി വൈകി നടന്ന ഓപ്പറേഷനിൽ ചാവേർ ബോംബറുടെ രണ്ട് സഹോദരന്മാരെയും ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തതായും നിലവിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇസ്ലാമാബാദിലെ തർലായ് പ്രദേശത്തെ ഇമാം ബർഗ ഖസർ-ഇ-ഖാദിജത്തുൽ കുബ്ര പള്ളിയിൽ നടന്ന ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 169 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 69 പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോ​ഗിക വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തതിനുപിന്നാലെയാണ് മൂന്നുപേർ പിടിയിലായത്. 2008 ലെ മാരിയറ്റ് ഹോട്ടൽ ബോംബാക്രമണത്തിനുശേഷം പാകിസ്ഥാൻ തലസ്ഥാനത്ത് നടന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് പള്ളിയിൽ സ്ഫോടനം നടന്നത്. ആക്രമണത്തിൽ‌ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.

അറസ്റ്റിലായവരിൽ നിന്ന് കണ്ടെടുത്ത തിരിച്ചറിയൽ കാർഡ് പ്രകാരം ആക്രമണം നടത്തിയത് പെഷവാറിൽ നിന്നുള്ള യാസിർ എന്ന വ്യക്തിയാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പള്ളിയിലെ ചാവേർ ബോംബാക്രമണത്തിന് മുമ്പ്, ഇയാൾ ഏകദേശം അഞ്ച് മാസത്തോളം അഫ്ഗാനിസ്ഥാനിൽ താമസിച്ചിരുന്നുവെന്നും അവിടെവച്ച് ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും ചാവേർ ആക്രമണങ്ങളിലും പരിശീലനം നേടിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്. പെഷവാറിലും നൗഷേരയിലും കൂടുതൽ റെയ്ഡുകൾ നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു."

"കർബല ദുരന്തത്തിന്റെ സ്മരണയ്ക്കായി ഷിയാ മുസ്‌ലിങ്ങൾ ഒത്തുകൂടുകയും ചടങ്ങുകൾ നടത്തുകയും ചെയ്യുന്ന സ്ഥലമാണ് ഇമാംബർഗ അല്ലെങ്കിൽ ഇമാംബാദ എന്നറിയപ്പെടുന്ന ആരാധനാലയം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുമായി പാകിസ്ഥാൻ സുരക്ഷാ സേന ഏറ്റുമുട്ടുകയും ഇരുഭാഗത്തും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ഇസ്ലാമാബാദിലുണ്ടാകുന്ന രണ്ടാമത്തെ വലിയ സ്ഫോടനമാണിത്. നവംബറിൽ ഇസ്ലാമാബാദ് കോടതി സമുച്ചയത്തിലുണ്ടായ കാർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 25 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

   *🟨മ​ലേ​ഷ്യ​യി​ൽ ഒ​രു ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് കൂ​ടി; പ്ര​ഖ്യാ​പ​ന​വു​മാ​യി ന​രേ​ന്ദ്ര മോ​ദി*

കോ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​യി​ൽ ഒ​രു ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് കൂ​ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മ​ലേ​ഷ്യ​യു​മാ​യു​ള്ള ബ​ന്ധം ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ശ​ക്ത​മാ​യെ​ന്നും, ഇ​നി​യും ശ​ക്ത​മാ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ര​ണ്ട് ദി​വ​സ​ത്തെ മ​ലേ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യെ​ത്തി​യ മോ​ദി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഇ​ബ്രാ​ഹിം നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചു. മ​ലേ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ ച​ട​ങ്ങി​ലും അ​ൻ​വ​ർ ഇ​ബ്രാ​ഹിം പ​ങ്കെ​ടു​ത്തു.

മോ​ദി​ക്ക് മ​ലേ​ഷ്യ​യു​ടെ ആ​ചാ​ര​പ​ര​മാ​യ വ​ര​വേ​ൽ​പും ന​ൽ​കും. മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഇ​ബ്രാ​ഹി​മി​ന്‍റെ ഓ​ഫീ​സി​ലാ​കും വ​ര​വേ​ൽ​പ് ന​ൽ​കു​ക. ഞാ​യ​റാ​ഴ്ച മ​ല്യേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഇ​ബ്രാ​ഹി​മു​മാ​യി മോ​ദി കൂ​ടി​കാ​ഴ്ച ന​ട​ത്തും.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ർ​ച്ച​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തും. വ്യാ​പാ​ര-​സു​ര​ക്ഷ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​ത്തി​നു​ള്ള ക​രാ​റു​ക​ളി​ൽ ഇ​ന്ത്യ​യും മ​ലേ​ഷ്യ​യും ഒ​പ്പു​വ​യ്ക്കും.
  
   *🟨"റഷ്യൻ എണ്ണയുടെ ഇറക്കുമതി കുത്തനെ ഇടിഞ്ഞു*
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിനെ പേടിച്ച്‌ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വൻതോതിൽ വെട്ടിക്കുറച്ച്‌ മോദി സർക്കാർ. 2025 ഡിസംബറിലെ കണക്കനുസരിച്ച്‌ റഷ്യയിൽ നിന്ന്‌ ഇറക്കുമതി ചെയ്‌ത എണ്ണയുടെ മൂല്യം 270 കോടി ഡോളറിലേക്കാണ്‌ താഴ്‌ന്നത്‌. നവംബറിലെ 370 കോടി ഡോളറിൽ നിന്ന്‌ ഒറ്റമാസം കൊണ്ട്‌ 27 ശതമാനം എണ്ണ ട്രംപിനെ പേടിച്ച്‌ കേന്ദ്രസർക്കാർ കുറച്ചു.

