ക്ഷേമ പെൻഷൻ വര്‍ധിപ്പിക്കല്‍ മുതല്‍ ശമ്ബള പരിഷ്കരണം വരെ പ്രതീക്ഷയില്‍ സംസ്ഥാന ബഡ്ജറ്റ് ഇന്ന്.

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് ഇന്ന് രാവിലെ ഒൻപത് മണിക്ക് ധനമന്ത്രി കെഎൻ ബാലഗോപാല്‍ അവതരിപ്പിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേമ പെൻഷൻ വർധിപ്പിക്കല്‍, സർക്കാർ ജീവനക്കാരുടെ ശമ്ബള പരിഷ്കരണം അടക്കം ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. സർക്കാരിൻ്റെ അവസാന ബജറ്റ് എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള ബജറ്റാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ നീതിയും പ്രായോഗിക സാമ്ബത്തിക നയങ്ങളും സമന്വയിപ്പിച്ച്‌ വോട്ടർമാരുടെ വിശ്വാസം നേടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കേരളത്തിൻ്റെ 2026-27 സാമ്ബത്തിക വർഷത്തേക്കുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. പ്രധാനമായും സാമൂഹ്യ സുരക്ഷാ പെൻഷൻ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 62 ലക്ഷം പേർക്ക് ലഭിക്കുന്ന പെൻഷൻ 2025 ഒക്ടോബറില്‍ 1600 രൂപയില്‍നിന്ന് 2000 രൂപയായി ഉയർത്തിയിരുന്നു. ഇത് എല്‍ഡിഎഫിൻ്റെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. പെൻഷൻ തുക 2500 രൂപയായി ഉയർത്താനും പുതിയ സാർവത്രിക പെൻഷൻ പദ്ധതി കൊണ്ടുവരാനും സാധ്യതയുണ്ട്. മുതിർന്ന പൗരന്മാർക്കായി 'സില്‍വർ ഇക്കണോമി' പോലുള്ള പദ്ധതികളും ആരോഗ്യ, ഭവന സഹായങ്ങളും പരിഗണനയിലുണ്ട്.

സർക്കാർ ജീവനക്കാരും പെൻഷൻകാരും ബജറ്റില്‍ ശമ്ബള പരിഷ്കരണം പ്രതീക്ഷിക്കുന്നുണ്ട്. കൊവിഡ് കാലം മുതല്‍ മുടങ്ങിക്കിടക്കുന്ന ശമ്ബള പരിഷ്കരണവും ആറ് ഗഡു ഡിഎ കുടിശ്ശികയും ജീവനക്കാർ ആവശ്യപ്പെടുന്നുണ്ട്. അംഗൻവാടി, ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കണമെന്ന ആവശ്യങ്ങളുമുണ്ട്.