കലാകിരീടത്തില്‍ വീണ്ടും കണ്ണൂർ മുത്തമിട്ടു; സ്വന്തം തട്ടകത്തില്‍ തൃശൂരിന് രണ്ടാം സ്ഥാനം.


സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സ്വർണ്ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂർ.

കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തില്‍ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂർ തിരിച്ചുപിടിച്ചത്. നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് കണ്ണൂരിന്‍റെ കിരീടനേട്ടം. സ്വന്തം തട്ടകത്തില്‍ തൃശൂരിനെ മലർത്തിയടിച്ചുകൊണ്ടാണ് കണ്ണൂരിന്‍റെ കിരീടനേട്ടം. തുടക്കം മുതല്‍ പ്രകടിപ്പിച്ച മികച്ച മുന്നേറ്റം അവസാന നിമിഷം വരെ നിലനിർത്താൻ കണ്ണൂരിനായപ്പോള്‍, വാശിയേറിയ മത്സരത്തിനൊടുവില്‍ തൃശൂർ റണ്ണറപ്പുകളായി. 1023 പോയിന്‍റുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 1018 പോയിന്‍റാണ് സമ്പാദിക്കാനായത്. കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 1013 പോയിന്‍റാണ് കോഴിക്കോട് ജില്ലക്കുള്ളത്. ജില്ലയിലെ കലാപ്രതിഭകളുടെ കഠിനാധ്വാനത്തിന് ലഭിച്ച ഈ വിജയത്തോടെ കണ്ണൂർ വീണ്ടും കേരളത്തിന്റെ കലോത്സവത്തിലെ അഭിമാന നേട്ടം പിടിച്ചെടുക്കുകയായിരുന്നു. സ്കൂളുകളുടെ കാര്യത്തില്‍ ആലത്തൂർ ഗുരുകുലം എച് എസ് എസാണ് മുന്നിലെത്തിയത്.