38 മാസത്തെ ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണ്‌ ഡിസംബറിലേത്‌. രാജ്യത്തെ ആകെ എണ്ണ ഇറക്കുമതിയിൽ റഷ്യൻ എണ്ണ 24.9 ശതമാനത്തിലേക്കും ഡിസംബറിൽ താഴ്‌ന്നു. എണ്ണവ്യാപാരം നിരീക്ഷിക്കുന്ന കെപ്ലറിന്റെ കണക്കനുസരിച്ച്‌ റിലയൻസ്‌, എച്ച്എംഇഎൽ, എംആർപിഎൽ, എച്ച്പിസിഎൽ കന്പനികൾ റഷ്യൻ എണ്ണയുടെ ഇറക്കുമതി ജനുവരിയിൽ പൂർണമായും അവസാനിപ്പിച്ചു. 16 ലക്ഷം ബാരൽ എണ്ണയാണ്‌ ജനുവരിയിൽ പ്രതിദിനം ഇന്ത്യ വാങ്ങിയത്‌. ഇതിൽ 598,000 ബാരൽ എണ്ണയും വാങ്ങിയത്‌ ഇന്ത്യൻ ഓയിൽ കോർപറേഷനാണ്‌. നയാര 410,000 ബാരലും ഭാരത്‌ പെട്രോളിയം154,000 ബാരലും വാങ്ങി.

​അതേസമയം അമേരിക്കയുടെ വില കൂടിയ എണ്ണയുടെ ഇറക്കുമതി വർധിച്ചു. 2024 ഡിസംബറിനെ അപേക്ഷിച്ച്‌ 31 ശതമാനം

ഇറക്കുമതിയാണ്‌ 2025 ഡിസംബറിലേത്‌. ആകെ ഇറക്കുമതി 56.9 കോടി ഡോളറായി. 1.1 ദശലക്ഷം ടൺ എണ്ണയാണ്‌ ഇന്ത്യയെക്കൊണ്ട്‌ ഡിസംബറിൽ അമേരിക്ക വാങ്ങിപ്പിച്ചത്‌. കഴിഞ്ഞ ജൂണിൽ 20 ലക്ഷം ഡോളറിന്റെ എണ്ണയാണ്‌ റഷ്യയിൽ നിന്ന്‌ ഇന്ത്യ വാങ്ങിയത്‌. ഇത്‌ റെക്കോർഡാണ്‌. റഷ്യയിൽ നിന്ന്‌ എത്തിച്ച എണ്ണ ഇന്ത്യയിലെ റിഫൈനറികളിൽ എത്തിച്ച്‌ യൂറോപ്പിന്‌ മറിച്ച്‌ വിറ്റ്‌ സ്വകാര്യ കമ്പനികള്‍ കൊള്ളലാഭവും കൊയ്‌തിരുന്നു."

    *🟨"ലേബര്‍ കോഡ് നടപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍: ഇടപെടാതെ കോൺഗ്രസ് ഹൈക്കമാൻഡ്*
ന്യൂഡൽഹി: മോദി സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ നടപ്പാക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം തടയാതെ കോൺഗ്രസ് ദേശീയ നേതൃത്വം. പല ബിജെപി സംസ്ഥാനങ്ങളും നടപടി തുടങ്ങുന്നതിന് മുമ്പേ കേന്ദ്രത്തിന്റെ ചുവട് പിടിച്ച് കര്‍ണാടകയിലെ കോൺഗ്രസ് സര്‍ക്കാര്‍ ലേബര്‍കോഡിന് കരട് ചട്ടം പുറത്തിറക്കി. സിദ്ധരാമയ്യ സര്‍ക്കാരിന്റെ നടപടി തിരുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക്‌ കത്തയച്ച് ദിവസങ്ങളായിട്ടും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.

തൊഴിലാളികളുടെ പിരിച്ചുവിടലും സ്ഥാപന അടച്ചുപൂട്ടലും മുതലാളിമാര്‍ക്ക് എളുപ്പമാക്കുന്ന നിയമം നടപ്പാക്കാനുള്ള കോൺഗ്രസ്‌ സർക്കാരിന്റെ നീക്കം ഞെട്ടിക്കുന്നതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. കോൺഗ്രസ്‌ അടങ്ങുന്ന സംയുക്ത പ്രതിപക്ഷം പാർലമെന്റിലും പുറത്തും കോഡുകളെ എതിർക്കുകയുണ്ടായി. എന്നിട്ടും തൊഴിലാളിദ്രോഹ കോഡുകൾ നടപ്പാക്കാൻ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്സാഹിക്കുന്നു. ലേബർ കോഡുകൾ നടപ്പാക്കില്ലെന്ന്‌ കേരളം പ്രഖ്യാപിച്ചു. ഭരണഘടനാപരമായ സാധ്യതകള്‍ പരിശോധിക്കാൻ റിട്ട.ജസ്‌റ്റിസ്‌ ഗോപാൽ ഗ‍ൗഡ കമീഷനെയും നിയമിച്ചു. കർണാടക സർക്കാരിന്റെ നടപടി അങ്ങേയറ്റം അസ്വസ്‌ഥതയുണ്ടാക്കുന്നുവെന്നും ഫെബ്രുവരി 3ന് അയച്ച കത്തിൽ എളമരം കരീം ചൂണ്ടിക്കാട്ടിയിരുന്നു."

