തിരുവനന്തപുരം നഗരത്തിലേക്ക് വിൽപ്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ടുവന്നത് 21 കിലോ കഞ്ചാവ്; ദമയന്തിയും മകളും മരുമകനും പിടിയിൽ.

 കോവളം: തിരുവനന്തപുരം നഗരത്തിലേക്ക് വിൽപ്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവുമായി അറുപതുകാരിയായ സ്ത്രീയടക്കം കുടുംബത്തിലെ മൂന്നുപേരെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. വലിയവേളി പൗണ്ട് കടവ് തൈവിളാകം ഹൗസിൽ അനന്തൻ എന്ന കാർലോസ് (38), ഭാര്യ ബിന്ദു (33), ബിന്ദുവിൻ്റെ അമ്മ ദമയന്തി (60) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്ന് വാങ്ങിയ കഞ്ചാവാണ് ഇവർ നഗരത്തിലേക്ക് എത്തിച്ചത്.
വെങ്ങാനൂരിലെ ക്ഷേത്രത്തിന് സമീപത്ത് ചൊവ്വാഴ്ച രാത്രി 9.30ഓടെ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. കാറിൽ ഇവരുടെ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. തമിഴ്‌നാട്ടിൽ ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങുകയാണെന്ന ഭാവത്തിൽ പരിശോധനയിൽ നിന്ന് ഒഴിവാകാനായിരുന്നു ഇവരുടെ ശ്രമം. പള്ളിച്ചൽ–വെങ്ങാനൂർ വഴിയിലൂടെ ബൈപ്പാസ് കടന്ന് വലിയവേളിയിലേക്ക് പോകുന്നതിനിടെയാണ് ഡാൻസാഫ് സംഘം വാഹനം തടഞ്ഞുനിർത്തിയത്.

കാറിന്റെ ഡിക്കിയിൽ സൂട്ട്‌കേസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികൾ. സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് വാഹന പരിശോധന നടത്തിയത്.

ബിന്ദുവിനെ നേരത്തെ വെട്ടുകാട് ബാലൻ നഗറിൽ നിന്ന് ഓട്ടോറിക്ഷയിൽ നാല് കിലോ കഞ്ചാവ് കടത്തുന്നതിനിടെ സിറ്റി ഡാൻസാഫ് പിടികൂടി വലിയതുറ പോലീസിന് കൈമാറിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നാലെയാണ് കുടുംബത്തോടൊപ്പം വീണ്ടും കഞ്ചാവ് കടത്തുന്നതിനിടെ ഇവർ പിടിയിലായത്. പ്രതികളെ തുടർനടപടികൾക്കായി വിഴിഞ്ഞം പോലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.