    *🟨"ഇന്ത്യയിൽ ന്യൂനപക്ഷ വേട്ട പെരുകി: യുഎസ്‌ മതസ്വാതന്ത്ര്യ കമീഷൻ റിപ്പോർട്ട്*

വാഷിങ്‌ടൺ: ഇന്ത്യയിൽ ക്രൈസ്തവർക്കെതിരെ തീവ്രഹിന്ദുത്വവാദികൾ നടത്തുന്ന ആസൂത്രിത അക്രമങ്ങളിൽ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാരിൽ സമ്മർദം ശക്തമാക്കണമെന്ന് അമേരിക്കൻ സർക്കാരിനോട് ആവശ്യപ്പെട്ട് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷൻ(യുഎസ്‌സിഐആർഎഫ്‌). ഇത്തരം അതിക്രമങ്ങൾ വർധിക്കുന്നത് ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ ശരിവെയ്ക്കുന്നതാണെന്നും കമീഷൻ‍ ചൂണ്ടിക്കാട്ടി.

സമീപകാലത്ത്‌ ഇന്ത്യയിൽ ക്രിസ്‌ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചത് റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നു. 2025-ലെ വാർഷിക റിപ്പോർട്ട് പുറത്തുവന്ന് മാസങ്ങൾക്ക് ശേഷമാണ് വീണ്ടും ഇന്ത്യയെകുറിച്ച് പുതിയ റിപ്പോർട്ട് ഇറക്കുന്നത്. മതസ്വാതന്ത്ര്യ ലംഘനം തുടർച്ചയായും വ്യവസ്ഥാപിതമായും നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ പ്രഖ്യാപിക്കണമെന്ന് ആറാം തവണയാണ് മതസ്വാതന്ത്ര്യ കമീഷൻ അമേരിക്കൻ സർക്കാരിനോട് ശുപാർശ ചെയ്യുന്നത്. രാഷ്ട്രീയ പ്രേരിത വിലയിരുത്തലാണെന്ന് ആരോപിച്ച് ഇന്ത്യൻ വിദേശ മന്ത്രാലയം റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞിരുന്നു.

തീവ്രഹിന്ദുത്വവാദികൾ സമീപകാലങ്ങളിൽ നടത്തിയ ആക്രമണങ്ങൾ പ്രസ്‌താവനയിൽ എടുത്തുപറയുന്നുണ്ട്‌. ദിവസങ്ങൾക്ക്‌ മുമ്പ്‌ ഒഡിഷയിൽ പാസ്‌റ്ററെ ചാണകം തീറ്റിച്ച്‌ ചെരുപ്പുമാലയണിയിച്ച്‌ നടത്തിച്ചത്‌, മഹാരാഷ്‌ട്രയിൽ ക്രിസ്‌ത്യൻ കുടുംബങ്ങളുടെ വീടുകൾ തകർത്തത്‌, ഇവാഞ്ചലിക്കൽ മിഷൻ പ്രവർത്തകർ സഞ്ചരിച്ച ബസ്‌ തടഞ്ഞ്‌ തീയിട്ടത്‌, വീട്ടിൽ നിസ്‌കരിക്കുകയായിരുന്ന മുസ്ലിം യുവാക്കളെ അതിക്രമിച്ച്‌ കയറി
തല്ലിയത്‌, ഛത്തീസ്‌ഗഡിൽ ക്ഷേത്രം അശുദ്ധിയാക്കിയെന്ന്‌ ആരോപിച്ച്‌ അരഡസൽ മുസ്ലിം കുടുംബങ്ങളുടെവീടുകൾക്ക്‌ തീയിട്ടത്‌ തുടങ്ങിയവ റിപ്പോർട്ടിൽ എടുത്തുപറയുന്നു.

ആർഎസ്‌എസ്‌ പിന്തുണയോടെ ബിജെപി സർക്കാരുകൾ അടിച്ചേൽപ്പിക്കുന്ന വിവേചനപരമായ നിയമങ്ങളെക്കുറിച്ചും റിപ്പോർട്ടിലുണ്ട്. മതന്യൂനപക്ഷങ്ങളെ
വിചാരണപോലും കൂടാതെ ജയിലടയ്‌ക്കുന്നതിന് ഉദാഹരണമായി ഉമർ ഖാലിദിന്റെ കേസ്‌ ചൂ‍ണ്ടിക്കാട്ടുന്നു.

    *🟨"ഒമാനില്‍ ഇറാന്‍ യുഎസ് ചർച്ച ; നല്ല തുടക്കമെന്ന് ഇറാന്‍*
മനാമ
സൈനികഏറ്റുമുട്ടല്‍ ഭീതി നിലനില്‍ക്കെ, അമേരിക്കയിലെയും ഇറാനിലെയും ഉന്നത നേതാക്കള്‍ ഒമാനിൽ ചർച്ചകൾ നടത്തി. പശ്ചിമേഷ്യയില്‍ അമേരിക്ക സൈനിക വിന്യാസം ശക്തമാക്കിയത് മേഖലയില്‍ യുദ്ധഭീതി പടര്‍ത്തിയതിന് പിന്നാലെയാണ് മസ്‌കത്തില്‍ ഇരുരാജ്യവും പരോക്ഷ ചർച്ച നടത്തിയത്.

കൂടുതൽ കൂടിയാലോചനകൾക്കായി പ്രതിനിധികൾ തെഹ്റാനിലേക്ക് മടങ്ങുമെന്നും എന്നാൽ ഈ കൂടിക്കാഴ്ച ഒരു "നല്ല തുടക്കം" ആണെന്നും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അരാഗ്ചി, ഇറാനിയന്‍ ടെലിവിഷനോട് പ്രതികരിച്ചു. ചർച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അബ്ബാസ് അരാഗ്ചിയുമായും അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകനും ദൂതനുമായ ജാരെഡ് കുഷ്നർ എന്നിവരുമായും ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദിയാണ് പ്രത്യേകം ചർച്ച നടത്തിയത്. നയതന്ത്രപരവും സാങ്കേതികവുമായ ചർച്ചകൾ പുനരാരംഭിക്കുന്നതിന് അനുയോജ്യമായ സാഹചര്യം ഒരുക്കാനാണ് കൂടിയാലോചന നടത്തിയതെന്ന് ഒമാൻ അറിയിച്ചു. നേരിട്ടുള്ള ചര്‍ച്ചയില്‍ ആണവ കരാറിനെക്കുറിച്ച് മാത്രം ചര്‍ച്ചയെന്ന് ഇറാന്‍ ആവര്‍ത്തിക്കുമ്പോള്‍, ഇറാന്റെ മിസൈല്‍ പരീക്ഷണങ്ങളും പ്രാദേശിക ഇടപെടലുകളും ചര്‍ച്ച ചെയ്യണമെന്നാണ് യുഎസ് നിലപാട്. തുടർചർച്ചയുടെ വേദിയോ സമയമോ തീരുമാനിച്ചിട്ടില്ല.

*"യുദ്ധഭീതി 
ഒഴിയുന്നില്ല*

ചർച്ചകൾ ഒരുവശത്ത്‌ നടക്കുമ്പോഴും മേഖലയിൽ യുദ്ധഭീതി ഒഴിയുന്നില്ല. ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ ഇറാന്‍ ഭരണകൂടം വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. ഇറാനിലെ യുഎസ്‌ പൗരന്മാരോട് ഉടന്‍ രാജ്യം വിടാൻ അമേരിക്ക കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇറാന്‍ 2,000 കിലോമീറ്റര്‍ പരിധിയുള്ള ഖുറംഷഹര്‍-4 ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിക്കാന്‍ സജ്ജമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. റവല്യൂഷണറി ഗാര്‍ഡ് തങ്ങളുടെ സൈനിക വിന്യാസം പ്രതിരോധത്തില്‍ നിന്ന് ആക്രമത്തിലേക്ക് മാറ്റിയതായും ശത്രുക്കള്‍ക്കുള്ള വ്യക്തമായ സന്ദേശമാണിതെന്നും ഇറാന്റെ പ്രസ് ടിവി റിപ്പോര്‍ട്ട്ചെയ്തു. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെ വന്‍ യുഎസ് പടക്കപ്പലുകള്‍ അറബിക്കടലില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
    *🟨"ഇറാന്റെ എണ്ണക്കപ്പലുകൾക്ക്‌ ഉപരോധമേർപ്പെടുത്തി യുഎസ്‌*
വാഷിങ്‌ടൺ: ഒമാന്റെ മധ്യസ്ഥതയിൽ പരോക്ഷ ചർച്ച നടത്തിയതിന്‌ പിന്നാലെ ഇറാൻ എണ്ണക്കപ്പലുകൾക്ക്‌ ഉപരോധമേർപ്പെടുത്തിയും ഇറാനുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്കുമേൽ പ്രതികാരച്ചുങ്കം ചുമത്തിയും പ്രകോപനം തുടർന്ന്‌ യുഎസ്‌. ഒമാനിൽ നടന്ന ചർച്ച നല്ല തുടക്കമാണെന്നായിരുന്നു ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ്‌ അരാഗ്‌ചി പ്രതികരിച്ചത്.

ഇറാനുമായി വ്യാപാരബന്ധമുള്ള എല്ലാരാജ്യങ്ങൾക്കും ചുങ്കം ചുമത്താനുള്ള ഉത്തരവിൽ ഒമാൻ ചർച്ച അവസാനിച്ചതിന് പിന്നാലെ ഡോണൾഡ്‌ ട്രംപ്‌ ഒപ്പുവച്ചു. ചുങ്കം എത്ര ശതമാനമാണെന്ന്‌ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും 25 ശതമാനം വരെ ഏർപ്പെടുത്തുമെന്നാണ്‌ റിപ്പോർട്ടുകൾ. ഇതിന്‌ പുറമേയാണ്‌ ഇറാൻ എണ്ണക്കപ്പലുകൾക്കും കമ്പനികൾക്കും യുഎസ്‌ ഉപരോധം ഏർപ്പെടുത്തിയത്‌. 15 കമ്പനികൾക്കും 14 കപ്പലുകൾക്കും രണ്ട്‌ വ്യവസായികൾക്കുമാണ്‌ വെള്ളിയാഴ്‌ച ഉപരോധം ഏർപ്പെടുത്തിയത്‌. യുഎസ് സൈന്യം ഇറാനെ ആക്രമിച്ചാൽ മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ്‌ അരാഗ്‌ചി പറഞ്ഞു. ഇത് സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളോടുള്ള ആക്രമണമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു."

   *🟨"56 ഇഞ്ചിൻ്റെ പേടികൾ; ഉരിയാട്ടമില്ലാതെ മോദി*
പ്രധാനമന്ത്രി മോദിയുടെ 56 ഇഞ്ച്‌ നെഞ്ചൂക്ക്‌ വാഴ്‌ത്തലുകൾ പഴങ്കഥയായി. ഇപ്പോൾ മോദിക്ക്‌ പാർലമെന്റിനെ പേടിയാണ്‌, മാധ്യമങ്ങളെ പേടിയാണ്‌, അമേരിക്കയെയും പേടിയാണ്‌. നിർണായക വിഷയങ്ങളിൽ പാർലമെന്റിൽ പ്രതികരിക്കാൻ എത്താതെ മോദി ഒളിച്ചോടുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ അഭിമുഖീകരിക്കാൻ പണ്ടേ തയ്യാറല്ല. ഇന്ത്യ–അമേരിക്ക വ്യാപാര കരാർ വിഷയത്തിൽ രാജ്യത്തിന്റെ താൽപര്യങ്ങൾ പൂർണമായും അടിയറ വച്ചു. അമേരിക്കൻ ഭീഷണിക്ക്‌ വഴങ്ങി റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയും ഇന്ത്യ വെട്ടിക്കുറയ്‌ക്കുന്നു."
  
   *🟨"രാജ്യത്തെ ഒറ്റുകൊടുത്ത് മോദി: ഇന്ത്യക്ക് 18% തീരുവ; യുഎസിന് പൂജ്യം*

ന്യൂഡൽഹി: ഇന്ത്യ– യുഎസ്‌ ഇടക്കാല വ്യാപാരകരാറിൽ എല്ലാം അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പറഞ്ഞതു പോലെതന്നെ. ഇന്ത്യയിൽ നിന്ന്‌ കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക്‌ 18 ശതമാനമെന്ന ഉയർന്ന തീരുവ അമേരിക്ക ചുമത്തും. അമേരിക്കയിൽ നിന്ന്‌ ഇന്ത്യയിലേക്ക്‌ തീരുവ ഇല്ലാതെയോ കുറഞ്ഞ തീരുവയിലോ വ്യാവസായിക– കാർഷിക –ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യും. ട്രംപ് രണ്ടാമതും അധികാരമേൽക്കുംമുമ്പുവരെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക്‌ യുഎസ്‌ ചുമത്തിയിരുന്നത് ശരാശരി 2.93 ശതമാനം തീരുവ മാത്രം.

യുഎസ്‌ ഉൽപ്പന്നങ്ങൾക്ക്‌ ഇന്ത്യ ചുമത്തിയിരുന്നത് ശരാശരി 17 ശതമാനവും. പ്രധാനമന്ത്രി നരേന്ദ്രമോദി കൊട്ടിഘോഷിച്ച പുതിയ ഇന്ത്യ, അമേരിക്ക വ്യാപാര കരാറോടെ സ്ഥിതി നേരെ വിപരീതമായി. നേട്ടം പൂർണമായും യുഎസിന്.​ തീരുവനിലവാരം ട്രംപ് അമ്പതുശതമാനം പ്രതികാരച്ചുങ്കം അടിച്ചേൽപ്പിക്കുന്നതിന് മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കാൻ പോലും അമേരിക്കയുടെ "ഉറ്റ സുഹൃത്തായ' മോദിക്ക് കഴിഞ്ഞില്ല. രാജ്യത്തെ ജനതയെ ഒന്നടങ്കം മോദിസർക്കാർ ഒറ്റുകൊടുത്തതിന്റെ വിശദാംശങ്ങളാണ് ഇടക്കാല വ്യാപാര കരാറിനെ കുറിച്ചുള്ള ഇന്ത്യ അമേരിക്ക സംയുക്ത പ്രസ്‌താവനയിലൂടെ പുറത്തുവരുന്നത്."

"കരാർ പ്രകാരം അടുത്ത അഞ്ചുവർഷത്തിൽ കുറഞ്ഞത്‌ അമ്പതിനായിരം കോടി ഡോളറിന്റെ (ഏകദേശം 45 ലക്ഷം കോടി രൂപ) അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യ നിർബന്ധമായും ഇറക്കുമതി ചെയ്യും. ഊർജ ഉൽപ്പന്നങ്ങൾ, വിമാനങ്ങൾ, അമൂല്യ ലോഹങ്ങൾ, സാങ്കേതിക ഉൽപ്പന്നങ്ങൾ, കൽക്കരി എന്നിവ ഇതിൽ ഉൾപ്പെടും. യുഎസ്‌ ഉൽപ്പന്നങ്ങൾക്കുള്ള തീരുവയേതര തടസ്സങ്ങളും ഇന്ത്യ നീക്കും.

*​റഷ്യൻഎണ്ണ വാങ്ങിയാൽ 
വീണ്ടും പ്രതികാര തീരുവ*

റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്ക് ചുമത്തിയ 25 ശതമാനം പ്രതികാര തീരുവ യുഎസ്‌ സമയം വെള്ളി അർദ്ധരാത്രി മുതൽ പിൻവലിച്ചെന്ന ഉത്തരവ് ട്രംപ്‌ പുറപ്പെടുവിച്ചു. ഇതുവരെ ഇ‍ൗടാക്കിയത് തിരിച്ചുനൽകും. വീണ്ടും റഷ്യൻ ക്രൂഡോയിൽ വാങ്ങിയാൽ പ്രതികാര തീരുവ പുനഃസ്ഥാപിക്കുമെന്ന ഭീഷണിയും ഉത്തരവിലുണ്ട്‌. അതേസമയം, ഈ ഉത്തരവിനോട്‌ മോദി സർക്കാർ പ്രതികരിച്ചിട്ടില്ല. അമേരിക്കൻ താൽപ്പര്യപ്രകാരം റഷ്യൻ ക്രൂഡോയിൽ ഇന്ത്യ പൂർണമായും നിർത്തിയെന്ന്‌ വ്യക്തമാക്കുന്നതാണ് ട്രംപിന്റെ ഉത്തരവ്‌."

    *🟨"യുഎസ് കാർഷികോൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക്‌ ഒഴുകും*
ന്യൂഡൽഹി: ഇന്ത്യ – യുഎസ്‌ ഇടക്കാല വ്യാപാര കരാർ നിലവിൽ വരുന്നതോടെ ഏതെല്ലാം കാർഷികോൽപ്പന്നങ്ങളാകും തീരുവരഹിതമായി യുഎസിൽനിന്ന്‌ ഒഴുകുകയെന്നതിൽ അവ്യക്തത. യുഎസിൽ നിന്നുള്ള വലിയൊരു വിഭാഗം ഭക്ഷ്യവസ്‌തുക്കളുടെയും കാർഷികോൽപ്പന്നങ്ങളുടെയും തീരുവ ഇന്ത്യ ഒഴിവാക്കുകയോ ഗണ്യമായി കുറയ്‌ക്കുകയോ ചെയ്യുമെന്നാണ്‌ സംയുക്ത പ്രസ്‌താവന പറയുന്നത്‌. കാലിത്തീറ്റയ്‌ക്കായുള്ള ഡ്രൈഡ്‌ ഡിസ്‌റ്റിൽഡ്‌ ഗ്രെയിനുകൾ (എഥനോളിന്റെ ഉപോൽപ്പന്നമായ ധാന്യാവശിഷ്ടം), മണിചോളം, വിവിധയിനം നട്‌സ്, ഡ്രൈ-ഫ്രൂട്‌സ്, പഴങ്ങൾ, സംസ്‌കരിച്ച പഴങ്ങൾ, സോയാബീൻ എണ്ണ, മദ്യം, വീഞ്ഞ് തുടങ്ങിയവ തീരുവരഹിതമായി ഇറക്കുമതി ചെയ്യപ്പെടും. കൂടാതെ മറ്റ് നിരവധി കാർഷികോൽപ്പന്നങ്ങളും യുഎസിൽ നിന്ന്‌ ഇറക്കുമതി ചെയ്യുമെന്ന്‌ പ്രസ്‍താവനയിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഇവ ഏതെല്ലാമെന്ന്‌ വിശദമാക്കുന്നില്ല.

ഇന്ത്യയുടെ പ്രധാനപ്പെട്ട കാർഷിക – ക്ഷീര ഉൽപ്പന്നങ്ങൾക്കുള്ള സംരക്ഷണം തുടരുമെന്നാണ്‌ സംയുക്ത പ്രസ്‌താവനയ്‌ക്ക്‌ ശേഷവും വാണിജ്യ മന്ത്രി പീയുഷ്‌ ഗോയൽ അവകാശപ്പെടുന്നത്‌. എന്നാൽ ഇന്ത്യയുടെ കാർഷികോൽപ്പന്നങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുമെന്ന നിലപാടിൽനിന്ന്‌ മന്ത്രി പിന്നോട്ടുപോയി. യുഎസിൽനിന്ന്‌ നിലവിൽ ചോളം, സോയാബീൻ, പരുത്തി തുടങ്ങിയ ഉൽപ്പന്നങ്ങൾ വലിയതോതിൽ ഇറക്കുമതി ചെയ്യുന്നുണ്ട്‌. ഇതിനുപുറമെയാണ്‌ ഇപ്പോൾ നട്‌സുകൾ, ഡ്രൈഫ്രൂട്ട്‌സുകൾ, പഴങ്ങൾ, കാലിത്തീറ്റയ്‌ക്കാവശ്യമായ ഉൽപ്പന്നങ്ങൾ എന്നിവ ഇന്ത്യയിലേക്ക്‌ ഒഴുകാൻ വഴിയൊരുങ്ങുന്നത്‌. ഇന്ത്യയിലെ ഫലവർഗ കർഷകർക്കും ധാന്യകർഷകർക്കും പരുത്തികർഷകർക്കും കരാർ തിരിച്ചടിയാകുമെന്ന്‌ തീർച്ച.

"ട്രംപ്‌ അമ്പത്‌ ശതമാനം തീരുവ ചുമത്തുന്നതിന്‌ മുമ്പുള്ള കാലയളവിൽ ഇന്ത്യയിൽനിന്ന്‌ നികുതിരഹിതമായോ കുറഞ്ഞ നികുതിനിരക്കിലോ ആണ്‌ കാർഷികോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യപ്പെട്ടിരുന്നത്‌. അമേരിക്കയിൽ നിന്നുള്ള കാർഷികോൽപ്പന്നങ്ങൾക്ക്‌ 30 മുതൽ 150 ശതമാനം വരെയാണ്‌ ഇന്ത്യ തീരുവ ചുമത്തിയിരുന്നത്‌. യുഎസും ഇന്ത്യയുമായുള്ള കാർഷികോൽപ്പന്ന വ്യാപാരത്തിൽ 12000 കോടി രൂപയുടെ വ്യാപരമിച്ചം ഇന്ത്യയ്‌ക്കുണ്ടായിരുന്നു. പുതിയ കരാറിലൂടെ ഇത്‌ നഷ്ടമാകുമെന്ന്‌ മാത്രമല്ല അമേരിക്ക വൻതോതിൽ വ്യാപാരമിച്ചത്തിലേക്ക്‌ എത്തുന്ന സാഹചര്യവുമൊരുങ്ങും.

*പ്രതിരോധ മേഖലയിലും കീഴടങ്ങൽ*

വ്യാപാരമേഖലയിൽ മാത്രമല്ല സൈനിക – പ്രതിരോധ മേഖലയിലും മോദി സര്‍ക്കാര്‍ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് സമ്പൂർണമായി കീഴടങ്ങി. അടുത്ത 10 വർഷം അമേരിക്കയുമായുള്ള പ്രതിരോധസഹകരണം കൂടുതൽ വിപുലപ്പെടുത്താമെന്ന് ഇന്ത്യ ഉറപ്പ് നൽകിയതായി യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ്‌ വ്യക്തമാക്കി. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിന്റെ പേരിൽ ചുമത്തിയ 25 ശതമാനം പ്രതികാര തീരുവ പിൻവലിച്ചുള്ള ഉത്തരവിലാണ് ഇക്കാര്യമുള്ളത്.

റഷ്യൻ എണ്ണ ഇനി വാങ്ങില്ലെന്ന്‌ ഇന്ത്യ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ്‌ 25 ശതമാനം പ്രതികാര തീരുവ ഒഴിവാക്കുന്നതെന്ന്‌ ട്രംപ്‌ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്‌. മാത്രമല്ല റഷ്യൻ എണ്ണ നിർത്തുന്നതിന്‌ പകരമായി അമേരിക്കയിൽ നിന്നുള്ള ക്രൂഡോയിൽ കൂടുതലായി വാങ്ങാമെന്ന ഉറപ്പും നൽകിയതായി ട്രംപ്‌ അവകാശപ്പെടുന്നു. ഇതിനെല്ലാം പുറമെയാണ്‌ 10 വർഷത്തേക്ക്‌ പ്രതിരോധസഹകരണം കൂടുതൽ വിപുലമാക്കാമെന്ന ഉറപ്പ്‌.

അമേരിക്കയുടെ സാമ്രാജ്യത്വ താൽപ്പര്യങ്ങളെ ചെറുക്കുന്ന ഗ്ലോബൽ സ‍ൗത്തിനൊപ്പം നിലയുറപ്പിക്കുന്നതിന്‌ പകരമായി യുഎസിന്റെ സാമന്തരാഷ്ട്ര പദവി കൂടുതൽ ഉറപ്പിക്കുകയാണ്‌ മോദി സർക്കാർ. ട്രംപിനെ ഏതെല്ലാം വിധം സന്തോഷിപ്പിക്കാമെന്ന ഏക അജൻഡയിലാണ് നാണംകെട്ട്‌ നീങ്ങുന്നത്‌.
ആഗോളരാഷ്ട്രീയത്തിൽ ഇന്ത്യക്കുണ്ടായിരുന്ന സ്വീകാര്യതയും ബഹുമാന്യതയും കൂടിയാണ്‌ ട്രംപിന്‌
അടിമപണിയെടുക്കുന്നതിലൂടെ മോദി സർക്കാർ നഷ്ടമാക്കുന്നത്‌.

    *🟨പ്രണയിക്കുന്നവര്‍ക്കായി!!! തീയറ്ററുകളില്‍ കോളിളക്കം സൃഷ്ടിച്ച 'സയ്യാര' വീണ്ടുമെത്തുന്നു*

ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ റെക്കോർഡ് വിജയത്തിന് ശേഷം മോഹിത് സൂരിയുടെ 'സയാര' വീണ്ടും തിയേറ്ററുകളിലേക്ക്. വാലന്റൈൻസ് ദിനത്തിന് മുന്നോടിയായി പ്രണയവാരം ആഘോഷമാക്കാൻ ലക്ഷ്യമിട്ടാണ് ചിത്രം റീ-റിലീസ് ചെയ്തിരിക്കുന്നത്. യാഷ് രാജ് ഫിലിംസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും മുംബൈ, ഡൽഹി, ബാംഗ്ലൂർ തുടങ്ങി പ്രമുഖ നഗരങ്ങളിലെ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഷോകൾ ലഭ്യമായിക്കഴിഞ്ഞു.

കഴിഞ്ഞ ജൂലൈയിൽ റിലീസ് ചെയ്ത 'സയാര' 577 കോടി രൂപയാണ് ആഗോളതലത്തിൽ നേടിയത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ റൊമാന്റിക് സിനിമ എന്ന ഖ്യാതിയും ഈ ചിത്രത്തിനുണ്ട്. പുതുമുഖങ്ങളായ അഹാൻ പാണ്ഡേയും അനീത് പദ്ദയും നായികാനായകന്മാരായി അരങ്ങേറിയ ചിത്രം, ഒരു സംഗീതജ്ഞന്റെയും പത്രപ്രവർത്തകയുടെയും തീവ്രമായ പ്രണയകഥയാണ് പറയുന്നത്.

സംവിധായകൻ മോഹിത് സൂരിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്ന് കരൺ ജോഹർ ഉൾപ്പെടെയുള്ള പ്രമുഖർ ചിത്രത്തെ വിശേഷിപ്പിച്ചിരുന്നു. അഹാൻ പാണ്ഡേയുടെ ഗംഭീരമായ അരങ്ങേറ്റവും അനീത് പദ്ദയുടെ പ്രകടനവും സിനിമയെ വലിയ വിജയത്തിലേക്ക് നയിച്ചു. പ്രണയദിനത്തോട് അനുബന്ധിച്ച് പ്രിയപ്പെട്ടവർക്കൊപ്പം സിനിമ വീണ്ടും കാണാനുള്ള ആവേശത്തിലാണ് ആരാധകർ."

    *🟨"80 ശതമാനം 
ഹെെക്കോടതി ജഡ്‌ജിമാരും സവർണര്‍*
ന്യൂഡൽഹി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്തെ ഹൈക്കോടതികളിൽ നിയമിക്കപ്പെട്ട ജഡ്‌ജിമാരിൽ 80 ശതമാനം പേരും സവർണര്‍. 2021– 2026 വർഷങ്ങളിൽ നിയമിക്കപ്പെട്ട 593 ജഡ്ജിമാരിൽ 26 പേർ മാത്രമാണ്‌ എസ്‌സി വിഭാഗത്തിൽ നിന്നുള്ളത്‌. 14 പേർ എസ്‌ടി വിഭാഗത്തിലും 80 പേർ ഒബിസി വിഭാഗത്തിലും 37 പേർ ന്യൂനപക്ഷ വിഭാഗങ്ങളിലും നിന്നുള്ളവരാണ്‌. ബാക്കി 436 പേരും സവർണ വിഭാഗക്കാരാണ്‌. ഡിഎംകെയുടെ പി വിൽസണ്‌ നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ രാജ്യസസഭയിൽ നൽകിയ മറുപടിയിലാണ്‌ ഇക്കാര്യമുള്ളത്‌."

    *🟨"മണിപ്പുരിൽ കുക്കി എംഎൽഎമാര്‍ക്കെതിരായ പ്രതിഷേധം*

 *സുരക്ഷ ശക്തമാക്കി,
ചുരാചന്ദ്പുര്‍
സാധാരണനിലയിലേക്ക്*
ഇംഫാൽ: ബിജെപി സര്‍ക്കാരിൽ കുക്കി എംഎൽഎമാര്‍ പങ്കാളികളായതിനെ തുടര്‍ന്ന് വീണ്ടും സംഘര്‍ഷഭരിതമായ മണിപ്പുരിൽ സുരക്ഷ ശക്തമാക്കി. കുക്കി വിഭാഗവും സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായ ചുരാചന്ദ്പുരിൽ അതീവ ജാഗ്രതതുടരുകയാണ്. വെള്ളി രാവിലെ സിനാം കോം കുന്നുകളിലേക്ക് വീണ്ടും വെടിവയ്‍പ്പുണ്ടായതോടെ ഇവിടെയും സുരക്ഷാസേന നിരീക്ഷണം ശക്തമാക്കി. "കുക്കി തീവ്രവാദ' സംഘടനയുടെ നേതൃത്വത്തിലാണ് വെടിവയ്‍പ്പ് എന്നാണ് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ അധികാരത്തിൽവന്നതിന് പിന്നാലെ നാലിന് രാത്രിയും 5ന് രാവിലെയും ഇവിടേക്ക് വെടിവയ്‍പ്പുണ്ടായി.

"കുക്കി തീവ്രവാദികളെ' നിലയ്ക്ക് നിര്‍ത്തുന്നതിൽ കേന്ദ്രസര്‍ക്കാര്‍ പരാജയിപ്പെട്ടെന്നും ഖുന്ദ്രക്പാമിലെ ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും ഖുന്ദ്രക്പാം കേന്ദ്ര യൂത്ത്സ് ഓര്‍ഗനൈസേഷൻ ആവശ്യപ്പെട്ടു. മാര്‍ക്ക് ഹിൽ കുന്നിൽ നിലയുറപ്പിച്ച "കുക്കി തീവ്രവാദികള്‍' മെയ്‍ത്തീകളെ പ്രകോപിപ്പിക്കുന്നത് തുടരുകയാണ്. ഇവിടെനിന്ന് നിരവധി തവണ വെടിയുതിര്‍ത്തു. സുരക്ഷാസേന ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കിൽ മുഖ്യമന്ത്രി വൈ ഖേംചന്ദിന്റെ ഇഷിങ്തംമ്പി ഗ്രാമത്തിലെ ഫാംഹൗസ് തീവ്രവാദികള്‍ ലക്ഷ്യമിട്ടേക്കാമെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു. വെടിവയ്‍പിനെ ഇൻപുയി നാഗാ സംഘടനയും അപലപിച്ചു."

    *🟨"യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് അപകടം; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം*
ചണ്ഡീ​ഗഡ് : ഹരിയാന ഫരീദാബാദിൽ മേളയ്ക്കിടെ യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് അപകടം. സൂരജ്കുണ്ഡിൽ നടന്ന മേളയ്ക്കിടെ നിറയെ ആളുകൾ കയറിയ സുനാമി യന്ത്ര ഊഞ്ഞാൽ പ്രവർത്തിക്കുന്നതിനിടെ തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചു. ഹരിയാന പൊലീസ് സബ് ഇൻസ്പെക്ടറായ ജ​ഗദീഷാണ് രക്ഷാപ്രവർത്തനത്തിനിടെ മരിച്ചത്.

12 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. അപകടസമയത്ത് യന്ത്ര ഊഞ്ഞാലിൽ 15 പേർ ഉണ്ടായിരുന്നെന്നാണ് വിവരം. സഞ്ചാരികളുമായി ഉയരത്തിൽ കറങ്ങി തിരികെ വരുന്നതിനിടെ ഊഞ്ഞാൽ തകർന്ന് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ മേള നടന്നിരുന്ന ഗ്രൗണ്ട് അധികൃതർ ഒഴിപ്പിച്ചു."
ശുഭദിനം.